“ഇയ്യറിഞ്ഞാമോളെ
വിശേഷം? നമ്മടെ ചോലക്കാട്ടെ സൂറാടെ കേട്ട്യോന്‍ നാടുവിട്ടുപോയ
മൂസ്സക്കുട്ടി തിരിച്ചുവന്നത്രേ!” ഓസ്സാത്തി ഐശോത്ത ഒരു സ്വകാര്യം പോലെയാണ്
അക്കാര്യം ഉമ്മയോട് പറഞ്ഞത്, അത് പറയുമ്പോള്‍ അവരുടെ മുഖത്ത്
ആശ്ചര്യഭാവമായിരുന്നു. "എപ്പോളാ ഐശോത്താ ?" ഉമ്മാടെ ആ മറുചോദ്യത്തിലും
ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു. "ഇന്നലെ പാതിരാത്രിയിലെപ്പോളോ ആണത്രേ..
ആളെകണ്ടാ തിരിച്ചറിയില്ലാന്നാ തെക്കേലെ കുഞ്ഞാമു പറഞ്ഞത്...അഞ്ചുപത്തു
കൊല്ലായില്ലേ പോയിട്ട് ! താട്യും മുട്യും ഒക്കെ നീട്ടി ഒരു വല്ലാത്ത
കോലായിരിക്കണത്രേ .." സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം ടിഫിന്‍ബോക്സിൽ
നിറക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവിയിൽ വീണത്, അത് എന്നിലും
അത്ഭുതമുളവാക്കുന്ന ഒന്നായിരുന്നു, കാരണം അതെന്റെ ഏറ്റവും പ്രിയപ്പെട്ട
കൂട്ടുകാരി സൈനുവുമായി ബന്ധപ്പെട്ടതായിരുന്നു, ചോലക്കാട്ടെ സൂറ എന്ന്
പറഞ്ഞാല്‍ സൈനുവിന്റെ ഉമ്മ , സൂറാടെ കേട്യോന്‍ മൂസ്സക്കുട്ടി അപ്പോള്‍
സൈനുവിന്റെ ഉപ്പ , സൈനുവിനു രണ്ട് വയസ്സുള്ളപ്പോള്‍ അവളുടെ അനുജന്‍
ഷമീറിന്റെ ജനനത്തോടെ ആരോടും മിണ്ടാതെ നാടുവിട്ടുപോയ ആള്‍, എന്റെ പടച്ചോനെ
അപ്പൊ സൈനൂന്റെ ഉപ്പ തിരിച്ചെത്തിയെന്നോ! ആ നിമിഷം സൈനുവിനെ ഒന്ന്
കാണണമെന്ന് അതിയായ ആഗ്രഹം തോന്നിയെനിക്ക്, ഇപ്പോള്‍ കണ്ടാല്‍
അപൂര്‍വ്വമായി മാത്രം കാണാറുള്ള അവളുടെ സുന്ദരമായ ആ ചിരിയൊന്നു
കാണാമായിരുന്നു .പക്ഷെ സ്കൂൾ ബസ് അഞ്ചു മിനിട്ടിനകം എത്തും അവളുടെ
വീട്ടിൽ പോയിവരാൻ നേരമില്ല, ഇന്ന് വെള്ളിയാഴ്ച്ചയല്ലായിരുന്നെങ്കിൽ
മദ്രസ്സയിൽ വെച്ച് അവളെ കാണായിരുന്നു ,അവളുടെ സന്തോഷം
അനുഭവിച്ചറിയാമായിരുന്നു. സൈനുവിന്റെ സ്ഥായിയായ ഭാവം വിഷാദമാണെന്ന്
പലപ്പോഴും തോന്നാറുണ്ട്, ജീവിതത്തില്‍ നിന്ന് എന്തൊക്കെയോ
നഷ്ടപ്പെട്ടുപോയതുപോലെയാണ് അവളുടെ ചലനങ്ങള്‍ വല്ലപ്പോഴും ആ മുഖമൊന്നു
തെളിയുന്നത് തുമ്പികളെയും പൂക്കളും കാണുമ്പോഴാണ്, അവളുടെ കവിളില്‍
നുണക്കുഴിയോടെ വിടരുന്ന പുഞ്ചിരി കാണാന്‍ എന്തൊരു ഭംഗിയാണ്! അതുകാണുമ്പോള്‍
മനസ്സില്‍ വല്ലാത്തോരു അനുഭൂതിയാണ് . പ്രായം കൊണ്ട് എന്നേക്കാള്‍
