Monday 1 October 2018

ഗാന്ധി സ്മരണയില്‍



ഒക്ടോബര്‍ 2 രാജ്യം മുഴുവന്‍ ഗാന്ധിജയന്ദി ആഘോഷിക്കുകയാണ്. ഗാന്ധിജി നമ്മുടെ രാഷ്ട്ര പിതാവാണ്. അദ്ധേഹത്തെ നമ്മള്‍ സ്നേഹത്തോടെ  ബാപ്പുജി എന്ന് വിളിക്കുന്നു. നമ്മുടെ രാജ്യം സ്വാതന്ദ്ര്യം നേടുന്നതിനു അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. ലോകം മുഴുവന്‍ അദ്ധേഹത്തെ ആദരിക്കുന്നു.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. 1883ല്‍ കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിച്ചു.

ദക്ഷിണാഫ്രിക്കയില്‍ വക്കീല്‍ പഠനത്തിനുപോയ ഗാന്ധി തന്‍െറ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടത്തെ മാറ്റി. ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു. ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് 1915 ജനുവരി ഒമ്പതിനാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിവന്നത്.

ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കൊള്ളരുതായ്മക്കെതിരെ പോരാടാനുള്ള ഉറച്ച മനസ്സുമായാണ് ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതം സജീവമായത്. 1917 ചമ്പാരന്‍ സമരം നടത്തി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹമായിരുന്നു ചമ്പാരന്‍. നീലം കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ ചമ്പാരന്‍ സത്യഗ്രഹം വലിയ കോളിളക്കങ്ങളുണ്ടാക്കി. ചമ്പാരന്‍ ഇപ്പോള്‍ ബിഹാര്‍ സംസ്ഥാനത്താണ്. ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം 1918ലാണ്. അഹ്മദാബാദിന്‍െറ മില്‍ സമരവുമായി ബന്ധപ്പെട്ടായിരുന്നു. തുടര്‍ന്ന് ഖേഡ സത്യഗ്രഹവും നടത്തി. 1917ലാണ് ഗാന്ധിജിയെ ഇന്ത്യയില്‍ ആദ്യമായി അറസ്റ്റ് ചെയ്തത്.

ഗാന്ധിജി ആകെ അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. 1920ല്‍ കോഴിക്കോടാണ് ആദ്യ പ്രസംഗം നടന്നത്. ഗാന്ധിജി ഇടപെട്ട ആദ്യ സത്യഗ്രഹ സമരം 1924ലെ വൈക്കം സത്യഗ്രഹമായിരുന്നു. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തെ ‘ആധുനിക കാലത്തെ അദ്ഭുത സംഭവം’ എന്നു വിശേഷിപ്പിച്ചതും ഗാന്ധിജിയായിരുന്നു.

ഗാന്ധിജിയെ ‘മഹാത്മാ’ എന്ന് വിശേഷിപ്പിച്ചത് രബീന്ദ്രനാഥ ടാഗോറായിരുന്നു. ഗാന്ധിജി ടാഗോറിനെ ഗുരുദേവ് എന്നും വിശേഷിപ്പിച്ചു. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധി സുഭാഷ് ചന്ദ്രബോസിനെ വിളിച്ചു.

1948 ജനുവരി 30നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്. അന്ന് വെള്ളിയാഴ്ചയായിരുന്നു. നാഥൂറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തനാണ് അദ്ദേഹത്തെ കൊന്നത്. 79ാം വയസ്സിലായിരുന്നു അത്. ആ ദിവസം രക്തസാക്ഷി ദിനമായി ആചരിക്കുന്നു. ഗാന്ധി വധക്കേസിലെ പ്രതികളെ 1949ല്‍ തൂക്കിക്കൊന്നു. അംബാല ജയിലില്‍വെച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. 

ഇന്ത്യയുടെ പ്രകാശമാണ് ഗാന്ധിജി. ഗാന്ധിജി തെളിച്ച മാനവസൗഹാര്‍ദമെന്ന പാതയാണ് നാം ഓരോരുത്തരും പിന്തുടരേണ്ടത്. അക്രമങ്ങള്‍ പെരുകിവരുന്ന പുതിയ കാലത്ത് ഈ ദിനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഗാന്ധിജിയുടെ പാത സ്വീകരിച്ച് രാഷ്ട്രത്തിന്‍െറ നല്ല കെട്ടുറപ്പിനായി കൂട്ടുകാര്‍ കൈകോര്‍ക്കണം.

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete