Saturday 12 May 2018

ഉമ്മമാര്‍ ഒരു പ്രതിഭാസം - റമദാന്‍ ചിന്തകള്‍




                      ഉമ്മമാര്‍ ശരിക്കും ഒരു പ്രതിഭാസം തന്നെയാണ്..
ആ പ്രതിഭാസത്തെ നിര്‍വചിക്കാന്‍ ഒരിക്കലും കഴിയില്ല എന്നതാണ് സത്യം..
മഴക്കാലത്ത്.. ഈ പൊരിഞ്ഞ തണുപ്പത്തും സര്‍വ്വരും കിടന്നുറങ്ങുന്ന നേരത്ത്
ഉമ്മ എഴുന്നേല്‍ക്കും,... രാവിലെ കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി,,
പിന്നെ അടിച്ച്.. തുടച്ച് .. ശേഷം അലക്കി.... അത് അയലില്‍ കൊണ്ട് പോയി ഉണക്കാനിട്ട്.....
ശേഷം മഴച്ചാറല്‍ വരുമ്പോള്‍ ഓടിച്ചെന്ന് അതകത്തേക്കിട്ട്....
മഴയൊഴിഞ്ഞാല്‍ പിന്നെയും അതല്ലാം എടുത്ത് ഉണക്കാനിട്ട്........

സ്‌നേഹം , കരുണ, വിനയം,ത്യാഗം എന്തിന്റെയെല്ലാം പര്യായങ്ങളാണ് ഉമ്മ..


**************************************************************************************************

                നോമ്പ് കാലമായാല്‍ എന്റെ ഉമ്മാക് പണികള്‍ കൂടുകയാണ് ചെയ്യുക. അത്താഴത്തിനു എല്ലാവരും എഴുന്നേല്‍ക്കും മുന്ബ് ഉമ്മ എണീറ്റ് ഭക്ഷണം എല്ലാം ചൂടാക്കി ചിലപ്പോ സ്പെഷ്യല്‍ എന്തെങ്കിലും അപ്പോള്‍ തന്നെ ഉണ്ടാക്കി മേശക്കുമുകളില്‍ കൊണ്ട് വെച്ചതിനു ശേഷമാണു ഞങ്ങള്‍ ഓരോരുത്തരെയും വിളിക്കുന്നത്. ബാങ്ക് കൊടുക്കാരയിട്ടാ വേകം എഴുനേല്‍ക്കു. ഞങ്ങള്‍ മക്കള്‍ ഓരോരുതരെയും എഴുന്നെല്പിക്കണം. അങ്ങിനെ ഓരോരുത്തരായി എഴുന്നേറ്റ് ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും ചായയും ചെറു കടിയും റെഡി. അങ്ങിനെ അതും കഴിചിരിക്കുംബോഴേക്കും സുബഹി ബാങ്ക് കൊടുക്കും. ഇതിനു ഇടയില്‍ ഉമ്മ എപ്പോഴാണാവോ കഴിച്ചത്. പിന്നെ നിസ്കാരവും ഓത്തും കഴിഞ്ഞു എല്ലാവരും വീണ്ടും കേടുന്നുറങ്ങും. പതിവിലും കുറച്ചു നേരം വയ്കിയാണ് എല്ലാവരും എണീക്കുക. ഉമ്മ പതിവുപോലെ അടിച്ചു വാരലും അലക്കലും ഒക്കെ കഴിഞു വരുമ്പോഴേക്കും ളുഹര്‍ ബാങ്ക് കൊടുക്കും പിന്നെ നിസ്കാരവും ഓത്തും കഴിഞ്ഞു അല്പം ഒന്ന് കിടന്നു കഴിയുമ്പോള്‍ അസര്‍ ബാങ്ക് കൊടുക്കുകായി. പിന്നെ നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കാകും. നമ്മള്‍ ഒക്കെ ആണെങ്കില്‍ ക്ഷീണിച്ചു തലവെതിനിച് ഒരു ബാകത്തു കിടക്കുന്നുണ്ടാകും. ഉമ്മാക് ക്ഷീണമായാലും അതൊന്നും വകവെക്കാതെ നോമ്പ് തുറ വിഭവങ്ങള്‍ ഉണ്ടാക്കുന്നു. പത്തിരി, ഇറച്ചി, പൊരിച്ച കടികള്‍ തരിക്കഞ്ഞി, മുത്താഴത്തിനും അത്താതിനും ഉള്ള വിഭവങ്ങള്‍ എല്ലാം ഉമ്മ തന്നെ. വീട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതു കൊണ്ട് പാവം ഉമ്മ തന്നെ എല്ലാം പിന്നെ നോമ്പ് തുറകാര്‍ ആകുമ്പോഴേക്കും ഞങ്ങള്‍ അടുക്കളിയിലെക്. ഇന്നതാ ഉമ്മ സ്പെഷ്യല്‍.. ഫ്രൂട്ട്സ് കട്ട് ചെയ്യണോ?... ഉമ്മാടെ മുഖത്ത് സന്തോഷമാണ്.. എല്ലാ ഉമ്മമാരും ഇങ്ങിനെ തന്നെയാണ്.