അഞ്ചെട്ടു മാസത്തിന്റെ മൂപ്പ് അവള്‍ക്കുണ്ടെങ്കിലും ഞങ്ങള്‍ മദ്രസ്സയില്‍
ഒരേ ക്ലാസിലാണ്, പക്ഷേ ഞാന്‍ പഠിക്കുന്ന ഇംഗ്ലീഷ് മിഡിയം സ്കൂളിലെ ഫീസിനും
മറ്റുമുള്ള സാമ്പത്തിക ചുറ്റുപാടുകള്‍ ഇല്ലാത്തതിനാല്‍ സൈനു ഞങ്ങളുടെ
നാട്ടിലെ ഒരു ഗവര്‍മെന്റ് സ്കൂളില്‍ ഏഴാം ക്ലാസ്സിലാണ് പഠനം, പഠനത്തില്‍
സൈനു എന്നും ഒന്നാം സ്ഥാനത്താണ് ,അതുകൊണ്ടുതന്നെ അധ്യാപകര്‍ക്കെല്ലാം അവളെ
വളരെ ഇഷ്ടവുമാണ്, നൈസര്‍ഗികമായ സൌന്ദര്യത്തോടൊപ്പം ചിത്രങ്ങള്‍ വരക്കാനും
പാടാനുമുള്ള കഴിവുകളും ഉടയോന്‍ അവള്‍ക്കു വാരിക്കോരി കൊടുത്തിട്ടുണ്ട് ,
സൈനു വരയ്ക്കുന്ന പൂവുകള്‍ക്ക് മണവും പക്ഷികള്‍ക്ക് ജീവനുമുണ്ടെന്ന്
തോന്നിപ്പോവാറുണ്ട്. സൈനുവും ഉമ്മ സുഹാറാത്തയും ഉമ്മുമ്മ കദീജുമ്മയും അനുജൻ
ഷമീറും ഉൾപ്പെടുന്നതാണ് അവരുടെ കുടുംബം , ഉമ്മുമ്മ ഒരു വശം തളർന്നു
കിടപ്പായിട്ട് വർഷങ്ങൾ നാല് കഴിഞ്ഞിരിക്കുന്നു , ഷമീറിന്റെ ഒരു കാലിനു
നീളക്കുറവും ബലക്കുറവുമായതിനാൽ അവനെപ്പോഴും സുഹറാത്താടെ ശരീരത്തിന്റെ ഒരു
ഭാഗം പോലെ അവരുടെ ഒക്കത്തുണ്ടായിരിക്കും . ഞങ്ങളുടെ വീടിന്റെ ടെറസ്സിൽ
നിന്നു നോക്കിയാൽ വടക്ക് പടിഞ്ഞാറ് കോണിലായി നാലഞ്ചു വീടുകൾക്കപ്പുറം
സൈനുവിന്റെ വീടിന്റെ മേൽക്കൂര കാണാം, പക്ഷേ അങ്ങോട്ടെത്തണമെങ്കിൽ
ആവേന്മാരുടെ അമ്പലത്തിനപ്പുറത്തെ ചെങ്കൽ റോഡിലൂടെ കയറി മാളിയേക്കൽക്കാരുടെ
പറമ്പിന്റെ അതിർത്തിയിലുള്ള ഓവു പാലം കടന്നുവേണം പോവാൻ. തയ്യിലയിലെ
അയമുക്കാടെ വീടിന്റെ പുറകിലൂടെ എളുപ്പവഴിയുണ്ടെങ്കിലും ഇടക്കൊരു തോടുണ്ട്,
മഴക്കാലമായാൽ അതിൽ വെള്ളം പൊങ്ങുന്നത്കൊണ്ട് തോടിന്റെ മാട്ടത്തെ
പൊത്തുകളിലുള്ള പാമ്പുകളും പെരിച്ചാഴികളും പുറത്തിറങ്ങും, വെള്ളത്തിൽ
പുളഞ്ഞു നടക്കുന്ന നീർക്കോലികളെയും പോക്കാച്ചിത്തവളകളെയും കാണുന്നത് തന്നെ
എനിക്ക് പേടിയാണ്, അതുകൊണ്ട് മഴക്കാലമായാല്‍ പിന്നെ അതുവഴി ഞാന്‍
പോവാറില്ല. രണ്ടു ചെറിയ മുറികളും അടുക്കളയുമുള്ള കൊച്ചുവീട്ടിലെ ഒരു
മുറിയിൽ പഴയൊരു കട്ടിലിലാണ് സുഖമില്ലാതെ ഉമ്മുമ്മ കിടക്കുന്നത് ,
ഓലമേഞ്ഞ മേൽക്കൂരയുടെ ചിതലരിച്ച വിടവുകൾക്കിടയിലൂടെ കടന്നെത്തി തറയിൽ
വൃത്തങ്ങൾ തീർക്കുന്ന സൂര്യ നാളങ്ങളാണ് മുറികളിൽ പ്രകാശമേകുന്നത് .
