Tuesday 18 December 2018

'സി.എച്ച്.മുഹമ്മദ് കോയ' മുസ്ലിം സമുദായത്തില്‍ വിദ്യാഭ്യാസത്തിൻറെ വിപ്ലവനായകൻ


ചരിത്രപരമായി പിന്നാക്കം നിന്നിരുന്ന, ആരാന്റെ വിറക് വെട്ടികളും വെള്ളം കോരികളുമെന്ന് മുദ്ര കുത്തിയ ഒരു സമുദായത്തെ ഉന്നതിയിലേക്കുയര്‍ത്തിയ മഹാ മനീഷി.. ചത്ത കുതിരകളല്ല. ഉറങ്ങിക്കിടക്കുന്ന സിംഹമാണ് മുസ്ലിം ലീഗെന്ന് കേരളത്തിന്റെ പൊതു മണ്ഡലത്തിന് കാണിച്ചുകൊടുത്ത രാഷ്ട്രീയ നേതാവ്. അതാണ് സി.എച്ച് മുഹമ്മദ് കോയ. ആദരണീയനായ ജനനേതാവ്, കഴിവുറ്റ ഭരണാധികാരി, കൃതഹസ്തനായ പത്ര പ്രവര്‍ത്തകന്‍, ഉന്നതനായ എഴുത്തുകാരന്‍, വശ്യവചസായ പ്രഭാഷകന്‍. അങ്ങനെ എല്ലാ രംഗത്തും സി.എച്ച് എന്ന പ്രതിഭ ഒന്നാമനായി.
കര്‍മ്മ ധന്യമായ ജീവിതത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ വിദ്യാഭ്യാസ മണ്ഡലങ്ങളെ കീഴടക്കിയ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിട ചൊല്ലിയിട്ട് 35 വര്‍ഷം പൂര്‍ത്തിയാവുമ്പോഴും ആ മനുഷ്യനെ കുറിച്ചുള്ള മധുരോദാരമായ ഓര്‍മ്മകള്‍ ഇന്നും മനസില്‍ പച്ച പിടിച്ച് നില്‍ക്കുന്നു.
ഒരു യുഗത്തിന് തുടക്കാവുന്നു..
1927 ജൂലായ് 27ന് പയമ്പുനത്തില്‍ ആലി മുസ്ല്യാര്‍ എന്ന നാട്ടു വൈദ്യന്റെ മകനായി കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിലാണ് സി.എച്ച് ജനിച്ചത്.
രാഷ്ട്രീയ പ്രവേശനം
1952 ല്‍ കോഴിക്കോട് നഗരസഭയിലേക്ക് തെരെഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് അദ്ദേഹം തന്റെ ദീര്‍ഘമായ രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിക്കുന്നത്. 1957 ല്‍ നിയമസഭയിലെത്തി. പിന്നെ തുടര്‍ച്ചയായ വിജയം. മരണം വരെ ആ ശബ്ദം നിയമസഭയില്‍ മുഴങ്ങി. ഇടക്കാലത്ത് പാര്‍ലമെന്റംഗമായി മാറി നിന്നത് ഒഴിച്ചാല്‍ കേരള രാഷ്ട്രീയത്തിലെ നിറ സാന്നിധ്യമായിരുന്നു സി.എച്ച്.
സരസനായ പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍
പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ആ ശബ്ദം കേരളം ശ്രവിച്ചു. സരസവും ചിന്തോദ്ദീപകവുമായ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ജനങ്ങള്‍ പാതി രാവ് വരെ കാത്തിരുന്നു. അതില്‍ രാഷ്ട്രീയ വൈരികള്‍ പോലും ശ്രോതാക്കളായി. സി.എച്ചിന്റെ ഫലിതങ്ങള്‍ എന്ന പുസ്തകം തന്നെ പുറത്തിറങ്ങി.
ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപരായിരുന്നു സി.എച്ച്. അക്കാലത്ത് ചന്ദ്രികയില്‍ എഴുതിയ ലേഖനങ്ങള്‍ ഇന്നും പ്രസക്തമാണ്. മാത്രമല്ല അദ്ദേഹത്തിന്റെ എഴുത്തുകള്‍ മുസ്ലീം ലീഗിന് കേരളത്തിന്റെ പൊതുമണ്ഡലവുമായി വിപുലമായ സാംസ്‌കാരിക വിനിമയങ്ങള്‍ വളര്‍ന്നു വരാനും സാധിച്ചു. അമുസ്ലീം സാഹിത്യകാരന്‍മാരും ബുദ്ധിജീവികളുമായുള്ള ലീഗ് ബന്ധത്തിന് ആക്കം കൂട്ടിയതും സി.എച്ച് തന്നെയായിരുന്നു. കേരളത്തിലെ മുസ്ലീം സമുദായത്തെ ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു എന്നതാണ് സി.എച്ചിന്റെ മറ്റൊരു സംഭാവന.
വിദ്യാഭ്യാസ വിപ്ലവ നായകന്‍
എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യാന്‍ ഭാഗ്യം ലഭിച്ച മന്ത്രി കൂടിയായിരുന്നു സി.എച്ച്. അതില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസ വകുപ്പ് തന്നെ. ശ്രദ്ധേയമായ പല തീരുമാനങ്ങളുമെടുത്ത് ആ വകുപ്പിനെ അടിമുടി മാറ്റാന്‍ സി.എച്ചിന് സാധിച്ചു. ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി കൂടിയായിരുന്നു സി.എച്ച്. ആഭ്യന്തരം, റവന്യൂ, വിനോദ സഞ്ചാരം, പൊതുമരാമത്ത്, സാമൂഹിക ക്ഷേമം തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. കേരളത്തിലെ ഒട്ടുമിക്ക സര്‍വകലാശാലകള്‍ക്കും തുടക്കം കുറിക്കാന്‍ സി.എച്ചിന് സാധിച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെ പിതാവായി സി.എച്ച് അറിയപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കി. അധ്യാപകര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കി. പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. പത്താം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കി. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കി. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന മുസ്ലീം സമൂഹത്തെ അതിലേക്ക് ആകര്‍ഷിക്കാന്‍ പ്രാഥമിക വിദ്യാലയത്തില്‍ അറബി ഭാഷ പാഠ്യ വിഷയമാക്കി. പല അറബി അധ്യാപകര്‍ക്കും ഇതുമൂലം സര്‍ക്കാര്‍ ജോലി ലഭിച്ചു.
മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തെ പ്രചോദിപ്പിച്ച സി.എച്ചിന്റെ പ്രവര്‍ത്തനത്തിന്റെ ബാക്കി പത്രം തന്നെയാണ് ഇന്ന് കാണുന്ന മുസ്ലീം കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയെന്ന് പറയാതെ വയ്യ. മാത്രമല്ല, വിദ്യാഭ്യാസ സംവരണത്തിന്റെ വക്താവ് കൂടിയാണ് അദ്ദേഹം. മുസ്ലീം സമുദായത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സി.എച്ചിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ എന്നീ സ്ഥാപനങ്ങളില്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം നിലവില്‍ വരുത്തിയതും സി.എച്ച് തന്നെ.


