Showing posts with label ഗുണപാഠം. Show all posts
Showing posts with label ഗുണപാഠം. Show all posts

Wednesday, 15 February 2023

ചതുപ്പില്‍ പെട്ടുപോയ തവള

 

ഒരിടത്ത് വലിയൊരു കുളമുണ്ടായിരുന്നു. അവിടെ കുറേ തവളകള്‍ സന്തോഷത്തോടെ താമസിച്ചിരുന്നു. കളിയും ചിരിയുമായി അവരങ്ങനെ കഴിഞ്ഞുകൂടി. അവിടെയെപ്പോഴും ആഹ്ലാദമായിരുന്നു.
കുളത്തിന്റെ തൊട്ടപ്പുറത്ത് തന്നെ ഒരു ചതുപ്പ് നിലമുണ്ട്.
ഒരു ദിവസം തമാശയെല്ലാം പറഞ്ഞ് കളിക്കുന്നതിനിടയില്‍ രണ്ട് തവളകള്‍ ആ ചതുപ്പ് നിലത്തേക്ക് വീണു. അതില്‍നിന്ന് തിരിച്ചു കയറാന്‍ വളരെ പ്രയാസമായിരുന്നു. ഒന്നും ചെയ്യാന്‍ കഴിയാതെ കൂട്ടുകാര്‍ ഭയചകിതരായി. അവരിനി രക്ഷപ്പെടുകയില്ല, മരിച്ചു പോവുകയേ ഉള്ളൂ എന്നവര്‍ പറഞ്ഞു.
തിരിച്ചു കയറാനാകാതെ ഒരു തവള ചതുപ്പിലേക്ക് താണുപോയി. മറ്റേ തവള അതിസാഹസികമായി രക്ഷപ്പെടുകയും ചെയ്തു. കൂട്ടുകാര്‍ക്കെല്ലാം അതിശയമായി. നീയെങ്ങനെ രക്ഷപ്പെട്ടുവെന്ന് ചോദിച്ചു. നിങ്ങള്‍ കരയിലിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നതും ഒച്ചവെക്കുന്നതും ഞാന്‍ കേട്ടു. നിങ്ങളെന്നെ കയറാന്‍ പ്രോല്‍സാഹിപ്പിക്കുന്ന പോലെ തോന്നി. കഠിനമായി ശ്രമിച്ചപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടു.
സംഭവിച്ചതെന്താണെന്നോ? ചതുപ്പിനടിയിലേക്ക് താണുപോയ തവള തന്റെ കൂട്ടുകാര്‍ പറയുന്നത് ശരിക്കും കേട്ടു. അതോടെ അവന്റെ സകല പ്രതീക്ഷയും നഷ്ടപ്പെട്ടു. തിരിച്ചു കയറാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് അവന്‍ കരുതി. അങ്ങനെ ജീവന്‍ വെടിഞ്ഞു. എന്നാല്‍, മറ്റേ തവള ഇവര്‍ പറയുന്നത് ശരിക്കും കേട്ടില്ല. അവന്‍ കരുതിയത് തന്നെ കരയിലേക്ക് കയറാന്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നാണ്. അതിനാല്‍, അവന്‍ കഠിനമായി ശ്രമിക്കുകയും രക്ഷപ്പെടുകയും ചെയ്തു.
മനസ്സാന്നിധ്യം കൈവിടാതിരുന്നതുകൊണ്ടാണ് ആ തവള രക്ഷപ്പെട്ടത്. കൂടെയുള്ളവരെല്ലാം, നമുക്ക് കഴിയില്ല എന്ന് പറഞ്ഞാലും പറ്റുമെന്ന് സ്വയം പ്രഖ്യാപിച്ച് പരിശ്രമിക്കാന്‍ നമുക്കാവണം.
നിരന്തരം പരിശ്രമിക്കുന്നവരാകണം നമ്മള്‍. തോല്‍ക്കുമോ ജയിക്കുമോ എന്നതല്ല, പരിശ്രമിച്ചോ എന്നതാണ്.
തോല്‍ക്കും എന്ന് കരുതി പരിശ്രമിക്കാത്തവരുണ്ട്. ആക്‌സിഡന്റാകും എന്ന് കരുതി വാഹനത്തില്‍ കയറാത്തവരെപ്പോലെയാണവര്‍. അങ്ങനെ കരുതിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.
എം. മുകുന്ദന്റെ ഒരു കഥയില്‍ അത്തരത്തിലുള്ള കഥാപാത്രമുണ്ട്. തന്റെ മീതെ ഫാന്‍ വീഴുമോ എന്നായിരുന്നു അയാളുടെ ഭയം. ഒരിക്കലും പിന്നെ ഫാനിന്റെ താഴെ അദ്ദേഹം ഇരിക്കില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങാന്‍ തന്നെ അയാള്‍ക്ക് ഭയമായി. കാരണം, പുറത്തിറങ്ങിയാല്‍ തേങ്ങ തലയില്‍ വീണാലോ...
പിന്നെ തെങ്ങില്ലാത്ത നാട്ടിലേക്ക് അദ്ദേഹം താമസം മാറുകയാണ്. പിന്നെയും കഴിഞ്ഞപ്പോള്‍ ആകാശം തലയില്‍ വീഴുമോ എന്നായി അയാളുടെ ഭയം...
ഇങ്ങനെയുള്ള അകാരണമായ ഭയങ്ങള്‍ നമ്മെ മുന്നോട്ട് നയിക്കില്ല.
തോല്‍ക്കുന്നതില്‍ ഒരു ഭയവും വേണ്ട കൂട്ടുകാരേ..
തോല്‍ക്കുന്നു എന്നതിന്റെ അര്‍ഥം നമ്മള്‍ പരിശ്രമിച്ചു എന്നാണ്.
ആദ്യം പറഞ്ഞ കഥയിലെ മറ്റൊരു ഗുണപാഠം, നമ്മളെപ്പോഴും കൂടെയുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി കൊടുക്കാന്‍ കഴിയുന്നവരാകണം എന്നതാണ്. നിന്നെക്കൊണ്ട് പറ്റില്ല, നീയൊരു മണ്ടനാണ് തുടങ്ങിയ സംസാരങ്ങളൊന്നും ഒരിക്കലും നമ്മില്‍നിന്ന് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ചിലരുമായി സംസാരിക്കുമ്പോള്‍ നമുക്ക് വല്ലാത്തൊരു സന്തോഷവും ഉല്‍സാഹവും തോന്നാറില്ലേ. എന്നാല്‍,  നമുക്ക്  സങ്കടവും ദേഷ്യവും മാത്രം തരുന്നവരുമുണ്ട; അല്ലേ. അവരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പരമാവധി ശ്രമിക്കാറും ഉണ്ടല്ലേ..
നമുക്ക് മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നവരാകാം അല്ലേ, കൂട്ടുകാരേ..
മറ്റുള്ളവര്‍ സന്തോഷിക്കുമ്പോള്‍ നമുക്കും സന്തോഷം.
സന്തോഷം നിറഞ്ഞതാകട്ടെ നമ്മുടെ ഓരോരുത്തരുടെയും ജീവിതം

