വീണ്ടുമൊരു മുഹറം കൂടി പിറന്നിരിക്കുകയാണ്.. ഇസ്്ലാമിക കലണ്ടറിലെ 1440 മത് പുതവർഷമാണ് ഈ മുഹറത്തോടെ ആരംഭിക്കുന്നത് എല്ലാവർക്കും പടച്ച തന്പുരാന്റെ ശാന്തിയും സമാധാനവും അനുഗ്രഹവും ആയുരാരോഗ്യവും നിറഞ്ഞ ഒരു വര്ഷം നല്കി അനുഗ്രഹിക്കട്ടെ ആമീന്.
ആദം നബി (അ)യുടെ ജീവിത കാലം മുതല് തന്നെ, ഒരു പക്ഷെ അതിനു മുമ്പ് മുതല് തന്നെ ഇന്നത്തെ പേരിലുള്ള അറബി മാസങ്ങള് ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാല് മാസങ്ങളുടെ ക്രമം നിശ്ചയിക്കപ്പെട്ടത് പില്ക്കാലത്തായിരുന്നു എന്നു മാത്രം. ഖുര്ആന് പറയുന്നത് കാണുക: ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില് നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാകുന്നു. (തൌബ: 36).
പന്ത്രണ്ട് മാസങ്ങളായാണ് വര്ഷത്തിന്റെ ഘടന എന്ന് നമുക്ക് ഇതില് നിന്നും മനസ്സിലാക്കാം.
പില്ക്കാലത്ത് ഇബ്റാഹിം നബി (അ) യുടെ കാലം മുതല് ചന്ദ്രനെ നോക്കി കാലഗണന നടത്തുന്ന സമ്പ്രദായം നിലവില് വരികയുണ്ടായി. പിന്നീട് ആനക്കലഹം, കഅ്ബ നിര്മാണം, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങള് തുടങ്ങിയവക്കനുസൃതമായിട്ടും ജനങ്ങള് ഇസ്ലാമികമായ കാലഗണന നടത്തി വന്നതായി ചരിത്രം പറയുന്നു.
എന്തു കൊണ്ട് മുഹറം
ഇസ്ലാമിക കലണ്ടര് പ്രകാരമുള്ള വര്ഷത്തിന്റെ ആരംഭത്തിലുള്ള മാസം ഏതാണെന്ന് മുന്കാലങ്ങളില് നിര്ണയിച്ചിരുന്നില്ല എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. മുഹറം ഒരു വര്ഷത്തിന്റെ ആദ്യത്തെ മാസമായി നിശ്ചയിച്ചതിനു പിന്നില് ചില ചരിത്ര പശ്ചാത്തലങ്ങളുണ്ട്. ഇസ്ലാമിക ഭരണം അതിന്റെ ഏറ്റവും കൃത്യവും ചടുലവുമായ രൂപത്തിലേക്ക് മാറിയത് ഉമര് (റ)വിന്റെ കാലത്തായിരുന്നുവല്ലോ. അതിനാല് ബൈത്തുല് മാല്,
റജിസ്ട്രാര്മാരുടെ
കാര്യാലയം, നികുതി പിരിവ് വകുപ്പ് തുടങ്ങിയവയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഇസ്ലാമികമായ മാസാരംഭം നിശ്ചയിച്ച് അതു പ്രകാരം കാലഗണന നടപ്പില് വരുത്തല് അനിവാര്യമായിത്തീര്ന്നു.
മാത്രമാല്ല, ഖലീഫ ഉമര് (റ) യമനിലെ ഗവര്ണറായ അബൂമൂസല്അശ്അരിക്ക് ഭരണ നിര്വഹണ പരമായ ധാരാളം കത്തുകളയക്കുകയുണ്ടായി. ആ കത്തുകളില് അതത് മാസവും തീയതിയും രേഖപ്പെടുത്തിയിരുന്നു. എന്നാല് ഏത് വര്ഷത്തെ മാസത്തിലാണ് കത്തയച്ചതെന്ന് മനസിലാവാത്തതിനാല് ഖലീഫ നിര്ദേശിച്ച പല പദ്ധതികളുടെയും കാലക്രമത്തിലുള്ള മുന്ഗണന അദ്ദേഹത്തിന് മനസിലാക്കാനായില്ല. സ്വാഭാവികമായും അദ്ദേഹം ഇക്കാര്യം ഖലീഫയോട് പരാതിപ്പെട്ടു. പ്രശ്നത്തിന്റെ ഗൌരവം മനസിലാക്കിയ ഖലീഫ ഉടനെ ഭരണകാര്യസ്ഥരുടെ ശൂറ വിളിക്കുകയും പ്രശ്നം ചര്ച്ചക്കിടുകയും ചെയ്തു. അങ്ങനെ ചിലര് നുബുവ്വത്ത് ആസ്പദമാക്കി ഇസ്ലാമിക
വര്ഷം ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല് ഹിജ്റ പോയ ദിനം അടിസ്ഥാനപ്പെടുത്തി ഇസ്ലാമിക വര്ഷം സംവിധാനിക്കണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. അങ്ങനെയാണ് മുഹറം ഇസ്ലാമിക കലണ്ടറിലെ ആദ്യമാസമായി ഖലീഫ ഉമര് (റ) പ്രഖ്യാപിച്ചത്. ഏഡി.639 ഹിജ്റ 17-ന് മുഹറം മാസത്തിലായിരുന്നു ഈ പ്രഖ്യാപനം.
