Tuesday 28 April 2020

നിറംമാറുന്ന കൊറോണ വൈറസുകളും സുരക്ഷാ മാര്‍ഗങ്ങളും

അതിവേഗതയിലുള്ള കൊറോണ വൈറസ് മനുഷ്യജീവിതം ഭീതിദമാക്കി മുന്നേറിക്കൊണ്ടിരിക്കുന്നു. ഇത് ആദ്യമായി അരങ്ങേറിയ ചൈനയിലെ വുഹാന്‍ നഗരം ഇന്ന് ഒരു തുറന്ന ജയില്‍ പോലെ വര്‍ത്തിക്കുന്നു. രോഗനിര്‍ണയ പരിശോധനകളും പ്രതിരോധ മാര്‍ഗങ്ങള്‍ വിപുലപ്പെടുത്തി അതിവേഗ ആശുപത്രികളും നിര്‍മിച്ച് മനുഷ്യര്‍ മുന്നേറുമ്പോഴും രോഗാണു തോല്‍ക്കാന്‍ മനസ്സില്ലാതെ മനുഷ്യരെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
കോവിഡ് 19 എന്ന പുതിയ കൊറോണ വൈറസ്
1937-ല്‍ ആദ്യമായി കൊറോണ വൈറസിനെ (ടൈപ്പ് 1) ബ്രോങ്കൈറ്റിസ് രോഗമുള്ള കോഴികളില്‍നിന്ന് വേര്‍തിരിച്ചെടുത്തു. കോഴി ഫാമുകളെ അതിഗുരുതരമായി ബാധിച്ച രോഗമായിരുന്നു അത്. മഞ്ഞുകാലത്ത് മനുഷ്യരില്‍ ജലദോഷം പോലുള്ള ഗുരുതരമല്ലാത്ത രോഗമുണ്ടാക്കുന്ന രണ്ടിനം കൊറോണ വൈറസുക(Corona Virus 229E, Corona Virus OC43) ളാണ് 2002 നവംബറിന് മുമ്പുണ്ടായിരുന്നത്. ഈ വൈറസുകള്‍ പട്ടി, പൂച്ച, വാവല്‍, പന്നി, പക്ഷികള്‍, പാമ്പ് എന്നിവയിലും കാണപ്പെടുന്നു. 80 മുതല്‍ 220 നാനോമീറ്റര്‍ വരെ വലുപ്പമുള്ള മനുഷ്യരെ അതിഗുരുതരമായി ആക്രമിക്കുന്ന ഏഴ് ഇനം കൊറോണ വൈറസുകള്‍ ഇന്ന് നിലവിലുണ്ട്.
2002-ലെ സാര്‍സ് കൊറോണ വൈറസ്
ഒരുതരം കാട്ടുപൂച്ചയില്‍നിന്നാണ് മനുഷ്യരിലേക്ക് വൈറസ് പകര്‍ന്നത് എന്ന് കണ്ടുപിടിത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആധുനിക സജ്ജീകരണങ്ങളോടെ ഒരാഴ്ചക്കകം ഇവയെ ചൈനയിലെ Communicable Disease Control(CDC) അധികാരികള്‍ തിരിച്ചറിയുകയും ചെയ്തു. അങ്ങനെ ഇതിന് Corona Virus Type 4 എന്നു പേരിട്ടു. എങ്കിലും ഈ രോഗത്തെപ്പറ്റി പഠിക്കാന്‍ വന്ന് ഇതേ രോഗത്താല്‍ മരണപ്പെട്ട Dr. Carlo Urbani  യുടെ സ്മരണാര്‍ഥം രോഗാണുവിന് Urbani SARS Associated Corona Virus എന്ന് പേര് തിരുത്തി.
ഒരു സ്പീഷീസി(ഇനം)ല്‍നിന്ന് മറ്റൊരു Specise -ല്‍ ഉള്ള വൈറസുമായി പരസ്പരം ചേരുമ്പോള്‍ (Recombination  എന്ന പ്രക്രിയ നടക്കുമ്പോള്‍) അവയുടെ ജീനുകള്‍ പരസ്പരം കൈമാറുകയും മ്യൂട്ടേഷ(Mutation)നില്‍ കൂടി മൂന്നാമത് ഒരിനം പുതിയ വൈറസ് രൂപപ്പെടുകയും ചെയ്യുന്നു. ഇവിടെ പന്നിയിലുള്ള കൊറോണ വൈറസ് മനുഷ്യരിലുള്ള കൊറോണ വൈറസുമായി ഒന്നിക്കുമ്പോള്‍ ഉണ്ടാവുന്ന ഹൈബ്രിഡ് രോഗാണുവിന് പന്നിയിലും മനുഷ്യനിലും ഉണ്ടായിരുന്ന സ്വഭാവങ്ങളോടൊപ്പം പുതിയ രൗദ്രഭാവങ്ങള്‍ സൃഷ്ടിച്ച് സാര്‍സ് പോലെയുള്ള വളരെ ഗുരുതരമായ അവസ്ഥ രോഗിക്ക് ഉണ്ടാക്കുന്നു. ഇങ്ങനെ പുതിയ ഇനം വൈറസുകള്‍ സമൂഹത്തില്‍ ഉണ്ടാവുമ്പോള്‍ അവക്കെതിരെ പ്രവര്‍ത്തിക്കാനുള്ള വാക്‌സിനുകള്‍ നിര്‍മിക്കാനും നമുക്ക് കഴിയാതെ വരുന്നു. നിറംമാറിക്കൊണ്ടിരിക്കുന്ന ഇത്തരം വൈറസുകള്‍ മനുഷ്യവംശത്തിനു തന്നെ വലിയ ഭീഷണിയാവുന്നു.
