Monday 28 August 2017

അറഫ: തിരിച്ചറിവിന്റെ ദിനം



പുണ്യ അറഫ ദിനം വരുന്ന വ്യാഴാഴ്ച യാണ്.  പുണ്യപ്രവാചകന് ഇബ്രാഹീം നബി(അ)മിലൂടെ അല്ലാഹു നടത്തിയ വിളിക്കുത്തരം ചെയ്ത്, ലബ്ബൈക്കയുടെ മന്ത്രോച്ചാരണങ്ങളാല് മെയ്യും മനസ്സും നിറച്ച് ഹജ്ജാജുമാര് അന്ന് അറഫയില് സംഗമിക്കും. ശരീരം കൊണ്ട് അറഫയിലെത്താന് കഴിഞ്ഞില്ലെങ്കിലും, ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു കൊണ്ടു തന്നെ, മനസ്സു കൊണ്ടും ആത്മാവു കൊണ്ടും സത്യവിശ്വാസികളിന്ന് അറഫയില് സംഗമിക്കും.
അറഫയെന്നാല് അറിവ് എന്നാണര്ഥം. വിലക്കപ്പെട്ട കനി കഴിച്ചതിനെ തുടര്ന്ന് സ്വര്ഗ്ഗ ഭ്രഷ്ടനാക്കപ്പെട്ട ആദം(അ) പ്രിയ പത്നി ഹവ്വാ ഉമ്മയുമായി കണ്ടുമുട്ടിയത് ഇതേ സ്ഥലത്തു വെച്ചാണെന്നും അതിനാലാണ് അറഫയെന്ന് അതിനു പേരു വന്നതെന്നും മുസ്ലിം പണ്ഢിതര് അഭിപ്രായപ്പെടുന്നു.

