വായിക്കാന്‍ ഒത്തിരി രസമുള്ള ഞാനും അനുഭവിച്ച ഒരു ബാല്യ കാല സ്മരണ ഇവിടെ കോപ്പി ചെയ്യുന്നു........
പായല്‍ പുതപ്പുവിരിച്ച കുളത്തിന് കുടചൂടിനില്‍ക്കുന്ന പുളിമരം. നിറയെ കുടംപുളി കായ്ച്ചു നില്‍കുന്ന മരത്തിന്റെ ഇലകള്‍ ആദിത്യകിരണമേറ്റു തിളങ്ങുന്നതും നോക്കി കയ്യാലപ്പടിയിലിരുന്നു പകല്‍ സ്വപ്നം കാണുകയായിരുന്നു. ''ടാ...വാ പോകാം നേരം വൈകി.വെയില് ചൂടാകും മുന്‍പങ്ങെത്തണം...'' പകല്‍ സ്വപ്നം പൊളിച്ചു ഉമ്മാടെ വിളി.
വിളി കേള്‍കുമ്പോഴേക്കും ഉമ്മ നടന്നു തുടങ്ങിയിരുന്നു. ട്രൗസര്‍ വലിച്ചു മുറുക്കി ഉമ്മാടെ പുറകെ ഓടി. ഓട്ടം നിന്നത് പുളിമരത്തിന്റെ ചോട്ടില്‍. ഉമ്മ അറിയാതെ കുറച്ചു ഇലകള്‍ പറിച്ചു പോക്കറ്റിലിട്ടു. ചെറിയൊരു കൈതോട് മുറിച്ചു കടന്നാല്‍ നോക്കെത്താദൂരത്തോളം പാടങ്ങളാണ്. തോട്ടിലിറങ്ങിയതും പോക്കറ്റില്‍ കരുതിയിരുന്ന കുഞ്ഞു കുപ്പി കയ്യിലെടുത്തു.
പൂഴി മണലിനു മീതെ കണ്ണീരുപോലെ വെള്ളം മെലിഞ്ഞോഴുകുന്നു. ചെറുമഴയില്‍ പെയ്തിറങ്ങിയപോലെ കുഞ്ഞന്‍ പരല്‍ മീനുകള്‍. കുപ്പി മുക്കിയെടുത്തപ്പോള്‍ തടഞ്ഞ രണ്ടു മീനുകളെ നോക്കിനില്‍കുമ്പോഴാണ് അപ്പുറത്ത് കണ്ണും ഉരുട്ടി കാത്തു നില്‍ക്കുന്ന ഉമ്മാനെ കണ്ടത്. കുപ്പി പോകറ്റിലിട്ടു വീണ്ടും ഓടി. മുട്ടോളമുള്ള വെള്ളത്തില്‍ ചാടി തിമിര്‍ത്തു അപ്പുറമെത്തിയപ്പോഴേക്കും ട്രൗസര്‍ പാതി നനഞ്ഞിരുന്നു.
ഇനിയുള്ള യാത്ര പാടവരമ്പിലൂടെയാണ്.വിശാലമായ വയല്‍.എത്രയുണ്ടെന്ന് ചോദിച്ചാല്‍ കൃത്യമായി പറയാനറിയില്ല. കുഞ്ഞുകാലുകള്‍ക്ക് പാടം മുറിച്ചുകടക്കാന്‍ ഏറെ സമയം വേണ്ടിവന്നിരുന്നു. കൊയ്ത്ത് കഴിഞ്ഞ പാടത്തെ നെല്‍ചെടി കുറ്റികള്‍ ചവിട്ടിമെതിച്ച് ഞാനോടി. ''അയ്യോ ഉമ്മാ എന്റെ കാലുകണ്ടാ...'' പാടത്തെ ഉറച്ചുതുടങ്ങിയ കളിമണ്ണില്‍ ചെന്നടിച്ചകാലില്‍ ചോര പൊടിഞ്ഞിരിക്കുന്നു.
