അള്ളാഹു പറയുന്നു. “പറയുക : സ്വന്തത്തോട് അതിക്രമം ചെയ്ത എന്റെ ദാസരെ, അള്ളാഹുവിന്റെ കാരുണ്യത്തെതൊട്ട് നിങ്ങള്‍ നിരാശരാവരുത്. നിശ്ചയം സകല പാപങ്ങളും അള്ളാഹു പൊറുക്കും. നിശ്ചയം അവന്‍ തന്നെയാണ് ഏറെ പൊറുക്കുന്നവനും ഏറെ കരുണ ചെയ്യുന്നവനും" (സൂറ. സുമര്‍)
പിശാചിന്‍റെ പ്രലോഭനങ്ങളിലകപ്പെട്ടു വഴി മാറി സഞ്ചരിക്കുന്ന തന്‍റെ അടിമകളെ അള്ളാഹു തിരിച്ചു വിളിക്കുകയാണ്; സ്നേഹ പൂര്‍വ്വം. പാപിയെന്നു മുദ്രകുത്തി മാറ്റിനിറുത്താതെ, സജ്ജനങ്ങളുടെ പൊതുധാരയില്‍ ഇഴകിച്ചേര്‍ന്നു നില്‍ക്കാനും വീണ്ടും അവസരം നല്കുന്നു. മനസ്സില്‍ ധാര്‍ഷ്ട്യത്തിന്‍റെ ദുര്‍മേദസ്സില്ലാത്തവര്‍ക്കെല്ലാം മഗ്ഫിറത്തു (മാപ്പ്) നല്കാന് അവന്നേറെ ഇഷ്ടമത്രെ. പാപം ചെയ്താല്‍ പിടികൂടുന്ന അതോടൊപ്പം മാനസാന്തരപ്പെട്ടാല്‍ മാപ്പാക്കുന്നൊരു നാഥന്‍ തനിക്കുണ്ടെന്ന ബോധമാണല്ലോ മാപ്പപേക്ഷിക്കുന്നതിന്‍റെ പിന്നിലെ പ്രേരകം. ആ ഉത്തമ ബോധമുള്ളവന്‍റെ ഉള്ളം'പറ്റിപ്പോയ്' എന്ന് പിടയുന്പോള്‍, എണ്ണവും വണ്ണവും നോക്കാതെ ദോഷങ്ങളഖിലവും അള്ളാഹു വിട്ടുകൊടുക്കുക തന്നെ ചെയ്യും. അള്ളാഹു പറയുന്നതായി തിരുനബി (സ) ഉദ്ധരിക്കുന്നു: “മനുഷ്യാ, ആകാശം മുട്ടെ നീ തെറ്റുകള്‍ ചെയ്തുകൂട്ടിയാലും, എന്നിട്ടെന്നോട് മാപ്പിരന്നാല്‍ അവയെല്ലാം നിനക്കു ഞാന്‍ പൊറുത്തു തരും. ഞാന്‍ പ്രശ്നമാക്കില്ല” (തുര്‍മുദി). എന്നാല്‍, അത്യുധാരമായി പൊറുക്കുന്ന പടച്ചവന്‍ പാപികള്‍ക്കായി പ്രഖ്യാപിക്കുന്ന പൊതുമാപ്പാണ് പുണ്യ റമദാന്‍. വിശിഷ്യാ, പാപമോചനത്തിന്റെ ഈ പത്ത് ദിനങ്ങള്‍.