ചെറുപ്പത്തില്‍ നോമ്പിന്റെ മുഴുവന്‍ വിദ്യാഭ്യാസവും പഠിച്ചതും മദ്രസ്സയില്‍നിന്നല്ല.. ഉമ്മയില്‍ നിന്നും മറ്റമ്മയില്‍ നിന്നുമാണ്...
നോമ്പിന്റെ പോരിശ പറഞ്ഞ് തരുന്നതോടൊപ്പം നോമ്പ് തുറക്കുള്ള വിഭവങ്ങളെ പറ്റിയും പറഞ്ഞ് നോമ്പ് നോല്‍ക്കാന്‍ ഉല്‍സാഹിപ്പിക്കുമായിരുന്നു ഉമ്മ...ഉമ്മയാണ് നോമ്പിന്റെ നിയത് വെച്ച് തരുന്നത്.

നോമ്പുനോക്കാന്‍ വേണ്ടി വാശിപിടിച്ച ഒരു നാലു വയസുകാരനുണ്ട് എന്റെയും നിന്റേയും മനസ്സില്‍. അത്താഴത്തിന് വിളിക്കാതെ ഉമ്മ പറ്റിച്ചുകളഞ്ഞതിന്റെ സങ്കടമുണ്ട് ബല്യത്തിന്റെ ഓര്‍മ്മകള്‍ക്ക്. ഉമ്മയോടുള്ള വാശിതീര്‍ക്കാന്‍ നോമ്പ് പിടിച്ച് പത്തുമണിക്കുമുമ്പേ തോറ്റുപോയൊരു പോരാളിയായിരുന്നില്ലെ നീയും ഞാനും.

പത്തു മണിയും ഒരു മണിയും നാലു മണിയും പിന്നിട്ട് ഒരുപാട് വട്ടം തോറ്റശേഷമായിരുന്നല്ലോ നീയും ഞാനും ജയിച്ചത്. ആദ്യമായി ഒരു നോമ്പ് പൂര്‍ത്തിയാക്കിയ ആ ദിവസം നിങ്ങളും ഓര്‍ക്കുന്നില്ലെ.ഒരുപാട് തളര്‍ന്നുപോയിട്ടും പിന്മാറാതെ ലക്ഷ്യത്തിലേക്ക് കിതച്ചെത്തിയ ആ നിമിഷങ്ങള്‍ക്ക് ഇന്നും ജീവന്റെ തുടിപ്പുണ്ട്. ഒരു പാത്രം നിറയെ സര്‍ബ്ബത്തും പഴങ്ങളും പഴച്ചാറുകളും മുന്നില്‍ നിരത്തിവെച്ച് ബാങ്കിനുവേണ്ടി കാത്തിരുന്ന ആ ഇന്നലെകള്‍ക്ക് പകരം നില്‍ക്കാന്‍ മറ്റൊരു ദിവസവും വരില്ല ഇനി കണ്‍മുന്നില്‍. കൊതിയോടെ കാത്തിരുന്നിട്ടും ഒരു ഗ്ലാസിനപ്പുറം ജ്യൂസ് കുടിക്കാനാവാതെ പിന്മാറിയവനായിരുന്നു നീയും ഞാനും. 