Wednesday, 8 December 2021

ലക്ഷ്യം കൃത്യമെങ്കില്‍ വിജയം സുനിശ്ചിതം


 

നമ്മുടെ ഓരോ ദിനങ്ങളും എഴുന്നേല്‍ക്കുന്നു, ജോലി ചെയ്യുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു എന്നതിനപ്പുറം അസാധാരണമോ പ്രത്യേകമോ ആയ ഒന്നുമില്ലാത്ത ദിനരാത്രങ്ങളായി കടന്നു പോയിക്കൊണ്ടിരിക്കുന്നു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മാറിമറിയുന്നതുപോലുമറിയാതെ ഒഴുക്കിനൊത്തുള്ള യാന്ത്രികമായൊരു ജീവിതം. അലക്ഷ്യമായി വീടുവിട്ടിറങ്ങിയ യാത്രികനെ പോലെയോ ദിശയറിയാതെ ഉഴറുന്ന കപ്പല്‍ പോലെയോ ആണ് പലരും. എന്തിനെന്നോ എവിടേക്കെന്നോ അറിയാത്ത അലസമായ ജീവിതയാത്ര. അലഞ്ഞു തിരിച്ചിലിനൊടുവില്‍ അര്‍ഥമില്ലാത്ത ഈ യാത്ര എവിടെയോ അസ്തമിക്കുന്നു.

ലക്ഷ്യമുണ്ടാകുമ്പോഴാണ് ജീവിതത്തിന് അര്‍ഥമുണ്ടാകുന്നത്, ജീവിതം സാര്‍ഥകമാകുന്നത്. ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ജീവിതത്തിന് സംതൃ
പ്തി ലഭിക്കുന്നത്. ലക്ഷ്യത്തിലേക്കുള്ള ഏതൊരു പ്രവൃത്തിയും ജീവിതത്തിന്റെ വിരസതയെ അകറ്റുന്നതും അര്‍ഥശൂന്യതയെ ഇല്ലാതാക്കുന്നതുമാണ്. നമ്മുടെ ചെറുതും വലുതുമായ ഏതൊരു പ്രവൃത്തിക്കും ഒരു ലക്ഷ്യമുണ്ട്. നടക്കുമ്പോഴും ഇരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഒരു ചെടി നടുമ്പോഴും പറിച്ചെടുക്കുമ്പോഴും ഭക്ഷിക്കുമ്പോഴും നിശ്ചലനായിരിക്കുമ്പോഴും വരെ അതിന്റേതായ ഉദ്ദേശ്യലക്ഷ്യമുണ്ട്. എന്നാല്‍ അവ നിര്‍ണിതമോ നിര്‍ണായകമോ ആസൂത്രിതമോ ആയിക്കൊള്ളണമെന്നില്ല. വ്യക്തിപരമോ സാമൂഹികമോ ആയ നേട്ടവും ഉണ്ടാവണമെന്നില്ല. ഗുണകരമോ ദോഷകരമോ ആയ ഒരു ഫലം ഉണ്ടാവുന്നുവെന്നതിലുപരി ശക്തമായ ഒരു ആഗ്രഹമുാവുകയോ ആ ആഗ്രഹസഫലീകരണത്തിലേക്കുള്ള പുതിയ പാതകള്‍ വെട്ടിത്തെളിക്കപ്പെടുകയോ ചെയ്യുന്നില്ല. നേരത്തേയുള്ള വഴികളിലൂടെയുള്ള ഒരു ഓട്ടപ്പാച്ചില്‍ മാത്രം. അതുകൊണ്ട് ശരിയായൊരു ജീവിത ലക്ഷ്യമെന്ന നിര്‍വചനത്തില്‍ ഇത്തരം സാധാരണ ചിന്തകളെയും പ്രവൃത്തികളെയും ഉള്‍പ്പെടുത്താനാവില്ല. നാമിവിടെ ജീവിതലക്ഷ്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ആഗ്രഹിക്കപ്പെടുന്ന അതിപ്രധാനങ്ങളായ ചില കാര്യങ്ങളും അവ സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള കൃത്യവും വ്യക്തവുമായ പ്രവര്‍ത്തനങ്ങളുമാണ്. ഇത്തരമൊരു ലക്ഷ്യമുണ്ടാകുമ്പോഴേ ജീവിതം ചലനാത്മകവും പ്രതീക്ഷാനിര്‍ഭരവുമായിത്തീരുകയുള്ളൂ.
ഒരിക്കല്‍ വിദ്യാര്‍ഥികളോട് സംവദിച്ചുകൊണ്ടിരിക്കെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനോട് ഒരു വിദ്യാര്‍ഥി ചോദിച്ചു: 'നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ശക്തി എന്താണ്? രാജ്യത്തിന്റെ ദൗര്‍ബല്യം എന്താണ്?' തന്റെ മുന്നില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാര്‍ഥികളിലേക്ക് കൈചൂണ്ടി കലാം പറഞ്ഞ മറുപടി ഇങ്ങനെ: 'നിങ്ങള്‍ യുവതലമുറ; വിദ്യാര്‍ഥികള്‍ തന്നെ. രാജ്യത്തിന്റെ ദൗര്‍ബല്യം കൃത്യമായ ലക്ഷ്യബോധമില്ലാത്ത യുവതലമുറയാണ്. നല്ലൊരു വിഭാഗം മയക്കുമരുന്നിനും മറ്റും അടിമകളായി കഴിഞ്ഞുകൂടുന്നു.'
ജീവിതവിജയം ആഗ്രഹിക്കുന്നവരില്‍ കുറച്ചു പേര്‍ മാത്രമേ ശരിയായ വിജയം കരസ്ഥമാക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ പരാജയങ്ങളേറ്റുവാങ്ങി നിരാശയില്‍ മുങ്ങിക്കഴിയുന്നു. കൃത്യമായൊരു ലക്ഷ്യമില്ലാത്തതോ ലക്ഷ്യത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതോ ആവും പരാജയകാരണം. ഓരോരുത്തരുടെയും ആഗ്രഹങ്ങളും ചിന്തകളും വ്യത്യസ്തമാവും. നമ്മള്‍ ആഗ്രഹിക്കുന്നതാണ് നമ്മുടെ ലക്ഷ്യം. അതെന്താണെന്ന് കണ്ടെത്തുകയും തീരുമാനിക്കുകയും ചെയ്യുന്നതാണ് വിജയത്തിലേക്കുള്ള ആദ്യപടി. പോകേണ്ട സ്ഥലം നിശ്ചയിക്കാതെ യാത്ര തുടങ്ങുന്നതില്‍ അര്‍ഥമില്ലല്ലോ. അതുപോലെ നമുക്ക് വേണ്ടത് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാവണം. മറ്റുള്ളവരുടെ താല്‍പര്യത്തിനനുസരിച്ചോ അവരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയോ തീരുമാനിക്കേണ്ടതല്ല ഓരോരുത്തരുടെയും ലക്ഷ്യങ്ങള്‍. നമ്മുടെ താല്‍പര്യങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അവഗണിക്കണമെന്നതല്ല ഈ പറഞ്ഞതിന്റെ സാരാംശം.

