വീട്ടു സഹായത്തിനു നിന്നിരുന്ന ചേച്ചി നാട്ടിൽ പോയേൽ പിന്നെ
ഒരു ദിവസം പോലും
നേരത്തിന് ഹോസ്പ്പിറ്റലിലെത്താൻ പറ്റീട്ടില്ല... പതിവ് പോലെ അഞ്ചരമീറ്റർ നീളമുള്ള സാരി, വയറും പുറവുമൊക്കെ കാണാതെ ഞൊറിഞ്ഞുടുത്ത്, ബാക്കിയുള്ളത് ഉള്ളിലേക്കും തിരുകി കയറ്റി, ശരിയായോന്ന് ഉറപ്പ് വരുത്താൻ കണ്ണാടിയിലേക്ക് മുഖമുയർത്തിയപ്പോഴാണ്
''അമ്മേ, ഇൗ കണക്കൊന്ന് പറഞ്ഞ് തരോ?'' എന്ന് ചോദിച്ച് കൊണ്ട് ഇളയമകൻ പുസ്തകവും പിടിച്ച് നിൽക്കുന്നത് കണ്ടത്.
''ഒരു ടി.വി കമ്പനി പ്രേത്യകയിനം ടി.വിയുടെ വില വർഷം തോറും വിലയുടെ 5% വീതം കുറയ്ക്കുന്നു... ടി.വിയുടെ ഇപ്പോഴത്തെ വില 8000രൂപയാണെങ്കിൽ 3വർഷം കഴിയുമ്പോൾ വിലയെന്തായിരിക്കും? ''
അവൻ കാണിച്ച് തന്ന കണക്ക് വായിച്ച്, ഒരുപിടിയും കിട്ടാതെ ടി.വി കമ്പനിയ്ക്ക് വില കുറയ്ക്കാൻ കണ്ട നേരത്തിനെ പഴിച്ചോണ്ടിരിക്കുമ്പോഴാണ്, രക്ഷകനായിട്ട് ആരോ വന്ന് calling bell അടിക്കുന്നത്...
വാതിൽ തുറന്നപ്പോൾ,
വസ്ത്രത്തിലും ഭാവത്തിലുമൊക്കെ മാന്യത തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ...ഡോ.രേഖ മാഡമല്ലേന്ന് ചോദിച്ചു കൊണ്ട് എന്റെ മറുപടിക്കായി കാത്ത് നിൽക്കുന്നു...
പരിശോധനക്കാണേൽ, വീട്ടിലില്ല, ഹോസ്പ്പിറ്റലിൽക്ക് വന്നാൽ മതീന്ന് പറഞ്ഞപ്പോൾ,
"ഞാനൊരു രോഗിയല്ല മാഡം,
ഒരു ഗ്യാരന്റിയുമില്ലാത്ത നമ്മുടെയൊക്കെ ജീവിതം ഇൻഷുർ ചെയ്ത് തരുന്ന ഒരു
ഇൻഷുറൻസ് കമ്പനിയുടെ ഏജന്റാണ്'' എന്ന് പറഞ്ഞു കൊണ്ട് അവൻ കുറേ കടലാസുകൾ എനിക്ക് നേരെ നീട്ടി..അയാളുടെ സംസാരത്തിലുള്ള ആകർഷണീയത കൊണ്ടാകണം, നേരമില്ലാഞ്ഞിട്ട് പോലും അവൻ നീട്ടിയ കടലാസുകൾ ഞാൻ വാങ്ങിച്ചു നോക്കി....
അവൻ വീണ്ടും തുടർന്നു
"മാഡം, ഇന്നത്തെ പത്രമൊന്ന് നോക്കൂ.. എത്ര മരണങ്ങളാണ്...? വണ്ടിയിടിച്ചും, കുഴഞ്ഞ് വീണും, പെട്ടെന്നുള്ള ഹൃദയാഘാതം കൊണ്ടുമൊക്കെ... അത് പോലെ നമ്മളൊക്കെ മരണത്തിന്റെ ഊഴം കാത്ത് കിടക്കുന്നവരല്ലേ...?
ഇപ്പോൾ അല്ലെങ്കിൽ അടുത്ത നിമിഷം, പ്രിയപ്പെട്ടവരോട് ഒരു വാക്ക് പോലും പറയാതെ പോകേണ്ടിവരുന്ന മരണമെന്ന യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കമല്ലേ മാഡം നമ്മുടെയൊക്കെ ജീവിതം..''
ആ ചെറുപ്പക്കാരന്റെ സംസാരത്തിൽ നിന്ന് പുറത്ത് വന്ന മരണമെന്ന സത്യത്തെ മൗനം കൊണ്ട് ഞാനും അംഗീകരിച്ചു കൊടുത്തത് കൊണ്ടാകണം അവൻ വീണ്ടും തുടർന്നു...
''ഇത് ,ഞങ്ങളുടെ കമ്പനിയുടെ പുതിയ സ്കീമാണ് മാഡം, നമ്മുടെ മരണശേഷവും നമ്മുടെ മക്കൾ സാമ്പത്തികമായി സുരക്ഷിതരായിരിക്കും... നോക്കൂ, ഒരേയോരു തവണയെ......''
