ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ..എന്നാല്‍ അവര്‍ ക്ഷമാപണം നടത്താന്‍ തയ്യാറല്ല.
ഇന്ത്യന്‍ ചരിത്രത്തിലെ ഒരു അദ്ധ്യായം തന്നെ യാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്.

കൂട്ടക്കൊലയ്ക്കുള്ള കാരണങ്ങൾ
1919 മാർച്ചിൽ ബ്രിട്ടീഷ് ഗവണ്മെന്റ് റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസ്സാക്കി. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഗവണ്മെന്റിന് അധികാരം നൽകി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറി. 1857ലെ സമരത്തെതുടർന്ന് തന്നെ ഇന്ത്യക്കാരെ സംശയത്തോടെയാണ് ബ്രിട്ടീഷുകാർ വീക്ഷിച്ചത്. ലാഹോർ ഗൂഢാലോചനാകേസിന്റെ വിചാരണാ സമയത്തുണ്ടായ മുന്നേറ്റ ശ്രമത്തെ ബ്രിട്ടീഷുകാർ ഭീതിരായാണ് നോക്കികണ്ടത്. കൂടാതെ റഷ്യൻ ആശയങ്ങളോടുള്ള ഇന്ത്യയിലെ യുവതലമുറയുടെ ആവേശം എന്നിവ ബ്രിട്ടീഷ് ഭരണാധികാരികളിൽ അസ്വസ്ഥതയുളവാക്കി. റൗളറ്റ് നിയമത്തിനെതിരേ പോരാടാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. ഈ സമരപ്രഖ്യാപനത്തെ ഇന്ത്യയിലെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. പഞ്ചാബിൽ സമരം അക്രമാസക്തമാവുകതന്നെ ചെയ്തു.
പഞ്ചാബിലെ കോൺഗ്രസ്സ് നേതാക്കളായിരുന്ന ഡോ.സത്യപാൽ, സെയ്ഫുദ്ദീൻ കിച്ച്ലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി.. ഇരുവരും, ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളായിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് , 1919 ഏപ്രിൽ 10ന് അമൃത് സറിൽ ഹർത്താലാചരിച്ചു.അമൃത് സറിൽ ഡെപ്പ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്കു നടന്ന പ്രതിഷേധ റാലിക്കു നേരെ പോലീസ് നിറയൊഴിച്ചു. ഇതിൽ രോഷകുലരായ ജനക്കൂട്ടം ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തീവെച്ചു.അക്രമങ്ങളിൽ 5 യൂറോപ്യന്മാരുംപോലീസ് വെടിവെപ്പിൽ ഇരുപതിലേറെ ഇന്ത്യക്കാരും കൊല്ലപ്പെട്ടു.
ഏപ്രിൽ 11 ന് തന്റെ സ്കൂളിലെ വിദ്യാർത്ഥികളെ സുരക്ഷിതമായി അവരുടെ വീടുകളിൽ എത്തിക്കാൻ ഏർപ്പാടുചെയ്തതിനുശേഷം തിരികെ വീട്ടിലേക്കു പോവുകയായിരുന്ന മാർഷെല ഷേർവുഡ് എന്ന മിഷണറി പ്രവർത്തകയെ ഒരു ഇടുങ്ങിയ വീഥിയിൽ വച്ച് കോപാക്രാന്തരായ ജനക്കൂട്ടം ആക്രമിച്ചു. സമീപവാസികളായ ആളുകൾ ആണ് അവരെ മരണത്തിൽ നിന്നും രക്ഷിച്ചത്. ഈ സംഭവത്തിൽ ഇന്ത്യാക്കാരോട് പ്രതികാരം ചെയ്യണമെന്ന് ജനറൽ ഡയർ തീർച്ചപ്പെടുത്തി. ഇന്ത്യാക്കാർ അവരുടെ ദൈവങ്ങളുടെ മുമ്പിൽ കുമ്പിടുന്നു, ഒരു ബ്രിട്ടീഷ് സ്ത്രീ ഹിന്ദു ദൈവങ്ങളെപ്പോലയാണെന്നും ഇന്ത്യാക്കാർ അവരുടെ മുന്നിൽ തലകുനിക്കുന്നത് താൻ കാണിച്ചുതരാമെന്നുമായിരുന്നു ഡയർ നടത്തിയ ഭീഷണി. എന്നാൽ ഡയറുടെ ഈ നീക്കത്തെ ഷേർവുഡ് എതിർക്കുക തന്നെ ചെയ്തു. തൊട്ടടുത്ത ദിവസങ്ങളിൽ അമൃത്സർ നഗരം ഏറെക്കുറെ ശാന്തമായിരുന്നുവെങ്കിലും, പ്രാന്തപ്രദേശങ്ങളിൽ അക്രമം തുടരുന്നുണ്ടായിരുന്നു. വിപ്ലവകാരികൾ തീവണ്ടിപ്പാതകൾ മുറിച്ചു, വാർത്താവിതരണസംവിധാനം തകരാറിലാക്കി. ഏപ്രിൽ 13ന് പഞ്ചാബിൽ പട്ടാള നിയമം ഏർപ്പെടുത്തി. പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചു. നാലുപേരിലധികം കൂട്ടംകൂടുന്നതുപോലും നിരോധിച്ചു.
