Thursday, 25 May 2017

പുണ്യങ്ങളുടെ പൂക്കാലം പരിശുദ്ധ റംസാന്‍

നന്‍മയുടെ അനശ്വര സന്ദേശവുമായി റമളാന്‍ ഒരിക്കല്‍ക്കൂടി സമാഗതമാവുകയാണ്‌.
അല്ലാഹു സത്യവിശ്വാസികള്‍ക്ക്‌ നല്‍കിയ റമളാനാകുന്ന സമ്മാനത്തെ ഏറെ പ്രത്യാശയോടും പ്രതീക്ഷയോടും
നന്‍മനിറഞ്ഞ മനസ്സോടും പരിപൂര്‍ണ്ണ സംതൃപ്‌തിയോടും കൂടെ സ്വീകരിക്കേണ്ടവരാണ്‌ നാം. ദേഹേച്ഛകളുടെ തടവറകളില്‍ നിന്നും തിന്‍മകളുടെ ചതുപ്പു നിലങ്ങളില്‍ നിന്നും സ്വയം മാറി നിന്ന്‌ നന്‍മയുടെയും പുണ്യങ്ങളുടെയും പ്രതിഫലമായി നാഥന്‍ നല്‍കാമെന്നേറ്റ അനശ്വരമായ സ്വര്‍ഗീയ ജീവിതം നേടിയെടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക്‌ അല്ലാഹു ഒരുക്കിയ പരിശീലന നാളുകളാണ്‌ വ്രതത്തിന്റെ നാളുകള്‍.
മനുഷ്യമനസ്സുകളെ സ്‌ഫുടം ചെയ്‌തെടുക്കാനും ജീവിതയാത്രയിലെ ചെറിയ പിഴവുകളും പാളിച്ചകളും തിരുത്താനും അവ നമ്മെ ബോധ്യപ്പെടുത്താനുമാണ്‌ റമളാനാകുന്ന അല്ലാഹുവിന്റെ സ്‌നേഹസമ്മാനത്തെ നാം ഉപയോഗിക്കേണ്ടത്‌.
റമളാന്‍ മാസം സമാഗതമായാല്‍ 40 വര്‍ഷത്തെ വഴിദൂരം വിശാലതയുള്ള സ്വര്‍ഗത്തിന്റെ എട്ട്‌ കവാടങ്ങളും തുറക്കപ്പെടുമെന്നും നരകത്തിന്റെ ഏഴ്‌ കവാടങ്ങളും കൊട്ടിയടക്കപ്പെടുകയും ചെയ്യുമെന്ന്‌ നബി(സ്വ)നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌.

നോമ്പുകൊണ്ട്‌ അല്ലാഹു ആഗ്രഹിക്കുന്നത്‌ പ്രയാസമുണ്ടാക്കലല്ല മറിച്ച്‌ തഖ്‌വയുണ്ടാക്കലാണ്‌.
അല്ലാഹുവെ ഭയപ്പെട്ടുകൊണ്ടും അവന്റെ വിധി വിലക്കുകൾ പാലിച്ചുകൊണ്ടുമുള്ള ഒരു സവിശേഷ ജീവിത ശൈലിയാണ് തഖ്‌വ .
ആത്മസംസ്കരണവും ജീവിത വിശുദ്ധിയും ലഭിക്കുമ്പോഴേ ഒരാൾ തഖ്‌ വയുള്ളവനാകൂ.

റമളാൻ മാസം ഇതുവരെ നാം ജീവിച്ചതില്‍ നിന്ന്‌ സ്വല്‍പം മാറി കൂടുതല്‍ ഭക്തിയിലേക്കും, നന്‍മയിലേക്കും സൂക്ഷ്‌മതയിലേക്കും വന്നെത്തണമെന്നാണ്‌ അല്ലാഹു ആഗ്രഹിക്കുന്നത്‌.
അല്ലാഹു പറയുന്നു:
🌺يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ🌺
''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ്‌ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌.''
(വി.ഖു.:2:183)

നന്‍മയുടെ പൂക്കാലമായ ഈ വിശുദ്ധ മാസം പുണ്യങ്ങള്‍ വാരിക്കൂട്ടാനും പാപമോചനത്തിനുമുള്ള അസുലഭാവസരമാണ് വിശ്വാസിക്ക് നല്‍കുന്നത്.
ജീവിതത്തിന്റെ നിഖില മേഖലകളിലും സൂക്ഷ്‌മതാബോധം വളര്‍ത്തിയെടുക്കുകയാണ്‌ നോമ്പ്‌ ചെയ്യുന്നത്‌.
ഒരു സമുദ്രത്തിലെ നുരയോളം വരുന്ന പാപങ്ങളുണ്ടെങ്കിലും നോമ്പുകാരനായ വിശ്വാസിക്ക്‌ അത്‌ പൊറുക്കപ്പെടുന്നതാണ്‌.
🌼( عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ) (بخاري)🌼
അബൂഹുറൈറ(റ)വിൽ നിന്ന്,
നബി(സ്വ)പറഞ്ഞു:
”വിശ്വാസത്തോടെയും പ്രതിഫലമാഗ്രഹിച്ചും ഒരാള്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും”
(ബുഖാരി, മുസ്ലീം)

🌼عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ يَقُولُ الصَّلَوَاتُ الْخَمْسُ وَالْجُمْعَةُ إِلَى الْجُمْعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ ) (مسلم)🌼
അബൂഹുറൈറ(റ)വില്‍ നിന്ന്‌:
നബി (സ്വ) പറഞ്ഞു:
"അഞ്ചു നമസ്‌കാരങ്ങളും, ഒരു ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെയും, ഒരു റമളാന്‍ അടുത്ത റമളാന്‍ വരെയും അവക്കിടയിലുണ്ടാകുന്ന പാപങ്ങളെ പൊറുപ്പിക്കുന്നവയാണ്‌. മഹാപാപങ്ങളെ ഒഴിവാക്കിയാല്‍."
(മുസ്‌ലിം)

റമളാനാകുന്ന പരിശീലനത്തിലൂടെ, ദൈവിക താല്‍പര്യങ്ങള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കുന്ന മനസ്സ്‌ ആർജ്ജിക്കാന്‍ ഞാന്‍ അടക്കമുള്ള നമ്മള്‍ക്ക് കഴിയണം .വികാര,വിചാര ചേഷ്‌ടകളെ നോമ്പിന്റെ ആത്മീയ ചൈതന്യംകൊണ്ട്‌ പിടിച്ചുനിര്‍ത്തി സ്വര്‍ഗപാതയില്‍ നമുക്ക്‌ മുന്നേറാം.
സ്വര്‍ഗകവാടങ്ങള്‍ തുറന്നുവെച്ച്‌ അല്ലാഹു നമ്മെ വിളിക്കുമ്പോള്‍ ആ വിളിക്ക്‌ നമുക്കുത്തരം നല്‍കാം.
ഈ റമളാന്‍ ദിനങ്ങള്‍ പുതുജീവിതത്തിലേക്കുള്ള തുടക്കവും പ്രചോദനവുമാകട്ടെ.
റമളാന്‍ കഴിയുന്നതോടെ പാപമുക്തനായ ഒരു മനുഷ്യനായിത്തീരുവാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
അതിന് അല്ലാഹു നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.
(ആമീന്‍)

എല്ലാവര്ക്കും പരിശുദ്ധ റമദാന്‍ ന്റെ ആശംസകള്‍ 

No comments:

Post a Comment