Friday, 23 October 2026

എൻറെ അണ്ണാൻ കൂട്ടുകാരൻ

 


എന്റെ SSLC ഇംഗ്ലീഷ് പരീക്ഷയുടെ ദിവസം. രാവിലെ തന്നെ ഞാൻ ക്ലാസ് മുറിയിലെത്തി. അപ്പോഴാണ് കുറെ നേരമായി ഒരു അണ്ണാന്റെ കരച്ചിൽ കേൾക്കുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയിരിക്കുമ്പോൾ ഒരു അണ്ണാൻ താഴേക്ക് വീണു. പിന്നാലെ ഒരു അണ്ണാൻ കുഞ്ഞും!

അമ്മ അണ്ണാൻ താഴേക്ക് വീണ ഉടനെ ചാടിപ്പോയി. പക്ഷേ കുഞ്ഞ് അവിടെത്തന്നെ കിടക്കുകയാണ്. ഞാൻ അടുത്തുചെന്നു നോക്കി. പാവം, ഒരു കൊച്ചുകുഞ്ഞ്! കരയാൻ പോലും കഴിയാതെ അനങ്ങാതെ കിടക്കുന്നു.

ഞാൻ പതുക്കെ അതിനെ കയ്യിലെടുത്തു തലോടി. അപ്പോഴേക്കും കൂട്ടുകാർ തുടങ്ങി:

“എടാ, അതിനെ കളഞ്ഞേക്ക്!”

കളയാനോ? അതും എനിക്ക് കിട്ടിയ അണ്ണാൻ കുഞ്ഞിനെ?

എത്ര നാളായി ഒരു അണ്ണാൻ കുഞ്ഞിനെ പിടിക്കാനുള്ള ആഗ്രഹവുമായി നടക്കുന്നു! വലിയൊരു മുളവടിയിൽ പറങ്കിമാങ്ങ കുത്തിവെച്ച് അണ്ണാൻ വരുന്ന സ്ഥലത്ത് കൊണ്ടുപോയി വെക്കും. അണ്ണാൻ വന്ന് മാങ്ങ കടിക്കുമ്പോൾ മുളവടി കുലുക്കിയാൽ അത് താഴെ വീഴുമെന്നും അങ്ങനെ പിടിക്കാമെന്നുമൊക്കെയായിരുന്നു എന്റെ കണക്കുകൂട്ടൽ.

എന്റെ ഈ സാഹസികത കണ്ട് മറ്റമ്മ എത്രയോ തവണ എന്നെ കളിയാക്കിയിട്ടുണ്ട്!

അങ്ങനെയുള്ള എനിക്ക് കിട്ടിയ അണ്ണാൻ കുഞ്ഞിനെ ഞാൻ കളയുമോ? 😊

പക്ഷേ ഒരു പ്രശ്നമുണ്ട്. SSLC പരീക്ഷ എഴുതണം!

അങ്ങിനെ  അണ്ണാൻ കുഞ്ഞിനെ എന്റെ കീശയിലിട്ട് പരീക്ഷ എഴുതാൻ തുടങ്ങി.

ആള് പാവം, അനങ്ങാതെ കീശയിൽ കിടന്നു. പരീക്ഷ കഴിയാറായപ്പോഴേക്കും പതുക്കെ അനങ്ങാൻ തുടങ്ങി. ചെറിയ ശബ്ദവും ഉണ്ടാക്കാൻ തുടങ്ങി.

ടീച്ചർ അടുത്തുവന്ന് ചോദിച്ചു:

“എന്താ ഈ ശബ്ദം?”

ഞാൻ ആളെ ടീച്ചർക് കാണിച്ചുകൊടുത്തു. ടീച്ചർ ചിരിച്ചുകൊണ്ട് പരീക്ഷ എഴുതിക്കോളാൻ പറഞ്ഞു.

അങ്ങനെ പരീക്ഷയും കഴിഞ്ഞു. അണ്ണാൻ കുഞ്ഞിനെയും കിട്ടി. സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ വീട്ടിലെത്തിയത്.

വളരെ ചെറിയൊരു കുഞ്ഞായിരുന്നു അത്. നടന്നു തുടങ്ങുന്നതേയുള്ളൂ. വീട്ടിലുള്ളവർക്കെല്ലാം അവനെ ഇഷ്ടമായി. ഞങ്ങൾ അവന് പാലും പഴവും കൊടുത്തു. എത്ര പെട്ടെന്നാണ് അവൻ ഞങ്ങളോട് ഇണങ്ങിയത്!

ഒരു കൂട് ഒപ്പിച്ച് വടക്കേപ്പുറത്ത് തൂക്കിയിട്ടു. അങ്ങനെ അവന് പുതിയൊരു വീടുമായി.

പരീക്ഷ കഴിഞ്ഞു. സ്കൂളും അടച്ചു. ഇനി അവനാണ് എന്റെ പ്രധാന കൂട്ട്.

ഒരു ദിവസം ഉച്ചയ്ക്ക് ഞാനും അവനും എന്റെ കട്ടിലിൽ കിടന്നു. അവനെയും ഒരു പുതപ്പിനുള്ളിലാക്കി കിടത്തി. രണ്ടുപേരും സുഖമായി കിടന്നുറങ്ങി.

