Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts

Tuesday, 25 December 2018

ചാറ്റിംഗ്



ആകാശം മേഘാവൃതമായിരിക്കുന്നു. ഒരു പുതുമഴയുടെ ലക്ഷണമുണ്ട്. വരണ്ട ഭൂമിയെ കുളിരണിയിക്കാനെത്തുന്ന പുതുമഴ. ചാറിത്തുടങ്ങിയ മഴയില്‍ ഉണങ്ങിയ മണല്‍ത്തരികളില്‍നിന്നുയരുന്ന ഉന്മാദഗന്ധം. എത്ര ആസ്വദിച്ചാലും മതിവരാത്ത സുഖകരമായ ഗന്ധം. കാറ്റ് വീശിത്തുടങ്ങിയപ്പോള്‍ അവളുടെ കൈയിലെ കടലാസുകളില്‍ ജീവന്‍ തുടിച്ചു.
അവന്റെ എഴുത്താണ്. നാളെ രാത്രി 10 മണിക്കുള്ള ഫ്‌ളൈറ്റില്‍ മണലാരണ്യത്തില്‍നിന്നുമവന്‍ യാത്ര തിരിക്കും. വെളുപ്പിന് പച്ചപുതച്ച അവന്റെ ഗ്രാമത്തിലെത്തും. ഒന്നുറങ്ങിയെഴുന്നേറ്റ് അവളെ കാണാനെത്തുമെന്നാ വീണ്ടും അവന്‍ എഴുതിയിരിക്കുന്നത്. കാണാന്‍ വരരുതെന്ന് പലവട്ടമവള്‍ വിലക്കിയതാണ്. അപ്പോഴൊക്കെയും വന്നെങ്കില്‍ ഒന്നു കാണാമായിരുന്നെന്ന് അവളുടെ മനസ്സ് കൊതിച്ചിട്ടുണ്ട്.
ചാറ്റിംഗിലൂടെയാണ് അവനെ പരിചയപ്പെട്ടത്. അമ്മയില്ലെന്നറിഞ്ഞപ്പോള്‍ മനസ്സിനൊരു നൊമ്പരം അനുഭവപ്പെട്ടു. വാത്സല്യമായിരുന്നു അവനോടവള്‍ക്ക്. മണിക്കൂറുകള്‍ അവനുവേണ്ടി കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിച്ചതും അതുകൊണ്ടുതന്നെ.
മഴക്ക് ശക്തി കൂടി വന്നു. ഭൂതകാലം ഒരു മഴവെള്ളപ്പാച്ചില്‍ പോലെ അവളുടെ മനസ്സിലൂടെ കുത്തിയൊലിച്ചു പോയി. ജീവിതത്തില്‍ ഒറ്റപ്പെട്ടതിന്റെ മടുപ്പില്‍നിന്നും ഓഫീസിലെ യാന്ത്രിക ജോലിയുടെ വിരസതയില്‍നിന്നും ഒരു മോചനത്തിനു വേണ്ടിയാണ് ഇന്റര്‍നെറ്റെന്ന അത്ഭുത ലോകത്തിലേക്ക് കൂട്ടുകാരി കൈപിടിച്ചു കൊണ്ടുപോയത്.
ജോലി കഴിഞ്ഞെത്തിയാല്‍ ആ അത്ഭുതലോകത്തെ വിരല്‍തുമ്പിലാക്കി രാവേറെ നീണ്ടുനില്‍ക്കും വരെയുള്ള സഞ്ചാരം. ഉറക്കം കണ്ണുകളെ കീഴടക്കുംവരെ അതു തുടരും. എത്രയെത്ര സൗഹൃദങ്ങള്‍.... ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുങ്ങുന്നവ. ദിവസങ്ങള്‍, ആഴ്ചകള്‍ മാത്രം ചിലത്. ചിലര്‍ മാത്രം ഇടക്ക് വന്ന് ഓര്‍മപുതുക്കി പോകും. എല്ലാം നല്ല സൗഹൃദങ്ങള്‍. എങ്കിലും എല്ലാവരില്‍നിന്നും വ്യത്യസ്തനായി ഇവന്‍ മാത്രം.
ഒരുപാട് വായിക്കുന്ന, ലോകജ്ഞാനമുള്ള, സന്മനസ്സുള്ള പയ്യന്‍. ജിബ്രാനും സുറയ്യയും ഖുര്‍ആനും ബൈബിളുമൊക്കെ അവരുടെ ചാറ്റിംഗില്‍ മിന്നിമറഞ്ഞു. അവളുടെ വായനയുടെ ലോകവും വലുതായിക്കൊണ്ടിരുന്നു. തര്‍ക്കിച്ചും ഇണങ്ങിയും പിണങ്ങിയും ദിവസങ്ങളും മാസങ്ങളും പോയതവരറിഞ്ഞില്ല.
മഴയുടെ ശക്തി കുറഞ്ഞുവന്നു. ആകെയൊരു തണുത്ത അന്തരീക്ഷം. പക്ഷേ, അവളുടെ മനസ്സുമാത്രം തണുത്തില്ല.
കഥകളുടെയും കവിതകളുടെയും മറ്റൊരു ലോകം കൂടി അവനുണ്ടായിരുന്നു. എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവനിടാറുള്ള നോട്ടുകള്‍ക്ക് കമന്റിടുന്ന വലിയൊരു സുഹൃദ് വലയം. എങ്കിലും മറ്റാരുമായും അവന്‍ പങ്കുവെക്കാനിഷ്ടപ്പെടാത്ത ഭൂതകാലം. പലപ്പോഴും അതവളുടെ കണ്ണുനനയിച്ചു. സ്‌നേഹിക്കാനമ്മയില്ലാതെ, സംരക്ഷിക്കാനഛനില്ലാതെ എല്ലാവരുടെയും കണ്ണിലെ കരടായി ആ കുരുന്നു ബാല്യം. എന്നിട്ടും സ്വന്തം പ്രയത്‌നത്തിലൂടെ പഠിച്ച് ഡിഗ്രിയെടുത്ത് ഗള്‍ഫിലൊരു ജോലിയും കരസ്ഥമാക്കി.
മരച്ചില്ലകളില്‍നിന്നും ജലകണങ്ങള്‍ ഇറ്റു വീണുകൊണ്ടിരുന്നു. തണുത്ത കാറ്റടിച്ചിട്ടും അവള്‍ക്ക് ഒരുന്മേഷവും തോന്നിയില്ല. മനസ്സ് ശൂന്യമായപോലെ.
പരിചയപ്പെട്ട നാള്‍മുതല്‍ തന്നെ വല്ലാത്തൊരു ആത്മബന്ധം അവള്‍ക്കവനോട് തോന്നിയിരുന്നു. ആ നല്ല മനസ്സാവാം കാരണം. അനിയനെ പഠിപ്പിച്ച്, സഹോദരിമാരെ വിവാഹം ചെയ്തയച്ച്, ചെറുതെങ്കിലും ഒരു വീടുവെച്ച്, മക്കളെ അവഗണിച്ചു പോയ സ്വന്തം പിതാവിനെ തിരിച്ച് കൊണ്ടുവന്ന് ആ വീട്ടില്‍ താമസിപ്പിച്ച അവന്റെ വലിയ മനസ്സ്. പ്രലോഭനങ്ങളില്‍ ഒരിക്കലും കാലിടറാത്ത അവള്‍ എന്തുകൊണ്ടോ അവന്റെ മുമ്പില്‍ മാത്രം തോറ്റുപോയപോലെ. എപ്പോഴൊക്കെയോ അവളുടെ വാക്കുകള്‍ക്ക് വഴിതെറ്റിത്തുടങ്ങി. പിന്നീടെപ്പോഴാണ് അവളവനെ പ്രണയിച്ചു തുടങ്ങിയത്...? ഒന്നും അവള്‍ക്കോര്‍ക്കാര്‍ കഴിയുന്നില്ല.
ഭൂമിയില്‍ ഇരുട്ട് വ്യാപിച്ചുതുടങ്ങി. കിളികളെല്ലാം തണുപ്പേറ്റ് കൂടുകളില്‍ ചേക്കേറി. ആകാശം തെളിഞ്ഞു. നക്ഷത്രങ്ങള്‍ മിഴിചിമ്മി. ഏകാന്തതയുടെ ഒരു രാത്രി കൂടി ആരംഭിച്ചു. അനന്തമായ ഈ ഭൂമിയിലെ ഓരോരുത്തരെയും ദൈവം സ്‌നേഹിക്കുന്നു. ആരും തനിച്ചല്ല. മനസ്സവള്‍ക്ക് സാന്ത്വനമേകി.
രാവിലെ എഴുന്നേറ്റ് കുളിച്ച് അവള്‍ അമ്പലത്തില്‍ പോകാനൊരുങ്ങി. വീണ്ടും മനസ്സ് ചഞ്ചലപ്പെടാന്‍ തുടങ്ങി. ഈശ്വരാ, ശക്തി തരൂ. കുടുംബത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി വിവാഹം വേണ്ടെന്നു വെച്ച് ഒറ്റക്ക് കഴിയുന്ന ഞാനും അവനെ സ്വാധീനിച്ചിരിക്കാം. ഒരു മൂത്ത ചേച്ചിയുടെ പ്രായമുള്ള ഞാന്‍. ഈ സ്‌നേഹം തെറ്റാണോ? അവള്‍ ആലോചിച്ചു. അവനല്ലേ മധുരമുള്ള വാക്കുകളാല്‍ ഇതുവരെ ഞാനറിയാത്ത സ്‌നേഹം എനിക്ക് മനസ്സിലാക്കിത്തന്നത്. ഈ സ്‌നേഹം നിഷേധിക്കരുതെന്നും മരണം വരെ സ്‌നേഹിച്ചോളാമെന്നും വാക്കു തന്നതും. അവള്‍ സ്വയം ന്യായീകരണം കണ്ടെത്തി.
അവളേക്കാള്‍ അവനെ സ്‌നേഹിക്കുന്ന ഒരു സുന്ദരിക്കുട്ടിയെ കണ്ടുപിടിച്ചു കൊടുക്കാമെന്നവള്‍ പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചു. നീയൊരു മണ്ടിയാണെന്നും അവന്റെ ശൂന്യമായ മനസ്സില്‍ സ്‌നേഹം നിറച്ചത് അവളാണെന്നും ദയവായി എന്നെ ഒഴിവാക്കരുതെന്നും ഒന്നു കണ്ടിട്ട് തിരിച്ചു പോയ്‌ക്കോളാം, പിന്നീടൊരിക്കലും ശല്യം ചെയ്യില്ലെന്നും ആണയിട്ടവന്‍ പറഞ്ഞു. എന്നിട്ടും അവള്‍ പതറിയില്ല.
കാറിന്റെ ഡോറടക്കുന്ന ശബ്ദം അവളെ ചിന്തയില്‍നിന്നുണര്‍ത്തി. അടച്ചിട്ട ജനല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള അവളുടെ എല്ലാമായ അവന്‍. മനസ്സിന് മാത്രമല്ല, ശരീരത്തിനും ആവോളം സൗന്ദര്യം നല്‍കി ദൈവം അവനെ അനുഗ്രഹിച്ചിരിക്കുന്നു.
കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി ആകാംക്ഷയോടെ വാതിലിലേക്ക് നോക്കിനില്‍ക്കുന്ന അവനെ കണ്ടപ്പോള്‍ അവളുടെ മനസ്സൊരു നിമിഷം പതറി. വാതില്‍ തുറക്കണോ? ചുറ്റും ഒന്നുകൂടെ കണ്ണോടിച്ച് ഒരിക്കല്‍കൂടി ബെല്ലില്‍ വിരലമര്‍ത്തി. 'നീ വരികയാണെങ്കില്‍ ദൂരെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമെ'ന്ന അവളുടെ മെസ്സേജ് ഓര്‍ത്തിട്ടാവാം സാവധാനം പിന്തിരിഞ്ഞ് അവന്‍ നടന്നു. കാറില്‍ കയറുംമുമ്പ് ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കി. ആ മിഴികള്‍ നിറഞ്ഞിരിക്കുന്നത് വ്യക്തമായി അവള്‍ കണ്ടു. തിരിച്ചു വിളിക്കണോ.... വീണ്ടും അവളുടെ മനസ്സൊന്നിളകി. വേണ്ട, സമൂഹം വികലമായി കാണുന്ന ഈ ബന്ധം ഇവിടെ ഇങ്ങനെ അവസാനിക്കട്ടെ. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ദൈവത്തിന്റെ മുമ്പില്‍ ഈ ബന്ധം പവിത്രമായിരിക്കട്ടെ. അവള്‍ മനസ്സിലുരുവിട്ടുകൊണ്ട് കിടക്കയിലേക്ക് ചാഞ്ഞു.


ഞാന്‍ വായിച്ച കഥ ( എഴുതിയത് : സാബിറ)