സൈനുവിന്റെ ഉമ്മ സുഹറതാത്താ മിക്കവാറും ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിലേക്കു
ഉമ്മയെ സഹായിക്കാനായി വരാറുണ്ട്, മുപ്പത്തഞ്ചു വയസ്സെ പ്രായമുള്ളൂ
വെങ്കിലും ദുരന്തങ്ങള്‍ മാത്രം നിറഞ്ഞ ജീവിതാനുഭവങ്ങളുടെ തീക്കാറ്റേറ്റു
ഉലഞ്ഞു പോയിരിക്കുന്ന അവരിൽ കാലം കോറിയിട്ടിരിക്കുന്നത് വാർദ്ധക്യത്തിന്റെ
ലക്ഷണങ്ങളാണ്, അനുഭവിച്ചു കൂട്ടിയ ദുരിതങ്ങളുടെ പാടുകൾ അവരുടെ മുഖത്ത്
കരുവാളിപ്പായി പടര്‍ന്നു കിടക്കുന്നു , സങ്കടങ്ങളുടെ ഒരു കടൽ
നെഞ്ചിലേറ്റി നടക്കുന്ന അവരുടെ കവിളൊട്ടി കുഴിയിലാണ്ട കണ്‍തടങ്ങളിൽ കണ്ണീർ
വീണുണങ്ങിയ പാടുകൾ എപ്പോഴും തെളിഞ്ഞുകാണാം .
കഷ്ടപ്പാടുകളെക്കുറിച്ച്
എണ്ണിപ്പെറുക്കി തേങ്ങുമ്പോൾ അവരുടെ വിളർത്തു ശോഷിച്ച ശരീരം വിറകൊള്ളുന്ന
കാഴ്ച്ച അസഹനീയമാണ്. അയൽവാസികളും നല്ലവരായ കുറേ നാട്ടുകാരും
കഴിയുന്നപോലെയൊക്കെ സുഹറാത്താനെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും
ചെയ്യാറുണ്ടെങ്കിലും കഷ്ടപ്പാടുകളുടെ പടുകുഴിയിൽ ആണ്ടുപോയിരുന്ന അവർക്ക്
കരകയറുക എളുപ്പമായിരുന്നില്ല . പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും
നിത്യരോഗിയായ ഉമ്മുമ്മയും അടങ്ങുന്ന കുടുംബത്തിന്റെ നിത്യചിലവുകള്‍ക്കായി
പെടാപാട് പെടുകയാണ് ആ സ്വാധി. സ്കൂളില്ലാത്ത ദിവസങ്ങളിൽ സുഹറാത്താടെ കൂടെ
സൈനുവും ഉണ്ടാവും , എന്റെ കയ്യിലുള്ള കഥാ പുസ്തകങ്ങളും മാസികകളും
വായിക്കാൻ അവൾക്കു വലിയ ആർത്തിയാണ്, പിന്നെ പൂന്തോട്ടത്തിലൂടെ നടന്ന്
വിടർന്നു നിൽക്കുന്ന പൂക്കളെ തലോടാനും പാറിപ്പറക്കുന്ന തുമ്പികളെയും
ചിത്രശലഭങ്ങളെയും നോക്കി മതിമറന്നു നിൽക്കാനും അവൾക്കൊരുപാട് ഇഷ്ടമാണ് ,
അവളെകണ്ടാല്‍ പൂക്കള്‍ക്കും ചിത്രശലഭങ്ങള്‍ക്കുമെല്ലാം ആഹ്ലാദമാണെന്നും ,
അവയും അവളോടൊപ്പം ചിരിക്കാറുണ്ടെന്നു എനിക്ക് പലപ്പോഴും തോന്നാറുണ്ട് .
