Tuesday 20 September 2016

വിവാഹപ്പന്തലിലെ ആഭാസങ്ങള്‍..



വിവാഹം എന്നത്‌ കേവലമൊരു ചടങ്ങല്ല
ഒരു തലമുറയുടെ തുടക്കം കുറിക്കുന്ന ഏറെ പവിത്രമായ ചടങ്ങാണത്‌‌.. ലോകത്തെ സകല മതങ്ങളും ഇസങ്ങളും തത്വ സംഹിതകളും ഏറെ വിശുദ്ധവും മഹത്വമേറിയതായും കാണുന്ന ചടങ്ങ്‌.
ആ സന്തോഷ സുദിനത്തെ ബന്ധു മിത്രാദികളും, കൂട്ടു കുടുംബാദികളും, കൂട്ടുകാരും നാട്ടുകാരുമൊക്കെ ഒരു ആഘോഷമാക്കുക സ്വാഭാവികമാണ്.
എന്നാൽ ഏതൊരു ആഘോഷവും 9അതിരു കവിഞ്ഞാൽ അത്‌ ആഭാസം തന്നെയാണല്ലൊ.
ഈയിടെയായി കാസർഗോഡ്‌ ജില്ലയിലെ കല്യാണ വീടുകൾ വിവാഹാഘോഷങ്ങളുടെ പേരിൽ അനാചാരങ്ങളുടെയും ആഭാസങ്ങളുടെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്,
പുതുതായി ഉത്തരേന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ‘മഞ്ഞക്കല്ല്യാണം’ മുതൽ
ആദ്യരാത്രി ‘പുതിയാപ്ലയെ തട്ടിക്കൊണ്ടു പോവൽ’  വരെയുള്ള ദുശിച്ചു നാറിയ സംസ്കാരം ഇവിടെ പിറവിയെടുത്തിരിക്കുന്നു.
ഇത്തരം പേക്കൂത്തുകൾ കൊണ്ട്‌ എന്താണു നമ്മുടെ യുവത്വം ഉദ്ധേശിക്കുന്നത്??‌‌
സ്വന്തം പേരക്കുട്ടിയുടെ കല്യാണപ്പന്തലിലാണ് ഒരു വന്ദ്യ വയോധികൻ കഴിഞ്ഞ ദിവസം നെഞ്ച്‌ പൊട്ടി മരിച്ചത്‌, തന്റെ പൊന്നുമോൾക്ക്‌ അണിയിച്ചൊരുക്കിയ മണിയറ പുതിയാപ്പിളയെ കൂടെവന്ന കൂട്ടുകാർ ‘തല്ലിപ്പൊളിക്കുന്നത്‌’ ചോദ്യം ചെയ്യവേ ആണ് മഹ്മൂദ്‌(70) എന്ന ഉപ്പാപ്പ അന്ത്യശ്വാസം വലിക്കേണ്ടി വന്നത്‌.
ഏതെങ്കിലുമൊരു പിതാവ്‌ കഷ്ടപ്പെട്ട്‌ ഏറെ ആശിച്ച്‌‌ തന്റെ മോൾക്ക്‌ ഒരു മണിയറ ഒരുക്കിയാൽ അതൊക്കെ തല്ലിപ്പൊളിക്കാൻ നിനക്കൊക്കെ ആരാടോ ലൈസൻസ്‌ തന്നത്‌??(ലോണെടുത്ത്‌ മകളെ കെട്ടിച്ചയച്ച പിതാവിനു പോലും ഈ അവസ്ഥ വന്നിട്ടുണ്ട്‌)
രണ്ടുദിവസം മുൻപ്‌ ഉപ്പളയിൽ നിന്നും പോലീസ്‌ കസ്റ്റഡിയിലെടുത്തതാവട്ടെ ആദ്യരാത്രി പുതിയാപ്ലയെ തട്ടിക്കൊണ്ടു വന്ന ചങ്ങാതിമാരെന്ന തെമ്മാടിക്കൂട്ടത്തെയാണ്..
ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ആദ്യരാത്രിയിൽ പുതിയാപ്പിളയെ കൂട്ടിക്കൊണ്ടു വന്ന് പുലർച്ചെയാവോളം വണ്ടിയിലിട്ട്‌ കറക്കുമ്പോൾ വീട്ടിലെ മണിയറയിൽ ഏറെ സ്വപ്നങ്ങളുമായി ഒരു പെണ്ണ് കാത്തിരിക്കുന്നത്‌ നിങൾ മറന്നോ??
അറ തല്ലിപ്പൊളിക്കൽ എന്ന തെമ്മാടിത്തരം ചെക്കന്റെ കൂട്ടുകാരുടെ വകയാണെങ്കിൽ, പുതുമണവാട്ടിയെ റാഗ്‌ ചെയ്യുന്ന പരിപാടി പലയിടത്തും പെണ്ണുങ്ങളാണു ഏറ്റെടുത്തിരിക്കുന്നത്‌,, എവിടെയാണ് കൂട്ടരേ നിങ്ങൾക്കിതിനൊക്കെ മാതൃക.. ഇനിയെന്നാണു നമ്മൾ മാറ്റത്തിനു തയ്യാറാവുക.
ആർഭാടങ്ങളുടെയും ധൂർത്തിന്റെയും അനാചാരങ്ങളുടെയും ആഭാസങ്ങളുടെയും  മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ ഒരു ജനതയുടെ സംസ്കാരത്തെയാണു നിങ്ങളുടെ ചെയ്തികൾ മൂലം നിരന്തരം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് ഓർക്കുക.
സമുദായത്തിനും നാടിനും ഉപകരിക്കേണ്ട യുവത്വം ഇങ്ങനെ അരാജക്ത്വവാദികളായി മാറുന്നതിനെ എന്ത്‌ ഓമനപ്പേരിട്ടു വിളിച്ചാലും ഓരോ നാട്ടിലെ മഹല്ല് കമ്മറ്റികൾക്കും അന്നാട്ടിലെ മുതിർന്നവർക്കുമുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.. യുവാക്കളെ നിയന്ത്രിക്കേണ്ട പല മുതിർന്ന ആളുകളും അതൊക്കെ ആസ്വദിക്കുന്നുണ്ടെന്നത്‌ തീർച്ച.. അല്ലെങ്കിൽ അവർക്ക്‌ ഇത്ര സ്വൈര്യവിഹാരം നടത്താൻ അവർക്കാവില്ല.
ഇനിയൊരു പിതാവും കല്യാണപ്പന്തലിൽ പിടഞ്ഞു വീഴരുത്‌, ഇനിയൊരു പെണ്ണും ആദ്യരാത്രിയിൽ പുതുമാരനെ കാത്ത്‌ ഉറക്കമിളച്ച്‌ നേരം വെളുപ്പിക്കരുത്‌.
ഈയവസരത്തിൽ ഇത്തരം പേക്കൂത്തുകൾക്ക്‌ അറുതി വരുത്താൻ യുവാക്കൾ തന്നെയാണു മുന്നിട്ടിറങ്ങേണ്ടത്‌, ഇവരെ പിടിച്ചു കെട്ടുക തന്നെ വേണം.
സമുദായത്തിനും നാടിനും ഉപകരിക്കേണ്ട യുവത്വം ഇങ്ങനെ അരാജക്ത്വവാദികളായി മാറുന്നതിനെ എന്ത്‌ ഓമനപ്പേരിട്ടു വിളിച്ചാലും ഓരോ നാട്ടിലെ മഹല്ല് കമ്മറ്റികൾക്കും അന്നാട്ടിലെ മുതിർന്നവർക്കുമുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.. യുവാക്കളെ നിയന്ത്രിക്കേണ്ട പല മുതിർന്ന ആളുകളും അതൊക്കെ ആസ്വദിക്കുന്നുണ്ടെന്നത്‌ തീർച്ച.. അല്ലെങ്കിൽ അവർക്ക്‌ ഇത്രയും സ്വൈര്യവിഹാരം നടത്താൻ അവർക്കാവില്ല.