ഒറ്റപ്പെടുത്തലും (Isolation) നിരീക്ഷണവും (Quarantine) സ്വീകരിച്ചിട്ടും വളരെ പെട്ടെന്നുതന്നെ പകര്‍ച്ചവ്യാധി അയര്‍ലന്റ്, ഹോങ്കോങ്, ചൈന അടക്കം ആഗോളതലത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് മാസങ്ങള്‍ക്കകം രോഗം നിയന്ത്രണാധീനമാക്കിയെങ്കിലും മുപ്പത് രാജ്യങ്ങളിലെ ആയിരക്കണക്കിനാളുകള്‍ക്ക് രോഗം പിടിപെടുകയും മരിക്കുകയും ചെയ്തു. ഇന്ത്യയിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
അന്താരാഷ്ട്ര സംയോജന പഠനത്തിലൂടെ, അഭൂതപൂര്‍വമായ ധാരാളം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ, ഈ രോഗത്തിനു കാരണമായ കൊറോണ വൈറസ് രോഗികളുടെ ശ്വസനേന്ദ്രിയ സ്രവത്തില്‍നിന്ന് ഇലക്‌ട്രോണ്‍ മൈക്രോ സ്‌കോപ്പിന്റെ സഹായത്തോടെയും ടിഷ്യു കള്‍ച്ചറിലൂടെയും ആനിമല്‍ ഇതോക്കുലേഷന്‍ പരീക്ഷണങ്ങളിലൂടെയും തിരിച്ചറിയുകയും വളരെ പെട്ടെന്ന് രോഗനിര്‍ണയം സാധ്യമാക്കുന്ന മോളിക്യുലാര്‍ പരിശോധനകളും സീറോളജിക്കല്‍ പരിശോധനകളും വികസിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് ഈ വൈറസ് നേരത്തേ ഉണ്ടായിരുന്ന മൂന്നുതരം കൊറോണാ വൈറസുകളെപ്പോലെ അല്ല എന്നും ഈ വൈറസ് സാര്‍സ് പകര്‍ച്ചവ്യാധിക്ക് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം (2014-ല്‍) ഒട്ടകങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകര്‍ന്ന കൊറോണ വൈറസാണ് എന്ന് തിരിച്ചറിയുകയും ചെയ്തത്. 
പുതിയ കൊറോണ വൈറസ് (nCoV - 2019)
എന്നാല്‍ 2019-ന്റെ അവസാനദിനത്തില്‍ (nCoV - 2019) എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഇപ്പോള്‍ ആഗോളതലത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് അതിവേഗം രോഗം പകര്‍ത്താന്‍ കഴിവുള്ളവയാണ്. ഒരു രോഗിയില്‍നിന്ന് 2 മുതല്‍ 4 വരെ ആള്‍ക്കാര്‍ക്ക് രോഗം പകര്‍ത്താനാവും. ഈ പുതിയ വൈറസ് ഉണ്ടാക്കുന്ന പകര്‍ച്ചവ്യാധി (സാര്‍സ്) ആഗോള പകര്‍ച്ചവ്യാധിയേക്കാള്‍ പത്തു മടങ്ങ് വലുതാണെന്ന് കണക്കാക്കപ്പെടുന്നു.
രോഗം പകരുന്ന രീതി
രോഗിയുടെ തുപ്പല്‍, കഫം, മൂക്കിലെ സ്രവങ്ങള്‍, ഉഛ്വാസവായു എന്നിവയിലൂടെ അന്തരീക്ഷത്തില്‍ പകരുന്ന രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്തുന്നു. രോഗിയുടെ മലത്തിലൂടെയും രോഗം പകരാം. രണ്ടാഴ്ചയില്‍ താഴെ ഇന്‍കുബേഷന്‍ സമയമുള്ള ഈ രോഗിയില്‍ പനി, ചുമ, കഫം, ശ്വാസം മുട്ട്, കിതപ്പ് എന്നീ ബുദ്ധിമുട്ടുകളോടെയാണ് രോഗം തുടങ്ങുന്നത്. ചിലപ്പോള്‍ രോഗിക്ക് വയറിളക്കവും ഉണ്ടാവാം. ശ്വാസതടസ്സം കൊണ്ടാണ് രോഗി മരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ രോഗിക്ക് ന്യൂമോണിയ,  കിഡ്‌നി തകരാറ് എന്നിവ ഉണ്ടാവുകയും അതേ തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യാം.
രോഗിയുടെ രക്തം, കഫം, തൊണ്ടയില്‍നിന്നുള്ള സ്രവം എന്നിവ രോഗനിര്‍ണയ പരിശോധനകള്‍ക്ക് വിധേയമാക്കി വൈറസിന്റെ സാന്നിധ്യവും രോഗപ്രതിരോധ ശേഷിയും കണ്ടുപിടിക്കാവുന്നതാണ്. 