നോമ്പ് തുറന്ന എന്തൊക്കെ കഴിക്കണം എന്ന്‍ ആഗ്രഹിക്കും പക്ഷെ എന്തെങ്കിലും കുറച്ചു കഴിക്കുംബോഴേക്കും മതിയാകും.
ആദ്യ നോമ്പിന് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരുന്നു. സ്വപ്‌ന സാഫല്ല്യത്തിന്റെ ആ ദിവസമായിരുന്നു ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും നല്ല ദിനം.

ഒരിക്കല്‍ സ്കൂള്‍ ഇല്ലാത്ത ദിവസം എല്ലാവരും വിരുന്നു വന്നിട്ടുണ്ട്. കളിക്കുകയാണ്. സമയം ഉച്ചആയപ്പോള്‍ മെല്ലെ അടുക്കളയില്‍ ചെന്ന് ഉമ്മാട് പറഞ്ഞു. ഉമ്മ ദാഹിച്ചിട്ടു വയ്യ നോമ്പ് മുറിക്കണം, പക്ഷെ മറ്റുള്ളവര്‍ അറിഞ്ഞാല്‍..എല്ലാവര്ക്കും നോമ്പ് ഉണ്ട്. ഉമ്മ ഒരു സര്‍ബത്ത് കലക്കി തന്നു ആരും കാണാതെ കുളിമുറിയില് പോയി കുടിച്ചു. ഉമ്മ പറഞ്ഞു നോമ്പ് മുറിച്ചത് ആരോടും പറയണ്ട..രണ്ടു ദിവസം പകുതി പകുതി നോമ്പ് എടുത്താല്‍ ഒരു നോമ്പ്ആയത്രെ അത് കേട്ടപ്പോള്‍ വലിയ സന്തോഷായി. അങ്ങിനെ കുറെ നോമ്പുകള്‍.

ഹൌലില്‍ നിന്ന് വുളു എടുക്കുമ്പോള്‍ മുഖം കഴുകല്‍ കുറച്ചു കൂടും, കാരണം ചിലപ്പോള്‍ മുഖത് നിന്ന് ഒലിച്ചുവരുന്നതില്‍ നിന്ന് കുറച്ചു വയിലുടെ ഉള്ളിലേക്ക്. സ്കൂളില്‍ പൈപിന്‍ ചുവട്ടില്‍ മുഖം കഴുകുമ്പോഴും അതുപോലെ തന്നെ. ആരും അറിയില്ലല്ലോ...നോമ്പ് തുറക്കുമ്പോള്‍ തണുത്ത സര്‍ബത്ത് കുടിക്കാന്‍ അടുത്തവീട്ടിലേക് ഐസ് കട്ട വാങ്ങാന്‍ തൂക്പത്രവും എടുത്ത് ഓടും.. അതൊക്കെ ഒരു കാലം.

കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു. പ്രവാസിയായി..നാട്ടിലെ നോമ്പ്, ഉമ്മയോടും ഉപ്പയോടും ഭാര്യയോടും മക്കളോടും അനിജന്മാരോടും ഒപ്പം എല്ലാവരും ഒരുമിച്ചുള്ള നോമ്പ് അതെല്ലാം അന്യമായി.. എങ്കിലും ഓരോ നോമ്പ് കാലം വരുമ്പോഴും പഴയ കാലത്തിലേക്ക് ഒരു നിമിഷം ഒന്ന് പോകും...അതൊരു സുഗമാണ്..


No comments:

Post a Comment