Saturday, 21 July 2018

ദൈവസ്പര്‍ശം

സൂര്യന്‍ കത്തിനിന്ന ഏപ്രില്‍മാസത്തിലെ ഒരു പകല്‍ക്കൂടി കെട്ടടങ്ങാറായിരിക്കുന്നു. പടിഞ്ഞാറെ മാനം ചുവന്ന കുപ്പായമണിഞ്ഞു. തന്റെ ശാരീരികാവശതകളില്‍ ആഗ്രഹിക്കാതെ പതിഞ്ഞുകിട്ടിയ ഡ്യൂട്ടിയുടെ അലച്ചില്‍ തീര്‍ത്ത അസഹിഷ്ണുത അവളില്‍ അമര്‍ഷമായി പുകയാന്‍ തുടങ്ങി. ആരോ കാണാമറയത്തിരുന്ന് ചരടുവലിച്ചതിന്റെ ഭാഗമായി കിട്ടിയതാണ് ബൂത്ത് ലെവല്‍ ഓഫീസറുടെ ജോലി.
തിരിച്ചറിയല്‍ കാര്‍ഡിനപേക്ഷിച്ചവരേയും കാര്‍ഡ് അനുവദിച്ചവരേയും അന്വേഷിച്ച് ഓഫീസ് സമയത്തിനുമുമ്പും അതിനുശേഷവുമുള്ള നടത്തം, വിശ്രമിക്കാന്‍ ആഗ്രഹിക്കുന്ന ചില ഞായറാഴ്ചകളിലെ ഡ്യൂട്ടി ഇവയൊക്കെ വല്ലാതെ മുഷിച്ചിലുണ്ടാക്കുന്നു.
ഉള്ളംകൈയിലെ പ്ലാസ്റ്റിക് ചതുരത്തിലിരിക്കുന്ന അബ്ദുല്‍ അസീസിനെ അന്വേഷിച്ചുനടക്കാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളായി. അബ്ദുല്‍ അസീസ് കെ.ടി, സൈനാസ് തലശ്ശേരി - 1, ജനനത്തീയതിയും വര്‍ഷവും നോക്കി അയാള്‍ക്ക് വയസ്സ് അറുപത്തിരണ്ട്. പുതിയ അപേക്ഷയില്‍ അനുവദിക്കപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡാണ് അഞ്ചോളം പ്രദേശങ്ങളുടെ അല്‍പഭാഗങ്ങളും മുനിസിപ്പാലിറ്റിയുടെ അതിരായ പുഴയോരവും ചേര്‍ന്ന വലിയ വാര്‍ഡാണ് ബൂത്തായി തിരിച്ചിരിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം വരുന്ന വോട്ടര്‍മാരുടെ പ്രദേശം. ബി.എല്‍.ഒ ബൂത്തിലെ മുഴുവന്‍ വീടുകളും അറിഞ്ഞിരിക്കണമെന്നത് വില്ലേജോഫീസറുടെ നിര്‍ദേശം.
അടച്ചുപൂട്ടിയ ഗേറ്റും, തുറക്കാന്‍ മടിക്കുന്ന വാതിലും, നിസ്സംഗതയോടെ കൈമലര്‍ത്തുന്ന വീട്ടുകാരുമുള്ള എത്രയോ വീടുകളില്‍ അന്വേഷിച്ചിട്ടും കെ.ടി. അബ്ദുല്‍ അസീസിനെ കണ്ടെത്താനായില്ല. റെയില്‍വേ സ്‌റ്റേഷന് കിഴക്ക് ഭാഗത്തുള്ള സൈനാസ് എന്ന് പേരുള്ള മൂന്ന് വീടുകളില്‍ കയറിയിറങ്ങിയപ്പോള്‍ അവള്‍ക്ക് അബ്ദുല്‍ അസീസിനോട് വല്ലാത്ത ദേഷ്യം തോന്നി. ഇയാള്‍ ഇത്രയും കാലം എവിടെയായിരുന്നു? വയസ്സായപ്പോഴാണോ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് തോന്നിയത്? അവള്‍ മനസ്സില്‍ മുറുമുറുത്തു. റെയില്‍വേ സ്‌റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള കുറേവീടുകള്‍ കൂടി തനിക്കുള്ള ബൂത്തില്‍ പെടുമെന്ന് പറഞ്ഞത് സ്ഥലത്തെ യുവാവായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. വോട്ടര്‍പട്ടികയെക്കുറിച്ചും, വോട്ടര്‍മാരെക്കുറിച്ചും അറിവുള്ളവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരാണെന്ന് തോന്നിയിട്ടുണ്ട്.
ഓവര്‍ ബ്രിഡ്ജ് കയറുമ്പോള്‍ മുട്ടുവേദന കാരണം അവര്‍ അല്‍പനേരം നിന്നുപോയി. റെയില്‍വേസ്‌റ്റേഷന് പിന്നിലുള്ള ഓട്ടോ സ്റ്റാന്റ് കഴിഞ്ഞ് റോഡിലൂടെ തിരക്കിട്ട് നടക്കുമ്പോള്‍ കുറച്ചകലെ ആരൊക്കെയോ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് അവള്‍ അടുത്തെത്തി അവര്‍ കൊടിതോരണങ്ങള്‍ കെട്ടുകയാണ്. അവരുടെ ആഹ്ലാദാരവങ്ങളിലേക്ക് കടന്നുചെന്ന് കൈയിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊണ്ട് അവള്‍ ചോദിച്ചു. ഇതില്‍ കാണുന്ന ആളിനെ അറിയുമോ?
മൂന്നാലുപേര്‍ അവള്‍ നീട്ടിപ്പിടിച്ച വലതുകൈയിലേക്ക് മുഖംതാഴ്ത്തി. അതിലൊരു ചെറുപ്പക്കാരന്‍ പറഞ്ഞു. ഇത് നമ്മുടെ ഷംസീറിന്റെ ഉപ്പയാണ്. അവള്‍ സന്തോഷത്തോടെ ചോദിച്ചു. എവിടെയാണ് വീട്?
മിഷനാശുപത്രിയുടെ ഭാഗത്താണ്. ആശ്വാസത്തോടെ നെടുവീര്‍പ്പിട്ട് അവര്‍ക്ക് നന്ദി പറഞ്ഞ് അവള്‍ മിഷനാശുപത്രിയുടെ റോഡിലേക്ക് നടന്നു. ആശുപത്രിയുടെ മുന്നിലും പിന്നിലുമായി കുറേ വീടുകളുണ്ട്. എവിടെയാണ് വീടെന്ന് വ്യക്തമായി ചോദിച്ചു മനസ്സിലാക്കാത്തതിന്റെ അബദ്ധം അപ്പോഴാണവള്‍ക്ക് ബോധ്യമായത്.
ആശുപത്രിയുടെ തൊട്ടടുത്തുകണ്ട സ്റ്റേഷനറി കടക്കാരന്റെ മുമ്പില്‍ ചെന്ന് നിന്ന് അവള്‍ ചോദിച്ചു.
'അബ്ദുല്‍ അസീസ് എന്ന് പേരായ ഒരാളുടെ വീടറിയുമോ?' അവള്‍ തിരിച്ചറിയല്‍ കാര്‍ഡ് അയാളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. 'ഇതാ ഇയാളാണ്'. കടക്കാരന്‍ കാര്‍ഡിലേക്ക് നോക്കാതെ പറഞ്ഞു. 'ഞാനിവിടെ വന്നിട്ട് അധികം കാലമായില്ല.'
അവള്‍ ആശുപത്രിയുടെ പിറകുവശത്തെ ഇടുങ്ങിയ റോഡിലേക്ക് നടന്നു. ആദ്യം കണ്ട വലിയ വീടിന് മുന്നില്‍ ചെടികള്‍ നനച്ച് കൊണ്ടിരിക്കുന്ന സുന്ദരിയായ സ്ത്രീയെ കണ്ടപ്പോള്‍ അവള്‍ തുറന്നിട്ട ഗേറ്റ് കടന്ന് നടയിലൂടെ മുറ്റത്തെത്തി. അപ്പോഴാണ് കോലായില്‍ വെച്ച അവരുടെ മൊബൈല്‍ ശബ്ദിച്ചത്. അവര്‍ മൊബൈലെടുക്കാന്‍ ഓടി. മൊബൈല്‍ ചെവിയോട് ചേര്‍ത്ത് അവര്‍ സംസാരിക്കുമ്പോള്‍ അവളെ നോക്കി പുഞ്ചിരിച്ചു. വിവിധ വര്‍ണങ്ങളിലും, ആകൃതിയിലും കുലകളായി വിരിഞ്ഞു നില്‍ക്കുന്ന ഓര്‍ക്കിഡുകള്‍. നിരത്തിവെച്ച ചെടിച്ചട്ടികളില്‍ വലിയ ഉടലിനെ ചെറുതാക്കി നിറുത്തിയ ബോണ്‍സായ്കളുടെ ദയനീയതയിലേക്ക് മിഴികളൂന്നി അവള്‍ അല്‍പനേരം നിന്നു.
സ്വര്‍ണവളക്കിലുക്കത്തോടെ ആ സ്ത്രീ അരികില്‍ വന്ന് ചോദിച്ചു. 'നിങ്ങള്‍ എവിടുന്നാ'?
'ഇവിടെ അടുത്ത് സൈനാസ് എന്ന വീടുണ്ടോ'? അവള്‍ തിടുക്കത്തോടെ ആരാഞ്ഞു.
'അറിയില്ല' അവര്‍ തലയിലൂടെ സാരിയിട്ടുകൊണ്ട് പറഞ്ഞു.
അവള്‍ ഒന്നും പറയാതെ റോഡിലേക്കിറങ്ങി ആശുപത്രിയുടെ മുമ്പിലേക്കാണ് നടന്നത്. ആശുപത്രിയുടെ മുമ്പില്‍ ചായക്കച്ചവടം നടത്തുന്ന മദ്ധ്യവയസ്‌കനായ ആളുടെ അരികില്‍ ചെന്ന് അവള്‍ കൈയിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊണ്ട് ചോദിച്ചു. ഇതില്‍കാണുന്ന അബ്ദുള്‍ അസീസിനെ അറിയുമോ?
ഇത് നമ്മളെ അസീസല്ലെ. അതാ ആ കാണുന്ന വീടാണ്. അയാള്‍ തൊട്ടടുത്ത വീട്ടിലേക്ക് വിരല്‍ ചൂണ്ടി.
അവള്‍ അയാള്‍ക്ക് നന്ദിപറഞ്ഞ് വേഗത്തില്‍ നടന്നു. അയാള്‍ കാണിച്ച വീടിന്റെ മുമ്പിലെത്തി അവള്‍ ഗേറ്റ് തുറന്നു. വീടിന്റെ ഇടതുഭാഗത്തെ ചുമരിന്‍മേല്‍ നിറം മങ്ങിയ നെയിംപ്ലേറ്റില്‍ സൈനാസ് എന്ന് കണ്ടപ്പോള്‍ അവള്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. മനസ്സിലെ ദേഷ്യം മുഴുവന്‍ വിരലിലേക്കാവാഹിച്ചതാകാം ബെല്ലിന്റെ ശബ്ദം നീണ്ടുപോയി.
തിടുക്കത്തില്‍ പുറത്തേക്ക് വന്ന ആളെകണ്ടപ്പോള്‍ അവള്‍ ചോദിച്ചു. 'നിങ്ങള്‍ അബ്ദുള്‍ അസീസാണോ'?
'അതെ', അയാള്‍ സൗമ്യതയോടെ പറഞ്ഞു. അയാളുടെ വെളുത്ത മുഖത്തെ നരച്ച താടിയും സൗമ്യമായ കണ്ണുകളും വിശാലമായ നെറ്റിയിലെ ബ്രൗണ്‍നിറമുളള നിസ്‌കാരത്തഴമ്പും അവളുടെ ദേഷ്യത്തെ തണുപ്പിച്ചു. 
'ഞാന്‍ മൂന്ന് ദിവസങ്ങളായി നിങ്ങളെ അന്വേഷിച്ചു നടക്കുന്നു. നിങ്ങളിതുവരെ തിരിച്ചറിയല്‍ കാര്‍ഡെടുക്കാതിരുന്നതെന്താണ്'?  അവള്‍ ബാഗില്‍നിന്ന് ഒപ്പിടുവിക്കാനുള്ള പേപ്പറെടുത്തുകൊണ്ടു ചോദിച്ചു.