എണീറ്റപ്പോൾ ആളെ കാണാനില്ല!

പടച്ചോനേ! എന്റെ അണ്ണാൻ കുഞ്ഞ് എവിടെപ്പോയി?

പൂച്ച പിടിച്ചുകാണുമോ എന്നൊക്കെയുള്ള ചിന്തകൾ മനസ്സിൽ നിറഞ്ഞു. വിഷമം സഹിക്കാനാവാതെ ഞാൻ ഉമ്മാനെ വിളിച്ചു.

ഉമ്മ പറഞ്ഞു:

“പേടിക്കണ്ട, ആള് ഇവിടെ ഓടിനടക്കുന്നത് കണ്ടിരുന്നു. പിടിച്ച് കൂട്ടിലാക്കിയിട്ടുണ്ട്.”

അപ്പോഴാണ് ശ്വാസം നേരെ വീണത്. സമാധാനമായി!

പിന്നീട് അവൻ പെട്ടെന്ന് വളർന്നു. കൂട്ടിലൊതുങ്ങുന്ന അണ്ണാനൊന്നുമല്ലാതായി. എപ്പോഴും എന്റെ കൂടെതന്നെ. എന്റെ പുറത്തും കീശയിലുമൊക്കെയായി ഞാൻ പോകുന്നിടത്തെല്ലാം അവനും വരും.

ലൈല അമ്മായിയുടെ വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോൾ ആള് എന്റെ കീശയിൽ കയറി ഇരിക്കും. ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു. ചിലപ്പോൾ ആൾ കീശയിൽത്തന്നെ കാര്യം സാധിക്കും! 😁

അങ്ങനെ അവൻ പതുക്കെ ഒറ്റയ്ക്ക് പുറത്തുപോകാനും തുടങ്ങി. ദൂരെയൊന്നും പോകില്ല. വടക്കേപ്പുറത്തെ പേരമരത്തിലും ഓട്ടിൻപുറത്തുമൊക്കെയായി അവന്റെ കളികൾ. കളി കഴിഞ്ഞാൽ തിരിച്ചുവന്ന് കൂട്ടിൽ കയറും.

എന്റെ ഏറ്റവും വലിയ കൂട്ടുകാരനായി അവൻ മാറിക്കഴിഞ്ഞിരുന്നു.

ഒരു ദിവസം നോക്കിയപ്പോൾ ഓട്ടിൻപുറത്ത് അവന്റെ കൂടെ മറ്റൊരു അണ്ണാൻ കൂടി!

അവന് പുതിയൊരു കൂട്ടുകാരിയെ കിട്ടിയതാണോ എന്നൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ കുറച്ചുകഴിഞ്ഞപ്പോൾ പതിവുപോലെ അവൻ കൂട്ടിൽ തിരിച്ചെത്തി. അതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ആശങ്കയൊന്നും തോന്നിയില്ല.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

പക്ഷേ ഒരുദിവസം പുറത്തുപോയ എന്റെ അണ്ണാൻ കൂട്ടുകാരൻ തിരിച്ചുവന്നില്ല.

ആദ്യം ഞാൻ കരുതി, പതിവുപോലെ എവിടെയെങ്കിലും കളിക്കുകയായിരിക്കുമെന്ന്. കുറച്ചുകഴിഞ്ഞും കാണാതായപ്പോൾ എല്ലായിടത്തും അന്വേഷിച്ചു. പേരമരത്തിലും ഓട്ടിൻപുറത്തും ചുറ്റുപാടുകളിലുമൊക്കെ നോക്കി.

പക്ഷേ അവനെ കണ്ടില്ല.

എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. അവൻ എവിടെപ്പോയി? ഇനി തിരിച്ചുവരില്ലേ? എന്നെ മറന്നുപോയോ?

ഒന്നും അറിയില്ല.

കുറച്ചുദിവസത്തേക്ക് എനിക്ക് ഭക്ഷണം പോലും വേണ്ടാതായി. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് അവനെ.

അവൻ പിന്നീട് ഒരിക്കലും തിരിച്ചുവന്നില്ല.

പിന്നെയും എത്രയോ തവണ പറമ്പിലും മരങ്ങളിലുമൊക്കെ അണ്ണാന്മാരെ കാണുമ്പോൾ ഞാൻ നോക്കിനിൽക്കും. മനസ്സിൽ ഒരു ചെറിയ പ്രതീക്ഷയുണ്ടാകും.

ഇത് എന്റെ അണ്ണാനായിരിക്കുമോ?

എന്നെ കണ്ടാൽ അവൻ തിരിച്ചറിയുമോ? പഴയതുപോലെ എന്റെ അടുത്തേക്ക് ഓടിവരുമോ?

പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല.

ചിലപ്പോൾ അവന് പുതിയ കൂട്ടുകാരെ കിട്ടിക്കാണും. പുതിയൊരു ലോകവും പുതിയൊരു ജീവിതവും അവന്റേതായി മാറിയിട്ടുണ്ടാകാം.

നിറമുള്ള ഓർമ്മകൾ ☺️

No comments:

Post a Comment