''അസ്സലായിട്ടുണ്ട് മര്യാദക്കു മാട്ടത്തിലൂടെ (പാടവരമ്പ്) നടക്കാന്‍ പറഞ്ഞാ കേക്കൂലാ.അങ്ങിനെ തന്നെ വേണം'' വേദന കടിച്ചുപിടിച്ച് മെല്ലെ പാടവരമ്പിലൂടെ നടന്നു.നല്ല കുട്ടിയായി. വിളവെടുപ്പിന് റെഡിയായി നില്‍കുന്ന എള്ളിന്‍ ചെടികള്‍ക്കിടയില്‍ എത്തിയപ്പോള്‍ വീണ്ടും പഴയപടി. ചോപ്പും മഞ്ഞയും നിറത്തില്‍ മഴവില്‍ ചിറകിലേന്തി പറന്നു വന്ന ഒരു വലിയ തുമ്പിയെ പിന്തുടര്‍ന്ന് എത്തിയതാണ്. ഈ തുമ്പിയെ കിട്ടിയിരുന്നെങ്കില്‍ വെറുതെ കുറച്ചു കല്ലുകള്‍ എടുപ്പിക്കാമായിരുന്നു. പക്ഷെ ഉമ്മയുടെ വിളികാരണം ആ പദ്ധതി പൊളിഞ്ഞു.
ഉണങ്ങിയ കുറച്ചു എള്ളിന്‍ കായ്കള്‍ പൊട്ടിച്ചു പോകറ്റിലിട്ടു. ഒരെണ്ണമെടുത്തു പോളിച്ചുനോക്കി. കറുത്ത എള്ളിന്‍ കുരുവിന് നല്ലെണ്ണയുടെ അതേ മണം. ''എന്താടാ മണപ്പിച്ചു നടക്കുന്നേ...ഒന്ന് വേഗം വാ...''ഉമ്മാക്ക് ഈ യാത്രയില്‍ എന്നും ഭയങ്കര തിരക്കാണ്. എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തണം. ഒരുപാട് പേരവിടെ ഉമ്മയെ കാത്തിരിപ്പുണ്ട്. നെല്ലും എള്ളും നുള്ളി ചെറുചൂടു കാറ്റും കൊണ്ടു മന്ദം മന്ദം മുന്നോട്ട് നീങ്ങുമ്പോഴാണ് നല്ല ഭംഗിയുള്ള ശംഖുപോലൊരു സാധനം വരമ്പില്‍ തൂങ്ങി നില്കുന്നത് കണ്ടത്.
പതിവുപോലെ അതുമെടുത്ത് പോകറ്റിലിടാന്‍ ഒരു നിമഷം പോലും ആലോചിക്കേണ്ടി വന്നില്ല. പാടത്തിനക്കരെ പെരുന്തോടാണ്. തോടുമുറിച്ചു കടക്കാനുള്ള പാലം രണ്ടു തെങ്ങുതടികളാണ്.തെങ്ങ് തടികള്‍ കൂട്ടികെട്ടിയ പാലത്തിലൂടെ കടത്താന്‍ ഉമ്മ എന്നെ പൊക്കിയെടുത്തു. ഇത്രയും വലിയ ഞാന്‍ തനിയെ പാലം കടക്കാന്‍ വാവിട്ടുകരഞ്ഞു. അവസാനം ഉമ്മ സമ്മതിച്ചു. എന്റെ ഓരോ കാല്‍വെപ്പും നോക്കി തൊട്ടുപുറകെ ഉമ്മയുണ്ട്. താഴെ പെരുന്തോടില്‍ സാമാന്യം വെള്ളമുണ്ട്. ഒന്നേ നോക്കിയുള്ളൂ. ഉള്ളുകിടുങ്ങിപ്പോയി.കാലുകള്‍ വിറയ്ക്കുന്നു. അറിയാതെ കണ്ണുനിറഞ്ഞു. പിന്നെ ഉമ്മ വാരിയെടുത്തു അപ്പുറത്തെത്തിച്ചതെ ഓര്‍മയുള്ളൂ.