ലക്ഷ്യം കൃത്യമായിരിക്കണം. ഒന്നിലധികമുണ്ടെങ്കില്‍ ശ്രദ്ധ വിഭജിക്കപ്പെടുകയും കൃത്യത നഷ്ടപ്പെടുകയും ചെയ്യും. അത് വിജയത്തിലേക്കുള്ള വഴികളെ പ്രയാസകരമാക്കും. ഒരു ഭാരതീയ കഥയുണ്ട്. ഗുരു ശിഷ്യര്‍ക്ക് അസ്ത്ര വിദ്യ പഠിപ്പിക്കുകയാണ്. മരത്തിനു മുകളില്‍ തൂങ്ങിക്കിടന്ന പക്ഷിയുടെ വലതു കണ്ണായിരുന്നു ലക്ഷ്യം. ഒന്നാമത്തെ ശിഷ്യന്‍ വില്ലു കുലക്കാന്‍ ഒരുങ്ങിയപ്പോള്‍ ഗുരുവിന്റെ ചോദ്യം, 'ഇപ്പോള്‍ എന്തെല്ലാം കാണുന്നുണ്ട്?' ശിഷ്യന്‍: 'മരവും അതിന്റെ കൊമ്പും ഒരു പക്ഷിയും അതിന്റെ രണ്ടു കണ്ണും'. 'നിനക്ക് സമയമായില്ല' എന്നായിരുന്നു ഗുരുവിന്റെ മറുപടി. രണ്ടാമത്തെ ശിഷ്യനോടും ഗുരു അതേ ചോദ്യം ആവര്‍ത്തിച്ചു. 'ഞാന്‍ ഒരു മരക്കൊമ്പും അതിന്മേല്‍ ഒരു പക്ഷിയും രണ്ടു കണ്ണുകളും കാണുന്നു' എന്നായിരുന്നു ശിഷ്യന്റെ മറുപടി. 'നിനക്കും സമയമായില്ല' എന്നായിരുന്നു ഗുരുവിന്റെ വിധി. ചോദ്യവും ഉത്തരവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ അവസരം ലഭിച്ച ശിഷ്യന്റെ മറുപടി എന്തായിരുന്നുവെന്നോ? 'പ്രഭോ, ഞാന്‍ ആ പക്ഷിയുടെ വലതു കണ്ണു മാത്രം കാണുന്നു'. ആ ശിഷ്യന് അമ്പെയ്യാന്‍ ഗുരു അനുമതി നല്‍കി. എന്താണോ നമ്മുടെ ലക്ഷ്യം അതു മാത്രമാവണം നമ്മുടെ മുന്നില്‍ എന്ന തത്ത്വമാണിവിടെ പ്രായോഗികമായി പഠിപ്പിക്കപ്പെട്ടത്.

നല്ല സൂര്യപ്രകാശമുള്ള സമയത്ത് ഒരു കടലാസ് കഷ്ണത്തിലേക്ക് ഒരു ലെന്‍സ് തിരിച്ചു വെച്ചെന്നു കരുതുക. കടലാസില്‍ ക്യത്യമായ ഒരു ബിന്ദുവില്‍ മാത്രം ലെന്‍സ് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ കടലാസ് കഷ്ണം കത്തുന്നു. ലെന്‍സ് ചലിപ്പിക്കുകയോ വികേന്ദ്രീകരിക്കുകയോ ചെയ്താല്‍ കടലാസ് കത്തുകയില്ല. മനുഷ്യനും ഇതുപോലെയാണ്. പൗലോ കൊയ്‌ലോയുടെ 'ആല്‍ക്കെമിസ്റ്റി'ല്‍ പറയുന്നൊരു സംഭവമുണ്ട്. സന്തോഷത്തിന്റെ രഹസ്യമെന്തെന്ന് അന്വേഷിച്ചെത്തിയ സാന്റിയാഗോക്ക് അത് പഠിപ്പിക്കപ്പെടുന്ന തത്ത്വചിന്താപരമായ ഒരു സംഭവം. ഒരു സ്പൂണും അതില്‍ രണ്ട് തുള്ളി എണ്ണയും വെച്ചു കൊടുത്ത് കൊട്ടാരം ചുറ്റി വരാന്‍ കല്‍പിക്കുന്നു. തിരിച്ചെത്തുമ്പോള്‍ സ്പൂണിലെ എണ്ണ അതേപടിയുണ്ടാകണമെന്ന നിബന്ധനയും. എന്നാല്‍ കൊട്ടാരം കണ്ട് തിരിച്ചെത്തിയപ്പോള്‍ എണ്ണ മുഴുവനായും നഷ്ടപ്പെടുന്നു. രണ്ടാമതും സ്പൂണും എണ്ണയുമായി കൊട്ടാരം ചുറ്റുന്നു. പക്ഷേ ഇത്തവണ യാത്ര അവസാനിക്കുമ്പോള്‍ ഒരു തുള്ളി എണ്ണ പോലും നഷ്ടപ്പെട്ടിരുന്നില്ല. ആദ്യത്തെ ചുറ്റലില്‍ കൊട്ടാരത്തിന്റെ കണ്ണഞ്ചിക്കുന്ന സൗന്ദര്യത്തില്‍ മതിമറന്നുപോയതുകൊണ്ടായിരുന്നു എണ്ണയില്‍നിന്ന് ശ്രദ്ധ നഷ്ടപ്പെട്ടത്. രണ്ടാമത്തേതില്‍ കൊട്ടാരത്തിലെ യാതൊന്നും സാന്റിയാഗോ ശ്രദ്ധിച്ചതേയില്ല. പകരം സ്പൂണിലും എണ്ണയിലും മാത്രമായിരുന്നു ശ്രദ്ധ. 'തടസ്സങ്ങള്‍ നമ്മുടെ മുമ്പില്‍ ഭീതി പടര്‍ത്തി നില്‍ക്കുന്നത് നിര്‍ദിഷ്ട ലക്ഷ്യത്തില്‍നിന്ന് നമ്മുടെ കണ്ണ് തെറ്റുമ്പോഴാണ്' - ഹെന്റി ഫോഡി (Henry Ford)ന്റേതാണീ വാക്കുകള്‍.