അവന്റെ സംസാരം മുഴുമിക്കാൻ കൂട്ടാക്കാതെ ഞാൻ പറഞ്ഞു
''നിങ്ങൾ കുറച്ച് ദിവസം കഴിഞ്ഞ് വരൂ,എനിക്കിത്തിരി തിരക്കുണ്ട് ''
എന്റെ വാക്കുകൾക്ക് മീതെ സൗമ്യനായി നിന്ന് കൊണ്ട് അവൻ അപേക്ഷിച്ചു,
''പ്ലീസ് മാഡം, നാളെ 5മണിക്ക് മുമ്പേ target close ചെയ്തില്ലേൽ അതെന്റെ ജോലിയെ ബാധിക്കും, പ്ലീസ്.. ഒരു അഞ്ച് മിനിറ്റ് മതി''.
അവന്റെ അപേക്ഷയിൽ, ഒരു ചെറുപ്പക്കാരന്റെ ഭാവി ഒളിഞ്ഞ് കിടക്കുന്നത് കണ്ടിട്ടാവണം, അവനെ തള്ളി കളയാൻ തോന്നിയില്ല.. അത് കൊണ്ട് നാളെ രാവിലെ വരാൻ ഞാൻ ആവശ്യപ്പെട്ടു...
പിറ്റേന്ന് മക്കളെ സ്കൂളിലാക്കി ഹോസ്പ്പിറ്റലിൽ എത്തിയപ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു.. ഞാനും മെയിൻ സർജനും കൂടി പോസ്റ്റ് മോർട്ടത്തിനായ് ഞങ്ങളെ കാത്ത് കിടക്കുന്ന മൃതശരീരങ്ങൾക്ക് നേരെ നടന്നു... പോസ്റ്റ് മോർട്ടം ടേബിളിൽ കിടത്തി കഴിഞ്ഞാൽ പിന്നെ ആ മൃതശരീരത്തിന് ചുറ്റും തികച്ചും യാന്ത്രികമായൊരു തിരച്ചിലാണ്...
പിന്നീടങ്ങോട്ടുള്ള ഒാരോ നിമിഷവും , ഒാരോ ഇഞ്ചിലും, മരണ കാരണം തേടിയുള്ള ഒരലച്ചിലാണ്...
കറുത്തതിനെ വെളുപ്പിച്ചും ,മിനുക്കിയും ഈ മാംസകഷ്ണങ്ങളെ മുറിച്ചു കീറുന്ന തിരക്കിലാണ് ഞങ്ങൾ.
എല്ലാതിരച്ചിലിനുമൊടുവിൽ, ഫ്ലൂറസന്റ് ഇല്യൂമിനേഷനു കീഴെ തുണിയില്ലാതെ കിടക്കുന്ന അടുത്ത ശരീരവും ഞങ്ങളുടെ മുമ്പിലെത്തി, ഈ ശരീരങ്ങൾ കാണുമ്പോഴാണ് മരണത്തിന് മുമ്പിൽ നാം എല്ലാവരും സമമല്ലേന്ന് തോന്നി പോകുന്നത്...
ഇന്നലെ രാവിലെ സിറ്റിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചയാളാന്ന് പോലീസ് സർജൻ പറഞ്ഞപ്പോഴാണ് ഞാൻ ആ മുഖത്തേക്ക് നോക്കിയത്...
ആ ഒരു നോട്ടം കൊണ്ട് തന്നെ, ഞാനവനെ തിരിച്ചറിഞ്ഞു... ഇന്നലെ എന്റെ മുമ്പിൽ നിന്ന് മരണത്തിനെ പറ്റി വാ തോരാതെ സംസാരിച്ച ചെറുപ്പക്കാരനെയാണ്, മരണം കീഴ്പ്പെടുത്തി കൊണ്ട് ഇന്നിപ്പോൾ മൗനിയാക്കിയിരിക്കുന്നത്... തന്റെ ഭാവിയെ പറ്റി ഇന്നലെ വരെ വ്യാകുലപ്പെട്ട് കൊണ്ട് പ്രതീക്ഷകൾ നെയ്തെടുത്ത ഒരു ഹൃദയമാണ് എന്റെ കൈകൾ കൊണ്ട് കീറി മുറിക്കാൻ പോകുന്നത്...
ഞാൻ ഇന്നലെ അവൻ പറഞ്ഞ വാക്കുകൾ വീണ്ടും ഒാർത്തു..
'''ഇപ്പോൾ, അല്ലെങ്കിൽ അടുത്ത നിമിഷം പ്രിയപ്പെട്ടവരോട് ഒരു വാക്ക് പോലും പറയാതെ പോകേണ്ടി വരുന്ന, മരണമെന്ന യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കമാണ് നമ്മുടെയൊക്കെ ജീവിതം''' എന്നവന്റെ അവസാന വാക്കുകൾ എന്നെയിന്ന്
ഒരുപാട് ചിന്തിപ്പിക്കുന്നു.. , ഏത് നിമിഷവും പറയാതെ പോകേണ്ടി വരുന്ന ആ യാത്രയെ വല്ലാതെ ഭയപ്പെടുന്നു...അവനും മരണത്തിന് മുമ്പിൽ ജീവിതം ഇൻഷുർ ചെയ്തിട്ടുണ്ടാകുമായിരിക്കും..അല്ലേ...?
അങ്ങനെ നീണ്ട നേരത്തെ കീറിമുറിക്കലിനൊടുവിൽ, പോസ്റ്റ് മോർട്ടം ടേബിളിൽ അടുത്ത ജഡവും കത്തിവെക്കാനായ് തയ്യാറായ് തുടങ്ങിയിരുന്നു...
(ഒരു കൂട്ടുകാരന് എഴുതിയത് കോപ്പി ചെയ്തത്)
No comments:
Post a Comment