"എന്തോരം പൂക്കളും തുമ്പികളുമാണിവിടെ നേനാ! .. ഇയ്യൊരു ഭാഗ്യമുള്ളോള്
തന്നെയാണ് , നിനക്ക് പറയുന്നതെന്തും വാങ്ങിത്തരാൻ ഉപ്പയുണ്ടല്ലോ .. "
ഒരു
ദിവസം ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ അത്രയും പറഞ്ഞു നിറുത്തിയ സൈനു
പിന്നെ എന്തോ ഓര്‍മ്മകളിലേക്ക് ആണ്ടുപോയി. തന്‍റെ ഉപ്പയെകുറിച്ചോര്‍ത്ത്
അവള്‍ക്കു ഒരു പാട് വിഷമമുണ്ടായിരുന്നു , പിതാവിന്റെ സ്നേഹലാളനകൾ
അനുഭവിക്കാനാവാത്തതിന്റെ നൊമ്പരം അവളുടെ ഓരോ വാക്കുകളിലും ഇടറി
നിന്നിരുന്നു . എന്തായാലും ഇനി മുതൽ സൈനുവിന്റെ ആ വിഷമം കാണേണ്ടല്ലോ
എന്നോർത്തപ്പോൾ മനസ്സിനുള്ളിൽ വലിയോരാശ്വാസം അനുഭവപ്പെട്ടു . സൈനുവിന്റെ
ഉപ്പ മൂസ്സക്കുട്ടി അങ്ങ് ദൂരെ തെക്ക് നിന്നെങ്ങോ ഹോട്ടല്‍ പണിക്കായി
എത്തിയതാണ് ഞങ്ങളുടെ നാട്ടില്‍ , ചോലക്കാട്ടെ ഗൃഹനാഥനായ ആലിമുക്രി
മരിച്ചശേഷം ചെറുപ്പത്തിലേ അനാഥരായ സുഹറാത്തയും ഉമ്മയും
പ്രാരാബ്ധങ്ങള്‍കൊണ്ട് നട്ടം തിരിയുന്ന കാലമായിരുന്നു അത് ,അവര്‍ക്ക്
ചെറിയ ചെറിയ സഹായങ്ങള്‍ നല്‍കി ആ കുടുംബത്തില്‍ മെല്ലെ
കയറിക്കൂടുകയായിരുന്നു മൂസ്സക്കുട്ടി, പിന്നെ പേരിനൊരു ചടങ്ങായി
സുഹറാത്താനെ നിക്കാഹും കഴിച്ച് ബന്ധം സ്ഥിരപ്പെടുത്തി, ആദ്യമൊക്കെ
സുഹറത്താടും കദീജുമ്മാടും വളരെ സ്നേഹവും കരുതലും ആയിരുന്നെങ്കിലും
സൈനുവിന്റെ ജനനത്തോടെ അയാള്‍ ആ കുടുംബത്തില്‍ നിന്നും മെല്ലെമെല്ലെ
അകലുകയായിരുന്നു ,ഷമീറിന്റെ ജനനത്തോടെ അകല്‍ച്ച പൂര്‍ണ്ണതയിലെത്തി,
പ്രസവിച്ചു കിടന്ന സുഹറാത്താക്ക് മരുന്ന് വാങ്ങാനായി കുന്നംകുളത്തേക്ക്
പോയതാണത്രെ മൂസ്സക്കുട്ടി, പിന്നെ തിരിച്ചു വന്നില്ല. കാലത്തിന്റെ ഉരുണ്ടു
പോക്കിന്നിടയില്‍ അന്വേഷണത്തിന്‍റെ അറ്റം കാണാത്ത വഴികളിലൂടെ അഞ്ചു പത്തു
കൊല്ലം.., പലരും പലവഴിക്കും അന്വേഷിച്ചു ,അയാളുടെ നാട്ടിലും
വീട്ടിലുമൊന്നും ആളെ കണ്ടെത്താനായില്ല, അയാള്‍ക്ക് സ്വന്തം നാട്ടില്‍
ഭാര്യയും കുട്ടികളും ഉണ്ടെന്നൊരു കേട്ടുകേള്‍വിയും അതിന്നിടയില്‍ നാട്ടില്‍
പരന്നിരുന്നു ,സൈനുവിന്റെ കയ്യില്‍ നിന്നും മൂപ്പരുടെ പഴയൊരു ഫോട്ടോ
കണ്ടിട്ടുണ്ട്, നേരിട്ട് കണ്ട ഓര്‍മ്മയൊന്നും സൈനുവിനുമില്ല. അന്ന്
സ്കൂളിലെത്തിയിട്ടും ക്ലാസ്സുകളിലൊന്നും ശെരിക്കു
ശ്രദ്ധകൊടുക്കാനായില്ല, മനസ്സുനിറയെ സൈനുവായിരുന്നു , എന്തായിരിക്കും