ലക്ഷ്യത്തിലേക്കുള്ള പാതകള്‍ കല്ലുകളും മുള്ളുകളും നിറഞ്ഞതെങ്കിലും ഏതു പ്രയാസങ്ങളിലും ഉറച്ചുനിന്ന് പോരാടാന്‍ മനസ്സ് സജ്ജമായിരിക്കണം. അതിന് കഴിയാതെ പോകുന്ന മനസ്സിന്റെ മടുപ്പാണ് പരാജയത്തിലേക്ക് വഴി തുറക്കുന്നത്. ഒരു ദിവസം കൊണ്ട് സാധ്യമാകുന്നതല്ല വിജയമെന്നത്. നിരന്തരമായ പരിശ്രമത്തിനൊടുവില്‍ മാത്രം എത്തിച്ചേരുന്ന ഇടമാണത്. ലക്ഷ്യം നേടുന്നതില്‍ സമയമെടുക്കുന്നത് പരാജയപ്പെട്ടുവെന്നല്ല കാണിക്കുന്നത്. മുന്നോട്ടു മാത്രം നോക്കിയാവണം നമ്മുടെ യാത്ര. നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ മുഴുവന്‍ അവിടെയാണ്. നദിയുടെ ഒഴുക്ക് എല്ലായിടത്തും ഒരുപോലെയാവില്ല. ചുഴിയും ആഴവും ഓളവും വ്യത്യസ്തമാവും. കടലിലെത്തും വരെ ദുര്‍ഘടമായ അത്തരം അവസ്ഥാന്തരങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. തിരിച്ചടികളില്‍ പതറുന്നവര്‍ പിന്‍വാങ്ങുകയോ മുങ്ങിയൊടുങ്ങുകയോ ചെയ്യും. ഒന്നിനെയും വകവെക്കാതെ മുന്നോട്ടു പോകുന്നവര്‍ ലക്ഷ്യസ്ഥാനം എത്തിപ്പിടിക്കുക തന്നെ ചെയ്യും. പ്രതീക്ഷകളാണ് ലക്ഷ്യത്തിലേക്ക് നമ്മെ അടുപ്പിക്കുന്നത്. പ്രതീക്ഷകള്‍ തകര്‍ന്നുപോയാല്‍ ജീവിതം തന്നെ അര്‍ഥശൂന്യമായിത്തീരും.
ഒരു ലക്ഷ്യവുമില്ലാത്തവര്‍ക്ക് ജീവിതം ഒരിക്കലും ആസ്വദിക്കാനാവില്ല. അത്തരക്കാര്‍ക്ക് ജീവിതത്തോടു തന്നെ ചിലപ്പോള്‍ വെറുപ്പു തോന്നിത്തുടങ്ങും. മാനസികമായ പ്രത്യേക ശക്തിയോ ഊര്‍ജമോ അവര്‍ക്കുണ്ടാവില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉറക്കം മതിയായില്ലെന്ന തോന്നല്‍, ഉന്മേഷക്കുറവ്, ജോലിയിലും ജീവിതത്തിലും സന്തോഷമില്ലായ്മ, എന്തിനു വേണ്ടി കഷ്ടപ്പെടുന്നു എന്ന ചിന്ത, അലസത തുടങ്ങിയവയൊക്കെ ലക്ഷ്യബോധമില്ലാത്തതിന്റെ പ്രത്യക്ഷ നിദര്‍ശനങ്ങളാണ്. ലക്ഷ്യബോധമുള്ളവന് അലസനായി ഇരിക്കാനും അശുഭ ചിന്തകള്‍ക്ക് നിലമൊരുക്കാനും സമയമുണ്ടാവില്ല. കഴിവില്ലായ്മയെ കുറിച്ച് പരിതപിച്ചിരിക്കാനും ആയുധങ്ങളെ പഴിച്ച് പിന്മാറാനും അവര്‍ ഒരുക്കമല്ല. ലഭ്യമാകുന്ന സമയവും അവസരങ്ങളും പരമാവധി ഉപയോഗപ്പെടുത്തി ലക്ഷ്യത്തിലേക്ക് അവര്‍ കുതിച്ചുകൊണ്ടിരിക്കും.
നമ്മുടെ താല്‍പര്യവും ശുഭചിന്തകളുമാണ് പ്രധാനം. അവയുണ്ടെങ്കില്‍ സാഹചര്യങ്ങളെല്ലാം നമുക്ക് അനുകൂലമായിത്തീരും.