തൊട്ടതെല്ലാം പൊന്നാക്കി
കൈവെച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ച രാഷ്ട്രീയ നേതാവായിരുന്നു സി.എച്ച്. മലപ്പുറം ജില്ല രൂപീകരിക്കുന്നതില്‍ സി.എച്ച് വഹിച്ച പങ്ക് വിവരണാതീതമാണ്. കേരളത്തിലെ ഏക മുസ്ലീം മുഖ്യമന്ത്രി കൂടിയായ അദ്ദേഹം എം.എല്‍.എ, എം.പി, സ്പീക്കര്‍, മന്ത്രീ, ഉപമുഖ്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച കേരളത്തിലെ ഏക വ്യക്തി കൂടിയാണ്.
ആസിഡ് ബള്‍ബെറിഞ്ഞു, പക്ഷേ..
മനുഷ്യനെ നശിപ്പിക്കാം. പക്ഷേ തോല്‍പ്പിക്കാനാവില്ല. ഈ വാക്കിന് ഇന്നും രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാഷ്ട്രീയത്തിലെ അതികായന്‍മാരെ വീഴ്ത്താന്‍ ശത്രുക്കള്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. ആശയാദര്‍ശങ്ങള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഇത്തരക്കാരെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ശത്രുക്കള്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കുക സ്വാഭാവികമാണ്. ആരോപണം ഉന്നയിച്ച് പൊതുജന മധ്യത്തില്‍ കുറ്റവാളികളാക്കി മാറ്റുകയാണ് ഇതുവഴി ശത്രുക്കള്‍ ലക്ഷ്യം വെക്കുന്നത്. സി.എച്ചിന്റെ ഭരണ നൈപുണ്യവും സംഘടനാമികവും പ്രസംഗ പാടവവും അദ്ദേഹത്തിന് എമ്പാടും ശത്രുക്കളെ സൃഷ്ടിച്ചു. സമുദായത്തിന്റെ അവകാശത്തില്‍ സന്ധി ചെയ്യാന്‍ തയ്യാറാകാത്ത സി.എച്ചിനെ തളര്‍ത്താന്‍ പല അടവുകളും ശത്രുക്കള്‍ പ്രയോഗിച്ചു. പക്ഷേ, അതൊന്നും വിജയിച്ചില്ല. ആദര്‍ശപരമായി സി.എച്ചിനെ നേരിടാന്‍ കഴിയാത്തവര്‍ കായി ബലം പ്രയോഗിച്ചു. മന്ത്രിയായ സി.എച്ചിന്റെ മുറിയില്‍ കയറി ആസിഡ് ബള്‍ബ് മുഖത്തേക്കെറിഞ്ഞു. മുറിവുകള്‍ക്കപ്പുറം ഒന്നും സംഭവിച്ചില്ല.

ചരിത്രത്തിന് യുഗാന്ത്യം
1983 സെപ്തംബര്‍ 28, അന്നാണ് ഒരു കാലഘട്ടത്തില്‍ സമുദായത്തിന്റെ രക്ഷകനായി അവതരിച്ച വീരപുരുഷന്‍ കാലയവനികക്കുള്ളിലേക്ക് മറഞ്ഞത്. തന്റെ 56 മത്തെ വയസില്‍ ഹൈദരാബാദിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചാണ് സി.എച്ച് അന്തരിക്കുന്നത്. മരണ സമയത്ത് കേരളത്തിന്റെ ഉപമുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു അദ്ദേഹം. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹത്തിന് മസ്തിഷ്‌കാഘാതമുണ്ടാവുകയായിരുന്നു.
മൃദുഭാഷിയും വിനയാന്വിതനുമായിട്ട് തന്നെ കാലം സി.എച്ചിനെ കുറിച്ചിടുമ്പോഴും കടുത്ത വിമര്‍ശനങ്ങളുടെ കൂരമ്പെയ്യാന്‍ സി.എച്ച് ഒട്ടും മടിച്ചിരുന്നില്ല.
പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായി ജനിച്ച് കേരളത്തിന്റെ ഇന്ദ്രപ്രസ്ഥത്തില്‍ അഭിമാനകരമായ ഇടം നേടിയാണ് സി.എച്ച് സര്‍വശക്തനിലേക്ക് നടന്നടുത്തത്.

No comments:

Post a Comment