1919, ഏപ്രിൽ 13 സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു. അന്ന് അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനു സിഖുകാരും, മുസ്ലിംമുകളും ഹിന്ദുക്കളും അന്ന് ജാലിയൻ വാലാബാഗിലെ മൈതാനിയിൽ തടിച്ചുകൂടിയിരുന്നു. ഇംഗ്ലീഷ് യുവതിയെ ഹിന്ദു ദൈവങ്ങളോട് ഉപമിച്ച ജനറൽ ഡയറുടെ പ്രസ്താവന ഒരു പാട് പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്ത്യാക്കാരോടുള്ള ബ്രിട്ടന്റെ തരംതാണ വിവേചനമായാണ് ഇന്ത്യൻ സമൂഹം ആ പ്രസ്താവനയെ കണ്ടത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവനക്കെതിരേ സമാധാനമായി പ്രതിഷേധിക്കാനാണ് അന്ന് ആ യോഗം കൂടിയത്.
യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, അന്ന് അമൃത് സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ, 90 അംഗങ്ങൾ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രവത്കൃതതോക്കുകൾ ഘടിപ്പിച്ച രണ്ട് വാഹനങ്ങൾകൂടി ആ സേനയോടൊപ്പം ഡയർ കൊണ്ടുവന്നിരുന്നു. എന്നാൽ മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാൽ ആ വാഹനങ്ങൾ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ജാലിയൻവാലാബാഗ് മൈതാനം മതിലുകളാൽ ചുറ്റപ്പെട്ടതാണ്, മൈതാനത്തിലേക്കുള്ള വാതിലുകൾ തീരെ ഇടുങ്ങിയതുമാണ് അതിൽ തന്നെ പലതും സ്ഥിരമായി അടച്ചിട്ടിരിക്കുകയുമാണ്. പ്രധാന വാതിലാണ് താരതമ്യേന വലിപ്പം കൂടിയതെങ്കിലും, ആ പ്രവേശനവാതിൽ ഡയർ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു.
യോഗം പിരിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകാതെ തന്നെയാണ് ഡയർ വെടിവെപ്പിന് ഉത്തരവിട്ടത്. മീറ്റിങ്ങ് പിരിച്ചുവിടുക എന്നതിലുപരി ഇന്ത്യാക്കാരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു ആ നടപടിയെന്ന് ഡയർ പിന്നീട് പറയുകയുണ്ടായി. വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെക്കാൻ ഭടന്മാർക്ക് ഉത്തരവ് നൽകി. 1,650 തവണയാണ് പട്ടാളക്കാർ ജനക്കൂട്ടത്തിനു നേരെ വെടിവെച്ചത്. സംഭവത്തിനുശേഷം ഒഴിഞ്ഞു കിടന്ന തിരകളുടെ പൊതികളിൽ നിന്നുമാണ് ഈ കണക്ക് പിന്നീട് ലഭിച്ചത്. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനായി, ജനങ്ങൾ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറിൽ നിന്നുമാത്രമായി ലഭിച്ചത്.
വെടിവെപ്പിൽ മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. എന്നാലിത് 1800ൽ ഏറെയായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച കോൺഗ്രസ്സിന്റെ കണക്കുകൾ പറയുന്നു.
പിൽക്കാലത്ത്, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരൻ ആയ മൈക്കൽ ഒഡ്വയറിനെ ഉധം സിങ് വെടിവെച്ചു കൊന്നു. ഉധം സിങ് ജാലിയൻവാലാബാഗ് സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു. അതുകൂടാതെ ആ സംഭവത്തിൽ അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഡയറിന് ഉത്തരവ് നൽകിയ പഞ്ചാബിന്റെ ലഫ്ടനന്റ് ഗവർണർ കൂടിയായിരുന്നു മൈക്കൽ ഒഡ്വയർ.
ജാലിയൻ വാലാബാഗിൽ പിടഞ്ഞുമരിച്ച ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓർമ്മക്കായി 1963 ൽ ഇവിടെ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു.
No comments:
Post a Comment