'ഞാന്‍ ഇരുപത്തഞ്ച് വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്തതാണ്. വല്ലപ്പോഴെങ്കിലും നാട്ടില്‍ വരും. ഇനി ഗള്‍ഫിലേക്കില്ല'. അയാള്‍ തല തടവിക്കൊണ്ട് പറഞ്ഞു. അയാളുടെ കഷണ്ടിത്തല പ്രവാസജീവിതത്തിന്റെ അടയാളമാണെന്നവള്‍ക്ക് തോന്നി.
അവരുടെ സംസാരം കേട്ട് ചെറുപ്പക്കാരിയായ ഒരു സ്ത്രീ വാതില്‍ക്കല്‍ വന്നുനിന്ന് ആകാംഷയോടെ മുഖം നീട്ടി.
'വാ.. അകത്തിരിക്കാം' അവള്‍ സ്‌നേഹത്തോടെ ക്ഷണിച്ചു.
അയാളെക്കൊണ്ട് ഒപ്പിടുവിക്കാനുള്ള സൗകര്യം വരാന്തയിലില്ലാത്തതിനാല്‍ അവള്‍ അകത്തേക്ക് കയറി.
ഒപ്പിടുവിക്കാനുള്ള പേപ്പര്‍ മേശപ്പുറത്ത് വെച്ച് അവള്‍ നടുക്കത്തെ കസാലയിരുന്ന് ബാഗില്‍ നിന്ന് വെള്ളക്കുപ്പിയെടുത്തു. അരക്കുപ്പിവെള്ളം മാത്രമേ അതിലുള്ളൂ. 'കുറച്ച് വെള്ളം കിട്ടിയാല്‍ നന്നായിരുന്നു'. അത് കേട്ടപ്പോള്‍ യുവതി അടുക്കളയിലേക്ക് നടന്നു. 
അവള്‍ തിരിച്ചറിയല്‍ കാര്‍ഡ് അയാളുടെ നേരെ നീട്ടി പേപ്പറില്‍ ഒപ്പിടുവാനുള്ള സ്ഥലം കാണിച്ചുകൊടുത്തു. അയാള്‍ മേശയില്‍നിന്ന് കണ്ണടയെടുത്ത് പേപ്പറില്‍ ഒപ്പിട്ടു. അത് തിരിച്ചുകൊടുക്കുമ്പോള്‍ അയാള്‍ സൗമ്യതയോടെ ചോദിച്ചു.
'നിങ്ങള്‍ വളരെ ബുദ്ധിമുട്ടി അല്ലെ'?
'ഗള്‍ഫിലെന്തായിരുന്നു ജോലി'? അവള്‍ വീടിനുള്ളിലെ സൗകര്യമില്ലായ്മകളിലേക്ക് കണ്ണുകള്‍ പായിച്ചുകൊണ്ട് ചോദിച്ചു.
'ചായക്കടയായിരുന്നു'. അയാള്‍ പറഞ്ഞു. അവളുടെ സംസാരം കേട്ട് നടുവകത്തോട് ചേര്‍ന്ന മുറിയില്‍ നിന്നും സാരിയുടുത്ത ഒരു സ്ത്രീ ഇറങ്ങിവന്നു. അവര്‍ പുഞ്ചിരിയോടെ അബ്ദുല്‍ അസീസിനോടാരഞ്ഞു. 'ഇവര്‍ എവിടുന്നാ'?
'തിരിച്ചറിയല്‍ കാര്‍ഡ് തരാന്‍ വന്നതാണ്. എന്നെ അന്വേഷിച്ച് ഒരുപാട് ബുദ്ധിമുട്ടി'. അയാളുടെ മുഖത്തെ സൗമ്യതയും വാക്കുകളിലെ ആത്മാര്‍ഥതയും അവളുടെ മനസ്സിലെ ദേഷ്യമകറ്റി.
അടുക്കളയില്‍ നിന്ന് വന്ന ചെറുപ്പക്കാരി കൈയിലെ ഗ്ലാസ്സ് അവള്‍ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു: 'ഹോര്‍ലിക്‌സാണ്'.
'ഇത് വേണമെന്നില്ലായിരുന്നു. വെള്ളം മതിയായിരുന്നു' 
'അത് സാരമില്ല. നിങ്ങള്‍ നടന്ന് തളര്‍ന്നുകാണും' അബ്ദുല്‍അസീസാണ് പറഞ്ഞത്.
'ഇതെന്റെ ഭാര്യ ജമീല. ഇത് മകന്റെ ഭാര്യ ഫര്‍ഹത്ത്' അയാള്‍ രണ്ടുപേരെയും പരിചയപ്പെടുത്തി.
ഹോര്‍ലിക്‌സില്‍ പൊങ്ങിക്കിടന്ന ചത്തകുഞ്ഞുറുമ്പിനെ ചൂണ്ട്‌വിരല്‍കൊണ്ട് നീക്കിയതിന് ശേഷം അവള്‍ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. ഹോര്‍ലിക്‌സ് കുടിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ ജമീല ഇറങ്ങിവന്ന മുറിയിലേക്ക് നീണ്ടു. കട്ടിലില്‍ ആരോ കിടക്കുന്നു. അവള്‍ ജമീലയുടെ നേര്‍ക്ക് ചോദ്യഭാവത്തില്‍ നോക്കിയത് കണ്ടാവണം അവര്‍ പറഞ്ഞു.
'അത് എന്റെ ഉമ്മയാണ്. സ്‌ട്രോക്ക് വന്ന് കിടപ്പാണ്. ആറുവര്‍ഷമായി'.
അവള്‍ ഗ്ലാസ് മേശപ്പുറത്ത് വെച്ച് വൃദ്ധ കിടക്കുന്ന മുറിയിലേക്ക് നടന്നു. പിറകെ വന്ന ജമീല കണ്ണടച്ചുകിടക്കുന്ന വൃദ്ധയായ ഉമ്മയുടെ മുഖത്ത് തലോടിക്കൊണ്ട് പറഞ്ഞു: 'ഉമ്മാ... ഉമ്മയെ കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു'.
ഉമ്മ പതിയെ കണ്ണുകള്‍ തുറന്ന് പുഞ്ചിരിച്ചു. അവള്‍ തലോടി. കട്ടിലിനരികിലിട്ട സ്റ്റൂളിലിരുന്ന് ഉമ്മയുടെ മെലിഞ്ഞ കരം തലോടി. ഇളംചൂടുള്ള മൃദുലമായ കൈവെള്ളയുടെ സ്പര്‍ശം അവളില്‍ അമ്മയുടെ സാമീപ്യമുണര്‍ത്തി. ഉമ്മയുടെ നെറ്റിയിലേക്കുതിര്‍ന്നുവീണ നരച്ചുവരണ്ട മുടിച്ചുരുളുകള്‍ മാടിയൊതുക്കിക്കൊണ്ട് ജമീല പറഞ്ഞു: 'ഞങ്ങള്‍ മൂന്ന് മക്കളാണ്. എനിക്ക് രണ്ട് ആങ്ങളമാരാണ്. ഉമ്മ ഞങ്ങളെ വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. ഉപ്പ ഞങ്ങളുടെ ചെറുപ്പത്തിലേ മരിച്ചതാണ്.' 
അവരുടെ വാക്കുകളിലും ചലനങ്ങളിലും ഉമ്മയോടുള്ള സ്‌നേഹവും കരുതലും നിറഞ്ഞുനിന്നു. രോഗത്തിന്റെ അവശതയിലും ഉമ്മയുടെ മുഖത്ത് സ്‌നഹാനുഭവത്തിന്റെ സംതൃപ്തി നിറഞ്ഞുനിന്നു.
ഉമ്മാമാ... രണ്ട് വയസ്സുകാരിയായ ഒരു പെണ്‍കുട്ടി മുറിയിലേക്കോടിവന്നു. അവള്‍ ജമീലയുടെ മടിയില്‍ കയറിയിരുന്നു.
നീയുണര്‍ന്നോ? ജമീല കൊച്ചുമകളുടെ കവിളില്‍ ഉമ്മവെച്ചു. എന്റെ മൂത്തമകന്റെ കുട്ടിയാണ്. അവന്‍ കൊച്ചിയില്‍ ഒരു കമ്പനിയില്‍ ജോലിചെയ്യുന്നു. മൂന്നാണ്‍മക്കളാണ്. മറ്റു രണ്ടുപേരും ബാംഗ്ലൂരില്‍ പഠിക്കയാണ്. ആരും നല്ലൊരു വഴിക്കായിട്ടില്ല. ജമീല മനസ്സ് തുറന്നു.
ഇരുപത്തഞ്ച് വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്തിട്ടും കുടുംബത്തിന് നല്ലൊരുവീടുപോലുമായില്ലെന്ന് അവര്‍പറയാതെ തന്നെ അവള്‍ക്ക് മനസ്സിലായി.
വാച്ചിലേക്ക് നോക്കിയ അവള്‍ തിരക്കിട്ടെഴുന്നേറ്റ് മുറിക്ക് പുറത്ത് കടന്നു. 'നേരം വൈകി, ഞാന്‍ വരട്ടെ'. അവള്‍ യാത്ര ചോദിച്ചു. 'ഞാന്‍ ഓട്ടോ പിടിച്ചുതരാം'. നടുവകത്തെ കസേരയിലിരിക്കുകയായിരുന്ന അബ്ദുല്‍അസീസ് കസേരയില്‍ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
'ആശുപത്രിയുടെ മുമ്പില്‍ ഇഷ്ടംപോലെ ഓട്ടോകാണും'. അവള്‍ വരാന്തയിലേക്കിറങ്ങിക്കൊണ്ട് പറഞ്ഞു. കുഞ്ഞിനെ ഒക്കത്തിരുത്തി ജമീലയും, കൂടെ അബ്ദുല്‍അസീസും, മകന്റെ ഭാര്യയും അവര്‍ക്ക് പിറകെ വരാന്തയിലേക്കിറങ്ങി. ജമീലയുടെ ഒക്കത്തിരുന്ന് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞ് മുറ്റത്തേക്കിറങ്ങാന്‍ ഭാവിച്ച അവളുടെ ചുമലലില്‍ രണ്ടുകൈകള്‍കൊണ്ടും പിടിച്ചു. അവള്‍ തിരിഞ്ഞു നിന്നു. കുഞ്ഞ് ചിരിച്ചുകൊണ്ട് അവളുടെ മുഖത്തിന് നേരെ കുനിഞ്ഞ് നെറ്റിയിലും കവിളിലും ഉമ്മവെച്ചു. സ്‌നേഹത്തിന്റെ മൃദുസ്പര്‍ശത്തില്‍ അവളുടെ ഹൃദയം ആര്‍ദ്രമായി. അവള്‍ കുഞ്ഞിന്റെ നെറ്റിയില്‍ മൃദുവായി ഉമ്മവെച്ചു. 'എപ്പോഴെങ്കിലും ആശുപത്രിയില്‍ വരുമ്പോള്‍ ഇങ്ങോട്ട് വരാം'. അവള്‍ മുറ്റത്തേക്കിറങ്ങി കുഞ്ഞിന് നേരെ കൈവീശി. അബ്ദുല്‍ അസീസ് ഗേറ്റുവരെ അവളെ അനുഗമിച്ചു.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അവള്‍ നിറുത്തിയിട്ട ഒരു ഓട്ടോയില്‍ കയറിയിരുന്ന് ഇറങ്ങാനുള്ള സ്ഥലം പറഞ്ഞു. റോഡില്‍ ബ്ലോക്കൊന്നുമില്ലാതെ വീടെത്തിയപ്പോള്‍ അവള്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ഓട്ടോക്കാരന് പൈസ കൊടുത്ത് ധൃതിയില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ കണ്ടു. മകന്റെ ഭാര്യ വരാന്തയിലിറങ്ങി നില്‍ക്കുന്നു.
'ഞാന്‍ കുറേ കാത്തു. ഇന്ന് അമ്പലത്തില്‍ സംക്രമത്തിന്റെ വെള്ളാട്ടമായിരുന്നല്ലൊ. ഞാന്‍ രാധേടത്തിയുടെ കൂടെ പോയി. മുത്തപ്പന്‍ എന്റെ കൈപിടിച്ചനുഗ്രഹിച്ചു'. ദൈവസ്പര്‍ശത്താല്‍ സന്തോഷവതിയായ മകന്റെ ഭാര്യ പറഞ്ഞു.
ഒരു പരിചയവുമില്ലാത്ത തന്നെ ആരും പറയാതെ ആ കുഞ്ഞ് സ്‌നേഹത്തോടെ ഉമ്മവെച്ചതിന്റെ പൊരുളറിയാതെ ദു:ഖവും ക്ഷീണവും മറന്ന് ആഹ്ലാദവും ആശ്ചര്യവും നിറഞ്ഞ മനസ്സോടെ അവള്‍ കസേരയിലിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.


