Tuesday 25 June 2019

വേണം ഒരു കണ്ണ് കുട്ടികളില്‍


വീടുകൡലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും കുട്ടികളുടെ സുരക്ഷ വെല്ലുവിളി നേരിടുകയാണെന്ന് കാണിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. നാഷ്‌നല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2006 മുതല്‍ 10 വര്‍ഷത്തിനിടയില്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ 600 ശതമാനം വര്‍ധനവാണ് ഇന്ത്യയില്‍ ഉണ്ടായത്. ലൈംഗികാതിക്രമങ്ങള്‍ മാത്രമല്ല, കുട്ടികള്‍ക്കെതിരെ മറ്റ് വിധത്തിലുള്ള കുറ്റകൃത്യങ്ങളും രാജ്യത്ത് കൂടിവരികയാണ്. 2016-ല്‍ മാത്രം കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 1,06,958 ആണ്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കല്‍, ശൈശവവിവാഹം തുടങ്ങിയവയാണ് കുട്ടികള്‍ക്കെതിരെയുള്ള പ്രധാന കുറ്റകൃത്യങ്ങള്‍.
സാക്ഷരതയിലും സാമൂഹിക അവബോധത്തിലും മുന്നിലുള്ള നമ്മുടെ സംസ്ഥാനത്തും കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2017-ല്‍ 3478 അതിക്രമങ്ങളാണ് കേരളത്തില്‍ കുട്ടികള്‍ക്കെതിരെ ഉണ്ടായതെങ്കില്‍, 2018-ല്‍ ഇത് 4008 ആയി വര്‍ധിച്ചു. 'പോക്‌സോ' നിയമപ്രകാരം, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകള്‍ 2017-ല്‍ 2697 -ഉം 2018-ല്‍ 2900-ഉം ആണ്. 2008 മുതല്‍ 2018 വരെയുള്ള 11 വര്‍ഷത്തിനുള്ളില്‍ 6910 പെണ്‍കുട്ടികളാണ് കേരളത്തില്‍ ബലാത്സംഗത്തിന് ഇരകളായത്. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഏഴിരട്ടിയിലധികം വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
ലൈംഗിക ദുരുദ്ദേശ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ബാലവേല, വേശ്യാവൃത്തി, ഭിക്ഷാടനം, അവയവവ്യാപാരം, ലഹരിവസ്തുക്കളുടെ വില്‍പന തുടങ്ങിയവക്ക് ഉപയോഗിക്കുന്നതിനും ഭിക്ഷാടന മാഫിയകളും ക്രിമിനല്‍ സംഘങ്ങളും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ട്. 2008 മുതല്‍ 2018 വരെയുള്ള 11 വര്‍ഷക്കാലയളവില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകലും കാണാതാകലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1512 ആണ്. കഴിഞ്ഞ വര്‍ഷം കാണാതായ കുട്ടികളില്‍ 56 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ഥങ്ങളുടെ വില്‍പനക്കും കള്ളക്കടത്തിനും കുട്ടികളെ ഉപയോഗിക്കുന്ന സംഘങ്ങളും ഇന്ന് സജീവമാണ്. 2017-ല്‍ ആദ്യത്തെ 9 മാസത്തിനിടയില്‍ കഞ്ചാവും ലഹരിഗുളികകളും കടത്തിയ കേസുകളില്‍ പാലക്കാട് ജില്ലയില്‍ മാത്രം പോലീസ് പിടിയിലായത് 63 വിദ്യാര്‍ഥികളാണ്. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിവസ്തുക്കള്‍ കടത്തുന്നതിനിടയിലാണ് ഇവര്‍ പോലീസ് പിടിയിലായത്. ഇവരില്‍ പലരും വിവിധ കാരണങ്ങളാല്‍ പഠനം ഇടക്കു വെച്ച് നിര്‍ത്തിയവരും തകര്‍ന്ന കുടുംബങ്ങളില്‍നിന്നുള്ളവരുമാണ്.

ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല
പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും സുരക്ഷിതരല്ല എന്നതാണ് വാസ്തവം. അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കൂടുതല്‍ വിധേയരാകുന്നത് ആണ്‍കുട്ടികളാണെന്ന് കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. തൃശൂരില്‍ നടത്തിയ ഗവേഷണത്തിന്റെ 2017-ല്‍ എല്‍സെവീര്‍ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, പെണ്‍കുട്ടികളില്‍ 6.2 ശതമാനം പേര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ലൈംഗിക അതിക്രമത്തിന് വിധേയരാകുന്ന ആണ്‍കുട്ടികള്‍ 29.5 ശതമാനം ആണ്. ശാരീരിക അതിക്രമങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ 61.7 ശതമാനം ആണ്. എന്നാല്‍ ആണ്‍കുട്ടികളില്‍ ഇത് 83.4 ശതമാനം വരും. 75.7 ശതമാനം പെണ്‍കുട്ടികളും 89.5 ശതമാനം ആണ്‍കുട്ടികളും മാനസിക പീഡനങ്ങള്‍ക്ക് ഇരകളാകുന്നു. കുടുംബത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന് പ്രധാന കാരണമായി പഠനം കണ്ടെത്തിയത്. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവര്‍ ഉള്ള കുടുംബങ്ങളിലെ കുട്ടികളാണ് അതിക്രമങ്ങള്‍ക്ക് കൂടുതലായി വിധേയരാകുന്നതെന്നും പഠനം കണ്ടെത്തുകയുണ്ടായി. 2017-18 കാലയളവില്‍ സംസ്ഥാനത്തെ ചൈല്‍ഡ് ലൈന്‍ യൂനിറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്ത ലൈംഗികാതിക്രമ കേസുകളില്‍ 1019 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍, 133 ആണ്‍കുട്ടികളും അതിക്രമത്തിനിരകളായിട്ടുണ്ട്.

