Monday 24 June 2019

ഷാങ്‌ഹായില്‍ തിളങ്ങി ഇന്ദ്രന്‍സ്


ഇന്ദ്രന്‍സ്; ചെറിയ ശരീരത്തിലെ വലിയ മനസ്സുകൊണ്ടും കഴിവ് കൊണ്ടും പ്രിയപ്പെട്ടതായ നടന്‍...
അദ്ദേഹത്തിന് ഷാന്‍ഹായ് റെഡ് കാര്‍പെറ്റില്‍ സ്വീകരണം കിട്ടിയതില്‍ സന്തോഷം തോന്നി. അര്ഹതയ്ക്കുള്ള അംഗീകാരം. മലയാള സിനിമയിലും  ഇപ്പോഴാണ് അദ്ദേഹത്തിന് മികച്ച അവസരങ്ങള്‍ കിട്ടി കൊണ്ടിരിക്കുന്നത്.

എന്റെയൊക്കെ ചെറുപ്പകാലത്ത് ഇന്ദ്രന്‍സ് എന്ന് പറയുമ്പോള്‍ തന്നെ ചിരിയാണ്. അദ്ധേഹത്തിന്റെ കഥാപാത്രങ്ങള്‍ എല്ലാം ചിരിവരുത്തുന്നവ ആയിരിക്കും. ഒരു പക്ഷെ അദ്ധേഹത്തിന്റെ ശരീരത്തെ കളിയാക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന് സിനിമയില്‍ കിട്ടി കൊണ്ടിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക് ശേഷം ഇപ്പോള്‍ അദ്ദേഹത്തിന് മികച്ച കഥാപാത്രങ്ങള്‍ കിട്ടി കൊണ്ടിരിക്കുന്നു. സമീപകാലത്ത് മികച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി . 2017ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും അദ്ധേഹത്തെ തേടിയെത്തി.

സാധാരണ പറയുന്നതുപോലെ, ഒരു സിനിമയില്‍ മാത്രം മുഖം കാണിച്ചവര്‍ പോലും വെള്ളിവെളിച്ചത്തില്‍ തിളങ്ങുമ്പോഴും അഭിനയത്തിന്റെ കുലപതികളായി നടിക്കുമ്പോഴും പ്രതിഭയുടെയും പ്രശസ്‍തിയുടെയും തലക്കനം ബാധിക്കാതിരിക്കാനായിരുന്നു ഇന്ദ്രൻസ് ശ്രമിച്ചിട്ടുള്ളത്. നാലാം ക്ലാസ് മാത്രമേ വിദ്യാഭ്യാസമുള്ളൂവെന്ന് തുറന്നുപറയുമ്പോഴും ജീവിതവും പരന്ന വായനയും നല്‍കിയ അറിവനുഭവങ്ങളാണ് തന്നിലെ നടനെ പാകപ്പെടുത്തിയെന്നാണ് ഇന്ദ്രൻസ് പറയാറുള്ളത്. നാട്യമല്ലാത്ത വിനയം മുഖമുദ്രയായ ഇന്ദ്രൻസ് സിനിമക്കാരനിലെ സാധാരണക്കാരനുമാണ്. പ്രേക്ഷകര്‍ക്ക് ഒപ്പംചേര്‍ന്നുനില്‍ക്കാൻ തോന്നുന്ന നടൻ. ആ തോന്നല്‍ ഉണ്ടാക്കുന്നതുതന്നെയാണ് ഇന്ദ്രൻസിന്റെ വേഷപ്പകര്‍ച്ചകളും. അത്രത്തോളം സ്വാഭാവികമെന്നു തോന്നുന്ന കഥാപാത്രങ്ങളെയാണ് ഇന്ദ്രൻസ് എന്ന നടനില്‍ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ കാണാനാകുന്നതും.


വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇന്ദ്രൻസ് നാടകത്തെ ഒപ്പം കൂട്ടിയിരുന്നു. കുമാരപുരം സുരൻ എന്ന പേരില്‍ അമേച്ചര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. പക്ഷേ തന്റെ രൂപം മികച്ച കഥാപാത്രങ്ങളെ ലഭിക്കാൻ തടസ്സമായിരുന്നതായി അദ്ധേഹം പലപ്പോഴും പറയുന്നതായും കണ്ടു. പക്ഷേ അതേ രൂപം തന്നെയാണ് തനിക്ക് പിന്നീട് മേല്‍വിലാസമുണ്ടാക്കി തന്നതെന്നും ഇന്ദ്രൻസ് പറയുന്നുണ്ട്.

തയ്യല്‍ തൊഴിലാളിയായി ആണ് അദ്ദേഹം ജീവിതം തുടങ്ങുന്നത്, മലയാള സിനിമയിലേക്ക് വരുന്നതും വസ്ത്രാലങ്കാരം ചെയ്തു കൊണ്ടാണ്. 
ഇന്ദ്രൻസ് തന്നെ പറയുംപോലെ നടൻമാര്‍ക്ക് കുപ്പായം തുന്നിയായിരുന്നു സിനിമയിലെ തുടക്കം.  അന്ന് കെ സുരേന്ദ്രൻ എന്നായിരുന്നു പേര്. വസ്‍ത്രലാങ്കാരത്തിലെ തിരക്കില്‍ നില്‍ക്കുമ്പോള്‍ തന്നെ ഇന്ദ്രൻസ് സിനിമയില്‍ മുഖം കാട്ടിത്തുടങ്ങുകയും ചെയ്‍തു. പിന്നീട് ചെറുതും വലുതുമായുള്ള ഒട്ടേറെ സിനിമകള്‍. പക്ഷേ അതില്‍ പലതും കുടക്കമ്പിയെന്നുള്ള പരിഹാസച്ചിരി സമ്മാനിക്കാൻ വേണ്ടിയുള്ള കഥാപാത്രങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഷാങ്‌ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എത്തി നില്കുന്നു. 


ഇപ്പോള്‍ അദ്ധേഹത്തിന്റെ ഒരു തുറന്നു പറച്ചില്‍ വലിയ വിഷമം ഉണ്ടാക്കുന്ന ഒന്നായി. തനിക്ക് ചലച്ചിത്ര ലോകത്തു നിന്ന് തന്നെ പരിഹാസം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. ഒരു സംവിധായകനെ അഭിനന്ദിച്ചപ്പോൾ അദ്ദേഹം തന്നെ പരിഹസിക്കുകയായിരുന്നുവെന്ന് ഇന്ദ്രൻസ് പറയുന്നു. ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കുടുംബ സമേതം പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുക്കാനായി പോയത്. അവിടെ പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഒരു പ്രമുഖ സംവിധായകനും എത്തിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനായി അടുത്ത് ചെന്നപ്പോള്‍ തിരിഞ്ഞ് നിന്ന് ‘ഓ, നിങ്ങള്‍ അടൂരിന്റെ പടത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ. അടൂര്‍ നിലവാരം താഴ്ത്തിയോ, അതോ നിങ്ങള്‍ ആ നിലവാരത്തിലേക്ക് എത്തിയോ’ എന്ന് പറഞ്ഞ് പരിഹാസച്ചുവയോടെ ചിരിച്ചു. കുടുംബാംഗങ്ങള്‍ ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നു’.- ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിനിടെ ഇന്ദ്രൻസ് പറഞ്ഞു.

കളിയാകുന്നവര്‍ കളിയാക്കട്ടെ; നിങ്ങള്‍ മികച്ച നടനാണെന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു. ഇനിയും മികച്ച അവസരങ്ങളും പുരസ്കാരങ്ങളും   നിങ്ങളെ തെടിയത്തട്ടെ എന്ന് ആശംസിക്കുന്നു.


No comments:

Post a Comment