എഴുതിയത് : പ്രമീള 

Sunday, 8 July 2018

അസ്തമയം


രാവിലെ ഉമ്മയോട് വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, എങ്ങനെയെങ്കിലും നാടുവിടണം എന്ന ചിന്തയായിരുന്നു. അതുപിന്നെ അങ്ങനെയാണല്ലോ. ഉമ്മയോട് പിണങ്ങിയാല്‍ പിന്നെ അങ്ങനെയാണ് തോന്നാറ്. ഇതിനകം പന്ത്രണ്ട് തവണ നാടുവിട്ടു. പക്ഷെ ഏറിയാല്‍ എറണാകുളത്തെത്തും. രണ്ടു ദിവസം കഴിഞ്ഞാല്‍ ഉമ്മയെ കാണാന്‍ കൊതിയാവും. തിരിച്ചു വണ്ടി കയറും. തലകുനിച്ച് വീട്ടില്‍ കയറും. ഉമ്മ ഒന്നും മിണ്ടാതെ ഭക്ഷണം വിളമ്പിത്തരും. അവസാനം ആ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരും. ഞാന്‍ അതോടെ വീണ്ടും പഴയപടിയാവും. പക്ഷെ ഇന്ന് സാധനങ്ങളടക്കം കെട്ടിപ്പെറുക്കിയാണിറങ്ങിയത്. ഇനി കുറച്ചുനാള്‍ അങ്ങോട്ടേക്കില്ല.
വണ്ടൂര്‍ മണലിമ്മല്‍ ബസ്സ്റ്റാന്റ്റില്‍ നിന്ന് 'മിറാക്കിള്‍' ബസ്സില്‍ കയറുമ്പോള്‍, ക്ലീനര്‍ 'പൂമോന്‍' ഒരു അര്‍ഥം വെച്ച ചിരിയോടെ എന്നെ അകത്തേക്ക് ക്ഷണിച്ചു.. 'ജ്ജെങ്ങട്ടാണ്ണീ പുത്യേ പടം ചെയ്യാമ്പോവാണോ?'. 'അല്ല അന്റെ...' ഞാന്‍ നാവില്‍ വന്ന വാക്കുകള്‍ വെള്ളം കൂട്ടാതെ വിഴുങ്ങി. എന്നിട്ട് പെട്ടെന്നുണ്ടാക്കിയ ചിരി പുറത്തെടുത്ത് പറഞ്ഞു: ''ഒരു ജോലി ശരിയായി പട്ടാമ്പി. അങ്ങോട്ട് പോവാണ.്'' അവന്‍ ആ മറുപടിയില്‍ തൃപ്തനായെന്ന് തോന്നുന്നു. പിന്നീടൊന്നും ചോദിച്ചില്ല. ബസ്സ് മുന്നോട്ട് നീങ്ങി മൂന്ന് സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും എനിക്ക് മുന്നിലൊരു സീറ്റ് ഒഴിഞ്ഞു കിട്ടി. വേഗം പോയി അവിടിരുന്ന് പുറത്തേ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു..
കാഴ്ചകള്‍ക്ക് പുതുമയൊന്നുമില്ല. കര്‍ഷകര്‍ കൈവിട്ട പാടങ്ങള്‍, ആരും തിരിഞ്ഞു നോക്കാത്ത തെങ്ങിന്‍ പറമ്പുകള്‍, ഓരോരോ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കൈയേറിയ വെയ്റ്റിംഗ് ഷെഡുകള്‍, സ്‌കൂള്‍ വിട്ടിറങ്ങി തിരക്കിയോടുന്ന കുഞ്ഞുങ്ങള്‍. ഞാന്‍ കാഴ്ച മതിയാക്കി ബസ്സിനുള്ളിലേക്ക് വലിഞ്ഞു. സാമാന്യം തിരക്കേറിയ ബസ്സില്‍, എന്റെ സീറ്റിനടുത്തായി ഒരു വൃദ്ധന്‍ നില്‍ക്കുന്നത് കണ്ടു. അയാള്‍ ഏറെ പ്രയാസപ്പെട്ടുകൊണ്ടാണ് നിന്നിരുന്നത്. അങ്ങോട്ട് നോക്കിയാല്‍ എഴുന്നേല്‍ക്കേണ്ടി വരുമെന്നോര്‍ത്ത് ഞാന്‍ നോട്ടം മാറ്റി, തൊട്ടുമുന്നിലെ സീറ്റിലിരിക്കുന്ന കൊച്ചുകുഞ്ഞിനെ നോക്കി ചിരിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് എന്റെ അടുത്തിരുന്നയാള്‍ എഴുന്നേറ്റ് വൃദ്ധനെ സ്വന്തം ഇരിപ്പിടത്തില്‍ ഇരുത്തി, എഴുന്നേറ്റ് നിന്നു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.. ''ഛെ എണീറ്റ് കൊടുക്കാമായിരുന്നു.'' ഞാന്‍ നഖം കടിച്ചിരുന്നു.
അടുത്തിരുന്ന വൃദ്ധനെ ഞാന്‍ ആദ്യമൊന്നും ശ്രദ്ധിച്ചതേയില്ല. എനിക്കെന്തോ വല്ലാത്ത ഈര്‍ഷ്യയായിരുന്നു തലനരച്ചവരോട്. അവര്‍ വെറുതെ കോപിക്കും, പിന്നെ കാരണമില്ലാതെ ഗൗരവം കാണിക്കും.
അയാള്‍ എന്റെ നേരെ ഒന്ന് നോക്കി മനോഹരമായി പുഞ്ചിരിച്ചു. എന്റെ മൂത്താപ്പയുടെ മുഖം തന്നെ. ഇതിനിടക്ക് ഞാനത് മറന്നു പോയെന്നോ. ശരിയാണ് ബന്ധങ്ങള്‍ പലതും അറ്റുതുടങ്ങിയിരിക്കുന്നു. പണ്ട് എത്ര സ്‌നേഹത്തോടെ കഴിഞ്ഞിരുന്നതാ. ഇപ്പോള്‍ ആര്‍ക്കും ഒന്നു കാണാനും മിണ്ടാനുമൊന്നും നേരമേയില്ല. അല്ലെങ്കിലും പുതിയ ലോകത്തെക്കുറിച്ച് അവര്‍ക്ക് വല്ലാതൊന്നും അറിയില്ലല്ലോ. പിന്നെന്ത് സംസാരിക്കാന്‍.
ബസ്സ് 'പട്ടിക്കാട്' എത്തി. വൃദ്ധന്‍ മെല്ലെ എണീറ്റു. വിറക്കുന്ന കൈയില്‍ ഒരു പഴയ സ്യൂട്ട്‌കേസുമായി എഴുന്നേറ്റ ആ ഉപ്പാപ്പ, തമിഴ് സിനിമകളിലെ നായക വൃദ്ധന്മാരെ അനുസ്മരിപ്പിച്ചു. ഉയരമേറിയ ആ ശരീരത്തിലെ അവയവങ്ങള്‍ പലതും കാലപ്പഴക്കം വന്നതാണെങ്കിലും ബലമുള്ളതായിരുന്നു. അദ്ദേഹത്തിനു പിന്നിലായി ബസ്സിറങ്ങിയ എന്നെ കൈ മാടിവിളിച്ച് ചോദിച്ചു: ''മോനേ... ഇവിടൊരു 'സഫ ഹോം കെയര്‍...' അറ്യോ അനക്ക്?''. ഞാന്‍ ഒരു നിമിഷം ഓര്‍ത്തു. ഇവിടെ എവിടെയോ ഒരു വൃദ്ധസദനം ഉള്ളത് ഞാനും അറിഞ്ഞിരുന്നു. എന്നാല്‍ അത്? ''ഉപ്പാപ്പാ ഞാനിപ്പം പറഞ്ഞുതരാ.. ങ്ങള് വരീ..'' എന്തോ അപ്പോഴങ്ങനെ പറയാനാ തോന്നിയത്. അടുത്തുകണ്ട ഒരു കൂള്‍ബാറില്‍ ഞങ്ങള്‍ കയറി. ഞാന്‍ മൊബൈലെടുത്ത് ശ്രുതിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അവള്‍ മുമ്പൊരിക്കല്‍ വിദ്യാര്‍ഥികളെയും കൊണ്ട് സഫയില്‍ പോയിരുന്നത്രേ. അന്ന് എന്നെ വിളിച്ചിരുന്നു പക്ഷെ, എന്തുകൊണ്ടോ ഞാന്‍ പോയില്ല. നാലു തവണ റിംഗ് ചെയ്തപ്പോഴേക്കും ശ്രുതി ഫോണെടുത്തു. ഞാന്‍ പറയേണ്ട കാര്യങ്ങള്‍ ആദ്യമേ നാവില്‍ എഴുതിച്ചേര്‍ത്തു. അതിനിടയില്‍ വൃദ്ധന്‍ രണ്ടു ജ്യൂസ് ഓര്‍ഡര്‍ ചെയ്തിരുന്നു.
ശ്രുതി ശരിക്കും ഒരു വിസ്മയമായിരുന്നു. എന്റെ ഉറ്റ സുഹൃത്ത് മനുവിന്റെ പ്രണയിനിയെന്ന നിലക്കാണ് ആദ്യം പരിചയപ്പെട്ടത്. വളരെ പെട്ടെന്നു തന്നെ ഞങ്ങള്‍ അടുത്തു. ഏട്ടാ, ഇക്കാ എന്നൊക്കെ അവള്‍ വിളിക്കുമ്പോള്‍, കുടുംബക്കാര്‍ പറയുന്ന ആ പക്വതയില്ലായ്മ എങ്ങോ പോയ് മറയും. അവള്‍ക്ക് ഞാന്‍ ഒരു നല്ല ഉപദേഷ്ടാവാണത്രേ. ഇടക്ക് ഞാന്‍ ചിരിച്ചു പോകും. ജീവിതത്തില്‍ വിജയമറിയാത്തവന്റെ വാക്കുകള്‍ വേദമാക്കുന്ന പാവം കുട്ടി. ''ഹലോ... ഇക്കാ എവിടെയാ? വീണ്ടും നാട് വിട്ടോ?'' ഫോണെടുത്തയുടന്‍ അവളുടെ ചോദ്യം. ഞാന്‍ ആദ്യമേ നാവിലെഴുതി വെച്ച വാക്കുകള്‍ ഉരുവിട്ടു. ''ശ്രുതീ 'സഫ' ഹോം കെയര്‍ പട്ടിക്കാട്‌ന്നെങ്ങോട്ടാ പോവാ?''.. പറഞ്ഞു തീര്‍ന്നതും അവളുടെ തറുതല ''എന്താ ഇക്ക, ഉമ്മാനെ കൊണ്ടാക്കാനാണോ?...'' ഞാന്‍ കാര്യങ്ങള്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു. അവള്‍ ശരിക്കുള്ള വഴി പറഞ്ഞു തന്നു.
''ഉപ്പാപ്പാ നമുക്ക് പോയാലോ?'' അയാള്‍ അലക്ഷ്യഭാവത്തില്‍ എന്റെ നേരെ നോക്കി. ''മോന്റെ പേരെന്താ?'' ഞാന്‍ ഒന്നു ചിരിച്ചു. ''സമീര്‍'' ഞാന്‍ പെട്ടെന്ന് വായില്‍ തോന്നിയ ഒരു പേര് പറഞ്ഞു. ''ഉം''. വൃദ്ധന്‍ കൂടുതല്‍ ഒന്നും പറയാതെ നേരേ നടന്നു. ഞാന്‍ അയാളെ പിന്തുടര്‍ന്നു. വാര്‍ധക്യം ബാധിച്ചെങ്കിലും, നട്ടെല്ല് നിവര്‍ത്തിയുള്ള ആ നടത്തത്തില്‍ ഒരു ആജ്ഞാഭാവമുണ്ടായിരുന്നു. ആയ കാലത്ത് ആരെയും ആശ്രയിക്കാതെ, ആരുടെ മുന്നിലും തല കുനിക്കാതെ ജീവിച്ചതാണയാളെന്ന് ആ നടത്തം സൂചിപ്പിച്ചു. സ്റ്റാന്‍ഡില്‍ കിടന്ന ഓട്ടോയില്‍ കയറിയ ഞാന്‍ വൃദ്ധനെ സഹായിക്കാന്‍ കൈ നീട്ടിയപ്പോള്‍ ശാസനയോടെ കൈ പിന്‍വലിച്ച് അയാള്‍ സ്വയം കയറി.
അയാള്‍ക്ക് മുമ്പില്‍ സത്യത്തില്‍ എന്റെ യുവത്വം തോല്‍ക്കുകയായിരുന്നു. ''നിന്നെ കണ്ടാല്‍ ഒരു വയസ്സനെ പോലുണ്ട്'' എന്ന എന്റെ സുഹൃത്ത് ജോബിയുടെ സംസാരം എനിക്കപ്പോള്‍ ഓര്‍മ്മ വന്നു. സത്യമല്ലെ? സംസാരത്തില്‍ പോലും പിശുക്കു കാണിക്കുന്ന, നടത്തത്തില്‍ അലസതയുള്ള, ഒന്നും തന്നെ ബാധിക്കുന്നതല്ലെന്ന ചിന്തയുള്ള... ശരിക്കും വയസ്സായത് എനിക്ക് തന്നെ. ഒന്നാന്തരമൊരു യുവവൃദ്ധനാണ് ഞാന്‍. ഓട്ടോക്കാരന്‍ പട്ടിക്കാട് വളവ് തിരിഞ്ഞപ്പോള്‍ തന്നെ വൃദ്ധന്‍ തന്റെ ബാഗെടുത്ത് മടിയില്‍വെച്ചു. ഓട്ടോ നിര്‍ത്തിയപ്പോള്‍ ആദ്യമിറങ്ങി. ഞാനിറങ്ങും മുമ്പേ കാശെടുത്ത് കൊടുത്തു. എന്നെ ഒന്നു നോക്കിയ അയാള്‍ തലയുയര്‍ത്തിപ്പിടിച്ച് നേരെ മുറ്റത്തേക്ക് നടന്നു.
ചെന്നു കയറിയത് അവിടുത്തെ ഓഫീസിലേക്കാണ്. ഞാനവിടുത്തെ പൂന്തോട്ടവും, വൃക്ഷങ്ങളും നോക്കിനിന്നു. ആ പൂന്തോട്ടത്തിലെ വെള്ളനിറത്തിലുള്ള കുറേ പൂക്കള്‍ എന്നെ കൊതിപ്പിച്ചു. അവര്‍ സന്തുഷ്ടരാണിവിടെ.
''സഫ ഹോം കെയര്‍'' പേരിനെ നീതീകരിക്കുന്നയിടം തന്നെ. അവിടുത്തെ ജീവനക്കാര്‍ സ്വന്തമെന്ന പോലെ, മക്കളുപേക്ഷിച്ച വൃദ്ധരെ നോക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. അവരെ കുളിപ്പിക്കാനും ഒരുക്കാനും ഭക്ഷണം കൊടുക്കാനും എന്തുത്സാഹമാണെന്നോ അവര്‍ക്ക്. കൂട്ടത്തിലെ ഇളയവനായ ''സഹീര്‍'', ക്ലാസ് കഴിഞ്ഞാലുടന്‍ സഫയിലേക്ക് ഓടിയെത്തും. ഉപ്പാപ്പമാരേയും ഉമ്മാമ്മമാരേയും പരിചരിക്കും. അവര്‍ക്ക് പാട്ടുപാടിക്കൊടുക്കും. തമാശ പറഞ്ഞ് ചിരിപ്പിക്കും. അതെല്ലാമെന്നെ കേള്‍പ്പിച്ചത് 'ആമിനുമ്മ'യായിരുന്നു. അവര്‍ ആലപ്പുഴക്കാരിയാണ്. പത്ത് വര്‍ഷമായി സഫയില്‍ വന്നിട്ട്. വിവാഹം കഴിഞ്ഞ മകന് ബാധ്യതയായപ്പോള്‍ ഉപേക്ഷിച്ചതാണത്രേ. അവരെ കണ്ടപ്പോള്‍ എന്റെ ഉമ്മമ്മയെ ഓര്‍മ്മവന്നു. പല്ലില്ലാത്ത മോണക്കാട്ടി കൊച്ചുകുഞ്ഞിനെ പോലെ പുഞ്ചിരിക്കുന്ന എന്റെ വാപ്പിച്ചിയുടെ ഉമ്മയെ. പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്, മാറിനിന്ന് ഉമ്മമ്മയെ കുറ്റം പറയുന്ന കുടുംബക്കാരെ കാണുമ്പോള്‍. ''റബ്ബേ ഞാനും ഇങ്ങനൊക്കെ ആയാലോ.'' ആ പരിണാമം അനിവാര്യമായതല്ലല്ലോ എന്നോര്‍ത്തെങ്കിലും ഒന്നു തേങ്ങിപ്പോയി.
ആമിനുമ്മ ഒരുപാട് സംസാരിച്ചു. ''മോനെന്താ കരയാണോ?''. ആമിനുമ്മ വാത്സല്യത്തോടെ ചോദിച്ചു. ''ഏയ്..'' ഞാന്‍ കണ്ണുതുടച്ച് അവരോട് യാത്ര പറഞ്ഞ് അപ്പുത്തേക്ക് നീങ്ങി. എല്ലാവരും മുഖത്ത് സന്തോഷം വരച്ചുവെച്ചവരായിരുന്നു. കാരണം ഇടക്കവര്‍ മക്കളെകുറിച്ച് ഓര്‍ക്കുമ്പോഴേക്കും, ''സഫ''യിലെ ജീവനക്കാര്‍ കളിയുമായി ചെന്ന് അവരുടെ മനം മാറ്റും. ഇനി ഇടക്കൊക്കെ ഇവിടെ വരണം. ഞാന്‍ മനസ്സിലുറപ്പിച്ചു.
