ഖുർആൻ എന്നോട് സംസാരിക്കുമ്പോൾ…
ജീവിതത്തിൽ ചില സമയങ്ങളുണ്ട്…
എത്ര ശക്തനായിരുന്നാലും മനസ്സ് തളർന്നുപോകുന്ന നിമിഷങ്ങൾ.
ഒരുപാട് പ്രാർത്ഥിച്ചിട്ടും ഒന്നും മാറാത്തതുപോലെ തോന്നുന്ന ദിവസങ്ങൾ.
ആരോടും പറയാൻ കഴിയാത്ത ചില വേദനകൾ…
അത്തരം സമയങ്ങളിൽ ഞാൻ ഖുർആനിലേക്ക് തിരിയും.
ഖുർആൻ എനിക്ക് എന്റെ ആശ്വാസമാണ്.
എന്റെ മനസ്സിന്റെ കൂട്ടുകാരനാണ്.
ചിലപ്പോൾ ഒരു പ്രത്യേക ആയത്ത് തേടിയല്ല ഞാൻ ഖുർആൻ തുറക്കുന്നത്.
വെറുതെ തുറക്കും…
പക്ഷേ പലപ്പോഴും മുന്നിൽ വരുന്നത് ആ നിമിഷം എന്റെ ഹൃദയത്തിന് ആവശ്യമുള്ള വാക്കുകളായിരിക്കും.
അപ്പോൾ തോന്നും…
“ഈ വാക്കുകൾ ഇപ്പോൾ എനിക്ക് വേണ്ടിയല്ലേ?”
ഞാൻ തളരുമ്പോൾ ഖുർആൻ ഓർമ്മിപ്പിക്കും:
“തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്.”
— അൽ-ബഖറ 2:153
വഴി കാണാതെ നിൽക്കുമ്പോൾ അത് പ്രതീക്ഷ നൽകും:
“ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചാൽ, അവന് ഒരു വഴി അവൻ ഉണ്ടാക്കിക്കൊടുക്കും.”
— അത്തലാഖ് 65:2
അപ്പോൾ മനസ്സിലാകും…
പ്രശ്നം ഉടനെ മാറിയില്ലെങ്കിലും,
അതിനെ നേരിടാനുള്ള എന്റെ ഹൃദയത്തിന് ശക്തി ലഭിക്കുന്നു.
“നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല; വെറുത്തിട്ടുമില്ല.”
— സൂറത്തു ദുഹാ
എത്ര മനോഹരമായ ആശ്വാസം! ചിലപ്പോൾ നമ്മുടെ ജീവിതത്തിലും അല്ലാഹു നമ്മെ കൈവിട്ടുവെന്ന് തോന്നുന്ന നിമിഷങ്ങളുണ്ടാകാം. അത്തരം സമയത്ത് ഈ ആയത്ത് വീണ്ടും പ്രതീക്ഷ നൽകുന്നു.
“നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല; വെറുത്തിട്ടുമില്ല”
അതുകൊണ്ടാണ് പ്രയാസം വരുമ്പോൾ ഞാൻ ഖുർആനിലേക്ക് തിരിയുന്നത്.
ചിലപ്പോൾ ഞാൻ ഖുർആൻ വായിക്കുകയാണോ…
അതോ ഖുർആൻ എന്റെ ഹൃദയത്തെ വായിക്കുകയാണോ എന്ന് പോലും തോന്നിപ്പോകും.
ഖുർആൻ എനിക്ക് ആശ്വാസമാണ്…
പ്രയാസം വരുമ്പോൾ ഖുർആൻ എന്നോട് സംസാരിക്കാറുണ്ട്.

No comments:
Post a Comment