അവളുടെ ഇപ്പോഴത്തെ മനസ്ഥിതി! ഉപ്പ അവള്‍ക്കു എന്തൊക്കെ
കൊണ്ടുവന്നിരിക്കും..! ആകാംക്ഷകളുടെ തിക്കുമുട്ടല്‍ കാരണം സമയം
ഒച്ചിനെക്കാള്‍ മെല്ലെയാണ് നീങ്ങുന്നതെന്ന് തോന്നി. വൈകുന്നേരം സ്കൂൾ
വിട്ടു വീട്ടിലെത്തിയതും ബേഗ് വാരാന്തയിലെ സോഫയിലേക്കിട്ട് പോർച്ചിൽ ഇരുന്ന
സൈക്കിളുമെടുത്ത് സൈനുവിന്റെ വീട്ടിലെത്തുമ്പോൾ മുൻവശത്തെ അരക്കോലായിൽ
ഒരാൾ ഇരിപ്പുണ്ടായിരുന്നു ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തന്റെ ലക്ഷണം,
മുഷിഞ്ഞൊരു ലുങ്കിയും ബനിയനും പാറിപ്പറന്ന മുടിയും താടിയുമായി കണ്ടാൽ
പേടിപ്പെടുത്തുന്ന രൂപം. ചുണ്ടിൽ കെട്ടുപോയൊരു ബീഡിക്കുറ്റി ,എന്നെ
കണ്ടപ്പോൾ അലസമായൊന്നു നോക്കിയശേഷം തലവെട്ടിത്തിരിച്ച് ചുണ്ടിലിരുന്ന
ബീഡിക്കുറ്റി മുറ്റത്തേക്ക് തുപ്പിക്കളഞ്ഞു , സൈക്കിൾ മുറ്റത്ത്
സ്റ്റാന്റിൽ വെച്ച് അയാളെത്തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്
ചെറിയൊരു സന്ദേഹതത്തോടെയാണ് ഞാൻ വരാന്തയിലേക്ക് കയറിയത്, സൈനുവും
സുഹറാത്തയും അടുക്കളയിലായിരുന്നു എന്നെ കണ്ടതും അരികിലേക്ക് ഓടിവന്ന
സൈനുവിന്റെ ഭാവത്തില്‍ എന്നെ നിനക്കാതെ കണ്ടതിന്റെ തെല്ലൊരു ആശ്ചര്യ
ഭാവമല്ലാതെ ഞാന്‍ പ്രതീക്ഷിച്ച സന്തോഷമൊന്നും കണ്ടില്ല. വീടിന്റെ
പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് സൈനു ആ രഹസ്യം പറഞ്ഞത്.
പാതിരാത്രിയിലെപ്പോഴോ ആണ് അയാള്‍ വന്നതെന്നും അവിടെ എത്തിയശേഷം കാര്യമായി
മിണ്ടാട്ടമൊന്നുമില്ലാതെ ഒരൊറ്റ ഇരിപ്പാണെന്നും അവള്‍ പറഞ്ഞപ്പോള്‍ എന്റെ
മനസ്സില്‍ തോന്നിയ സംശയത്തിന് ബലം കൂടി. അതെ ഇതെല്ലാം ഭ്രാന്തിന്റെ
ലക്ഷണം തന്നെ. വടക്കേ വീട്ടിലെ വേലായുധേട്ടന്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍
പരസ്പര ബന്ധമില്ലാത്ത രണ്ടുമൂന്നു വാക്കുകളില്‍ എന്തൊക്കെയോ മറുപടി
പറഞ്ഞത്രേ... വന്നോടം മുതല്‍ വലിച്ചു കൂട്ടുന്നതു കഞ്ചാവ് ബീഡിയാണെന്ന്
വേലായുധേട്ടന്‍ പറഞ്ഞെന്നും ഇങ്ങനെ ഒരു ബാപ്പ തിരിച്ചു
വരാതിരിക്കുകയായിരുന്നു നല്ലതെന്നും കൂടി സൈനു പറഞ്ഞപ്പോള്‍ അവളിലെ
നിരാശയുടെ ആഴം മനസ്സിലായി , വല്ലാത്തൊരു നിരാശാബോധം എന്നേയും ഗ്രസിച്ചു
. രാത്രി, പതിവ് സമയം കഴിഞ്ഞിട്ടും എനിക്കെന്തോ തീരെ ഉറക്കം വന്നില്ല
പുറത്തെ ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന മിന്നലൊളികള്‍ കര്‍ട്ടനു പിറകിലെ
