Sunday 15 March 2020

കൊറോണ ലോകം മുഴുവൻ വ്യാപിക്കുന്നു - ലോകത്താകമാനം ആരോഗ്യ അടിയന്തരാവസ്ഥ




കൊറോണ - COVID 19

ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ 31നാണ് ചില അസ്വാഭാവിക ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ക്കകം രോഗികളുടെ എണ്ണം വര്‍ധിച്ചു. 2020 ജനുവരി 7ന് ഇതിനു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. വുഹാന്‍ സിറ്റിക്ക് അടുത്തുള്ള മത്സ്യ മാംസ മാര്‍ക്കറ്റ് ഈ പകര്‍ച്ച വ്യാധിക്ക് കാരണമായതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് ആദ്യം കണ്ടെത്തിയിരുന്നു.

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസകോശത്തെ ബാധിക്കുന്ന തരത്തിലുള്ള വൈറസുകളാണ് കൊറോണ വൈറസുകള്‍. ജലദോഷം, ന്യുമോണിയ, കഠിനമായ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) എന്നിവയുമായി ഈ വൈറസ് ബന്ധപ്പെട്ടിരിക്കുന്നു. ഇത് കുടലിനെ ബാധിച്ചെന്നും വരാം. പക്ഷിമൃഗാദികളില്‍ കൂടിയാണ് കൊറോണ വൈറസ് പ്രധാനമായും പടരുന്നത്. ഇവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു വഴി മനുഷ്യരിലേക്കും പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസ് ബാധിച്ചാല്‍ സാധാരണ ജലദോഷം മുതല്‍ മാരകമായ ന്യൂമോണിയയുടെ പിടിയിലേക്കു വരെ മനുഷ്യര്‍ അകപ്പെടുന്നു. 20 വര്‍ഷത്തിനിടെ ലോകത്തെ ഞെട്ടിച്ച സാര്‍സ്, മേഴ്‌സ് എന്നീ പകര്‍ച്ച വ്യാധികളും കൊറോണ വൈറസ് കാരണമായുണ്ടായ രോഗങ്ങളാണ്.


രോഗ ലക്ഷണങ്ങൾ എന്തൊക്കെ ...

വൈറസ് ബാധയുടെ പ്രാരംഭ ലക്ഷണങ്ങളാണ് പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവ. ന്യൂമോണിയ തുടങ്ങിയ മാരകമായ ഘട്ടങ്ങളിലേക്കും ഈ വൈറസ് മനുഷ്യനെ തള്ളിവിടുന്നതാണ്. രോഗം ബാധിച്ച ആളുകളുമായോ പക്ഷി മൃഗാദികളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നവരിലും രോഗം പകരാനുള്ള സാധ്യത ഏറെയാണ്. രോഗം വന്നവരെ ചികിത്സിക്കാന്‍ ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതും ഞെട്ടിക്കുന്നതാണ്. ലക്ഷണങ്ങള്‍ കണ്ടറിഞ്ഞ് പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്ന രീതി.

വേണ്ടത് ജാഗ്രത.




വേണം കരുതൽ 

 സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക. 20 സെക്കന്റോളം ഇത്തരത്തില്‍ സോപ്പിട്ട് കൈ നന്നായി കഴുകാന്‍ ശ്രദ്ദിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും പൊത്തിപ്പിടിക്കുക. കഴുകി ശുചിയാക്കാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്.


No comments:

Post a Comment