Saturday, 11 July 2015

സ്രെബ്രനീസ വംശഹത്യ: ഓര്‍മകള്‍ക്ക് 20 വയസ്സ്

രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ക്രൂരതക്ക് 20 വര്‍ഷം തികഞ്ഞു. 1995 ജൂലൈയിലാണ് സെര്‍ബിയന്‍ സൈന്യം ബോസ്നിയയിലെ 8000 മുസ്ലിം പുരുഷന്മാരെ കൂട്ടക്കശാപ്പ് നടത്തിയത്.
സംഭവത്തിന് 20 വയസ്സ് തികഞ്ഞ ശനിയാഴ്ച സെര്‍ബിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ വുസിച് സ്മാരക മന്ദിരത്തില്‍ നടത്തിയ സന്ദര്‍ശനം കൈയാങ്കളിയില്‍ കലാശിച്ചു.
കൂട്ടക്കുഴിമാടങ്ങളില്‍നിന്ന് പുതുതായി കണ്ടത്തെിയ 136 പേരുടെ അസ്ഥി അവശിഷ്ടങ്ങള്‍ ശനിയാഴ്ച ഖബറടക്കി. 150 പ്രദേശങ്ങളിലായി 76ലധികം കുഴിമാടങ്ങളില്‍ നിന്നാണ് ഇവ കണ്ടത്തെിയത്. ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കിയാണ് ആളുകളെ തിരിച്ചറിഞ്ഞത്. ഡി.എന്‍.എ പരിശോധനയിലൂടെ ഇതുവരെ 7100 ഇരകളെ തിരിച്ചറിയാനായിട്ടുണ്ട്. 1200ല്‍ അധികം പേരെ ഇപ്പോഴും കാണാനില്ല.
1992-95 യുദ്ധകാലത്ത് സ്രെബ്രനീസ സിവിലിയന്മാര്‍ക്ക് സുരക്ഷിത കേന്ദ്രമായി യു.എന്‍ പ്രഖ്യാപിച്ചിരുന്നു. സെര്‍ബിയന്‍ സര്‍ക്കാറുമായുണ്ടാക്കിയ രഹസ്യ ധാരണയെ തുടര്‍ന്ന് യു.എന്‍ പിന്‍വാങ്ങിയതോടെ 1995 ജൂലൈ 11നാണ് സെര്‍ബ് സൈന്യം പട്ടണം കീഴടക്കിയത്. ഇതോടെ സുരക്ഷിത താവളം തേടി സ്രെബ്രനീസയിലെ പുരുഷന്മാരും ആണ്‍കുട്ടികളും 100 കിലോമീറ്റര്‍ ദൂരത്തുള്ള ടുസ്ലൈനിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് ലോകത്തെ നടുക്കിയ കുരുതി നടന്നത്. ആദ്യം 2000 പേരെ വളഞ്ഞുപിടിച്ച സെര്‍ബ് സൈനികര്‍ പിന്നീട് സമാന രീതിയില്‍ 6000 പേരെക്കൂടി പിടികൂടി ദാരുണമായി കൊലപ്പെടുത്തി. സംഭവത്തില്‍ ബ്രിട്ടീഷ്, ഫ്രഞ്ച്, യു.എസ് സര്‍ക്കാറുകള്‍ രഹസ്യ പിന്തുണ നല്‍കിയിരുന്നതായി ഗാര്‍ഡിയന്‍ വെളിപ്പെടുത്തിയിരുന്നു.
കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ മുന്‍ സൈനിക മേധാവി റാറ്റ്കോ മ്ളാഡിച്, സെര്‍ബ് നേതാവ് റഡോവന്‍ കരാഡിച് തുടങ്ങി 15 പേരെ യു.എന്‍ ട്രൈബ്യൂണല്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയിരുന്നു. ഇരുവര്‍ക്കുമെതിരായ കേസുകള്‍ പുരോഗമിക്കുകയാണ്.
20ാം വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി സ്രെബ്രനീസ ഗ്രാമമായ പോടോകാരിയിലേക്ക് 12,000 പേര്‍ പങ്കെടുത്ത സമാധാന മാര്‍ച്ച് നടന്നു. 

No comments:

Post a Comment