ജനല്‍ ഗ്ലാസുകളില്‍ തട്ടി ചിന്നിച്ചിതറുന്നു, ദൂരെ ദിക്കുകളില്‍ നിന്നും
മേഘഗര്‍ജനത്തിന്‍റെ മാറ്റൊലികള്‍, പുറത്തു മഴയുടെ ആരവം
കൂടിവരുന്നതറിഞ്ഞപ്പോള്‍ സൈനു വീണ്ടും എന്‍റെ ഓര്‍മ്മയിലേക്കോടിയെത്തി,
അവളിപ്പോൾ എന്ത് ചെയ്യുകയായിരിക്കുമെന്നു ഞാൻ വെറുതെ ഓർത്തു, ഇടിയും
മിന്നലും അവൾക്ക് വലിയ പേടിയാണ്, ഇടിമുഴങ്ങുമ്പോൾ വിരണ്ട ഭാവത്തോടെ
കണ്ണുകള്‍ ഇറുകെയടച്ച് ചെവികൾ പൊത്തിപ്പിടിച്ച് നിൽക്കുന്ന കാഴ്ച എത്രയോ
തവണ കണ്ടിരിക്കുന്നു , ഇന്ന് ഇടിയോടൊപ്പം മഴകൂടി പെയ്യുന്നതിനാൽ ചോർച്ചയിൽ
നിന്നും രക്ഷപ്പെടാനായി അവള്‍ സ്ഥിരം ചെയ്യുന്നപോലെ ഉമ്മുമ്മാടെ
കട്ടിലിന്നടിയിൽ ഭയപ്പാടോടെ ചുരുണ്ടുകൂടി കിടക്കുകയായിരിക്കാം.. പാവം
സൈനു.. ഇത്രയും കാലം മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു
രാത്രി ഇരുണ്ടു വെളുത്തതോടെ തകര്‍ന്നു പോയിരിക്കുന്നു.., അവളുടെ ദയനീയത
കലര്‍ന്ന മുഖം മനസ്സിനെ പിന്നെയും പിന്നെയും പിടിച്ചുലക്കവേ ഹൃദയത്തില്‍
നിന്നും പൊടിഞ്ഞിറങ്ങിയ ഒരു നീര്‍ത്തുള്ളി കണ്ണുകളിലേക്ക് ഊറിയെത്തുന്നത്
ഞാനറിയുന്നുണ്ടായിരുന്നു. തലയിണയില്‍ മുഖമമര്‍ത്തി കിടക്കവേ എപ്പോഴാണ്
ഉറക്കം തഴുകാനെത്തിയതെന്ന്‍ അറിയില് ആകാശത്തിന്റെ ഒരു ഇരുണ്ട കോണില്‍
അമ്പിളിമാമനും നക്ഷത്രങ്ങള്‍ക്കും ഇടയില്‍ തൂങ്ങുന്നൊരു ഊഞ്ഞാലില്‍
മുറുകെപിടിച്ചിരുന്ന് ഭയപ്പാടോടെ ആടിക്കൊണ്ടിരിക്കുന്ന സൈനു കയര്‍ പൊട്ടി
ഊഞ്ഞാലോട്കൂടി താഴെ നിലയില്ലാത്ത അഗാതതയിലേക്ക് വീഴുന്നതായൊരു വിചിത്ര
സ്വപ്നം കണ്ടുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്. നേരം പുലര്‍ന്നു തുടങ്ങിയതേയുള്ളൂ
..രാത്രി മുഴുവന്‍ പെയ്തിട്ടും തീരാത്ത മഴ അപ്പോഴും ചിണുങ്ങി
നില്‍പ്പുണ്ടായിരുന്നു പതിവുപോലെ മദ്രസ്സയിലെത്തിയെങ്കിലും സൈനു അന്ന്
ക്ലാസ്സില്‍ വന്നുകണ്ടില്ല , ശനിയാഴ്ച സ്കൂള്‍ അവധിയായതിനാല്‍ മദ്രസ്സ
വൈകിയാണ് വിട്ടത് , റോഡു സൈഡില്‍ കെട്ടിനിന്നിരുന്ന ചെളിവെള്ളം ചവിട്ടാതെ
ശ്രദ്ധിച്ച് റോഡിന്റെ ഒരരികുപറ്റി മാമാടെമോള്‍ നിനിയോടും പടിഞ്ഞാറയിലെ
ഐഷമോളോടുമൊപ്പം വീടുലക്ഷ്യമാക്കി നടക്കവേ മാളിയേക്കലെ മൊയ്തുഹാജിയുടെ
ഗേറ്റിനു മുന്നില്‍ ഒരാള്‍ക്കൂട്ടം കണ്ടു , സംഗതി എന്താണെന്നറിയാനുള്ള
ആകാംക്ഷയോടെ കൂട്ടത്തില്‍ നിന്നും അല്‍പ്പം മാറി മറ്റൊരാളോട്
