ചില സ്ഥലങ്ങളുണ്ട്… എത്ര വർഷങ്ങൾ കഴിഞ്ഞാലും അവിടേക്ക് വീണ്ടും ചെല്ലുമ്പോൾ മനസ്സ് പഴയ കാലത്തിലേക്ക് തിരിച്ചുപോകും. കാലം ഒരുപാട് മുന്നോട്ടുപോയിട്ടുണ്ടാകും. നമ്മളും ഒരുപാട് മാറിയിട്ടുണ്ടാകും. പക്ഷേ, ആ സ്ഥലങ്ങളുമായി ചേർന്നുനിൽക്കുന്ന ഓർമ്മകൾക്ക് മാത്രം പ്രായമാകില്ല.
റാസ് അൽ ഖൈമ
എന്റെ പ്രവാസം ഞാൻ തുടങ്ങിയത് ഇവിടുന്നാണ്…
ഇപ്പോൾ അവിടെ പോകുമ്പോഴും ഒരു പ്രതേക സന്തോഷമാണ്. വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കും . ഇന്നത്തെ തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ മറന്നുപോയെന്ന് കരുതിയിരുന്ന എത്രയോ ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തും
ഉപ്പയോടൊപ്പം ഉപ്പയുടെ റൂമിൽ ഒരുമിച്ചു താമസിച്ചിരുന്ന ആ കാലം… അന്നത്തെ ജീവിതത്തിന് ഇന്നത്തെപ്പോലെ വലിയ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ആ ദിവസങ്ങൾക്കൊരു പ്രത്യേക സുഖമുണ്ടായിരുന്നു. സങ്കടം വരുമ്പോൾ ഒറ്റയ്ക്കു പിയിരുന്നിരുന്ന അവിടുത്തെ കടൽത്തീരവും പള്ളിയും, അന്ന് നടന്ന വഴികളും, കൂട്ടുകാരോടൊപ്പമുള്ള നിമിഷങ്ങളും… എല്ലാം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.
അന്നത്തെ ജീവിതം എത്ര ലളിതമായിരുന്നു! വലിയ സ്വപ്നങ്ങളുമായി പ്രവാസത്തിന്റെ വഴികളിലൂടെ നടന്നുതുടങ്ങിയ കാലം. മുന്നിലുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് വലിയ ധാരണകളൊന്നുമില്ലെങ്കിലും മനസ്സിൽ പ്രതീക്ഷകളുണ്ടായിരുന്നു.
കാലം കടന്നുപോയി. ജീവിതം പല വഴികളിലൂടെ സഞ്ചരിച്ചു. എത്രയോ പുതിയ സ്ഥലങ്ങൾ കണ്ടു, എത്രയോ മനുഷ്യരെ പരിചയപ്പെട്ടു. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. പക്ഷേ, എന്റെ പ്രവാസത്തിന്റെ ആദ്യകാല ഓർമ്മകൾക്ക് ഇന്നും മനസ്സിൽ അതേ സ്ഥാനമാണ്.
റാസൽഖൈമയിലൂടെ വീണ്ടും കടന്നുപോകുമ്പോൾ പഴയകാലത്തിന്റെ ചില അടയാളങ്ങൾ ഇന്നും അവിടെ കാണാം. അവ കാണുമ്പോൾ അറിയാതെ ഒരു പുഞ്ചിരി വരും. മനസ്സ് പതിയെ ആ പഴയ കാലത്തേക്ക് മടങ്ങും. 😊
ചിലപ്പോൾ നമ്മൾ ജീവിച്ച കാലത്തേക്കാൾ മനോഹരമായി തോന്നുന്നത്, വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോഴായിരിക്കും.
ഇന്ന് ഞാൻ എവിടെയെത്തി എന്നതിലുപരി, എവിടെനിന്നാണ് തുടങ്ങിയതെന്ന് ഓർക്കുമ്പോൾ മനസ്സിൽ ഒരുപാട് നന്ദിയും സന്തോഷവും തോന്നുന്നു.