Thursday, 26 July 2018

ജലം ഒരു മഹാത്ഭുതം - സൃഷ്ടാവിന്റെ അനുഗ്രഹം




വെള്ളം സൃഷ്ടിച്ച നാഥന്റെ മുന്നില്‍ ധ്യാനാത്മകമായി കഴിയേണ്ട സന്ദര്‍ഭമാണ് മഴ ധാരാളമായി ലഭിക്കുന്ന ഈ കാലം. രണ്ടു കണിക ഹൈഡ്രജനും ഒരു കണിക ഓക്‌സിജനും ചേര്‍ന്നുണ്ടാകുന്നത് എന്ന് ശാസ്ത്രം പറയുന്ന ജലം ഒരു മഹാത്ഭുതം തന്നെയാണ്. സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടിവൈഭവം തെളിയിക്കാന്‍ മറ്റൊന്നും വേണ്ടതില്ല. ലോകത്ത് മനുഷ്യന് എന്തൊക്കെ വിഭവങ്ങള്‍ ലഭിക്കുന്നുണ്ടോ അതൊക്കെ അന്തിമവിശകലനത്തില്‍ ആകാശത്തുനിന്ന് വര്‍ഷിക്കപ്പെടുന്ന മഴയെ ആശ്രയിച്ചിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: 'അവനാണ് നിങ്ങള്‍ക്ക് തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്. ആകാശത്തുനിന്ന് അവന്‍ നിങ്ങള്‍ക്ക് അന്നം ഇറക്കിത്തരുന്നു' (40:13).
'കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി. അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍ ഇടതൂര്‍ന്ന തോട്ടങ്ങളും' (78:14-16).
ജപ്പാന്‍ ശാസ്ത്രജ്ഞനായ മസറു ഇമോട്ടോ15 വര്‍ഷങ്ങളെടുത്ത് 5 വാള്യങ്ങളിലായി തയാറാക്കിയ 'മെസേജ് ഫ്രം വാട്ടര്‍' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം കണ്ടെത്തിയ വെള്ളത്തിന്റെ മഹാത്ഭുതങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. വെള്ളത്തിന് ചിന്തിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുണ്ടെന്നും ആകാശത്തുനിന്നും വീഴുന്ന ഓരോ മഞ്ഞുതുള്ളിയും വ്യത്യസ്തമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ജീവജാലങ്ങള്‍ക്ക് വാസയോഗ്യമാക്കി ഭൂമിയെ നിലനിര്‍ത്താനും ചൂട് ക്രമീകരിക്കാനും ഭൂമിയുടെ മുക്കാല്‍ ഭാഗവും വെള്ളമാക്കിയാണ് അല്ലാഹു സംവിധാനിച്ചത്. അതുകൊണ്ടാണ് ഭൂമിയെ നാം നീലഗോളം എന്ന് വിളിക്കുന്നത്. ജലചംക്രമണത്തെക്കുറിച്ച് പഠിക്കുന്നവര്‍ക്കറിയാം ഭൂമിയിലെ വെള്ളം നീരാവിയായി ആകാശത്തേക്കുയര്‍ത്തപ്പെടുന്ന പ്രക്രിയ. ഏത് മലിന ജലത്തെയും ശുദ്ധീകരിച്ച അവസ്ഥയിലാണ് ആകാശത്തേക്കുയര്‍ത്തുന്നത്. അല്ലെങ്കില്‍ മേഘമായി പെയ്തിറങ്ങുന്ന മഴ എത്ര മലിനമായിരിക്കും?
ജനനം മുതല്‍ മരണം വരെ മാത്രമല്ല മരണാനന്തര ജീവിതത്തിലും ജലത്തിന് മനുഷ്യ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ളതായി വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു. ജീവന്റെ ഉറവിടം വെള്ളമാണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു: 'ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പ്പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു' (21:30). 'അല്ലാഹുവിന്റെ സിംഹാസനം വെള്ളത്തിനു മീതെയാണെന്നും നാം പഠിപ്പിക്കപ്പെട്ടു' (11:7).
സ്വര്‍ഗമാകട്ടെ താഴ്ഭാഗങ്ങളിലൂടെ അരുവികള്‍ ഒഴുകുന്ന തോട്ടങ്ങളാല്‍ അലംകൃതമാണ്. ഭൂമിയുടെ ഒത്ത നടുക്ക് മക്കാ മണലാരണ്യത്തില്‍ ഒരു ഉത്തമ സംസ്‌കൃതിക്ക് അല്ലാഹു തുടക്കം കുറിച്ചത് സംസം എന്ന ലോകം കണ്ട മഹാത്ഭുതമായ, ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നീരുറവ നല്‍കിക്കൊണ്ടാണ്.

വിശ്വാസിയുടെ ജീവിതത്തില്‍ ജലത്തിന് അഭേദ്യമായ ബന്ധം
വൃത്തിയുടെ ആധാരമാണ് ജലം. വിശ്വാസത്തിന്റെ പാതിയാണ് വൃത്തി എന്നാണ് പ്രവാചകന്‍(സ) അനുചരന്മാരെ പഠിപ്പിച്ചത്. ദൈവവുമായുള്ള വിശ്വാസിയുടെ ബന്ധത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെള്ളം. നാഥന്റെ മുന്നില്‍ നമസ്‌കാരമാകുന്ന അഭിമുഖ സംഭാഷണത്തിലേര്‍പ്പെടുമ്പോഴെല്ലാം അംഗശുദ്ധി നിര്‍ബന്ധമാണ്. ശരീരഭാഗങ്ങളിലൂടെ വുദൂ ചെയ്ത വെള്ളം ഇറ്റിവീഴുമ്പോള്‍ ആ ഭാഗത്തെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു. അഞ്ചു നേരത്തെ നമസ്‌കാരത്തെ വീടിന് മുന്നിലൂടെ ഒഴുകുന്ന നദിയില്‍നിന്ന് അഞ്ചു തവണ കുളിക്കുന്നതിനോടാണ് ഉപമിച്ചത്. കുളി നിര്‍ബന്ധമാകുന്ന സന്ദര്‍ഭങ്ങളും വിശ്വാസിക്കുണ്ട്. ദാഹിക്കുന്ന മനുഷ്യര്‍ക്ക് മാത്രമല്ല, പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കും വെള്ളം നല്‍കുന്നത് പ്രതിഫലാര്‍ഹമായ ദാനമായിട്ടാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. നായക്ക് വെള്ളം നല്‍കിയതിന്റെ പേരില്‍ സ്വര്‍ഗാവകാശിയായ മനുഷ്യന്റെ കഥ പ്രവാചകന്‍ വിവരിച്ചത് അതിനു വേണ്ടിയാണ്.