സംസാരിച്ചുനിന്ന മീന്‍കാരന്‍ കുഞ്ഞോന്‍ക്കാട് വിവരം ചോദിച്ചു. "ചോലക്കാട്ടെ
ആലിമുക്രീടെ മോള്‍ സൂറാടെ കെട്ട്യോന്‍ ഒളിച്ചുപോയ മൂസ്സകുട്ടി ഇന്നലെ
തിരിച്ചു വന്നത് ഇയ്യറിഞ്ഞിരുന്നാ..! ആ ചോദ്യത്തോടെ കുഞ്ഞോന്‍ക്ക എന്നെ
നോക്കി ഒരു നിമിഷം നിന്നു..പിന്നെ എന്തോ പെട്ടെന്ന് ഓര്‍ത്തപോലെ മൂപ്പര്‍
തന്നെ സംസാരം തുടര്‍ന്നു.
"ഞാനെന്തു മണ്ടനാ ..! ഇയ്യത് അറിയാണ്ടിരിക്കില്ലല്ലോ..അന്റെ വലം കയ്യായിരുന്നില്ലേ ഓന്റെ മോള്..പിന്നെ സൂറയാണെങ്കില്‍ അന്റോടെത്തന്നെയല്ലേ എപ്പളും.." അതും പറഞ്ഞു അയാളൊരു മണ്ടന്‍ ചിരിചിരിച്ചു . എനിക്ക് വിവരമറിയാനുള്ള ആകാംക്ഷ കൂടിക്കൂടി വരികയായിരുന്നു. "അതൊക്കെ ഇന്നലെത്തന്നെ ഞാനറിഞ്ഞെന്റെ കുഞ്ഞോന്‍ക്കാ.. ഇവിടെപ്പോ എന്താണ്ടായെ..നിങ്ങള് അത് പറ.." എന്‍റെ ആകാംക്ഷ മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നു . "അതല്ലേ പറഞ്ഞു വരുന്നത് മോളെ.. ഇന്നലെ രാത്രി ഇടിയും മഴയും കാരണം സൂറയും മക്കളും നേരത്തെ കിടന്നെത്രേ ..അവര് വാതിലടച്ചു കിടക്കുമ്പോഴും മൂസ്സക്കുട്ടി പുറത്തു കോലായില്‍ ബീഡിയും വലിച്ചോണ്ടിരിക്ക്യായിരുന്നെന്നാ പറഞ്ഞു കേട്ടത്, ഇന്നിപ്പൊ നേരം വെളുത്തുനോക്കുമ്പോള്‍ മൂസ്സക്കുട്ടീനേം മോളേം കാണാനില്ല, സൂറയും തള്ളയും കരഞ്ഞു കരഞ്ഞു ഒരു പരുവായിരിക്കണ്..പാവം..ആ പെണ്ണിന്റെ ഒരു തലവിധി.." കുഞ്ഞോന്‍ക്ക പിന്നെയും എന്തോക്കെയോ പറഞ്ഞുകൊണ്ടിരുന്നു.. പക്ഷേ അതൊന്നും എന്റെ തലക്കുള്ളിലേക്ക് കയറിയില്ല, എന്റെ കാതുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു , പെരുവിരലില്‍ നിന്നുംതലക്കുള്ളിലേക്ക് ഒരു പെരുപെരുപ്പ് അരിച്ചു കേറുന്നപോലെയും തോന്നി, അവളുടെ വീട്ടിലേക്ക് ഓടിപ്പോയി നോക്കാമെന്ന് കരുതി പക്ഷേ കാലുകള്‍ ചലിക്കുന്നില്ല ശരീരം വിറച്ച് വിയര്‍ക്കുകയാണ്. നിമിഷമാത്രകൊണ്ട് ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും എന്റെ മനസ്സിലേക്ക് കൂലംകുത്തിയെത്തി. അയാള്‍ അവളെയുംകൊണ്ട് എങ്ങോട്ട്പോയി ! അയാള്‍ സൈനുവിന്റെ പിതാവ് തന്നെയാണോ ? അവൾക്കു ജന്മം നൽകിയ സ്വന്തം പിതാവ് ! അതോ ! പ്രകൃതിയുടെ കണ്ണീരുപോലെ ഒരു ചാറ്റല്‍ മഴ അപ്പോള്‍ പെയ്യാന്‍ തുടങ്ങിയിരുന്നു. കുട ചൂടിയിരുന്നെങ്കിലും ഒരു പെരുമഴയത്തെന്ന പോലെ ഞാന്‍ നനഞ്ഞു കുതിര്‍ന്നു .