വിവാഹാഘോഷങ്ങളൊക്കെ പോലീസ്‌ ഉദ്യോഗസ്ഥർ ഇടപെട്ട്‌ മാന്യമായി നടത്തേണ്ടി വരുന്നതൊക്കെ സമൂഹത്തിന്റെ അധ:പതനത്തിന്റെ അങ്ങേയറ്റമാണെന്നെങ്കിലും തിരിച്ചറിയുക.
സ്വയം ഒരു പരിവർത്തനത്തിനു നാം തയ്യാറാവാത്ത കാലത്തോളം ദൈവം നമ്മളെ മാറ്റുകയില്ലെന്ന് സ്വന്തത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുക...
(Copied)
-----------------------------------------------------------------------------------------------------------------------
******************************************************************************************************
വിവാഹം എന്ന പരിപാവനമായ കര്‍മ്മത്തെ എത്രത്തോളം പരിഹാസ്യമാക്കാന്‍ കഴിയും എന്നതില്‍ ഗവേഷണം നടത്തുകയാണോ കേരളത്തിലെ, വിശിഷ്യാ മലബാറിലെ മുസ്ലിം സമൂഹം എന്ന് തോന്നിപ്പോകുന്നു ഇപ്പോഴത്തെ ചില കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍.
പണക്കൊഴുപ്പും പൊങ്ങച്ചവും പ്രദര്‍ശിപ്പിക്കാനുള്ള വേദി എന്ന നിലയിലേക്ക് മുസ്ലിം വിവാഹങ്ങള്‍ അധ:പതിച്ചിട്ട് കാലം കുറച്ചായെങ്കിലും അതും പിന്നിട്ട് മനോ വൈകൃതത്തിന്‍റെയും പേക്കൂത്തുകളുടെയും പ്രദര്‍ശന ശാലകളായി വിവാഹാഘോഷം മാറിപ്പോവുമ്പോള്‍ ‘ഉത്തമ സമുദായത്തിന്‍റെ’ ഈ പോക്കില്‍ ഖേദമല്ല ഭീതിയാണ് തോന്നുന്നത്.
വിവാഹം എന്നത് ഒരുപാട് തരം വിഭവങ്ങള്‍ ഒരുക്കി അതിഥികള്‍ക്കു മുന്നില്‍ തന്‍റെ ധനസ്ഥിതി പ്രകടിപ്പിക്കാനുള്ള ഭക്ഷ്യമേളയാക്കുന്ന പൊങ്ങച്ചക്കാരുടെ ആഘോഷമായിട്ട് നാളേറെയായി.
എന്നാല്‍ അതിലേറെ പരിഹാസ്യമായ ചില കൂത്താട്ടങ്ങള്‍ മലബാറിലെ വിവാഹവേളകളെ നെഞ്ചിടിപ്പോടെ മാത്രം പങ്കെടുക്കാനാവുന്ന ഒരു ചടങ്ങായി മാറ്റിയതും നമുക്കറിയാം. പുതിയാപ്പിളയുടെ വരവും അതോടനുബന്ധിച്ചുള്ള ‘തോന്ന്യാസങ്ങളും’ വിവാഹപ്പന്തലിലും മണിയറയില്‍ പോലും പടക്കം പൊട്ടിച്ചും, ചായം വിതറിയും, തെറിപ്പാട്ട് പാടിയും വധുവിന്‍റെ പിതാവിനെയടക്കം ‘റാഗ്’ ചെയ്യുന്ന കുറെ ചെറുപ്പക്കാര്‍ (അത്ര ചെറുപ്പക്കാരൊന്നുമല്ല വിവാഹിതരായ മുതുക്കന്മാര്‍ പോലും ഇതില്‍ ഉണ്ടാകും).
