Saturday 17 December 2022

മനസ്സിന്റെ ആരോഗ്യം

 



ഭൂമിയില്‍ സന്തോഷത്തോടും സമാധാനത്തോടും ജീവിക്കണമെന്ന മനുഷ്യന്റെ ആഗ്രഹത്തിന് മനുഷ്യാരംഭത്തോളം പഴക്കമുണ്ട്. ഹാബീലിന്റെയും ഖാബീലിന്റെയും ചരിത്രം നമുക്ക് പറഞ്ഞു തരുന്നതും അതാണല്ലോ. അന്നുമുതലുള്ള മനുഷ്യന്റെ അന്വേഷണമാണ് ഭൂമിയില്‍ എങ്ങനെ കൂടുതല്‍ കാലം സു ഖമായി ജീവിക്കാമെന്ന്. തുടക്കത്തില്‍ ശരീരത്തിന്റെ സൗഖ്യവും ആയുരാരോഗ്യവും മാത്രമായിരുന്നു മനുഷ്യന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലക്ഷ്യം. ക്രമേണ ശരീരത്തിന്റെ സൗഖ്യം കൊണ്ടുമാത്രം ജീവിക്കാന്‍ കഴിയില്ല, മനസിന്റെ ആരോഗ്യം കൂടി അത്യാന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞു. പല ശാരീരിക രോഗങ്ങളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കി.

ഇന്ത്യയില്‍ 13 ശതമാനം ആളുകളും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് നാഷ്‌നല്‍ മൂവ്‌മെന്റല്‍ ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനം കാണിക്കുന്നത്.

ഉത്കണ്ഠ ഒരു രോഗമാവുമ്പോള്‍
സാധാരണ രീതിയിലുള്ള ഉത്കണ്ഠ പലപ്പോഴും ഭയത്തില്‍നിന്ന് വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു മാനസികാവസ്ഥയാണ്. ഭയത്തിന് സമാനമായ ശാരീരികാനുഭവമാണ് ഉത്കണ്ഠക്കും ഉണ്ടാവാറുള്ളത്. ഇതിന്റെ ഭാഗമായി ശരീരം വിറക്കുന്ന അവസ്ഥ ഉണ്ടാവും. ചിലര്‍ക്ക് ശ്വസിക്കാന്‍ പ്രയാസമനുഭവപ്പെടാറുണ്ട്. ഇത് ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളിലാണെങ്കില്‍ പ്രശ്‌നമില്ല. തുടര്‍ച്ചയായോ ഹ്രസ്വമായ ഇടവേളകളിലോ വരികയാണെങ്കില്‍ ദൈനംദിന ജീവിതത്തെ അത് സാരമായി ബാധിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു കൗണ്‍സിലറുടേയോ മനശ്ശാസ്ത്ര വിദഗ്ധന്റെയോ സഹായം തേടേണ്ടതാണ്.

വിഷാദരോഗം
ജീവിതത്തില്‍ സങ്കടം വരാത്തവര്‍ ആരുമുണ്ടാവില്ല. ചിലരുടെ മനസ്സിനെ അത് ദിവസങ്ങളോ ആഴ്ചകളോ അലട്ടിക്കൊണ്ടിരിക്കും. ഇത്തരക്കാര്‍ വൈകാതെ വിഷാദ രോഗത്തിലേക്ക് എത്തും. അത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടമാണ്.

ഒ.സി.ഡി
ഒ.സി.ഡി എന്നറിയപ്പെടുന്ന ഒബ്‌സെസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ പലപ്പോഴും ഒരു രോഗമായി കണക്കാക്കാത്തതിനാല്‍ ചികിത്സിക്കപ്പെടാതെ പോവാറാണ് പതിവ്. മനസ്സിലേക്ക് ആവര്‍ത്തിച്ച് കയറിവരുന്ന ചില ചിന്തകളോ തോന്നലുകളോ ആണ് ഒബ്‌സെഷന്‍. ഈ തോന്നലുകള്‍ ചിലപ്പോള്‍ ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തനങ്ങളായി മാറുന്നതാണ് കംപല്‍ഷന്‍. ഇത് പല രൂപത്തില്‍ കാണാറുണ്ട്. ചിലര്‍ക്ക് എത്ര കഴുകിയാലും തൃപ്തിയാവില്ല. കുളിച്ചു കഴിഞ്ഞാല്‍ വൃത്തിയായോ എന്ന സംശയത്തില്‍ വീണ്ടും വീണ്ടും കുളിക്കും. എണ്ണിത്തിട്ടപ്പെടുത്തിയത് തന്നെ വീണ്ടും വീണ്ടും എണ്ണും. വാതിലടച്ച് ഇറങ്ങിയാല്‍ വീണ്ടും വീണ്ടും അടച്ചോ എന്ന് തിരിച്ചുകയറി ഉറപ്പു വരുത്തും ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നിത്യ ജീവിതത്തില്‍ നിന്ന് കെടുക്കാം.
സ്‌കിസോഫ്രീനിയ, ലഹരിയനുബന്ധ മാനസിക പ്രശ്‌നങ്ങള്‍, വ്യത്യസ്തതരം ഫോബിയകള്‍, സംശയ രോഗങ്ങള്‍ മുതല്‍ പുതിയ കാല ഡിജിറ്റല്‍ യുഗവുമായി ബന്ധപ്പെട്ട ഡിസോര്‍ഡറുകള്‍ വേറെയുമുണ്ട്. എല്ലാത്തിനും ചികിത്സയുണ്ട്.

എന്താണ് പരിഹാരം?
നല്ലൊരു ശതമാനം മാനസിക പ്രശ്‌നങ്ങളും തുടക്കത്തില്‍ കണ്ടെത്തി ഒരു തുറന്നുപറച്ചിലിലൂടെയോ അല്ലെങ്കില്‍ തക്ക സമയത്തുള്ള മറ്റുള്ളവരുടെ ഇടപെടലിലൂടെയോ പരിഹരിക്കാന്‍ കഴിയും. മാതാപിതാക്കള്‍, സഹോദരീ സഹോദരന്മാര്‍, ജീവിത പങ്കാളി, മറ്റു കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ ക്രിയാത്മകമായി പങ്കുവഹിക്കാന്‍ കഴിയും. അതുകൊണ്ടും തീരുന്നില്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കാം. രണ്ടോ മൂന്നോ കൗണ്‍സലിംഗില്‍ തീരേണ്ടുന്ന പല പ്രശ്‌നങ്ങളും അശ്രദ്ധ കാരണം ജീവിതകാലം മുഴുവനും മരുന്ന് കഴിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങിയ പല അനുഭവങ്ങളുമുണ്ട്.
ശരിയായ ചികിത്സ കൊണ്ട് തീരാവുന്നതേയുള്ളൂ 90 ശതമാനം പ്രശ്‌നങ്ങളും. പക്ഷേ, ചികിത്സിക്കാന്‍ തയാറാവണം. എങ്കില്‍ മാത്രമേ മനസ്സ്് വരുതിയില്‍ വരൂ.

No comments:

Post a Comment