“സര്‍വ്വലോക പരിപാലകനായ നാഥാ, എന്റെ പാപങ്ങളെല്ലാം നീ പൊറുത്തു തരേണമേ” എന്ന പ്രാര്‍ത്ഥനയാണ് ഈ പത്തു പകലിരവുകളില്‍ പ്രത്യേകമായി നാം ഉള്ളുരുകി ചൊല്ലേണ്ടത്. റമദാനെന്ന പദം തന്നെ സൂചിപ്പിക്കുന്ന പോലെ, ഉള്ളുരുകേണ്ട സമയമാണിത്. ഉള്ളുരുക്കമാണ് ദോഷിക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം. ഇമാം ഗസ്സാലി (റ) തന്‍റെ ഇഹ്‍യായില്‍ വിശദീകരിക്കുന്നത് കാണുക. പാപക്കറയുമായി ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാവില്ല. ഒന്നുകില്‍ തെറ്റ്കുറ്റങ്ങളെല്ലാം നരകത്തിടിട്ടു കരിച്ചുകളയണം. അതിനുശേഷമേ അതിലൊരിടം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ നീറുന്ന മനസ്സിലിട്ടു നേരത്തെ ഉരുക്കി ഇല്ലാതെയാക്കിയിരിക്കണം. അല്ലാത്തപക്ഷം സോപാനം അപ്രാപ്യം തന്നെ. ആ ഉരുക്കമാണ് പൂര്‍വ്വപിതാക്കളെ മഹനീയരാക്കിയത്. പറ്റിപ്പോയ അബദ്ധങ്ങളില്‍ അവര്‍ വല്ലാതെ വേദനിച്ചിരുന്നു. മരണശയ്യയില്‍ കിടക്കുന്ന അബ്ദുല്ലാഹ് ബിന്‍ മസ്ഊദി (റ) നെ സന്ദര്‍ശിക്കാന്‍, ഭരണാധികാരിയായ ഉസ്‍മാന്‍ ബിന്‍ അഫ്‍വാനി (റ) ന്‍റെ നേതൃത്വത്തില്‍ എത്തിയ സ്വഹാബീ പ്രമുഖര്‍ പലതും സംസാരിച്ച കൂട്ടത്തില്‍ ഒരു ചോദ്യം ചോദിച്ചു. “എന്താണ് അന്ത്യാഭിലാഷം?” മറുപടി ഇങ്ങനെയായിരുന്നു : “അള്ളാഹു എന്‍റെ ഏതെങ്കിലും ഒരു പാപം പൊറുത്തു തന്നെങ്കില്‍!” സ്വര്‍ഗ്ഗപ്രവേശം ഉറപ്പു ലഭിച്ച പത്തുപേരില്‍ ഒരാളായിരുന്നിട്ടു പോലും ആ മഹാനുഭാവന്‍ ഇത്രയേറെ നീറിയെന്നു പറഞ്ഞാല്‍ നമുക്കത് മനസ്സിലാവില്ല. കാരണം നന്മകളെല്ലാം പോരായ്മയും തിന്മകളെല്ലാം പെരുമയുമായ തല തിരിഞ്ഞൊരു സാഹചര്യത്തില്‍ വിലസുകയാണ് നാം.
ശരിയാണ്. മനുഷ്യന് തെറ്റ് പറ്റും. മനുഷ്യനേ പറ്റൂ. മൃഗങ്ങള്‍ തെറ്റ് ചെയ്യാറില്ല; ശരി ചെയ്യാത്ത പോലെത്തന്നെ. തെറ്റും ശരിയും വിവേകവുമുള്ള മനുഷ്യന് മാത്രമേ ബാധകമാകുന്നുള്ളൂ എന്നര്‍ത്ഥം. മാത്രമല്ല തെറ്റുകുറ്റങ്ങള്‍ അവന്‍റെ സഹചാരിയുമാണ്. തിരുനബി (സ) പറയുന്നു : “ആദമിന്‍റെ മക്കളെല്ലാം ഏറെ തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ പശ്ചാത്തപിക്കുന്നവരാണ് അവരില്‍ നല്ലവര്‍” (ഇബ്നു മാജ)
ഞാനും ഈ ചെറിയ കാലത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. അറിഞ്ഞും അറിയാതെയും രഹസ്യമായും പരസ്യമായും തെറ്റുകള്‍ ചെയ്തു പോയിട്ടുണ്ട്. ആ തെറ്റുകള്‍ എന്റെ നാഥന്‍ എനിക്ക് പൊറുത്തു തന്നില്ല എങ്കില്‍ ഞാന്‍ വലിയ പരാജിതനായി തീരും. അല്ലാഹുവേ അതുകൊണ്ട് എന്റെ പാപങ്ങള്‍ നീ പൊറുത്തു തരണമേ അമീന്‍...പാപമോചനം തരണമേ അമീന്‍....
അള്ളാഹു നമ്മളെ എല്ലാവരെയും വിജയികളില്‍ ഉള്പെടുതട്ടെ അമീന്‍...
No comments:
Post a Comment