തോളില്‍ കനമുള്ള എന്തോ വന്ന് വീണപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. നോക്കുമ്പോള്‍ നേരത്തെ എന്റെ കൂടെ വന്ന വൃദ്ധന്‍ ഗൗരവം പുരട്ടിയ പുഞ്ചിരിയോടെ നില്‍ക്കുന്നു. എനിക്കയാളോട് തെല്ല് ദേഷ്യം തോന്നി. എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു. പക്ഷെ ആ ചിരിയില്‍ എന്റെ ദേഷ്യം അലിഞ്ഞു പോയി. ''ന്നാ മോമ്പൊയ്‌ക്കോ'' അയാള്‍ അല്‍പം ശാസനാ സ്വരത്തില്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു: ''ഉപ്പാപ്പ വരണില്ലേ''. അയാള്‍ ആദ്യമായി പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ ഞങ്ങളുടെ തലമുറയോടുള്ള വ്യക്തമായ പുച്ഛവും, സഹതാപവും നിറഞ്ഞുനിന്നിരുന്നു. ചിരി തീരുന്നത് വരെ ഞാന്‍ അദ്ദേഹത്തെ നോക്കിനിന്നു. ചിരിയുടെ ഏതോ ഒരു ഘട്ടത്തില്‍ സ്വതസിദ്ധമായ ഗൗരവം കൈവരിച്ചയാള്‍ എന്നോട് പറഞ്ഞു: ''ഇനി മുതല്‍ എന്റെ വീട് ഇതാണ്..''. ആ മനുഷ്യനെ ഞാന്‍ അത്ഭുതത്തോടെ നോക്കിനിന്നു. വൃദ്ധസദനത്തില്‍ ഒരാള്‍ സ്വയം അന്തേവാസിയായിരിക്കുന്നു.
എത്ര നേരമായാലും വേണ്ടില്ല. ഇയാളുടെ കഥ കേള്‍ക്കണം. ഞാന്‍ ഉറുമ്പുകളെ നോക്കി നില്‍ക്കുന്ന ഉപ്പാപ്പക്കരികിലേക്ക്, ചേര്‍ന്നുനിന്നു..
''ഇവയെ കണ്ടോ... ഇതുപോലാ ഞാനധ്വാനിച്ചത്. ഒക്കെ ന്റെ മക്കക്ക് വേണ്ടി.'' ഉപ്പാപ്പ ചോദിക്കും മുമ്പേ പറഞ്ഞ് തുടങ്ങി. ''മൂന്നാണ്‍മക്കളാ വീട്ടില്‍. വല്ലാതെ സന്തോഷിച്ച്. ബാധ്യതയൊന്നും ഇല്ലല്ലോ.. ന്നാല്..'' ആ കണ്ണുകളില്‍ ഇത്തിരി നനവ് പൊടിഞ്ഞ പോലെ.. ''മൂത്ത മോന്റെ കല്യാണം കഴിഞ്ഞതോടെ ഭാഗംവെപ്പിന്റെ ബഹളായി. ആദ്യത്തിലൊന്നും ഞാന്‍ കൂട്ടാക്കീല. ഒടുവില് മറ്റോലെ കല്ല്യാണം കൂടിയായപ്പോ ഓല് തമ്മ് തല്ലണ്ടാന്ന് കര്തി ഭാഗം വെച്ചു.'' 'അങ്ങനെ ഞാമ്പൊറത്തും...' ഇത്തിരിനേരം നിര്‍ത്തിയ ശേഷം... 'ഇളയോന്‍ മിട്ക്കനാ... ഓമ്പറഞ്ഞ വാക്കെന്താ അറ്യോ.... ഒര് പ്രായം കഴിഞ്ഞാ പിന്നെ പൊരേന്ന് പൊറത്തെറങ്ങാതെ മൂലക്കലിരിക്കണം ന്ന്...'  ഞാനെല്ലാം കേട്ട് തരിച്ചങ്ങനെ ഇരുന്നു...
വൃദ്ധന്‍ വിറക്കുന്ന കൈ കൊണ്ട്, നടക്കാന്‍ പ്രയാസപ്പെടുന്ന ഉറുമ്പുകളിലൊന്നിനെ, അതിമൃദുലമായ കരസ്പര്‍ശത്താല്‍ സഹായിച്ചുകൊണ്ട് തുടര്‍ന്നു: 'അന്നുമുതല്‍ മാറിമാറി മൂന്നാള പൊരേലും നിന്ന്, ഓല കെട്ട്യോള്‍മാര് മുഖം കറ്പ്പിക്ക്ണത് കണ്ടപ്പോ, ഞാനെറങ്ങി പോന്ന്. ഒന്ന് നിര്‍ത്തി ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിട്ട വൃദ്ധന്‍: 'ന്റെ ഭാര്യ ''ബിച്ചാമിന'' ഭാഗ്യള്ളോളാ.. മക്കളൊക്കെ വെലുതായി വെഷം ചീറ്റ്ണ മുമ്പേ ഓള് പോയി''. ഞാന്‍ വൃദ്ധനോട് കൂടുതല്‍ ചേര്‍ന്നിരുന്നു. ആ വിറക്കുന്ന കൈകള്‍ അമര്‍ത്തി, സാന്ത്വനിപ്പിക്കാനെന്നവണ്ണം പറഞ്ഞു: ''ങ്ങള് വെഷമിക്കണ്ട. ഇവടങ്ങക്ക് ഒര് കൊറവുണ്ടാവൂല. ഇവടള്ളോരെ സ്വന്തം മക്കളായി കണ്ടോളി.'' വൃദ്ധന്‍ ദുര്‍ബലമായ ഒരു പരിഹാസച്ചിരി സമ്മാനിച്ച് എന്റെ നേരെ നോക്കി. പിന്നെ മെല്ലെ പറഞ്ഞു: ''മോന്‍ പെണ്ണ് കാണാമ്പോവുമ്പം ഓളോടാദ്യം ചോയ്ക്കണം, ന്റെ മ്മാനിം ഇപ്പാനിം നല്ലോന്നോക്കോന്ന്, ആ ഒറപ്പ് വാങ്ങില്ലേല് ഒക്കെ തീര്‍ന്ന്..'' താഴെ കിടന്ന കമ്പ് കൈയിലെടുത്ത് പൊട്ടിച്ച് വൃദ്ധന്‍ തുടര്‍ന്നു: ''ഒര് കൂട്ടരെ തൃപ്തിപ്പെടുത്താന്‍, മറ്റൊര് കൂട്ടരെ വേദനിപ്പിക്കര്ത്. ഒരാളേം വെഷമിപ്പിക്കര്ത്.'' ഞാന്‍ അനുസരണയോടെ തലകുലുക്കി. വൃദ്ധന്‍ എഴുന്നേറ്റ് സഫ ഹോം കെയറിലെ തന്റെ റൂമിലേക്ക് നീങ്ങി. അവിടെ അദ്ദേഹത്തെ കൂടാതെ, മറ്റു നാല് പേരു കൂടി ഉണ്ടായിരുന്നു. ഞാന്‍ ആ റൂമാകെ ഒന്ന് ചുറ്റിക്കണ്ടു. വൃദ്ധന്‍ മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു.
സൂര്യനസ്തമിച്ചു.'സഫ'യിലെ അന്തേവാസികളെല്ലാം പ്രാര്‍ത്ഥിക്കാനുള്ള ഒരുക്കത്തിലാണ്. വൃദ്ധന്‍ മെല്ലെ എഴുന്നേറ്റ് അംഗശുദ്ധി വരുത്താനായി ബാത്ത്‌റൂമിലേക്ക് നീങ്ങി. ഞാന്‍ പുറത്തെ പൈപ്പില്‍ നിന്ന് അംഗശുദ്ധി ചെയ്ത് വൃദ്ധരുടെ കൂടെ ആത്മാര്‍ഥമായി നമസ്‌കരിച്ചു. പ്രാര്‍ഥനക്ക് നേതൃത്വം കൊടുത്ത 79-കാരന്‍ ഇബ്രായിക്കക്ക് ഓതുന്നതിനിടയില്‍ പലപ്പോഴും ശബ്ദമിടറി. എന്റെയും കണ്ണ് നിറഞ്ഞു.
ഉമ്മയോട് വഴക്കിട്ടിറങ്ങിയപ്പോള്‍ ഫോണ്‍ ഓഫാക്കിയിട്ടതായിരുന്നു ഞാന്‍. നമസ്‌കാരശേഷം ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ഉമ്മയുടെ 28 മിസ്സ്ഡ് കോള്‍. ഞാന്‍ തിരിച്ചു വിളിച്ചു. ഉമ്മയോട് സംസാരിച്ചു. 'സഫ'യിലാണെന്ന് അറിയിച്ചു. ഉമ്മയുടെ ശബ്ദത്തില്‍ സന്തോഷം. ഇന്നിവിടെ തങ്ങി നാളെ വരാമെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. തിരിച്ച് വൃദ്ധന്റെ റൂമിലെത്തിയപ്പോള്‍ അയാള്‍ എന്തോ എഴുതുകയായിരുന്നു. ഞാന്‍ മെല്ലെ അടുത്തു ചെന്നിരുന്നു.
അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. അദ്ദേഹം എഴുതുകയല്ല, ഒരു ചിത്രം വരക്കുകയായിരുന്നു. ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രം. എന്റെ നോട്ടം കണ്ട് വൃദ്ധന്‍ പുഞ്ചിരിയോടെ പറഞ്ഞു: 'ന്റെ പേരക്കുട്ടി... സനോഫറ് ന്നാ പേര്.... ഓന്റെ ചിരി ഞ്ഞി കാണാമ്പറ്റൂലല്ലോന്നോര്‍ക്കുമ്പം... ങ്ഹാ സാരല്ല...' പുസ്തകം മടക്കി, കൂടെ കൊണ്ടുവന്ന പെട്ടിയില്‍ വെച്ച്, വൃദ്ധന്‍ കിടക്കയിലേക്ക് ചാഞ്ഞു. കണ്ണ് പാതിയടച്ച് എന്നോട് പറഞ്ഞു:''മോനേ... യ്യ് പെരേ പോണില്ലേ?''. ഞാന്‍ 'ഇല്ല' എന്ന് തലയാട്ടി. ശേഷം അദ്ദേഹത്തോട് ചോദിച്ചു: ''ഉപ്പാപ്പ... ഇവട്ത്ത പൈസൊക്കാരാ... കൊട്ക്കാ?''. വൃദ്ധന്‍ പതിവു ചിരിയോടെ പറഞ്ഞു: ''വയസ്സായോര്ക്ക്ള്ള ന്റെ പെന്‍ഷന്‍ പൈസ, അത് മതി വട്‌ത്തെ ബില്ലടക്കാന്, പിന്നെ വേറെ ചെലവൊന്നൂല്ലല്ലോ...'' വൃദ്ധന്റെ കരിങ്കല്ലു പോലുറച്ച, തഴമ്പിച്ച കൈകള്‍ ഒന്നുകൂടി ഞാന്‍ അമര്‍ത്തിപ്പിടിച്ചു. പിന്നെ മെല്ലെ ഓഫീസ് റൂമിനടുത്തുള്ള ഗസ്റ്റ്‌റൂമിലേക്ക് നടന്നു. ഒരു വിശ്രമം അത്യാവശ്യമാണ്.
പ്രഭാതനമസ്‌ക്കാരത്തിന് കരീംക്ക വന്ന് വിളിച്ചുണര്‍ത്തി. അല്ലാഹുവിനോടുള്ള ഭക്തിയിലുപരി, ഒരു മനസ്സമാധാനത്തിനുള്ള മാര്‍ഗ്ഗമാണെനിക്ക് പ്രാര്‍ഥന. ഇനി അതുതന്നെയാണോ ഭക്തി? ഞാന്‍ പ്രാര്‍ത്ഥനക്കു ശേഷം 'സഫ'യിലെ കാന്റീനിലേക്ക് നടന്നു. എന്റെ വൃദ്ധസുഹൃത്തുക്കള്‍ അച്ചടക്കത്തോടെ ഇരുന്ന് ചായ കുടിക്കുന്നു. ഞാനും അവര്‍ക്കൊപ്പം ചേര്‍ന്നു. ശേഷം വൃദ്ധന്റെ മുറി ലക്ഷ്യമാക്കി നടന്നു. അവിടെയെത്തിയപ്പോളറിഞ്ഞു മൂപ്പര്‍ പ്രഭാത നടത്തത്തിന് പൂന്തോട്ടത്തിലേക്ക് പോയെന്ന്. ഞാന്‍ ചെല്ലുമ്പോള്‍ അയാള്‍ ഒരു ഉണങ്ങിയ ചെടിക്കരികില്‍, വിഷണ്ണനായി ഇരിക്കുന്നത് കണ്ടു. ''ഇന്നലെ ഇത്തിരി വെള്ളം കാട്ടീനെങ്കില്....ഇത് ഒണങ്ങൂലയ്‌നി...''  പറഞ്ഞത് ചെടിയെ കുറിച്ചാണെങ്കിലും, ഒളിയമ്പ് ഞങ്ങള്‍ യുവാക്കള്‍ക്കു നേരെയെന്നറിഞ്ഞ ഞാന്‍ തര്‍ക്കിച്ചു. 'യു.പി സ്‌ക്കൂള് കയിഞ്ഞാ പിന്നെ, ഏതേലും ബോര്‍ഡിംഗ് ഹോസ്റ്റലില് കൊണ്ടാക്കലല്ലേ ങ്ങളൊക്കെ മക്കളെ? പിന്നെങ്ങനെ സ്‌നേഹിക്കാനാ അവര്?.' അതുകേട്ട വൃദ്ധന്‍ വീണ്ടും ആ പരിഹാസ പുഞ്ചിരി സമ്മാനിച്ചു. ''ന്റെ മൂന്നാണ്‍മക്കളും, ഓരിഷ്ടത്തിന് നാട്ടിന്നാണ് പഠിച്ചത്. ന്നട്ട്പ്പന്താ കാര്യം. അതൊന്നും അല്ല മോനേ. ന്നത്തെ കാലത്ത് തല നരച്ചോര് ഓല്‌ക്കൊരു ബാധ്യതാണ്. വൃദ്ധന്‍ എന്റെ നേരെ തിരിഞ്ഞു. 'യ്യ്.. അന്റെ മ്മാനിം പ്പാനിം നല്ലോ നോക്കല്‌ണ്ടോ?' ഞാന്‍ തലകുനിച്ചു. വൃദ്ധന്‍ തുടര്‍ന്നു. ''ഞങ്ങക്കൊരിക്കലും മക്കളെ ശപിക്കാന്‍ കയ്യൂല... പക്ഷെ പടച്ചോന്‍ ഒക്കെ കാണ്ണ്ണ്ട്.... മറക്കണ്ട.'' എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഞാന്‍ വൃദ്ധന്‍ തിരിഞ്ഞുനിന്ന നേരം നോക്കി, കണ്ണ് തുടച്ചു. 'ഉപ്പാപ്പാ, ഞാ പിന്നെ വരണ്ട്.... പെരേ പോയിട്ട് അത്യാവശ്യണ്ട്.' ഞാന്‍ വേഗം തന്നെ അവിടുന്നിറങ്ങി. ഓട്ടോ പിടിച്ച് സ്റ്റാന്‍ഡിലെത്തി. ആദ്യം കണ്ട ബസ്സില്‍ തന്നെ കയറി. മനസ്സ് കലങ്ങിമറിയുകയായിരുന്നു. ഉമ്മയെ ഇനി വേദനിപ്പിക്കില്ല. ഞാന്‍ മനസ്സിലുറപ്പിച്ചു.
വീട്ടിലെത്തി വസ്ത്രങ്ങള്‍ അലക്കിയിട്ടു. മുറിയെല്ലാം വൃത്തിയാക്കി. ചെടിക്ക് വെള്ളം നനച്ചു. അപ്പോഴേക്കും ഉമ്മ ക്ലാസ് കഴിഞ്ഞു വന്നു. ഉമ്മ പഠിപ്പിക്കുന്ന സ്‌കൂള്‍ വീട്ടില്‍നിന്ന് കഷ്ടിച്ച്, അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. അനിയത്തി ഉമ്മയുടെ വിരലില്‍ തൂങ്ങി വന്ന്, ബാഗ് ഉള്ളിലേക്കെറിഞ്ഞ് ഉടന്‍ കളിക്കാനായി ഓടി. ഉമ്മ വന്ന് സലാം പറഞ്ഞു. ഉമ്മയെ ഒന്ന് നോക്കി. വൃദ്ധന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി. ഉമ്മ വല്ലാതെ വയസ്സായതായി തോന്നുന്നു. മുഖത്ത് ചുളിവുകള്‍ വന്നിരിക്കുന്നു. ഞാനുണ്ടാക്കിയ കുരുത്തക്കേടുകളും, വൃദ്ധന്റെ ശാസനയും. ഞാന്‍ ഒരൊറ്റ കരച്ചിലായിരുന്നു. മേശമേല്‍ തലചായ്ച്ച് വിങ്ങി വിങ്ങിക്കരഞ്ഞു. ഉമ്മ എന്നെ ശ്രദ്ധിച്ചു, മെല്ലെ പിടിച്ചെണീപ്പിച്ചു. ഞങ്ങള്‍ ഒരുമിച്ച് മഗ്‌രിബ് നമസ്‌കരിച്ചു. ശേഷം മരണപ്പെട്ട ഉപ്പക്ക് വേണ്ടി പ്രാര്‍ഥിച്ചു. ഉമ്മ ഒന്നും ചോദിച്ചില്ല. ഞാന്‍ ഒന്നും പറഞ്ഞതുമില്ല. ഉമ്മ എന്റെ നെറുകയില്‍ തലോടി മെല്ലെ ചോദിച്ചു. ''എന്താ സഫയിലെ വിശേഷം? '' ഞാന്‍ പറഞ്ഞു: 'കുറെ ഉപ്പാപ്പമാരും, ഉമ്മാമമാരും. ഞാന്‍ അവരോട് ഒരുപാട് സംസാരിച്ചു. ഉമ്മ പുഞ്ചിരിച്ചു. ഉമ്മ ഉണ്ടാക്കിത്തന്ന ചായയും കുടിച്ചിരിക്കുമ്പോഴാണ് പുറത്ത് ബൈക്കിന്റെ ശബ്ദം. അനിയന്‍ ജോലി കഴിഞ്ഞുള്ള വരവാണ്. കൊലായിലെ അയയില്‍ നിന്ന് തോര്‍ത്ത് മുണ്ടെടുത്ത്, അവന്‍ കുളിക്കാന്‍ പോയി. ഉമ്മ ഭക്ഷണമുണ്ടാക്കാന്‍ അടുക്കളയിലേക്കും.
പിറ്റേന്ന്, നേരത്തെ ഉണര്‍ന്നു. ഫോണ്‍ ഓണാക്കി. വാട്ട്‌സ് ആപ്പില്‍ മെസ്സേജുകള്‍ പരതി. 'സഫ' ഹോം കെയറിന്റെ ഗ്രൂപ്പില്‍ ഒരു ഫോട്ടോയും, കരീംക്കയുടെ ശബ്ദവും... 'നമ്മുടെ അന്തേവാസിയായ കുഞ്ഞിക്ക എന്ന കുഞ്ഞിമുഹമ്മദ് ഇന്ന് പുലര്‍ച്ചെ 4.00 മണിക്ക് മരണപ്പെട്ടു. മയ്യത്ത് നമസ്‌കാരം രാവിലെ 10.00 മണിക്ക് 'പട്ടിക്കാട്' ജുമാമസ്ജിദില്‍.' ഞാന്‍ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്തു. 'യാ അല്ലാഹ്.... ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍..' കൈകാലുകള്‍ തരിച്ചു പോയി.. ഒരു പുഞ്ചിരിയോടെ, ആ വൃദ്ധന്‍ എന്റെ മൊബൈല്‍ സ്‌ക്രീനിലിരിക്കുന്നു. ഞാന്‍ തളര്‍ന്ന്, കിടക്കയിലേക്ക് മലര്‍ന്നു കിടന്നു...