മുഹറമിന്റെ പ്രത്യേകതകള്
മുഹറം മാസത്തിന് ഇസ്ലാമിക ചരിത്രത്തില് ധാരാളം പ്രാധാന്യവും പ്രത്യേകതകളുമുണ്ട്. ഒരു പാട് ചരിത്ര സംഭവങ്ങള്ക്ക് മുഹറം സാക്ഷിയായിട്ടുണ്ട്. അവയില് മുഹറം പത്തിന് നടന്ന ചില സംഭവങ്ങള് താഴെ ചേര്ക്കുന്നു.
- ആദം നബി (അ)വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ പേരില് തൌബ ചെയ്തപ്പോള് അല്ലാഹു സ്വീകരിച്ച ദിനം.
- നൂഹ് നബി (അ)യുടെ കപ്പല് വെള്ളപ്പൊക്കമുണ്ടായ സമയത്ത് ജൂദീ പര്വതത്തിലണഞ്ഞ ദിനം.
- നംറൂദിന്റെ അഗ്നികുണ്ഡത്തില് നിന്നും ഇബ്റാഹിം നബി (അ)രക്ഷപ്പെട്ട ദിനം
- മൂസാ (അ), ഈസാ (അ), ഇബ്റാഹിം (അ) എന്നീ പ്രവാചകന്മാര് ജന്മം കൊണ്ട ദിവസം.
- അയ്യൂബ് നബി (അ) തന്റെ അസുഖത്തില് നിന്ന് ശമനം നേടിയ ദിവസം.
- യൂസുഫ് നബി (അ) കിണറ്റില് നിന്നും രക്ഷപ്പെട്ടു.
- യൂസുഫ് നബി (അ) യുമായുള്ള വിരഹ വേദനയാല് കരഞ്ഞു കരഞ്ഞ് കാഴ്ചനഷ്ടപ്പെട്ട യഅ്ഖൂബ് നബി (അ)ന് യൂസുഫ് നബിയുടെ വസ്ത്രം മുഖത്തിടുകയും കാഴ്ചശക്തി തിരിച്ചുകിട്ടുകയും ചെയ്തത്.
- സുലൈമാന് നബി (അ) രാജസിംഹാസനത്തില് അവരോധിതനായി.
- സകരിയ്യാ നബി (അ),യുടെ നിരന്തരമായ പ്രാര്ഥന മൂലം വാര്ധക്യത്തില് സന്താനമായി യഹ്യാ (അ) പിറന്നു.
- മൂസ നബി (അ) വടിയെ പാമ്പാക്കുകയും ഇന്ദ്രജാലക്കാര്ക്കെതിരെ വിജയം കൈവരിക്കുകയും ചെയ്തു.
- മൂസ (അ) നെയും സംഘത്തെയും പിന്തുടര്ന്ന ഫറോവയും സൈന്യവും ചെങ്കടലില് മുങ്ങിത്താഴ്ന്നു.
കൂടാതെ മുഹറമിലെ മറ്റു ചില ദിവസങ്ങള്ക്കു കൂടി ചരിത്രപരമായി പ്രാധാന്യമുണ്ട്. ഖുര്ആനില് അസ്ഹാബുല് ഫീല് എന്ന് വിശേഷിപ്പിക്കപ്പെട്ട, കഅ്ബ പൊളിക്കാന് സൈന്യവുമായി വന്ന അബ്റഹത്തും സംഘവും അബാബീല് പക്ഷികളുടെ ഏറ് കൊണ്ട് നാമാവശേഷമായത് മുഹറം 17-നായിരുന്നു.
യൂനുസ് നബി (അ)മത്സ്യ വയറ്റില് നിന്നും കരയിലേക്കെത്തിയത് മുഹറം 7-നാണ്.
മുഹറം പത്ത് അഥവാ ആശൂറാഅ് ദിവസം ആരെങ്കിലും സൃഷ്ടികളോട് ഭക്ഷണ വിശാലത കാണിച്ചാല് ആ വര്ഷം മുഴുവന് അല്ലാഹു അവന് ഭക്ഷണ വിശാലത നല്കുമെന്ന് ഹദീസില് കാണാം. (ഇആനത്തു ത്വാലിബീന് -2.267).
ഇബിലീസിന് സ്വര്ഗം നിഷിദ്ധമാക്കപ്പെട്ട മാസമായതിനാലാണ് അതിന് മുഹറം (നിഷിദ്ധമായത്)എന്ന് പേര് ലഭിച്ചെതെന്ന് ചരിത്രത്തില് കാണാം. (ഖസാഇസുല് അയ്യാം 105), (ഇആനത്തു ത്വാലിബീന് – 2..265).
മുഹറം ആദ്യത്തെ പത്തു ദിവസം നോമ്പനുഷ്ഠിക്കല് ശക്തമായ സുന്നത്തും മാസം മുഴുവന് നോന്പനുഷ്ഠിക്കല് സുന്നത്തുമാണ്. (ഫതാവല് കുബ്റാ..2-27).
No comments:
Post a Comment