ഖുര്‍ആനിക നിര്‍ദേശങ്ങള്‍
ജലത്തിന് അറബി ഭാഷയില്‍ ഉപയോഗിക്കുന്ന 'മാഅ്' എന്ന പദം 63 തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും പ്രതാപവും വിളിച്ചോതാന്‍ പലയിടത്തും വെള്ളത്തിന്റെ സൃഷ്ടിപ്പ് എടുത്തു പറയുന്നു. 'നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളം വീഴ്ത്തി. അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അതു വറ്റിച്ചുകളയാനും നമുക്കു കഴിയും. അങ്ങനെ ആ വെള്ളം വഴി നിങ്ങള്‍ക്ക് ഈത്തപ്പനകളുടെയും മുന്തിരിവള്ളിയുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു' (23: 18,19).
മഴയില്ലാത്ത അവസ്ഥ അല്ലാഹുവിന്റെ കോപത്തിന്റെയും ശിക്ഷയുടെയും ലക്ഷണമാണ്. അതിനാല്‍തന്നെ മഴക്കുവേണ്ടിയുള്ള പ്രാര്‍ഥന പശ്ചാത്താപത്തില്‍നിന്ന് തുടങ്ങണം. കാരണം അതിന്റെ കാരണക്കാരന്‍ മനുഷ്യനാണ്. 'മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചു തന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?' (30:41).
എന്തൊരു ചൂട് എന്ന് വിലപിക്കുകയല്ല, അറിഞ്ഞും അറിയാതെയും ദൈവകോപത്തിനിരയാവുന്ന രീതിയിലുള്ള എല്ലാ ചെയ്തികള്‍ക്കും പൊറുക്കലിനെ തേടിക്കൊണ്ട് ദിവ്യകാരുണ്യത്തിന്റെ വാതിലില്‍ മുട്ടുന്നതാണ് കരണീയം.
ദുര്‍വ്യയം അരുത്
ഔഷധം പോലെ സൂക്ഷിച്ച് ശ്രദ്ധിച്ച് ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. 'ആദം സന്തതികളേ, നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്' (7:31). ഒരു യാത്രക്കിടയില്‍ നദിക്കരയില്‍ ഇരുന്ന് വുദൂവെടുത്തുകൊണ്ടിരുന്ന സഅ്ദി(റ)ന്റെ അടുത്തേക്ക് എന്തോ ദുരന്തം സംഭവിച്ച മട്ടില്‍ പ്രവാചകന്‍(സ) ഓടിവന്നതും 'ഇതെന്തൊരു ധൂര്‍ത്താണ് സഅ്‌ദേ?' എന്ന് ചോദിച്ചതും 'വുദൂവിലും ധൂര്‍ത്തോ' എന്ന് ചോദിച്ച സഅ്ദിനോട് 'ഒഴുകുന്ന നദിയില്‍നിന്നാണെങ്കിലും ആവശ്യത്തിനേ ഉപയോഗിക്കാവൂ' എന്ന് നബി(സ) പറഞ്ഞതും ചരിത്രപ്രസിദ്ധമാണല്ലോ. ഇതിനേക്കാള്‍ മികച്ച സാമ്പത്തിക-പാരിസ്ഥിതിക അധ്യാപനം മറ്റെന്താണുള്ളത്?