എഴുതിയത് : സര്‍ഫ്രാസ് ഇസ്ഹാഖ്


പ്രണയം





വര്‍ഷങ്ങള്‍ക് മുന്‍പ് ഞാന്‍ കയറിയിറങ്ങിയ ആ  കോളേജ് ലൈബ്രറിയുടെ പടികള്‍ കയറുമ്പോള്‍  ഗൃഹാധുരത്വത്തിലായി. അന്നത്തെ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ ബില്‍ഡിംഗ്‌,ക്യാമ്പസിന് പുതിയ കെട്ടിടങ്ങള്‍;.ഇതിനൊക്കെ വേണ്ടി അന്ന് നടത്തിയ സമരങ്ങള്‍ക്ക് കുറവില്ലായിരുന്നു.ഹോസ്റെലിന്റെ മുകളിലാണ് ലൈബ്രറി.പഴയ ഓര്‍മയില്‍ ഹോസ്റ്റല്‍ മുറിയിലേക്കൊന്നു എത്തി നോക്കി.എല്ലാ സൌകര്യങ്ങളോടും കൂടിയുള്ളതായിരുന്നു."ആരാ" ഒരു കുട്ടി ചോദിച്ചു.ഞാന്‍ പുഞ്ചിരിച്ചതെയുള്ളൂ."ഏത് ഇയരാ? "ബീ എ ഫസ്റ്റ് " അന്നിവിടെ എന്റെ കൂട്ടുകാര്‍ എല്ലാരും കാണുമായിരുന്നു.മരത്തിന്റെ ജനല്‍ തുറന്നാല്‍ ഒരു റോഡാണ്.അടുത്ത് തന്നെ ഒരു മുസ്ലിം പള്ളി.ആ റോഡിലെ വൈകുന്നേരങ്ങളില്‍ ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന പെണ്‍കുട്ടികളെ ശല്യപ്പെടുത്തലായിരുന്നു  പ്രധാന പണി.അതെല്ലാം ഓര്‍മ്മകള്‍ മാത്രം.പുതിയ ആളെ കണ്ടപ്പോള്‍ ലൈബ്രരിയന്‍ ഒന്ന് നോക്കി.ഞാന്‍ സ്വയം പരിചയപ്പെടുത്തി.അവിടെയും വലിയ മാറ്റം.ഇന്റര്‍നെറ്റ്‌ വഴി പുസ്തകം വാഴിക്കാനുള്ള സൗകര്യം വരെ വന്നിരിക്കുന്നു.എങ്കിലും കുറച്ചു കുട്ടികളെ മാത്രമേ കാണാനുള്ളൂ.ചുവരില്‍ പഴയ ബാച്ചിന്റെ ഫോട്ടോ ഫ്രൈം ചെയ്തു വെച്ചിരിക്കുന്നു.ഞാന്‍ അതില്‍ ഉണ്ടാവില്ല.അപ്പോഴേക്കും ഞാന്‍ അവിടെ വിട്ടിരുന്നു.എങ്കിലും ഒരു മുഖം ഞാന്‍ കുറെ തിരഞ്ഞു.അത് മാത്രം കണ്ടില്ല.അവളും അപ്പോഴേക്കും പോയിരിക്കുമോ .അന്ന് എനിക്കിഷ്ടമില്ലാത്ത ഒരേ ഒരു പെണ്‍കുട്ടി അവളായിരുന്നു.ഇന്ന് അവളെ മാത്രമാണ് ഞാന്‍ തിരയുന്നതും.അവള്‍ നല്‍കിയ പ്രണയമാണ് ഇവിടെ എത്തിച്ചതും.അവലോടോരിക്കലും  സ്നേഹം തോന്നിയിരുന്നില്ല .എനിക്കിഷ്ടം തോന്നിയത് മറ്റൊരുവലോടായിരുന്നു.പഴയ മാഗസിനുകള്‍ തിരയുമ്പോള്‍  ഒരു ഫോടോയെങ്കിലും കാണണമെന്ന് അതിയായ മോഹം .ഫോടോ കിട്ടിയില്ലെങ്കിലും അതിലും മനോഹരമായ ഒന്ന് ഞാന്‍ കണ്ടു.ഒരു കവിത "ഉന്നം" അതിലെ വരികള്‍ എന്നെ ക്കുരിചായിരുന്നോ.വരികളില്‍ തന്റെ ഉന്നം തെറ്റിയ പ്രണയമാം അമ്പിനെ പറ്റി പറഞ്ഞിരുന്നു.എന്തേ അത് അവന്റെ ഹൃദയത്തില്‍ പതിക്കാഞ്ഞേ..? ഈ കവിത എഴുതിയപ്പോള്‍ അവള്‍ ഒരു പാട് കണ്ണീര്‍ പോഴിച്ചിട്ടുണ്ടായിരിക്കണം.ആ കണ്ണുനീര്‍ ഇപ്പോള്‍ ഉണങ്ങിക്കാനുമോ..?.ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടാവുമോ.ഇവിടെ വെച്ച് എന്നോട്  പക്വമായി തന്റെ ഇഷ്ടം പറഞ്ഞ അവളുടെ രൂപം ഇപ്പോഴും ഓര്‍മയില്‍ വരുന്നു ."എനിക്കിഷ്ടാണ് ട്ടോ.."മുഖം കുനിച്ചു വിരലുകള്‍ കൊണ്ട് നിലത്തു ചിത്രം വരച്ചായിരുന്നില്ല അവളുടെ നില്പ്.എനിക്കൊന്നും തോന്നിയതെ ഇല്ല .ഒന്നും ശ്രദ്ധിക്കാത്ത പോലെ പുസ്തകങ്ങളുമായി .പുറത്തെക്കിരങ്ങുംപോഴും അവള്‍ അവിടെ തന്നെ തരിച്ചു നില്‍ക്കുകയായിരുന്നു."കുട്ടീ, തന്നെ ഒരു  ഫ്രെണ്ടായ് മാത്രമേ ഞാന്‍  കാണുന്നുള്ളൂ."പിറ്റേ ദിവസം അവളോട്‌ പറഞ്ഞപ്പോള്‍ അവളുടെ മുഖത്ത് ഭാവം മാറുന്നതും അവള്‍ ക്ലാസ്സിലെക്കോടുന്നതും  ഇന്നലെയെന്ന പോലെ തോന്നുന്നു.അന്നൊന്നും ഒരു ഫീലും ചെയ്യാത്ത 
എനിക്ക്   ഇപ്പോള്‍ നന്നായി ഫീല്‍ ചെയ്യുന്നുണ്ട്." ഇപ്പൊ എന്തായി,അന്ന് ഞങ്ങള്‍ പറഞ്ഞത് പോലെ നീ ഖേദിചില്ലേ..?ചുവരിലെ ഫോടോ ഫ്രൈമില്‍ നിന്ന് കൂട്ടുകാര്‍  പരിഹസിക്കുന്നു."ഡാ,നീ പ്രക്ടികലായി ചിന്തിക്കു,നിന്നെ ഇഷ്ടപ്പെടുന്ന കുട്ടിയെ സ്നേഹിക്കു,അല്ലാതെ മറ്റവളെ പിറകെ നടക്കേണ്ട.."അവര്‍ അന്ന് ഉപദേശിച്ചതാണ്  "അവളെക്കൊണ്ട് ഞാന്‍ ഇഷ്ടന്നു പറയിപ്പിക്കും." കാണാം" - "ഓ കാണാം കാണാം"..അഞ്ചു വര്‍ഷത്തിനു ശേഷം ഇന്ന് അവര്‍ വിജയിച്ചു അവളുടെ പ്രണയവും.അതാണ്‌ ചുവരിലെ ഫോട്ടോയില്‍ അവര്‍ പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുന്നത്. ദൈവമേ,....എനിക്കവളെ അറിയിക്കണം.ജീവിത യാത്രയില്‍ ഞാന്‍ പഠിച്ച പാഠം.നിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക.മാഗസിനിലെ ആ കവിത പേജ് മാത്രമായി ഫോട്ടോ കോപ്പി എടുത്തു.പഴയ ലൈബ്രറി ഫയലുകള്‍ക്കിടയില്‍ നിന്ന് അവളുടെ അഡ്രസ്‌ തിരഞ്ഞു കണ്ടെത്തി.പുറത്തു ചെറിയ ചാറ്റല്‍ മഴയുണ്ട്.ചോര്ച്ചയുണ്ടായിരുന്ന പഴയ ലൈബ്രറിയും,ഹോസ്റ്റല്‍ റൂമും,എല്ലാം ഒറ്റ നിമിഷം കൊണ്ട് ഓര്‍മയില്‍ വന്നു.സിനിമയില്‍ കാണിക്കുമ്പോലെ ആ കാലം എല്ലാം എന്റെ മുമ്പിലങ്ങു തെളിഞ്ഞു വന്നെങ്കില്‍...,..!" നീയോ..?"ഫിസിക്സ്‌  സാര്‍ അങ്ങോട്ട്‌ വന്നു."ഞാന്‍ കാണാന്‍ വരികയായിരുന്നു" ഞാന്‍ പറഞ്ഞൊപ്പിച്ചു.സത്യം പറഞ്ഞാല്‍ അത് മറന്നതാണ്.അവളെക്കുറിച്ച് മാത്രമായിരുന്നു ചിന്ത.മാഷ് അടുത്ത ഹവരിനുള്ള  വിഷയത്തിനായി റഫര്‍ ചെയ്യാന്‍ പോവുകയാണ്.മാഷുടെ മുഖത്ത് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല.ഈ ജോലിയുടെ ഒരു പ്രത്യേകതയാണ്,എന്ത് കൊണ്ടോ അതിനു പ്രത്യേക കഴിവ് തന്നെ വേണം.എനിക്കൊരു മാഷ് ആവാന്‍ താല്‍പര്യമുണ്ടായിരുന്നില്ല ."അദ്ധ്യാപകനെ ഉണ്ടാക്കുകയല്ല,ഉണ്ടാവുകയാണ് എന്ന് മുമ്പ് മാഷ്‌ പറഞ്ഞത് ശരിയാണ്."എന്തെ വന്നെ..?"  "എവിടെപ്പോയാലും കിട്ടാത്ത ബുക്സ് ഉണ്ടല്ലോ ഇവിടെ.." ഒരു കള്ളം പറഞ്ഞു.എന്നാല്‍ സത്യവുമാണ്.അവളുടെ ഈ കവിത തനിക്കിവിടുന്നല്ലാതെ വേറെ എവിടെപ്പോയലാണ് കിട്ടുക."മാഷെ..കൂടെ പഠിച്ച ഒരു കുട്ടിയെ മാത്രം കണ്ടില്ല.. ഫോട്ടോയിലേക്ക്‌ ചൂണ്ടി.. "അവള്‍ കോഴ്സ് കമ്പ്ലീറ്റ്‌  ആക്കിയിരുന്നില്ല." ഓര്‍മയില്‍ നിന്നെടുത്തു കൊണ്ട് മാഷ്‌ പറഞ്ഞു."നല്ല പഠിച്ചിരുന്ന കുട്ടിയായിരുന്നല്ലോ..അതോണ്ട് തന്നെയാണ് ഇപ്പോഴും ഓര്മ വന്നത് .അത്തരക്കാരെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല." ചോദ്യ ഭാവത്തില്‍ ഞാന്‍ നോക്കി."അവര്‍ സ്ഥലം മാറി പ്പോവുന്നെന്നു കേട്ട്," സത്യം അതാണോ, പ്രേമ നൈരശ്യമാണോ കാരണം,എന്നെ പ്പോലെ..മഴയുടെ ചാറ്റല്‍ നിന്ന്.ഇന്റര്‍വെല്‍ സമയം.എന്റെ മനസ്സിലെ നൊമ്പരങ്ങളും,ജീവിതത്തില്‍ ഞാന്‍ പഠിച്ച പാടങ്ങളും ക്യാമ്പസ്‌ ഒട്ടാകെ കേള്‍ക്കും വിധം വിളിച്ചു പറഞ്ഞാല്‍..,,ഇത് പോലെ ഒരിക്കല്‍  പ്രണയം തേടിയുള്ള ഒരു യാത്ര അവര്ക് ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം.എല്ലാം വിധി.പുറത്തിറങ്ങി,അഡ്രസ്‌ നോക്കി,എനിക്ക് പോവേണ്ട ബസ്‌ കാത്തു.അഞ്ചു മിനിട്ടിനകം ബസ്‌ വന്നു.ഉച്ച സമയമായതു കൊണ്ട് കുറെ  സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.. .എങ്കിലും അടുത്ത സ്റ്റോപ്പില്‍ നിന്ന് ഒരു മധ്യവയസ്കന്‍ കയറി.എന്റെ അടുത്ത് വന്നിരുന്നു.എത്രയോ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു.അയല്‍ക്കവിടെ പ്പോയി ഇരുന്നാലെന്താ..അയാള്‍ പെട്ടന്നു പരിചയപ്പെട്ടു.അയാളെപ്പറ്റി തിരക്കിയില്ലേലും എന്റെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു.വിവാഹ ക്കാര്യം വരെ..അവസാനം അയാള്‍ സ്വയം പരിജയപ്പെടുത്തി.വിവാഹ ദാല്ലലാണ്.ഇപ്പഴല്ലേ മനസ്സിലായത്.എന്നെ ഒന്ന് കല്ല്യാണം കഴിപ്പിച്ചു കളയാം എന്ന് ആ അദ്ദേഹത്തിന് ചിന്ത വന്നിരിക്കും,അതാണല്ലോ യാത്രയില്‍  വേസ്റ്റ് ആവുന്ന സമയത്തും അയാള്‍ തന്റെ കച്ചവടം പെരുപ്പിക്കുകയാണ് .ബാഗില്‍ നിന്ന് കുറച്ചു പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ കൈ നോട്ടക്കാരന്‍ ഷീറ്റുകള്‍ നിരത്തുംപോലെ എന്റെ കയ്യില്‍ തന്നു.ഞാന്‍ വെറുതെ ഒരു ഫോട്ടോ രസത്തിനു തത്തയെ പ്പോലെ കൊത്തിയെടുത്തു.എന്റെ ലക്‌ഷ്യം എത്തുന്നത്‌ വരെ സുന്ദരിമാരെ കണ്ടു കൊണ്ട് ബോറടിക്കാതെ ഇരിക്കാമല്ലോ ...ഓരോ ഫോട്ടോകളും ഞാന്‍ നോക്കി.ഓരോ മുഖത്തെ പ്പറ്റിയുള്ള വിവരണവും കിട്ടി ക്കൊണ്ടിരുന്നു.അവരുടെ തറവാട്, ജോലി,അച്ഛന്റെ ജോലി,കുട്ടിയുടെ സൌന്ദര്യത്തെ പ്പറ്റിയുള്ള വിവരണം,പിന്നെ വരന്മാര്‍ക്കുണ്ടായിരിക്കേണ്ട കാര്യങ്ങള്‍., ചിലര്‍ക്ക്,ഡോകെറെര്‍,എഞ്ചിനീയര്,സര്‍ക്കാര്‍ ജീവനക്കാര്‍  ,ഡ്രൈവര്‍,ഗള്‍ഫ്‌,.......എന്നിങ്ങനെ പോകുന്നു.എത്ര നിപുനമായാണ്  അയാള്‍ ഇതെല്ലം പറയുന്നത്.ഇത്തരം ബ്രോകര്മാരോട് എന്തെന്നില്ലാത്ത ഒരു പുച്ഛം മുമ്പ് എനിക്കുണ്ടായിരുന്നു .ഓരോ ഫോട്ടോകളും നോക്കി വിവരങ്ങളൊക്കെ കേട്ട ശേഷം അയാള്‍ക്ക് തിരിച്ചു കൊടുത്തുകൊണ്ടിരുന്നു.ഒന്നും എനിക്കിഷ്ടമാവതതിനാല്‍ അയാളുടെ മുഖത്ത് നിരാശ വന്നിരുന്നു."എല്ലാം നല്ല കുട്ടികളല്ലേ " എന്ന് പറഞ്ഞില്ലെങ്കിലും അയാളുടെ മുഖഭാവം അങ്ങിനെ പറഞ്ഞു.അയാളുടെ അഭിപ്രായത്തില് ഏതു യുവാവിന്നും ഇഷ്ടപ്പെടുന്ന മുഖങ്ങളായിരുന്നു അതെല്ലാം.അവസാനം ഒരു ഫോടോ ഞാന്‍ തിരഞ്ഞെടുത്തു.ഇഷ്ടപ്പെട്ട പോലെ കുറെ നേരം നോക്കി നിന്ന്."സാരിനതങ്ങു ഇഷ്ടപ്പെട്ടോ.." എന്റെ ജീവിതത്തിലെ കണ്ണുകളെ  വിശ്വസിക്കാനാവാത്ത സന്തര്ഭം അല്ഭുധ സ്ഥഭ്ധനായി നില്‍ക്കുകയായിരുന്നു ഞാന്‍.. """"" "' അയാള്‍ പറഞ്ഞു കൊണ്ടിരുന്നു "നല്ല കുട്ടിയാ,തറവാടും കൊള്ളാം.ടോക്ടരാവാന്‍  പടിക്കാ.ഇപ്പൊ ഡോക്റെര്‍ക്ക് ഡോക്ടര്‍ പോലീസിന് പോലീസെ എങ്ങിനീര്ക് എഞ്ചിനീയര്‍ അങ്ങനെയൊക്കെയാണല്ലോ വിവാഹ  കാമ്പോലത്തിലും സാറിനു വേണേല്‍ നല്ല കാശുകാരു പെണ്‍കുട്ടികള്‍ വേറേം ഉണ്ട് കേട്ടോ." .സന്തോഷതിന്നിടയിലും ഞാന്‍ തെല്ലൊന്നു ഞെട്ടി പ്പോയി.സാര്‍ ഗള്‍ഫ്‌ അല്ലെ,പറ്റിയ ഒരാള്‍ ഉണ്ട്.അയാള്‍ വീണ്ടും വീണ്ടും ഫോട്ടോകള്‍ കാണിച്ചു കൊണ്ടിരുന്നു.ഞാനതൊന്നും ശ്രദ്ധിച്ചില്ല.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആവുമെന്നും ദല്ലാള്‍ മുഖാന്തിരം ആ പെണ്‍കുട്ടിയെ കാണാന്‍ അവിടെ പ്പോകേണ്ടി വരുമെന്നും ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.ഇത്തവണ വിവാഹം കഴിക്കുന്നില്ലെന്ന് അമ്മയോട് പറഞ്ഞതാണ്‌.."""""' ."ഇത് ആദ്യം അങ്ങ് പറഞ്ഞൂടായിരുന്നോ.ഞാന്‍ തിരഞ്ഞു മടുത്തു." "ഇത്രേം പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ഒരുത്തിയേം അമ്മക്ക് കിട്ടിയില്ലെന്നോ.." "നിനക്ക് യോജിച്ച കൊച്ചിനെ വേണ്ടെടാ.." "ഞാന്‍ ജില്ലാ കലക്ടരാന്നാ അമ്മേടെ വിചാരം. അമ്മ ഒന്ന് പുഞ്ചിരിച്ചതെയുള്ളൂ  .ഇനി താന്‍ പെണ്ണ് കേട്ടുന്നെന്നു പറയുമ്പോള്‍ അമ്മ ഒന്ന് കളിയാക്കും."ഇപ്പൊ എന്തെ ..".രണ്ടു ദിവസം കഴിഞ്ഞു ദാല്ലളിനോപ്പം ആ വീട്ടിലേക്കു പെണ്ണ് കാണാന്‍ ചെന്ന്.എന്നെ നന്നായി പരിചയപ്പെടുത്തി.ഈയൊരു കല്യനന്വേഷകന്റെ വേഷത്തില്‍ അവളെ കാണേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല.ചെറിയ ചായ കുടിച്ച ശേഷം അവളെ കാണാനുള്ള സമയമായി.ഒന്ന് തടിച്ചു സുന്ദരിയായിരിക്കുന്നു.എന്നെ ക്കണ്ടതും അവള്‍ ഒന്ന് ഞെട്ടിയിട്ടുണ്ടാവുമോ.അതോ തോന്നലോ..മുമ്പ് കണ്ട പരിജയം പോലും അവള്‍ കാണിച്ചില്ല.ഞാന്‍ ചോതിച്ചപ്പോള്‍, എന്തോ തിരിച്ചു പറഞ്ഞു.തന്റെ പ്രണയം അവള്‍ അറിഞ്ഞിരുന്നേല്‍ ഇതൊരു ചടങ്ങാക്കി മാറ്റാമായിരുന്നു.പക്ഷെ ഞാനൊരു വിവഹാലോച്ചകന്റെ വേഷത്തില്‍ ഇങ്ങനെ വരരുതായിരുന്നു എന്ന് മനസ്സില്‍ അലട്ടല്‍ തുടങ്ങി.ഞാന്‍ പഴയ കോളേജ് കുമാരന്റെ വേഷത്തിലേക്ക് മാറി."എനിക്കിഷ്ടാണ് ട്ടോ.." അഞ്ചു വര്‍ഷത്തിനു ശേഷം ഞാന്‍ അവളുടെ ഇഷ്ടത്തിന് മറുപടി കൊടുത്തു.ഒന്നും പറയാതെ നിര്വികാരിയായി അവള്‍ പോയി കാലം ദിവ്യമായ പ്രണയത്തെ അവളുടെ ഹൃദയങ്ങളില്‍ നിന്ന് മായിച്ചതായി ഞാനറിഞ്ഞു.മരണത്തിനു പോലും അവസാനിപ്പിക്കാന്‍ പറ്റാത്തതാണ് പ്രണയം എന്ന് വെറുതെയാണ്.കാലം പ്രണയത്തിലും പരിണാമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.പണ്ട് ഞാന്‍ പെരുമാറിയ പോലെ അവള്‍ റൂമില്‍ നിന്ന് പുറത്തു പോയി.ഞാന്‍ തരിച്ചു നിന്ന്.ആ പഴയ സംഭവം അവള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും,അല്ലേല്‍ അവളുടെ പണവും അന്തസ്സും കണ്ടു വന്ന ഒരാളിയിട്ടു മാത്രമായിട്ടാവും മനസ്സിലാക്കിയിട്ടുണ്ടാവുക.ഞാന്‍ അവളെ തേടി നടന്നതും അവസാനം ഈ വേഷത്തില്‍ ഇവിടെ വരാനുണ്ടായതുമായ സാഹചര്യം അവള്‍ക്കറിയില്ലല്ലോ.ദല്ലാളിനെ കണ്ടതും ഇവിടെ വരാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതിയിരുന്നു,എന്നാല്‍ അതെല്ലാം അബദ്ധമായി.അവളെ നേരിട്ട് വേറെ ഒരു അവസ്ഥയില്‍ കണ്ടിരുന്നേല്‍ അവള്‍ തന്റെ പ്രണയം മനസ്സിലാക്കിയേനെ.പിന്നീട് ഞാനെഴുതി."നിന്‍ പ്രണയമാം ശരങ്ങള്‍ എന്നില്‍ പതിച്ചതെന്തേ നീ തിരിച്ചരിയാഞ്ഞേ..?എങ്കിലും പ്രതീക്ഷയുടെ ഒരു നേര്‍ത്ത കിരണം എന്നിലുണ്ടായിരുന്നു.വിവാഹ ധല്ലാലിന്റെ ഫോണ് കോളിനായി കാത്തിരുന്നു......
കഥ എഴുതിയത്‌ : സലിഹ് എന്‍എ

