ഒരിടത്ത് വലിയൊരു കുളമുണ്ടായിരുന്നു. അവിടെ കുറേ തവളകള്‍ സന്തോഷത്തോടെ താമസിച്ചിരുന്നു. കളിയും ചിരിയുമായി അവരങ്ങനെ കഴിഞ്ഞുകൂടി. അവിടെയെപ്പോഴും ആഹ്ലാദമായിരുന്നു.
കുളത്തിന്റെ തൊട്ടപ്പുറത്ത് തന്നെ ഒരു ചതുപ്പ് നിലമുണ്ട്.
ഒരു ദിവസം തമാശയെല്ലാം പറഞ്ഞ് കളിക്കുന്നതിനിടയില്‍ രണ്ട് തവളകള്‍ ആ ചതുപ്പ് നിലത്തേക്ക് വീണു. അതില്‍നിന്ന് തിരിച്ചു കയറാന്‍ വളരെ പ്രയാസമായിരുന്നു. ഒന്നും ചെയ്യാന്‍ കഴിയാതെ കൂട്ടുകാര്‍ ഭയചകിതരായി. അവരിനി രക്ഷപ്പെടുകയില്ല, മരിച്ചു പോവുകയേ ഉള്ളൂ എന്നവര്‍ പറഞ്ഞു.
തിരിച്ചു കയറാനാകാതെ ഒരു തവള ചതുപ്പിലേക്ക് താണുപോയി. മറ്റേ തവള അതിസാഹസികമായി രക്ഷപ്പെടുകയും ചെയ്തു. കൂട്ടുകാര്‍ക്കെല്ലാം അതിശയമായി. നീയെങ്ങനെ രക്ഷപ്പെട്ടുവെന്ന് ചോദിച്ചു. നിങ്ങള്‍ കരയിലിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നതും ഒച്ചവെക്കുന്നതും ഞാന്‍ കേട്ടു. നിങ്ങളെന്നെ കയറാന്‍ പ്രോല്‍സാഹിപ്പിക്കുന്ന പോലെ തോന്നി. കഠിനമായി ശ്രമിച്ചപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടു.
സംഭവിച്ചതെന്താണെന്നോ? ചതുപ്പിനടിയിലേക്ക് താണുപോയ തവള തന്റെ കൂട്ടുകാര്‍ പറയുന്നത് ശരിക്കും കേട്ടു. അതോടെ അവന്റെ സകല പ്രതീക്ഷയും നഷ്ടപ്പെട്ടു. തിരിച്ചു കയറാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് അവന്‍ കരുതി. അങ്ങനെ ജീവന്‍ വെടിഞ്ഞു. എന്നാല്‍, മറ്റേ തവള ഇവര്‍ പറയുന്നത് ശരിക്കും കേട്ടില്ല. അവന്‍ കരുതിയത് തന്നെ കരയിലേക്ക് കയറാന്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നാണ്. അതിനാല്‍, അവന്‍ കഠിനമായി ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്തു.
മനസ്സാന്നിധ്യം കൈവിടാതിരുന്നതുകൊണ്ടാണ് ആ തവള രക്ഷപ്പെട്ടത്. കൂടെയുള്ളവരെല്ലാം, നമുക്ക് കഴിയില്ല എന്ന് പറഞ്ഞാലും പറ്റുമെന്ന് സ്വയം പ്രഖ്യാപിച്ച് പരിശ്രമിക്കാന്‍ നമുക്കാവണം.
നിരന്തരം പരിശ്രമിക്കുന്നവരാകണം നമ്മള്‍. തോല്‍ക്കുമോ ജയിക്കുമോ എന്നതല്ല, പരിശ്രമിച്ചോ എന്നതാണ്.
തോല്‍ക്കും എന്ന് കരുതി പരിശ്രമിക്കാത്തവരുണ്ട്. ആക്‌സിഡന്റാകും എന്ന് കരുതി വാഹനത്തില്‍ കയറാത്തവരെപ്പോലെയാണവര്‍. അങ്ങനെ കരുതിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
എം. മുകുന്ദന്റെ ഒരു കഥയില്‍ അത്തരത്തിലുള്ള കഥാപാത്രമുണ്ട്. തന്റെ മീതെ ഫാന്‍ വീഴുമോ എന്നായിരുന്നു അയാളുടെ ഭയം. ഒരിക്കലും പിന്നെ ഫാനിന്റെ താഴെ അദ്ദേഹം ഇരിക്കില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങാന്‍ തന്നെ അയാള്‍ക്ക് ഭയമായി. കാരണം, പുറത്തിറങ്ങിയാല്‍ തേങ്ങ തലയില്‍ വീണാലോ...
പിന്നെ തെങ്ങില്ലാത്ത നാട്ടിലേക്ക് അദ്ദേഹം താമസം മാറുകയാണ്. പിന്നെയും കഴിഞ്ഞപ്പോള്‍ ആകാശം തലയില്‍ വീഴുമോ എന്നായി അയാളുടെ ഭയം...
ഇങ്ങനെയുള്ള അകാരണമായ ഭയങ്ങള്‍ നമ്മെ മുന്നോട്ട് നയിക്കില്ല.
തോല്‍ക്കുന്നതില്‍ ഒരു ഭയവും വേണ്ട കൂട്ടുകാരേ..
തോല്‍ക്കുന്നു എന്നതിന്റെ അര്‍ഥം നമ്മള്‍ പരിശ്രമിച്ചു എന്നാണ്.
ആദ്യം പറഞ്ഞ കഥയിലെ മറ്റൊരു ഗുണപാഠം, നമ്മളെപ്പോഴും കൂടെയുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി കൊടുക്കാന്‍ കഴിയുന്നവരാകണം എന്നതാണ്. നിന്നെക്കൊണ്ട് പറ്റില്ല, നീയൊരു മണ്ടനാണ് തുടങ്ങിയ സംസാരങ്ങളൊന്നും ഒരിക്കലും നമ്മില്‍നിന്ന് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ചിലരുമായി സംസാരിക്കുമ്പോള്‍ നമുക്ക് വല്ലാത്തൊരു സന്തോഷവും ഉല്‍സാഹവും തോന്നാറില്ലേ. എന്നാല്‍, നമുക്ക് സങ്കടവും ദേഷ്യവും മാത്രം തരുന്നവരുമുണ്ട; അല്ലേ. അവരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പരമാവധി ശ്രമിക്കാറും ഉണ്ടല്ലേ..
നമുക്ക് മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നവരാകാം അല്ലേ, കൂട്ടുകാരേ..
മറ്റുള്ളവര്‍ സന്തോഷിക്കുമ്പോള്‍ നമുക്കും സന്തോഷം.
സന്തോഷം നിറഞ്ഞതാകട്ടെ നമ്മുടെ ഓരോരുത്തരുടെയും ജീവിതം