ജലം പഠിപ്പിക്കുന്ന പാഠങ്ങള്‍
ജീവിതത്തിന് തുടക്കമുള്ളതുപോലെ തന്നെ ഒടുക്കവും ഉണ്ട്. ആകാശത്തുനിന്നും വര്‍ഷിക്കപ്പെടുന്ന മഴയില്‍ മുളച്ചുപൊന്തുന്ന സസ്യലതാദികള്‍ കൊടുംചൂടില്‍ ഇല്ലാതാവുന്നതുപോലെ നമ്മുടെ ജീവിതവും ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും രൂപത്തില്‍ ഒടുങ്ങും.
'ഐഹിക ജീവിതത്തിന്റെ ഉപമയിതാ: മാനത്തുനിന്നും നാം മഴപെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു; മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി. അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്‍പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നിട്ടില്ലാത്ത വിധം. ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്കുവേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നത്' (10:24).
ജീവിതത്തിന് ഒടുക്കമുള്ളതുപോലെ ഉയിര്‍ത്തെഴുന്നേല്‍പും ഉണ്ട്: ഖുര്‍ആന്‍ സൂറത്തുന്നബഇല്‍ ഉയിര്‍ത്തെഴുന്നേല്‍പ് ഉറപ്പായും സംഭവിക്കും എന്ന് സ്ഥാപിച്ചുകൊണ്ട് പറയുന്ന ചില കാര്യങ്ങളുണ്ട്. അവയില്‍പെട്ടതാണ്, 'കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി. അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍. ഇടതൂര്‍ന്ന തോട്ടങ്ങളും. നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്' (78:14-17).
വരണ്ടുണങ്ങിയ, ജീവന്റെ യാതൊരു അടയാളവും ഇല്ലാതിരുന്ന ഭൂമിയില്‍നിന്നും പുതുമഴക്ക് സസ്യലതാദികള്‍ മുളച്ചുപൊന്തുന്നതുപോലെ ആദിപിതാവ് മുതല്‍ മരിച്ച് മണ്ണോടു ചേര്‍ന്ന സകലമനുഷ്യരെയും പുനരുജ്ജീവിപ്പിക്കാനും രക്ഷാശിക്ഷകള്‍ നടപ്പിലാക്കാനും പ്രതിഫല ദിനത്തിനുടയവനായ അല്ലാഹുവിന് കഴിയുക തന്നെ ചെയ്യും. ജലചംക്രമണം പോലെ ജീവിതത്തില്‍നിന്ന് മരണവും മരണത്തില്‍നിന്ന് ജീവിതവും സംഭവിക്കുക തന്നെ ചെയ്യും. 'തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍ തന്നെ. അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റു കിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം' (7:51).
ദിവ്യകാരുണ്യത്തെക്കുറിച്ച് നമ്മെ ഉണര്‍ത്തുകയും നാഥനോട് നന്ദിയുളളവരാവാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു:
'നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെ കുറിച്ച് ചിന്തിച്ചുവോ? നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?' (56:68-70).
നിര്‍മാണത്തിനും സംഹാരത്തിനും: ജീവന്‍ അങ്കുരിപ്പിക്കാനും നിലനിര്‍ത്താനും പ്രാപ്തിയുളള അതേ ജലം തന്നെ പലപ്പോഴും ജീവജാലങ്ങളുടെ നാശത്തിനും ഹേതുവാകാറുണ്ട്. സൂനാമി മുതല്‍ മഞ്ഞുമഴവരെ വിതച്ച നാശങ്ങള്‍ ഉദാഹരണമാണ്. അതുപോലെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടികര്‍ത്താവിന് ഇതെല്ലാം ഏതു നിമിഷവും നശിപ്പിക്കാനും സാധിക്കും.
നുരയും പതയും: ജലത്തില്‍നിന്ന് പൊന്തുന്ന നുരയും പതയും പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുമെങ്കിലും അതിവേഗം നശിച്ചുപോകുന്നവയാണ്. അതുപോലെ മനുഷ്യര്‍ക്കിടയിലും നുരകളും പതകളും പൊന്തിവരാറുണ്ട്. എന്നാല്‍ അവയൊക്കെ എത്ര ആകര്‍ഷകങ്ങളാണെങ്കിലും ക്ഷണികങ്ങളാണ്. ശാശ്വത നന്മ ശുദ്ധജലം പോലെ തെളിഞ്ഞതും ശാന്തവുമായ മനുഷ്യന്റെ അടിസ്ഥാന നന്മകളായ ലാളിത്യം, വിനയം, സല്‍സ്വഭാവം, സത്യസന്ധത തുടങ്ങിയവയാണ്. കാട്ടിക്കൂട്ടലുകള്‍ക്കും ജാഡകള്‍ക്കും അല്‍പായുസ്സേ ഉള്ളൂ. ജലം നമ്മോടാവശ്യപ്പെടുന്നത് ശുദ്ധജലമാവാനാണ്, നുരയും പതയുമാവാതിരിക്കാനാണ്. കാരണം, തെളിഞ്ഞ വെള്ളമുള്ളിടത്തേക്ക് ആളുകള്‍ ഓടിയടുക്കും, അകന്നുപോവില്ല.
ഒഴുകുന്ന നദിയാവുക: സത്യവിശ്വാസിയുടെ ജീവിതം കെട്ടിക്കിടക്കുന്ന ജലംപോലെ ആകരുത്. കാരണം കെട്ടിക്കിടക്കുന്ന ജലം പെട്ടെന്ന് മലിനമായിത്തീരുന്നതുപോലെ നിഷ്‌ക്രിയരായി, പുതുതായി ഒന്നും പഠിക്കാതെ, പരീക്ഷിക്കാതെ ജീവിതം ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ തള്ളിനീക്കുന്നവര്‍ പെട്ടെന്നു തന്നെ പലവിധ രോഗങ്ങള്‍ക്കും അടിമപ്പെട്ട് ഉള്ള കഴിവുകള്‍ പോലും നശിച്ച് കുടുംബത്തിനും സമൂഹത്തിനും ഒരു ഭാരവും ശല്യവുമായിത്തീരും. ശരീരം മാത്രമല്ല, മനസ്സും ദുഷിക്കും. അതിനാല്‍ ഉള്ള കഴിവുകള്‍ ഉപയോഗപ്പെടുത്തുകയും പുതിയ പുതിയ മേഖലകള്‍ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കാലത്തിന്റെ ഒപ്പമല്ല കാലത്തിന് മുമ്പേ നടക്കാനാണ് ജലം മനുഷ്യനെ പഠിപ്പിക്കുന്നത്.
വൈരുധ്യങ്ങളുടെ വിസ്മയകരമായ സങ്കലനം: രണ്ട് വൈരുധ്യങ്ങള്‍ ചേര്‍ന്നാണ് ജലം എന്ന അത്ഭുതം ഉണ്ടാവുന്നത്. ഹൈഡ്രജനും ഓക്‌സിജനും. ഒന്ന് കത്തുന്നതും മറ്റൊന്ന് കത്താന്‍ സഹായിക്കുന്നതുമാണ്. ഇതുപോലെ വൈരുധ്യങ്ങളുടെ സമന്വയമാണ് മനുഷ്യജീവിതം. വ്യത്യസ്ത പ്രകൃതക്കാരായ ആണും പെണ്ണും ചേരുംപടി ചേരുമ്പോഴാണ് സ്വഛസുന്ദരമായൊഴുകുന്ന ഒരു കുടുംബം ഉടലെടുക്കുന്നത്. ഓരോന്നും അവയുടെ പ്രകൃതം നിലനിര്‍ത്തല്‍ ശരിയായ ഉല്‍പന്നം തന്നെ ലഭിക്കാന്‍ അനിവാര്യമാണ്. ഒന്ന് മറ്റൊന്നിനെ പോലെയാവാന്‍ ശ്രമിക്കുമ്പോള്‍ അവിടെ സംഘര്‍ഷം ഉടലെടുക്കുന്നു. ഇത് ജലത്തില്‍നിന്നും മനുഷ്യന്‍ പഠിക്കേണ്ട സൂക്ഷ്മമായ പാഠമാണ്. രണ്ട് ഹൈഡ്രജന്‍ കണികകള്‍ക്ക് പകരം ഒന്നോ മൂന്നോ ആയാല്‍, ഓക്‌സിജന്‍ ഒരു കണികക്ക് പകരം രണ്ടോ മൂന്നോ ആയാല്‍ ഈ സമന്വയത്തിലൂടെയുള്ള അത്ഭുതം സംഭവിക്കില്ല.
ബഹുമുഖത: ജലത്തിന് സ്വന്തമായി രൂപമോ ഗന്ധമോ ഇല്ല. പാത്രത്തിനനുസരിച്ച് രൂപമാറ്റം വരുത്താനും കൂടിച്ചേരുന്ന വസ്തുവിനനുസരിച്ച് രുചിയും ഗന്ധവും മാറ്റാനും കഴിയുന്നു. നല്ല വസ്തുക്കളുമായി കൂടുമ്പോള്‍ നല്ല സുഗന്ധവും രുചിയും. ചീത്ത വസ്തുക്കളുമായാണ് കൂടിക്കലരുന്നതെങ്കില്‍ നേരെ മറിച്ചും. ഇത് രണ്ടും മനുഷ്യന് പാഠമാണ്. ഏതു സാഹചര്യത്തിലും അവസ്ഥയിലും ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാനും ഏതു തരം സഹജീവികള്‍ക്കും പ്രയോജനകരമാവാനും മനുഷ്യന് സാധിക്കണം. എന്നാല്‍ അലിഞ്ഞുചേരേണ്ടത് നല്ല ആളുകളുമായാണ്. ഇല്ലെങ്കില്‍ നമ്മുടെ സ്വഭാവത്തിലും ദോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവും. അരൂപിയാണ് ജലം. എന്നാല്‍ നിര്‍വഹണത്തിനും സംഹാരത്തിനും കഴിവുള്ളത്. അല്ലാഹുവും അങ്ങനെ തന്നെ. ശക്തിയുടെ പ്രഭാവം നിര്‍ണയിക്കപ്പെടേണ്ടത് രൂപം, ഭാവം, ഗന്ധം ആദിയായവയെ അടിസ്ഥാനപ്പെടുത്തിയല്ല. രൂപമില്ലാതെ തന്നെ റബ്ബിനെ അറിയാനും പ്രാപിക്കാനും അനുഭവിക്കാനും കഴിയും.
സ്വയം ശുദ്ധിയുള്ളവരാവുക: സ്വയം ശുദ്ധിയുള്ള വെള്ളത്തിനേ മറ്റുള്ളവരെ ശുദ്ധിയാക്കാന്‍ കഴിയൂ. അതുപോലെ നാം സ്വയം ശുദ്ധിയുള്ളവരായാലേ സമൂഹത്തെ സംസ്‌കരിച്ചെടുക്കുക എന്ന ഉത്തമ മുസ്‌ലിമിന്റെ ഉത്തരവാദിത്തം ശരിയാംവണ്ണം നിര്‍വഹിക്കാന്‍ കഴിയൂ.
ഫലങ്ങള്‍ വ്യത്യസ്തം: ആകാശത്തുനിന്നും ഒരേപോലെ വര്‍ഷിക്കപ്പെട്ട മഴ ഭൂമിയുടെ വിവിധ പ്രദേശങ്ങളില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന ഫലം വ്യത്യസ്തം. ചിലയിടങ്ങളില്‍ നല്ല ഫലം തരുന്ന സസ്യലതാദികള്‍ മുളച്ചുപൊന്തുമ്പോള്‍ വേറെ ചിലയിടങ്ങളില്‍ അതേ വെള്ളം കെട്ടിനിന്ന് കൊതുകുകളും മറ്റും മുട്ടയിട്ട് പെരുകി ദുര്‍ഗന്ധം വമിക്കുന്ന ശല്യമായി മാറുന്നു. മറ്റു സ്ഥലങ്ങളിലാവട്ടെ വെറുതെ ഒഴുകിപ്പോകുന്നു. ഇതുപോലെയാണ് ദിവ്യബോധനം മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നത്. ചിലര്‍ അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് സ്വയം തന്നെ നല്ല ഫലം നല്‍കുന്ന ഒരു വന്‍ വൃക്ഷത്തെപ്പോലെയാകുന്നു. വേറെ ചിലരാവട്ടെ നിഷേധികളായി മാറുന്നു. നല്ല കൃഷിക്ക് പാകപ്പെടുത്തി നല്ല മണ്ണ് അനിവാര്യമായതുപോലെ പാകപ്പെട്ട മനസ്സില്‍ ദിവ്യവചനങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ സല്‍ഫലങ്ങള്‍ ഉണ്ടാവുന്നു.