Wednesday, 4 July 2018

സൈനുവിന്റെ ഉപ്പ

ഒരു മാസികയില്‍ വന്ന കഥ 

 
“ഇയ്യറിഞ്ഞാമോളെ വിശേഷം? നമ്മടെ ചോലക്കാട്ടെ സൂറാടെ കേട്ട്യോന്‍ നാടുവിട്ടുപോയ  മൂസ്സക്കുട്ടി തിരിച്ചുവന്നത്രേ!” ഓസ്സാത്തി ഐശോത്ത ഒരു സ്വകാര്യം പോലെയാണ് അക്കാര്യം ഉമ്മയോട് പറഞ്ഞത്, അത് പറയുമ്പോള്‍ അവരുടെ മുഖത്ത് ആശ്ചര്യഭാവമായിരുന്നു. "എപ്പോളാ ഐശോത്താ ?" ഉമ്മാടെ ആ മറുചോദ്യത്തിലും ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു. "ഇന്നലെ പാതിരാത്രിയിലെപ്പോളോ ആണത്രേ.. ആളെകണ്ടാ തിരിച്ചറിയില്ലാന്നാ തെക്കേലെ  കുഞ്ഞാമു പറഞ്ഞത്...അഞ്ചുപത്തു കൊല്ലായില്ലേ പോയിട്ട് ! താട്യും മുട്യും ഒക്കെ നീട്ടി ഒരു വല്ലാത്ത കോലായിരിക്കണത്രേ .." സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം ടിഫിന്‍ബോക്സിൽ നിറക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവിയിൽ വീണത്,  അത് എന്നിലും അത്ഭുതമുളവാക്കുന്ന ഒന്നായിരുന്നു, കാരണം അതെന്റെ ഏറ്റവും പ്രിയപ്പെട്ട  കൂട്ടുകാരി സൈനുവുമായി ബന്ധപ്പെട്ടതായിരുന്നു, ചോലക്കാട്ടെ സൂറ എന്ന് പറഞ്ഞാല്‍  സൈനുവിന്റെ ഉമ്മ , സൂറാടെ കേട്യോന്‍ മൂസ്സക്കുട്ടി അപ്പോള്‍ സൈനുവിന്റെ ഉപ്പ , സൈനുവിനു രണ്ട് വയസ്സുള്ളപ്പോള്‍ അവളുടെ അനുജന്‍ ഷമീറിന്റെ ജനനത്തോടെ ആരോടും മിണ്ടാതെ നാടുവിട്ടുപോയ ആള്‍, എന്റെ പടച്ചോനെ അപ്പൊ സൈനൂന്റെ ഉപ്പ തിരിച്ചെത്തിയെന്നോ! ആ നിമിഷം സൈനുവിനെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹം തോന്നിയെനിക്ക്, ഇപ്പോള്‍ കണ്ടാല്‍   അപൂര്‍വ്വമായി മാത്രം കാണാറുള്ള   അവളുടെ സുന്ദരമായ ആ ചിരിയൊന്നു കാണാമായിരുന്നു .പക്ഷെ സ്കൂൾ ബസ്‌ അഞ്ചു മിനിട്ടിനകം എത്തും  അവളുടെ വീട്ടിൽ പോയിവരാൻ നേരമില്ല, ഇന്ന് വെള്ളിയാഴ്ച്ചയല്ലായിരുന്നെങ്കിൽ മദ്രസ്സയിൽ വെച്ച് അവളെ കാണായിരുന്നു ,അവളുടെ സന്തോഷം അനുഭവിച്ചറിയാമായിരുന്നു. സൈനുവിന്റെ സ്ഥായിയായ ഭാവം വിഷാദമാണെന്ന് പലപ്പോഴും തോന്നാറുണ്ട്, ജീവിതത്തില്‍ നിന്ന് എന്തൊക്കെയോ നഷ്ടപ്പെട്ടുപോയതുപോലെയാണ് അവളുടെ ചലനങ്ങള്‍  വല്ലപ്പോഴും ആ മുഖമൊന്നു തെളിയുന്നത് തുമ്പികളെയും പൂക്കളും കാണുമ്പോഴാണ്, അവളുടെ കവിളില്‍ നുണക്കുഴിയോടെ വിടരുന്ന പുഞ്ചിരി കാണാന്‍ എന്തൊരു ഭംഗിയാണ്! അതുകാണുമ്പോള്‍ മനസ്സില്‍ വല്ലാത്തോരു അനുഭൂതിയാണ് . പ്രായം കൊണ്ട് എന്നേക്കാള്‍ അഞ്ചെട്ടു മാസത്തിന്റെ മൂപ്പ് അവള്‍ക്കുണ്ടെങ്കിലും ഞങ്ങള്‍ മദ്രസ്സയില്‍ ഒരേ ക്ലാസിലാണ്, പക്ഷേ  ഞാന്‍ പഠിക്കുന്ന ഇംഗ്ലീഷ് മിഡിയം സ്കൂളിലെ ഫീസിനും മറ്റുമുള്ള   സാമ്പത്തിക ചുറ്റുപാടുകള്‍ ഇല്ലാത്തതിനാല്‍ സൈനു ഞങ്ങളുടെ നാട്ടിലെ ഒരു ഗവര്‍മെന്റ് സ്കൂളില്‍ ഏഴാം ക്ലാസ്സിലാണ് പഠനം, പഠനത്തില്‍ സൈനു എന്നും ഒന്നാം സ്ഥാനത്താണ് ,അതുകൊണ്ടുതന്നെ അധ്യാപകര്‍ക്കെല്ലാം അവളെ വളരെ ഇഷ്ടവുമാണ്, നൈസര്‍ഗികമായ സൌന്ദര്യത്തോടൊപ്പം ചിത്രങ്ങള്‍ വരക്കാനും പാടാനുമുള്ള കഴിവുകളും  ഉടയോന്‍ അവള്‍ക്കു വാരിക്കോരി കൊടുത്തിട്ടുണ്ട്‌ , സൈനു വരയ്ക്കുന്ന പൂവുകള്‍ക്ക് മണവും പക്ഷികള്‍ക്ക്  ജീവനുമുണ്ടെന്ന് തോന്നിപ്പോവാറുണ്ട്. സൈനുവും ഉമ്മ സുഹാറാത്തയും ഉമ്മുമ്മ കദീജുമ്മയും അനുജൻ ഷമീറും ഉൾപ്പെടുന്നതാണ് അവരുടെ കുടുംബം , ഉമ്മുമ്മ ഒരു വശം തളർന്നു കിടപ്പായിട്ട് വർഷങ്ങൾ നാല് കഴിഞ്ഞിരിക്കുന്നു , ഷമീറിന്റെ  ഒരു കാലിനു നീളക്കുറവും ബലക്കുറവുമായതിനാൽ അവനെപ്പോഴും സുഹറാത്താടെ ശരീരത്തിന്റെ ഒരു ഭാഗം പോലെ അവരുടെ ഒക്കത്തുണ്ടായിരിക്കും . ഞങ്ങളുടെ വീടിന്റെ ടെറസ്സിൽ നിന്നു നോക്കിയാൽ വടക്ക് പടിഞ്ഞാറ് കോണിലായി നാലഞ്ചു വീടുകൾക്കപ്പുറം സൈനുവിന്റെ വീടിന്റെ മേൽക്കൂര കാണാം,  പക്ഷേ  അങ്ങോട്ടെത്തണമെങ്കിൽ    ആവേന്മാരുടെ അമ്പലത്തിനപ്പുറത്തെ ചെങ്കൽ റോഡിലൂടെ കയറി മാളിയേക്കൽക്കാരുടെ  പറമ്പിന്റെ അതിർത്തിയിലുള്ള ഓവു പാലം കടന്നുവേണം പോവാൻ. തയ്യിലയിലെ അയമുക്കാടെ വീടിന്റെ പുറകിലൂടെ എളുപ്പവഴിയുണ്ടെങ്കിലും ഇടക്കൊരു തോടുണ്ട്, മഴക്കാലമായാൽ അതിൽ വെള്ളം പൊങ്ങുന്നത്കൊണ്ട് തോടിന്റെ മാട്ടത്തെ പൊത്തുകളിലുള്ള പാമ്പുകളും പെരിച്ചാഴികളും പുറത്തിറങ്ങും, വെള്ളത്തിൽ പുളഞ്ഞു നടക്കുന്ന നീർക്കോലികളെയും  പോക്കാച്ചിത്തവളകളെയും കാണുന്നത് തന്നെ എനിക്ക് പേടിയാണ്, അതുകൊണ്ട് മഴക്കാലമായാല്‍ പിന്നെ അതുവഴി ഞാന്‍ പോവാറില്ല. രണ്ടു ചെറിയ മുറികളും അടുക്കളയുമുള്ള കൊച്ചുവീട്ടിലെ ഒരു മുറിയിൽ പഴയൊരു കട്ടിലിലാണ്   സുഖമില്ലാതെ ഉമ്മുമ്മ  കിടക്കുന്നത് , ഓലമേഞ്ഞ മേൽക്കൂരയുടെ ചിതലരിച്ച വിടവുകൾക്കിടയിലൂടെ കടന്നെത്തി തറയിൽ വൃത്തങ്ങൾ തീർക്കുന്ന സൂര്യ നാളങ്ങളാണ് മുറികളിൽ പ്രകാശമേകുന്നത് . സൈനുവിന്റെ ഉമ്മ സുഹറതാത്താ  മിക്കവാറും ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിലേക്കു  ഉമ്മയെ  സഹായിക്കാനായി വരാറുണ്ട്, മുപ്പത്തഞ്ചു വയസ്സെ  പ്രായമുള്ളൂ വെങ്കിലും ദുരന്തങ്ങള്‍ മാത്രം നിറഞ്ഞ  ജീവിതാനുഭവങ്ങളുടെ  തീക്കാറ്റേറ്റു ഉലഞ്ഞു പോയിരിക്കുന്ന അവരിൽ കാലം കോറിയിട്ടിരിക്കുന്നത്‌ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളാണ്,  അനുഭവിച്ചു കൂട്ടിയ ദുരിതങ്ങളുടെ   പാടുകൾ അവരുടെ മുഖത്ത് കരുവാളിപ്പായി പടര്‍ന്നു കിടക്കുന്നു , സങ്കടങ്ങളുടെ  ഒരു കടൽ  നെഞ്ചിലേറ്റി നടക്കുന്ന അവരുടെ കവിളൊട്ടി കുഴിയിലാണ്ട കണ്‍തടങ്ങളിൽ കണ്ണീർ വീണുണങ്ങിയ പാടുകൾ  എപ്പോഴും തെളിഞ്ഞുകാണാം .
 കഷ്ടപ്പാടുകളെക്കുറിച്ച്  എണ്ണിപ്പെറുക്കി  തേങ്ങുമ്പോൾ അവരുടെ വിളർത്തു ശോഷിച്ച ശരീരം വിറകൊള്ളുന്ന കാഴ്ച്ച അസഹനീയമാണ്. അയൽവാസികളും നല്ലവരായ കുറേ നാട്ടുകാരും  കഴിയുന്നപോലെയൊക്കെ സുഹറാത്താനെ  ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യാറുണ്ടെങ്കിലും കഷ്ടപ്പാടുകളുടെ  പടുകുഴിയിൽ  ആണ്ടുപോയിരുന്ന അവർക്ക് കരകയറുക എളുപ്പമായിരുന്നില്ല . പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും നിത്യരോഗിയായ ഉമ്മുമ്മയും അടങ്ങുന്ന കുടുംബത്തിന്റെ നിത്യചിലവുകള്‍ക്കായി പെടാപാട് പെടുകയാണ് ആ സ്വാധി. സ്കൂളില്ലാത്ത ദിവസങ്ങളിൽ  സുഹറാത്താടെ കൂടെ  സൈനുവും ഉണ്ടാവും  , എന്റെ കയ്യിലുള്ള കഥാ പുസ്തകങ്ങളും മാസികകളും വായിക്കാൻ അവൾക്കു വലിയ ആർത്തിയാണ്,   പിന്നെ പൂന്തോട്ടത്തിലൂടെ നടന്ന് വിടർന്നു നിൽക്കുന്ന പൂക്കളെ തലോടാനും പാറിപ്പറക്കുന്ന തുമ്പികളെയും  ചിത്രശലഭങ്ങളെയും  നോക്കി മതിമറന്നു നിൽക്കാനും അവൾക്കൊരുപാട് ഇഷ്ടമാണ് , അവളെകണ്ടാല്‍ പൂക്കള്‍ക്കും ചിത്രശലഭങ്ങള്‍ക്കുമെല്ലാം ആഹ്ലാദമാണെന്നും , അവയും അവളോടൊപ്പം  ചിരിക്കാറുണ്ടെന്നു എനിക്ക് പലപ്പോഴും തോന്നാറുണ്ട് . "എന്തോരം പൂക്കളും തുമ്പികളുമാണിവിടെ  നേനാ! .. ഇയ്യൊരു ഭാഗ്യമുള്ളോള്  തന്നെയാണ് , നിനക്ക് പറയുന്നതെന്തും വാങ്ങിത്തരാൻ ഉപ്പയുണ്ടല്ലോ .. "
ഒരു ദിവസം ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ അത്രയും പറഞ്ഞു നിറുത്തിയ സൈനു പിന്നെ എന്തോ  ഓര്‍മ്മകളിലേക്ക് ആണ്ടുപോയി. തന്‍റെ ഉപ്പയെകുറിച്ചോര്‍ത്ത് അവള്‍ക്കു ഒരു പാട് വിഷമമുണ്ടായിരുന്നു , പിതാവിന്റെ സ്നേഹലാളനകൾ അനുഭവിക്കാനാവാത്തതിന്റെ  നൊമ്പരം അവളുടെ ഓരോ വാക്കുകളിലും ഇടറി നിന്നിരുന്നു . എന്തായാലും ഇനി മുതൽ സൈനുവിന്റെ ആ വിഷമം കാണേണ്ടല്ലോ എന്നോർത്തപ്പോൾ മനസ്സിനുള്ളിൽ വലിയോരാശ്വാസം അനുഭവപ്പെട്ടു . സൈനുവിന്റെ ഉപ്പ മൂസ്സക്കുട്ടി അങ്ങ് ദൂരെ തെക്ക് നിന്നെങ്ങോ ഹോട്ടല്‍ പണിക്കായി എത്തിയതാണ് ഞങ്ങളുടെ നാട്ടില്‍ , ചോലക്കാട്ടെ ഗൃഹനാഥനായ ആലിമുക്രി മരിച്ചശേഷം ചെറുപ്പത്തിലേ അനാഥരായ സുഹറാത്തയും ഉമ്മയും  പ്രാരാബ്ധങ്ങള്‍കൊണ്ട് നട്ടം തിരിയുന്ന കാലമായിരുന്നു അത്  ,അവര്‍ക്ക് ചെറിയ ചെറിയ സഹായങ്ങള്‍ നല്‍കി ആ കുടുംബത്തില്‍ മെല്ലെ കയറിക്കൂടുകയായിരുന്നു മൂസ്സക്കുട്ടി, പിന്നെ പേരിനൊരു ചടങ്ങായി സുഹറാത്താനെ നിക്കാഹും കഴിച്ച് ബന്ധം സ്ഥിരപ്പെടുത്തി, ആദ്യമൊക്കെ സുഹറത്താടും കദീജുമ്മാടും വളരെ സ്നേഹവും കരുതലും ആയിരുന്നെങ്കിലും  സൈനുവിന്റെ ജനനത്തോടെ അയാള്‍ ആ കുടുംബത്തില്‍ നിന്നും മെല്ലെമെല്ലെ അകലുകയായിരുന്നു ,ഷമീറിന്റെ ജനനത്തോടെ അകല്‍ച്ച