പ്രതിരോധ മാര്‍ഗങ്ങള്‍

- എപ്പോഴും ശുചിത്വം പാലിക്കുകയും കൈകള്‍ കഴുകുന്നത് ശീലമാക്കുകയും ചെയ്യുക.
- തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും മറയ്ക്കുകയും മാസ്‌കുകള്‍ ധരിക്കുകയും ചെയ്യുക.
- മാംസഭക്ഷണവും മുട്ടയും നന്നായി പാകം ചെയ്തുകഴിക്കുക.
- ചുമയും തുമ്മലുമുള്ള രോഗികളോട് അടുത്തിടപഴകരുത്.
- പൊതുസ്ഥലങ്ങളില്‍ തുപ്പരുത്.
- ആരുടെയും കണ്ണില്‍ തൊടരുത്.
- കൈകള്‍ സോപ്പും ഒഴുകുന്ന വെള്ളവും ഉപയോഗിച്ച് കഴുകുകയും 70 % Ethyle Alcohol  അടങ്ങിയ Disenfeetatn  കൊണ്ട് കൈ Ruinse ചെയ്യുകയും വേണം.
- പൊതുജനങ്ങള്‍ക്ക് രോഗത്തെപ്പറ്റിയുള്ള അറിവുകള്‍ പകര്‍ന്നുകൊടുക്കുക.

ഈ രോഗത്തിന് തക്കതായ ഔഷധങ്ങളോ ചികിത്സയോ വാക്‌സിനോ ഇല്ലാത്തതിനാല്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഉത്തമം.
ശുചിത്വം പാലിക്കുകയും ശക്തമായ മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കുന്നതും ഒരുപരിധിവരെ നമ്മെ രക്ഷിക്കും എന്ന് പ്രത്യാശിക്കാം. 

എഴുതിയത്: പ്രഫ. കെ. നസീമ

No comments:

Post a Comment