"ഞാനെന്തു മണ്ടനാ ..! ഇയ്യത് അറിയാണ്ടിരിക്കില്ലല്ലോ..അന്റെ വലം കയ്യായിരുന്നില്ലേ ഓന്റെ മോള്..പിന്നെ സൂറയാണെങ്കില്‍ അന്റോടെത്തന്നെയല്ലേ എപ്പളും.." അതും പറഞ്ഞു അയാളൊരു മണ്ടന്‍ ചിരിചിരിച്ചു . എനിക്ക് വിവരമറിയാനുള്ള ആകാംക്ഷ കൂടിക്കൂടി വരികയായിരുന്നു. "അതൊക്കെ ഇന്നലെത്തന്നെ ഞാനറിഞ്ഞെന്റെ കുഞ്ഞോന്‍ക്കാ.. ഇവിടെപ്പോ എന്താണ്ടായെ..നിങ്ങള് അത് പറ.." എന്‍റെ ആകാംക്ഷ മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നു . "അതല്ലേ പറഞ്ഞു വരുന്നത് മോളെ.. ഇന്നലെ രാത്രി ഇടിയും മഴയും കാരണം സൂറയും മക്കളും നേരത്തെ കിടന്നെത്രേ ..അവര് വാതിലടച്ചു കിടക്കുമ്പോഴും മൂസ്സക്കുട്ടി പുറത്തു കോലായില്‍ ബീഡിയും വലിച്ചോണ്ടിരിക്ക്യായിരുന്നെന്നാ പറഞ്ഞു കേട്ടത്, ഇന്നിപ്പൊ നേരം വെളുത്തുനോക്കുമ്പോള്‍ മൂസ്സക്കുട്ടീനേം മോളേം കാണാനില്ല, സൂറയും തള്ളയും കരഞ്ഞു കരഞ്ഞു ഒരു പരുവായിരിക്കണ്..പാവം..ആ പെണ്ണിന്റെ ഒരു തലവിധി.." കുഞ്ഞോന്‍ക്ക പിന്നെയും എന്തോക്കെയോ പറഞ്ഞുകൊണ്ടിരുന്നു.. പക്ഷേ അതൊന്നും എന്റെ തലക്കുള്ളിലേക്ക് കയറിയില്ല, എന്റെ കാതുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു , പെരുവിരലില്‍ നിന്നുംതലക്കുള്ളിലേക്ക് ഒരു പെരുപെരുപ്പ് അരിച്ചു കേറുന്നപോലെയും തോന്നി, അവളുടെ വീട്ടിലേക്ക് ഓടിപ്പോയി നോക്കാമെന്ന് കരുതി പക്ഷേ കാലുകള്‍ ചലിക്കുന്നില്ല ശരീരം വിറച്ച് വിയര്‍ക്കുകയാണ്. നിമിഷമാത്രകൊണ്ട് ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും എന്റെ മനസ്സിലേക്ക് കൂലംകുത്തിയെത്തി. അയാള്‍ അവളെയുംകൊണ്ട് എങ്ങോട്ട്പോയി ! അയാള്‍ സൈനുവിന്റെ പിതാവ് തന്നെയാണോ ? അവൾക്കു ജന്മം നൽകിയ സ്വന്തം പിതാവ് ! അതോ ! പ്രകൃതിയുടെ കണ്ണീരുപോലെ ഒരു ചാറ്റല്‍ മഴ അപ്പോള്‍ പെയ്യാന്‍ തുടങ്ങിയിരുന്നു. കുട ചൂടിയിരുന്നെങ്കിലും ഒരു പെരുമഴയത്തെന്ന പോലെ ഞാന്‍ നനഞ്ഞു കുതിര്‍ന്നു .
No comments:
Post a Comment