പൂര്‍ണ്ണതയിലെത്തി, പ്രസവിച്ചു കിടന്ന സുഹറാത്താക്ക് മരുന്ന് വാങ്ങാനായി കുന്നംകുളത്തേക്ക് പോയതാണത്രെ മൂസ്സക്കുട്ടി, പിന്നെ തിരിച്ചു വന്നില്ല. കാലത്തിന്റെ ഉരുണ്ടു പോക്കിന്നിടയില്‍  അന്വേഷണത്തിന്‍റെ അറ്റം കാണാത്ത വഴികളിലൂടെ അഞ്ചു പത്തു കൊല്ലം.., പലരും പലവഴിക്കും അന്വേഷിച്ചു ,അയാളുടെ നാട്ടിലും വീട്ടിലുമൊന്നും ആളെ കണ്ടെത്താനായില്ല, അയാള്‍ക്ക്‌ സ്വന്തം നാട്ടില്‍ ഭാര്യയും കുട്ടികളും ഉണ്ടെന്നൊരു കേട്ടുകേള്‍വിയും അതിന്നിടയില്‍ നാട്ടില്‍ പരന്നിരുന്നു   ,സൈനുവിന്റെ കയ്യില്‍ നിന്നും മൂപ്പരുടെ പഴയൊരു ഫോട്ടോ കണ്ടിട്ടുണ്ട്, നേരിട്ട് കണ്ട ഓര്‍മ്മയൊന്നും സൈനുവിനുമില്ല. അന്ന് സ്കൂളിലെത്തിയിട്ടും  ക്ലാസ്സുകളിലൊന്നും  ശെരിക്കു ശ്രദ്ധകൊടുക്കാനായില്ല,  മനസ്സുനിറയെ സൈനുവായിരുന്നു , എന്തായിരിക്കും അവളുടെ ഇപ്പോഴത്തെ മനസ്ഥിതി! ഉപ്പ അവള്‍ക്കു എന്തൊക്കെ കൊണ്ടുവന്നിരിക്കും..! ആകാംക്ഷകളുടെ തിക്കുമുട്ടല്‍ കാരണം സമയം ഒച്ചിനെക്കാള്‍ മെല്ലെയാണ് നീങ്ങുന്നതെന്ന് തോന്നി. വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലെത്തിയതും ബേഗ് വാരാന്തയിലെ സോഫയിലേക്കിട്ട് പോർച്ചിൽ ഇരുന്ന സൈക്കിളുമെടുത്ത്  സൈനുവിന്റെ  വീട്ടിലെത്തുമ്പോൾ  മുൻവശത്തെ അരക്കോലായിൽ  ഒരാൾ ഇരിപ്പുണ്ടായിരുന്നു ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തന്റെ ലക്ഷണം, മുഷിഞ്ഞൊരു ലുങ്കിയും ബനിയനും പാറിപ്പറന്ന മുടിയും താടിയുമായി കണ്ടാൽ പേടിപ്പെടുത്തുന്ന രൂപം. ചുണ്ടിൽ  കെട്ടുപോയൊരു ബീഡിക്കുറ്റി ,എന്നെ കണ്ടപ്പോൾ അലസമായൊന്നു നോക്കിയശേഷം  തലവെട്ടിത്തിരിച്ച് ചുണ്ടിലിരുന്ന ബീഡിക്കുറ്റി മുറ്റത്തേക്ക് തുപ്പിക്കളഞ്ഞു , സൈക്കിൾ മുറ്റത്ത് സ്റ്റാന്റിൽ വെച്ച് അയാളെത്തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്‌  ചെറിയൊരു സന്ദേഹതത്തോടെയാണ് ഞാൻ വരാന്തയിലേക്ക് കയറിയത്, സൈനുവും സുഹറാത്തയും  അടുക്കളയിലായിരുന്നു  എന്നെ കണ്ടതും  അരികിലേക്ക് ഓടിവന്ന സൈനുവിന്റെ ഭാവത്തില്‍  എന്നെ നിനക്കാതെ കണ്ടതിന്റെ  തെല്ലൊരു  ആശ്ചര്യ ഭാവമല്ലാതെ ഞാന്‍ പ്രതീക്ഷിച്ച സന്തോഷമൊന്നും  കണ്ടില്ല. വീടിന്റെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് സൈനു ആ രഹസ്യം പറഞ്ഞത്. പാതിരാത്രിയിലെപ്പോഴോ ആണ് അയാള്‍ വന്നതെന്നും അവിടെ എത്തിയശേഷം കാര്യമായി മിണ്ടാട്ടമൊന്നുമില്ലാതെ  ഒരൊറ്റ ഇരിപ്പാണെന്നും  അവള്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ സംശയത്തിന് ബലം കൂടി.  അതെ ഇതെല്ലാം ഭ്രാന്തിന്റെ ലക്ഷണം തന്നെ. വടക്കേ വീട്ടിലെ വേലായുധേട്ടന്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ പരസ്പര ബന്ധമില്ലാത്ത  രണ്ടുമൂന്നു വാക്കുകളില്‍  എന്തൊക്കെയോ മറുപടി പറഞ്ഞത്രേ... വന്നോടം മുതല്‍ വലിച്ചു കൂട്ടുന്നതു കഞ്ചാവ് ബീഡിയാണെന്ന് വേലായുധേട്ടന്‍ പറഞ്ഞെന്നും ഇങ്ങനെ ഒരു ബാപ്പ തിരിച്ചു വരാതിരിക്കുകയായിരുന്നു നല്ലതെന്നും കൂടി സൈനു പറഞ്ഞപ്പോള്‍ അവളിലെ നിരാശയുടെ ആഴം മനസ്സിലായി , വല്ലാത്തൊരു നിരാശാബോധം എന്നേയും ഗ്രസിച്ചു .    രാത്രി, പതിവ് സമയം കഴിഞ്ഞിട്ടും എനിക്കെന്തോ തീരെ ഉറക്കം വന്നില്ല പുറത്തെ ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന മിന്നലൊളികള്‍  കര്‍ട്ടനു പിറകിലെ ജനല്‍ ഗ്ലാസുകളില്‍ തട്ടി ചിന്നിച്ചിതറുന്നു, ദൂരെ ദിക്കുകളില്‍ നിന്നും മേഘഗര്‍ജനത്തിന്‍റെ മാറ്റൊലികള്‍, പുറത്തു മഴയുടെ ആരവം കൂടിവരുന്നതറിഞ്ഞപ്പോള്‍  സൈനു വീണ്ടും എന്‍റെ ഓര്‍മ്മയിലേക്കോടിയെത്തി, അവളിപ്പോൾ എന്ത് ചെയ്യുകയായിരിക്കുമെന്നു ഞാൻ വെറുതെ ഓർത്തു, ഇടിയും മിന്നലും അവൾക്ക് വലിയ പേടിയാണ്, ഇടിമുഴങ്ങുമ്പോൾ വിരണ്ട ഭാവത്തോടെ കണ്ണുകള്‍ ഇറുകെയടച്ച്‌ ചെവികൾ പൊത്തിപ്പിടിച്ച് നിൽക്കുന്ന കാഴ്ച എത്രയോ തവണ കണ്ടിരിക്കുന്നു , ഇന്ന് ഇടിയോടൊപ്പം മഴകൂടി  പെയ്യുന്നതിനാൽ ചോർച്ചയിൽ നിന്നും രക്ഷപ്പെടാനായി അവള്‍ സ്ഥിരം ചെയ്യുന്നപോലെ  ഉമ്മുമ്മാടെ കട്ടിലിന്നടിയിൽ  ഭയപ്പാടോടെ ചുരുണ്ടുകൂടി കിടക്കുകയായിരിക്കാം.. പാവം സൈനു.. ഇത്രയും കാലം മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു രാത്രി ഇരുണ്ടു വെളുത്തതോടെ തകര്‍ന്നു പോയിരിക്കുന്നു.., അവളുടെ ദയനീയത കലര്‍ന്ന മുഖം മനസ്സിനെ പിന്നെയും പിന്നെയും  പിടിച്ചുലക്കവേ ഹൃദയത്തില്‍ നിന്നും പൊടിഞ്ഞിറങ്ങിയ ഒരു നീര്‍ത്തുള്ളി കണ്ണുകളിലേക്ക് ഊറിയെത്തുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നു. തലയിണയില്‍ മുഖമമര്‍ത്തി കിടക്കവേ എപ്പോഴാണ് ഉറക്കം തഴുകാനെത്തിയതെന്ന്‍ അറിയില് ആകാശത്തിന്റെ ഒരു ഇരുണ്ട കോണില്‍ അമ്പിളിമാമനും നക്ഷത്രങ്ങള്‍ക്കും ഇടയില്‍ തൂങ്ങുന്നൊരു ഊഞ്ഞാലില്‍ മുറുകെപിടിച്ചിരുന്ന് ഭയപ്പാടോടെ ആടിക്കൊണ്ടിരിക്കുന്ന സൈനു കയര്‍ പൊട്ടി ഊഞ്ഞാലോട്കൂടി താഴെ നിലയില്ലാത്ത അഗാതതയിലേക്ക് വീഴുന്നതായൊരു വിചിത്ര സ്വപ്നം കണ്ടുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്. നേരം പുലര്‍ന്നു തുടങ്ങിയതേയുള്ളൂ ..രാത്രി മുഴുവന്‍ പെയ്തിട്ടും തീരാത്ത മഴ അപ്പോഴും ചിണുങ്ങി നില്‍പ്പുണ്ടായിരുന്നു പതിവുപോലെ മദ്രസ്സയിലെത്തിയെങ്കിലും സൈനു അന്ന് ക്ലാസ്സില്‍ വന്നുകണ്ടില്ല , ശനിയാഴ്ച സ്കൂള്‍ അവധിയായതിനാല്‍ മദ്രസ്സ വൈകിയാണ് വിട്ടത് , റോഡു സൈഡില്‍ കെട്ടിനിന്നിരുന്ന ചെളിവെള്ളം ചവിട്ടാതെ ശ്രദ്ധിച്ച് റോഡിന്റെ ഒരരികുപറ്റി മാമാടെമോള്‍ നിനിയോടും പടിഞ്ഞാറയിലെ ഐഷമോളോടുമൊപ്പം വീടുലക്ഷ്യമാക്കി നടക്കവേ മാളിയേക്കലെ മൊയ്തുഹാജിയുടെ ഗേറ്റിനു മുന്നില്‍ ഒരാള്‍ക്കൂട്ടം കണ്ടു , സംഗതി എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ കൂട്ടത്തില്‍ നിന്നും അല്‍പ്പം മാറി മറ്റൊരാളോട് സംസാരിച്ചുനിന്ന മീന്‍കാരന്‍ കുഞ്ഞോന്‍ക്കാട് വിവരം ചോദിച്ചു. "ചോലക്കാട്ടെ ആലിമുക്രീടെ മോള്‍ സൂറാടെ കെട്ട്യോന്‍ ഒളിച്ചുപോയ മൂസ്സകുട്ടി ഇന്നലെ തിരിച്ചു വന്നത് ഇയ്യറിഞ്ഞിരുന്നാ..! ആ ചോദ്യത്തോടെ കുഞ്ഞോന്‍ക്ക എന്നെ നോക്കി ഒരു നിമിഷം നിന്നു..പിന്നെ എന്തോ പെട്ടെന്ന് ഓര്‍ത്തപോലെ  മൂപ്പര്‍ തന്നെ സംസാരം തുടര്‍ന്നു.         
"ഞാനെന്തു മണ്ടനാ ..! ഇയ്യത് അറിയാണ്ടിരിക്കില്ലല്ലോ..അന്റെ വലം കയ്യായിരുന്നില്ലേ ഓന്റെ മോള്..പിന്നെ സൂറയാണെങ്കില്‍ അന്റോടെത്തന്നെയല്ലേ എപ്പളും.." അതും പറഞ്ഞു അയാളൊരു മണ്ടന്‍ ചിരിചിരിച്ചു . എനിക്ക് വിവരമറിയാനുള്ള ആകാംക്ഷ കൂടിക്കൂടി വരികയായിരുന്നു. "അതൊക്കെ ഇന്നലെത്തന്നെ ഞാനറിഞ്ഞെന്റെ കുഞ്ഞോന്‍ക്കാ.. ഇവിടെപ്പോ എന്താണ്ടായെ..നിങ്ങള് അത് പറ.." എന്‍റെ ആകാംക്ഷ  മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നു .  "അതല്ലേ പറഞ്ഞു വരുന്നത് മോളെ.. ഇന്നലെ രാത്രി ഇടിയും മഴയും കാരണം സൂറയും മക്കളും നേരത്തെ കിടന്നെത്രേ ..അവര് വാതിലടച്ചു കിടക്കുമ്പോഴും മൂസ്സക്കുട്ടി പുറത്തു കോലായില്‍ ബീഡിയും വലിച്ചോണ്ടിരിക്ക്യായിരുന്നെന്നാ പറഞ്ഞു കേട്ടത്,        ഇന്നിപ്പൊ നേരം വെളുത്തുനോക്കുമ്പോള്‍ മൂസ്സക്കുട്ടീനേം മോളേം കാണാനില്ല, സൂറയും തള്ളയും കരഞ്ഞു കരഞ്ഞു  ഒരു പരുവായിരിക്കണ്..പാവം..ആ പെണ്ണിന്റെ ഒരു തലവിധി.." കുഞ്ഞോന്‍ക്ക പിന്നെയും എന്തോക്കെയോ പറഞ്ഞുകൊണ്ടിരുന്നു.. പക്ഷേ അതൊന്നും എന്റെ തലക്കുള്ളിലേക്ക് കയറിയില്ല, എന്റെ കാതുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു , പെരുവിരലില്‍ നിന്നുംതലക്കുള്ളിലേക്ക് ഒരു പെരുപെരുപ്പ്  അരിച്ചു കേറുന്നപോലെയും തോന്നി, അവളുടെ വീട്ടിലേക്ക് ഓടിപ്പോയി നോക്കാമെന്ന് കരുതി  പക്ഷേ കാലുകള്‍ ചലിക്കുന്നില്ല ശരീരം വിറച്ച് വിയര്‍ക്കുകയാണ്.  നിമിഷമാത്രകൊണ്ട് ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും എന്റെ മനസ്സിലേക്ക് കൂലംകുത്തിയെത്തി. അയാള്‍ അവളെയുംകൊണ്ട് എങ്ങോട്ട്പോയി ! അയാള്‍  സൈനുവിന്റെ  പിതാവ് തന്നെയാണോ ? അവൾക്കു ജന്മം നൽകിയ സ്വന്തം പിതാവ് ! അതോ ! പ്രകൃതിയുടെ കണ്ണീരുപോലെ ഒരു ചാറ്റല്‍ മഴ അപ്പോള്‍ പെയ്യാന്‍ തുടങ്ങിയിരുന്നു. കുട ചൂടിയിരുന്നെങ്കിലും ഒരു പെരുമഴയത്തെന്ന പോലെ ഞാന്‍ നനഞ്ഞു കുതിര്‍ന്നു .