അത് കഴിഞ്ഞ് വധുവും വരനും വീട്ടിലേക്ക് പോകുമ്പോള്‍. ലോറിയില്‍ കയറ്റിയും പാട്ടുപാടിച്ചും കൂടെയുള്ളവര്‍ കോമാളി വേഷം കെട്ടിയും പരിപാവനമായ ഒരു കര്‍മ്മത്തെ എത്രത്തോളം വികൃതവും ജുഗ്പസാവഹവും ആയി മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവുമോ അതൊക്കെയും ചെയ്തു കൂട്ടുന്ന തനി തെമ്മാടിത്തത്തിന്‍റെ ഉത്സവ ദിനമാക്കി മാറ്റിക്കളഞ്ഞു വിവാഹാഘോഷത്തെ.

ഉളുപ്പും മാനവും നഷ്ടപ്പെട്ട ഈ സമുദായത്തിന്‍റെ പേക്കൂത്തുകള്‍. വിവാഹ വേദിയില്‍ ആണും പെണ്ണും ചേര്‍ന്ന്‍ ആടിപ്പാടുന്ന ചടങ്ങ് ഈ സമുദായത്തിന് എന്ന് മുതലാണ്‌ ഹലാലായത്. സ്വന്തം ഭാര്യയെ ആണെങ്കിലും എടുത്തു പൊക്കുന്നതും കെട്ടിപ്പിടിക്കുന്നതും കെട്ടിയവളുടെ അഴകും ശരീരവടിവും ലോകം മുഴുവന്‍ ആസ്വദിക്കട്ടെ എന്ന് കരുതിയാണോ. ഈ ഒരു വേദിയില്‍ തന്നെ വേണമോ ഈ കോപ്രായങ്ങള്‍. ആദ്യരാത്രിയുടെ സ്വകാര്യതയില്‍ നല്‍കേണ്ട പ്രഥമചുംബനം പോലും വീഡിയോ ചിത്രമാക്കി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന്‍റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നവന്‍റെ സംസ്കാരം എത്രത്തോളം അധ:പതിച്ചു പോയി എന്നാലോചിച്ചു നോക്കൂ.

മതസംഘടനകളും, പള്ളികളും, മത സ്ഥാപനങ്ങളും, ചാനലുകളും, പത്രങ്ങളും, കാക്കതൊള്ളായിരം പ്രസിദ്ധീകരണങ്ങളും, uദ്ബോധനം നടത്തിയിട്ടും ജീര്‍ണ്ണതയില്‍ നിന്ന് ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തുന്ന ഒരു സമുദായമായി കേരളത്തിലെ മുസ്ലിം സമൂഹം മാറുന്നുവെങ്കില്‍ ആരാണ് ഇതിന് ഉത്തരവാദികള്‍?
സത്യം പറയട്ടെ പണക്കൊഴുപ്പിന്‍റെ അഹങ്കാരം കൊണ്ട് ചിലര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ കാരണം പരിഹസിക്കപ്പെടുന്നതും അവമാനിക്കപ്പെടുന്നതും ഈ സമുദായം മൊത്തമാണ്.
അഹങ്കാരികള്‍ക്ക് ദുനിയാവില്‍ വെച്ച് തന്നെയുള്ള കഠിനശിക്ഷ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിച്ച പരിശുദ്ധ ഖുര്‍ആന്‍ വചനം നമുക്ക് കൂടിയുള്ള താക്കീതാണ്. ഹൃദയം മുദ്രവെക്കപ്പെട്ടവര്‍ എന്ന് വിശേഷിപ്പിച്ച വിഭാഗത്തില്‍ പെട്ടവരായി മാറാതിരിക്കട്ടെ നാം.
ഏറ്റവും ലളിതമായി എങ്ങനെ ജീവിക്കാമെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത നേതാവിന്‍റെ അനുയായികളേ “നിങ്ങളുടെ ദാരിദ്ര്യത്തെ അല്ല സമ്പന്നതയെയാണ് ഞാന്‍ ഭയപ്പെടുന്നത്” എന്ന പ്രവാചകവചനം നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ.

No comments:

Post a Comment