ചില പ്രായോഗിക നിര്‍ദേശങ്ങള്‍
1. Reduce, Reuse, Recycle എന്ന പാരിസ്ഥിതിക തത്വം വെള്ളത്തിന്റെ കാര്യത്തില്‍ പാലിക്കുകയാണെങ്കില്‍ വേനലില്‍ നാമനുഭവിക്കുന്ന വരള്‍ച്ച നിയന്ത്രിക്കാന്‍ കഴിയും. പാത്രം കഴുകുന്ന വെള്ളം, തുണി അലക്കുന്ന വെള്ളം, തുടക്കുന്ന വെള്ളം, വാഹനം കഴുകുന്ന വെള്ളം തുടങ്ങിയവ സൂക്ഷിച്ച് ശേഖരിച്ചാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
2. മഴക്കുഴികള്‍ ഉണ്ടാക്കല്‍, കിണര്‍ റീചാര്‍ജിംഗ്, ഇറവെള്ളം ശേഖരിക്കല്‍, തെങ്ങ് പോലുള്ള വൃക്ഷങ്ങള്‍ക്ക് തടമെടുക്കല്‍ തുടങ്ങിയവയിലൂടെ പെയ്തിറങ്ങുന്ന മഴവെള്ളം പരമാവധി ഭൂമിയില്‍ ശേഖരിക്കുക.
3. കൃഷി ആരാധനയാണെന്ന് മനസ്സിലാക്കി സാധ്യമാകുന്ന കാര്‍ഷിക വൃത്തികളില്‍ ഏര്‍പ്പെടുക. ചെടികളും മരങ്ങളും പരമാവധി വെച്ചുപിടിപ്പിക്കുക. മൊത്തം അന്തരീക്ഷത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ കൂടുതല്‍ മഴ ലഭ്യമാകും. ലോകാവസാനം ഉറപ്പായിട്ടും കൈയിലുള്ള വൃക്ഷത്തൈ നടാന്‍ പ്രവാചകന്‍ പഠിപ്പിച്ചത് അതിനാണ്.
4. വീട്ടില്‍ ഒരു ജലനയം ഉണ്ടാക്കുകയും അത് എല്ലാ അംഗങ്ങളെയും ബോധ്യപ്പെടുത്തുകയും നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. വെള്ളം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും വേനലിലും വര്‍ഷകാലത്തും അതൊരു ശീലമാക്കി മാറ്റണം. ജലദിനം, പരിസ്ഥിതി ദിനം തുടങ്ങിയ ആഘോഷങ്ങളില്‍ പരിമിതപ്പെടുന്നതല്ല, എന്നും നിലനില്‍ക്കുന്ന ജീവിത പരിശീലനങ്ങളാണ് നാമും നമ്മുടെ കുട്ടികളും സ്വായത്തമാക്കേണ്ടത്.
 (പകര്‍ത്തി എഴുതിയത് )