Tuesday, 29 November 2016

വരവേല്ക്കാം പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ..!


റബീഅ് എന്നാല്‍ വസന്തം എന്നര്‍ത്ഥം, റബീഉല്‍ അവ്വല്‍ എന്നാല്‍ ‘വസന്തത്തിന്‍റെ ആദ്യ മാസം’ എന്നാണ്, വസന്തകാലം കടുത്ത ചൂടോ തണുപ്പോ ഇല്ലാത്ത, ഏറ്റവും സുന്ദരവും സൌമ്യവുമായ കാലമാണ്. എന്തു കൊണ്ടാണ് നബി(സ)യുടെ ജനനം ആ മാസത്തിലായത്? ഒരു പക്ഷെ പ്രവാചക വര്യന്‍  റമദാനിലോ ശഅ്ബാനിലോ മറ്റ് വിശുദ്ധ മാസങ്ങളില്‍ ഏതെങ്കിലുമൊന്നിലോ ആയിരുന്നു പിറന്നിരുന്നതെങ്കില്‍, ആ മാസങ്ങളുടെ പവിത്രത കൊണ്ട് തിരുനബി മഹത്വവത്കരിക്കപ്പെടുന്നതായി ആളുകള്‍ ചിന്തിക്കാവുന്നതാണ്. പക്ഷേ, മുത്ത്‌ നബി(സ) തങ്ങള്‍ റബീഉല്‍ അവ്വലില്‍ ജനിക്കുന്നതോടെ ആ ഒരൊറ്റക്കാരണം കൊണ്ട് ആ മാസമാണ് പവിത്രീകരിക്കപ്പെടുന്നത്. അതെ ലോക ഗുരുവിന്റെ ജന്മദിനത്തിന് സാന്നിധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേശമുയരുന്നത്.വസന്തകാലം അന്തരീക്ഷത്തില്‍ സൗന്ദര്യവും സൗരഭ്യവും നിറഞ്ഞു നില്‍ക്കുന്നകാലമാണ്.മനുഷ്യര്‍ മാത്രമല്ല, ചരങ്ങളും അചരങ്ങളും സചേതനങ്ങളും അചേതനങ്ങളുമൊക്കെ ഈ വസന്തകാലത്ത് സന്തോഷംകൊള്ളും. ‘നബിയെ, നാം തങ്ങളെ ലോകര്‍ക്ക് അനുഗ്രഹമായിട്ടല്ലാതെ അയച്ചിട്ടില്ല’ എന്ന ഖുര്‍ആനിക സൂക്തമാണ് അതിനു കാരണം.
വിശ്വാസിയുടെ ഹൃദയം സന്തോഷത്താല്‍ ആനന്ദപൂരിതമാകും , മസ്ജിദുകളില്‍ നിന്നുയരുന്ന മദ്ഹു ഗീതങ്ങള്, സ്വലാത്ത് ധ്വനികള്, ഓത്തു പള്ളികളില്‍ കുട്ടികള്‍ ആവേശത്താല്‍ മുഴക്കുന്ന “യാ നബി സലാം ………” ഈരടികള്, അതെ അവിടത്തേക്ക് സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചു, അവിടത്തെ മദ്ഹു ആലപിച്ചും ആ പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ലോകത്തിലെ എല്ലാ വിശ്വാസികളും തയ്യാറെടുക്കുകയാണ്.
ആത്മീയ ആവേശത്തോടെ പുണ്യ റബീഇനെ വാരിപ്പുണരാന്‍ വെമ്പല്‍ കൊള്ളുന്ന ഓരോ വിശ്വാസിയും പുണ്യ പ്രവാചകന്‍ (സ) തങ്ങള്‍ പഠിപ്പിക്കുകയും ഊന്നിപ്പറയുകയും ചെയ്ത വിശ്വാസികള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട പരസ്പരം സ്നേഹവും സഹോദര്യവും അത് വീണ്ടെടുക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യേണ്ട സമയം കൂടിയാണ്. 
ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായി’ അയക്കപ്പെട്ടിട്ടുള്ള പുണ്യ പ്രവാചകനെക്കാളും വലിയ എന്തനുഗ്രഹമാണ് നമുക്ക്..? എവിടേയും അരാചകത്വവും അധാര്‍മ്മികതയും നടമാടുന്ന ഇക്കാലത്ത് മദ്യത്തിനെതിരെ, ചൂതാട്ടത്തിനെതിരെ, കൊലക്കും കൊള്ളക്കുമെതിരില്‍, വ്യഭിചാരത്തിനെതിരില്‍, അനീതിക്കെതിരില്‍ പ്രവാചക (സ) കാഴ്ചവെച്ച പ്രായോഗികമായ ധാര്‍മ്മിക വിപ്ലവത്തിനു വേണ്ടി ഇന്നത്തെ ലോകം ദാഹിക്കുകയാണ്.സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചും അവിടെത്തെ മദ്ഹു ഗീതങ്ങള്‍ ആലപിച്ചും അവിടെത്തെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും….നമ്മുക്കും വരവേല്‍ക്കാം ആ പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ..! നാഥന്‍ തുണക്കട്ടെ (ആമീന്‍ )








No comments:

Post a Comment