എന്നാല് ഒരു വ്യക്തി മറ്റൊരു വ്യക്തിയെ തിരിച്ചറിയുക എന്നതിനപ്പുറം അറഫയെന്നത് മനുഷ്യന് അവന്റെ റബ്ബിനെ തിരിച്ചറിയേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ വിശദീകരിക്കുന്ന ഒരു ഖുദ്സിയ്യായ ഹദീസില് അല്ലാഹു ഇപ്രകാരം പറയുന്നു: “ഞാന് മറഞ്ഞ നിധിയായിരുന്നു. അപ്പോള് ഞാന് അറിയപ്പെടണമെന്നാഗ്രഹിക്കുകയും അതു പ്രകാരം പടപ്പുകളെ പടക്കുകയും ചെയ്തു”. അഥവാ, മനുഷ്യ സൃഷ്ടിപ്പിന്റെ പിന്നില് അല്ലാഹുവിന്റെ ലക്ഷ്യം മനുഷ്യന് അല്ലാഹുവിനെ അറിയുക എന്നതാണ്. അല്ലാഹുവിനെ അറിയുക എന്നത് ഓരോ മുസ്ലിമിനും നിര്ബന്ധമാണെന്നും, അറിവുകളില് ഏറ്റവും ഉത്തമമായത് അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണെന്നും പണ്ഢിതന്മാര് ഗ്രന്ഥങ്ങളില് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറെ പുണ്യമുള്ള ദിനമാണ് അറഫ. അതിന്റെ മഹത്വങ്ങളില് ചിലത് താഴെ വിവരിക്കുന്നു.
1-      അല്ലാഹു അവന്റെ തിരുദൂതരിലൂടെ മാനവരാശിയുടെ മോചനത്തിനായി അവതരിപ്പിച്ച വിശുദ്ധ ദീനിനെ പൂര്ണ്ണമാക്കിയതും അവന്റെ അനുഗ്രഹത്തിന്റെ സന്പൂര്ത്തീകരണം നടന്നതും ഇന്നേ ദിവസമായിരുന്നു. തിരുമേനി ഹജ്ജതുല് വിദാഇല് അറഫയില് നില്ക്കുന്പോളാണ് “ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ ദീനിനെ പൂര്ണ്ണമാക്കുകയും എന്റെ അനുഗ്രഹത്തെ നിങ്ങളുടെ മേല് സംപൂര്ണ്ണമാക്കുകയും ഇസ്ലാമിനെ നിങ്ങള്ക്കു മതമായി ഞാന് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു” (അല്മാഇദ-3) എന്ന ആയത്ത് ഇറങ്ങിയത്.
2-      അറഫയില് സംഗമിക്കുന്ന ആളുകള്ക്ക് ആഘോഷത്തിന്റെ ദിനമാണ് ഇന്ന്. നബി(സ) പറഞ്ഞു: “അറഫാ ദിനവും അറവിന്റെ ദിനവും തശ്റീഖിന്റെ നാളുകളും ഇസ്ലാമിക സമൂഹമേ, നമ്മുടെ ഈദാണ്. തീറ്റയുടെയും കുടിയുടെയും നാളുകളാണവ”.
3-      അന്ന് നോന്പനുഷ്ഠിക്കുന്നത് കഴിഞ്ഞ വര്ഷത്തെയും വരാനിരിക്കുന്ന വര്ഷത്തെയും പാപങ്ങളെ പൊറുക്കപ്പെടാന് കാരണമാകുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
4-      ഈ ദിനത്തിന്റെ പവിത്രത കാരണം, ഈ ദിനത്തെ പിടിച്ച് അല്ലാഹു ഖൂര്ആനില് സത്യം ചെയ്തിട്ടുണ്ട്. സൂറതുല് ബുറൂജിലെ മൂന്നാം ആയത്തില് “മശ്ഹൂദ്” എന്ന് പറഞ്ഞത് അറഫാ ദിനത്തെക്കുറിച്ചാണെന്ന് നബി(സ) പഠിപ്പിച്ചതായി അബൂ ഹുറൈറ(റ) രിവായത്ത് ചെയ്തിട്ടുണ്ട്. മാത്രമല്ല, സൂറതുല് ഫജ്റിലെ “വശ്ശഫ്ഇ വല് വത്റ്” എന്നിടത്തെ വത്റ് അറഫാ ദിനമാണെന്ന് ഇബ്നു അബ്ബാസ്(റ)വും പറഞ്ഞിട്ടുണ്ട്.
5-      ആത്മാവുകളുടെ ലോകത്തു വെച്ച് ആദം സന്തതികളില് നിന്ന് അല്ലാഹു ഉടന്പടി എടുത്തതും അറഫാ ദിനത്തിലായിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: “ആദം(അ)മിന്റെ മുതുകില് നിന്ന് നുഅ്മാനില് അഥവാ അറഫാദിനത്തില് അല്ലാഹു ഉടന്പടി എടുത്തു. ആദം(അ)മിന്റെ മുതുകില് നിന്ന് ഉണ്ടാകാന് പോകുന്ന മുഴുവന് സന്തതികളെയും പുറത്തെടുത്തു. അവരെ മുന്നില് വിത്തു കണക്കെ നിരത്തിനിറുത്തി. എന്നിട്ട് അല്ലാഹു അവരോട് സംസാരിച്ചു. ‘ഞാന് നിങ്ങളുടെ നാഥനല്ലയോ. അവര് പറഞ്ഞു അതെ. ഞങ്ങള് സാക്ഷ്യം വഹിച്ചിരിക്കുന്നു.”
6-      പാപമോചനത്തിന്റെയും നരകമുക്തിയുടെയും ദിനമാണ് അറഫാദിനം. നബി(സ) പറയുന്നു: “അറഫാദിനത്തിലേതിനെക്കാള് കൂടുതലായി അല്ലാഹു അവന്റെ അടിമകളെ നരകത്തില് നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല.” നബിതിരുമേനി ഹജ്ജതുല് വദാഇല് അറഫയില് നില്ക്കുന്പോള് ബിലാല്(റ)വിനോട് പറഞ്ഞു, ബിലാല് എനിക്കു വേണ്ടി ജനങ്ങളെയൊന്ന് നിശ്ശബ്ദരാക്കൂ. എല്ലാവരും നിശ്ശബ്ദരായപ്പോള് നബി(സ) പറഞ്ഞു: “ജനങ്ങളേ, അല്ലാഹുവിന്റെ സലാം പറയാനായി ജിബ്രീല്(അ) ഇപ്പോള് എന്റെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു, അറഫയിലെയും മശ്അറിലെയും ജനങ്ങള്ക്ക് അല്ലാഹു പാപമോചനം നല്കിയിരിക്കുന്നു.” ഇതു കേട്ട ഉമര്(റ) ചോദിച്ചു, ഇത് ഞങ്ങള്ക്ക് മാത്രമാണോ. നബി(സ) പറഞ്ഞു, നിങ്ങള്ക്കും നിങ്ങള്ക്ക് ശേഷം ഖിയാമത്ത് നാളു വരെ വരുന്നവര്ക്കും.
7-      ഈ ദിനത്തില് അറഫയില് സംഗമിച്ച തന്റെ അടിമകളെ കാണിച്ച് അല്ലാഹു അവന്റെ മലക്കുകളോട് അഭിമാനത്തോടെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സംസാരിക്കും. നബി(സ) പറഞ്ഞു, അല്ലാഹുവിന്റെ അടുത്ത് അറഫാ ദിനത്തെക്കാള് ശ്രേഷ്ഠമായ മറ്റൊരു ദിനമില്ല. അന്ന് അല്ലാഹു ഭൂമിയുടെ ആകാശത്തേക്കിറങ്ങിവന്ന് ഭൂമിയിലുള്ളവരെക്കുറിച്ച് ആകാശത്തുള്ളവരോട് അഭിമാനത്തോടെ എടുത്തു പറയും “എന്റെ അടിമകളെ നോക്കൂ. എല്ലാ വിദൂര സ്ഥലങ്ങളില് നിന്നും ജടകുത്തി പൊടി പിടിച്ച് ബലി സമര്പ്പിച്ച് അവര് വന്നിരിക്കുന്നു”.
ഏറെ പുണ്യം നിറഞ്ഞ ഈ ദിനത്തെ അതിന്റെ മഹത്വമറിഞ്ഞ് പ്രയോജനപ്പെടുത്താന് നമ്മെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. അവനെ അറിയാനുള്ള ദാഹം നമ്മിലവന് നിറച്ചു തരട്ടെ. അവനെ അറിഞ്ഞവരിലേക്ക് നമുക്കവന് വഴി കാണിച്ചു തരട്ടെ. ആമീന്.

No comments:

Post a Comment