ഇവിടെ നിന്ന് നോക്കിയാല്‍ പള്ളിക്കൂടം കാണാം. ഉച്ചത്തില്‍ കേള്‍കുന്ന പദ്യങ്ങളുടെ താളം അന്നേ വല്യ ഇഷ്ടമായിരുന്നു. കൂടെ ഇടയ്ക്കിടെയുള്ള ണിം ണിം മണിയടിയും. ''അടുത്ത കൊല്ലം ഞാനും സ്‌കൂളില്‍ പോകും അല്ലേ ഉമ്മാ...'' 'നീയൊന്നു വേഗം നടക്കെന്റെ മുത്തെ ...'ഉമ്മ ചോദ്യം കേട്ടില്ലെന്നു തോന്നുന്നു. ഉമ്മ ത്രില്ലിലാണ്. ലക്ഷ്യമെത്താറായിരിക്കുന്നു. സ്‌കൂളിനു മുന്നിലെ ചെമ്മണ്‍പാതയില്‍ കൂടി കുറച്ചു നടന്നാല്‍ സ്ഥലമെത്തി. റോഡ് എത്തിയപ്പോള്‍ ഉമ്മ എന്റെ കയ്യില്‍ പിടിച്ചു. എപ്പോഴെങ്കിലും വരുന്ന കാറോ സൈകിളോ ഭയന്നായിരിക്കും. കാദര്‍ക്കാടെ കടയില്‍ നിന്ന് ഒരു പടല നേന്ത്രപ്പഴവും രണ്ടു പാക്കറ്റ് ഗ്ലുകോസ് ബിസ്‌കറ്റും വാങ്ങി. ''ടാ...നിനക്ക് മിട്ടായി വേണ്ടേ...''കടയിലേക്ക് പിണ്ണാക്കും അരിയുമായി വന്ന കാളവണ്ടി നോക്കി നിന്ന എനിക്ക് കാദര്‍ക്കാടെ വക രണ്ട് നാരങ്ങമിട്ടായി. ഒന്ന് മഞ്ഞയും ഒന്ന് ഓറഞ്ചും. മടിച്ചു മടിച്ചു (അഭിനയിച്ചു) മിട്ടായി വാങ്ങി പോകറ്റിലിട്ടു.
ഓലമേഞ്ഞ പീടിക കഴിഞ്ഞാല്‍ പിന്നെ കാണുന്ന ഇടവഴി നേരെ ചെല്ലുന്നത് ഉമ്മാടെ വീട്ടിലേക്കാണ്. രാവിലെ വരുമെന്ന് പറഞ്ഞ ഞങ്ങളെയും കാത്തു ഉമ്മൂമേം ഇത്തമാരും മാമാരും ഉമ്മറത്ത് തന്നെ ഉണ്ട്. കുഞ്ഞാമ ഓടിവന്നു എന്നെ എടുത്തതും ഞാനോരുഗ്രന്‍ നിലവിളി. ''അയ്യോ പാമ്പ്..പാമ്പ്..'' പോകറ്റില്‍ കൈ ചൂണ്ടി എന്റെ കരച്ചില്‍ ഉച്ചത്തിലായി.സ്വീകരണയോഗം ഭീകരന്തരീക്ഷമായി. യാത്രയിലുട നീളം ഞാന്‍ ശേഖരിച്ച അമൂല്യ വസ്തുക്കള്‍ ഒന്നൊന്നായി പുറത്തെടുത്തു. പോകറ്റ് കാലിയായിട്ടും കരച്ചില്‍ മാറിയില്ല. അവസാനം ട്രൗസര്‍ അഴിച്ചു കുടയാന്‍ തീരുമാനമായി. ട്രൗസര്‍ അഴിച്ചതും എല്ലാവരും ഞെട്ടി. പലര്‍ക്കും ഛര്‍ദിക്കാന്‍ വരുന്നുണ്ട്. ജീവനുള്ള ഒരു ഒച്ച് എന്റെ തുടയില്‍ പറ്റിയിരിക്കുന്നു.
''അള്ളാ ഇതെങ്ങിനെ ഇവന്റെ കാലിലെത്തി...'കുഞാമ്മ ഒരു പ്ലാവില എടുത്തു ഒച്ചിനെ അടര്‍ത്തിയെടുത്തു. ''പുത്തമ്പള്ളീലെ വെളിച്ചെണ്ണ കൊറച്ചു തേച്ചാളെ..ചെക്കന്‍ ചൊറിയുന്നുണ്ടാവും..'' ഉമ്മൂമ വെളിച്ചെണ്ണയും കൊണ്ടു വന്നു. പാടത്ത് നിന്ന് കിട്ടിയ ശംഖുപോലുള്ള വസ്തു ജീവനുള്ള ഒച്ചായിരുന്നെന്നും പോക്കറ്റിലെ ചെറിയ ദ്വാരം വഴി ഇറങ്ങി എന്റെ തുടയില്‍ പറ്റിയതാണെന്നുള്ള തിരിച്ചറിവുമായി ഞാന്‍ ഉമ്മാടെ അടുത്തേക്ക് ചേര്‍ന്നു നിന്നു. ''കണ്ടെതെല്ലാം എടുത്തു പോകറ്റിലിട്ടാലേയ് ഇങ്ങനെയിരിക്കും മനസ്സിലായാ...കുറെ നടന്നതല്ലേ ഇനി ഉമ്മാടെ മടിയില്‍ കിടന്നൊന്ന് മയങ്ങിക്കോ..' അതെ ഇനിയൊന്നു മയങ്ങട്ടെ.
എഴുതിയത് :യൂസുഫ് അബൂബക്കര്‍
No comments:
Post a Comment