വീട്ടിലും പീഡനം
കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കുന്നവിധം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. സമൂഹത്തില്‍ വ്യാപകമാകുന്ന മദ്യാസക്തിയും മയക്കുമരുന്നുപയോഗവും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബാലപീഡനക്കേസുകൡലെ കുറ്റവാളികള്‍ പലരും സ്ഥിരം മദ്യപാനികളോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ ആണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപഭോക്താക്കളും കച്ചവടക്കാരുമായി മാറുന്ന കുട്ടികള്‍ സഹപാഠികളെ ഈ വിപത്തിലേക്ക് നയിക്കുന്നുമുണ്ട്.
സ്വന്തം കുടുംബാംഗങ്ങള്‍ പോലും ഇളംപ്രായക്കാരോട് മോശമായി പെരുമാറുന്നു എന്നതാണ് കുട്ടികളുടെ സുരക്ഷ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെ കേരളത്തിലെ ചൈല്‍ഡ് ലൈന്‍ യൂനിറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്ത 1302 ബാല ലൈംഗികാതിക്രമ കേസുകളില്‍ 93.5 ശതമാനത്തിലും പ്രതികള്‍ കുട്ടികളുടെ അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആണ്. ഇതില്‍ പകുതിയോളം സംഭവങ്ങളും നടന്നത് സ്വന്തം വീടുകൡലാണ് (591). 156 കേസുകള്‍ വിദ്യാലയങ്ങളില്‍ നടന്നവയാണ്. അയല്‍വീടുകളില്‍ 131 കുട്ടികളും വാഹനങ്ങളില്‍ 66 കുട്ടികളും പീഡിപ്പിക്കപ്പെട്ടു. കടകളില്‍ വെച്ച് കുട്ടികള്‍ അതിക്രമത്തിനിരയായ സംഭവങ്ങള്‍ 63-ഉം പൊതുവഴിയില്‍ ഇത് 23-ഉം ആണ്. ഇങ്ങനെ വീടും വിദ്യാലയവും പൊതുഇടങ്ങളും കുട്ടികള്‍ക്ക് സുരക്ഷിതമല്ലാതാകുന്ന അവസ്ഥ സമൂഹത്തിന്റെ ധാര്‍മിക അധഃപതനം കൂടിയാണ് കാണിക്കുന്നത്.
ആഘാതം ഗുരുതരം
ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക് വിധേയരായി അരക്ഷിതാവസ്ഥയില്‍ ജീവിക്കുന്ന കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. കാനഡ മക്ഗില്‍ സര്‍വകലാശാല നടത്തിയ പഠനം കണ്ടെത്തിരിയിരിക്കുന്നത് പീഡനം കുട്ടികളുടെ തലച്ചോറിലെ 'സ്ട്രസ് ഫൈറ്റിംഗ് ജീനു'കളെ ബാധിക്കുമെന്നാണ്. അതുവഴി പീഡനത്തിനിരകളാകുന്ന കുട്ടികളില്‍ മാനസിക പിരിമുറുക്കം നേരിടാനുള്ള കഴിവ് കുറയുകയും ആത്മവിശ്വാസം തകരുകയും ചെയ്യുന്നു. ഇത്തരം കുട്ടികളില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം അതിജീവിക്കാനുള്ള കഴിവ് കുറയുകയും വിഷാദ രോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയവ വളരുകയും ചെയ്യും. ബാല്യകാലത്ത് ഏതെങ്കിലും വധത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരകളായവര്‍ പിന്നീട് മുതിരുമ്പോള്‍ മാനസിക സംഘര്‍ഷം കുറക്കുന്നതിന് മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരായും വ്യക്തിത്വ വൈകല്യമുള്ളവരായും ബാലപീഡകരായും മാറാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. പീഡനത്തിന് വിധേയരായ കുട്ടികള്‍ക്ക് ജീവിതത്തോടു തന്നെ വിരക്തി തോന്നുകയും പഠനത്തില്‍ താല്‍പര്യം കുറയുകയും ചെയ്യും.
നിയമവും ശിക്ഷയും
കുട്ടികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിരവധി നിയമങ്ങള്‍ നമുക്കുണ്ട്. ബാലനീതിനിയമപ്രകാരം, 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത്, 5 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. കുട്ടികള്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കുന്നവര്‍ക്കും അവയുടെ വില്‍പനക്ക് കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്കും 7 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. ബാലവേല ചെയ്യിക്കുന്നവര്‍ക്ക് 5 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്.
കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുന്ന നിയമം (പോക്‌സോ) പ്രകാരം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന് 'പോക്‌സോ' നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 
വേണം ജാഗ്രത
എന്നാല്‍ നിയമങ്ങള്‍ കൊണ്ട് മാത്രം കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാവില്ല. ബാലപീഡനങ്ങള്‍ സമൂഹത്തില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത കൂടി നമുക്ക് വേണ്ടതുണ്ട്. സിനിമയിലും സീരിയലിലും അഭിനയം, പഠനത്തോടൊപ്പം ജോലി തുടങ്ങി കുട്ടികള്‍ക്കുള്ള വ്യാജവാഗ്ദാനങ്ങളുമായി എത്തുന്നവരെ കരുതിയിരിക്കണം. കപട സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ചതിക്കുഴികളില്‍ അകപ്പെടാതെ പെണ്‍കുട്ടികള്‍ സ്വയം സൂക്ഷിക്കണം. കുട്ടികള്‍ ചീത്ത കൂട്ടുകെട്ടുകളില്‍പെടുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിച്ച്, അവരെ സൈബര്‍ കെണികളില്‍നിന്ന് രക്ഷിക്കണം. വീട്ടില്‍ മാതാപിതാക്കളും മക്കളും തമ്മില്‍ മനസ്സു തുറന്ന് സംസാരിക്കണം. മക്കള്‍ക്ക് സ്‌കൂളില്‍ പോകാന്‍ താല്‍പര്യം കുറയുകയോ പഠനത്തില്‍ ശ്രദ്ധ കുറയുകയോ അവരുടെ കൈവശം കൂടുതലായി പണം കാണുകയോ ചെയ്താല്‍, സ്‌നേഹത്തോടെ ചോദിച്ച് യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശ്രമിക്കണം. ആവശ്യമെങ്കില്‍ മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി കൗണ്‍സലിംഗോ വൈദ്യപരിചരണമോ നല്‍കണം. അതിക്രമത്തിനിരയായ കുട്ടികളെ കുറ്റപ്പെടുത്താതെ അവര്‍ക്ക് വൈകാരിക പിന്തുണ നല്‍കണം.
കേരളത്തില്‍ കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. അതുപ്രകാരം എല്ലാ സ്‌കൂളുകളിലും സുരക്ഷാ സമിതികള്‍ രൂപവല്‍ക്കരിക്കണം. പെട്ടെന്നുണ്ടാകുന്ന അതിക്രമ സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികള്‍ക്ക് സ്വയം പ്രതിരോധ മുറകള്‍ പരിശീലിപ്പിക്കണം. അപകടകരമായ ഓണ്‍ലൈന്‍ ഗെയ്മുകളില്‍ പെട്ടുപോകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കുട്ടികളില്‍ അസ്വാഭാവികമായ പെരുമാറ്റം കണ്ടാല്‍ രക്ഷിതാക്കളും അധ്യാപകരും ചോദിച്ച് വസ്തുത മനസ്സിലാക്കണം. ഓരോ ക്ലാസ് ടീച്ചറും തന്റെ ക്ലാസിലെ വിദ്യാര്‍ഥികളുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണം. എന്തെങ്കിലും ആവശ്യം പറഞ്ഞ് സ്‌കൂളില്‍നിന്ന് പുറത്തു പോകുന്ന വിദ്യാര്‍ഥി നിശ്ചിത സമയത്തിനുള്ളില്‍ ക്ലാസില്‍ തിരികെയെത്തിയിട്ടുണ്ടെന്ന് ക്ലാസ് ടീച്ചര്‍ ഉറപ്പു വരുത്തണം. ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിദ്യാലയ അധികൃതര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികള്‍ക്കെതിരെ വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍ സാംസ്‌കാരിക അപചയത്തിന്റെയും മൂല്യച്യുതിയുടെയും ലക്ഷണമാണ്. അതുകൊണ്ടാണ് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ മനുഷ്യത്വത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് രാഷ്ട്രപതി തന്നെ അഭിപ്രായപ്പെട്ടത്. രാഷ്ട്രത്തിന്റെ ഭാവി സമ്പത്തായ കുട്ടികള്‍ പീഡനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വിധേയമാകാതെ വളരാനുള്ള സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാര്‍ സംവിധാനത്തിന്റെ മാത്രമല്ല, പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. 
(വായിച്ചത് പകര്‍ത്തി എഴുതിയത് )
എഴുതിയത് : അശ്‌റഫ് കാവില്‍

No comments:

Post a Comment