Sunday, 15 January 2017

മുളകളും മുളങ്കാടുകളും എവിടെ ?

 മുളയെ ഓര്‍ക്കാന്‍ ഒരു ദിവസം ലോക മുള ദിനം, സെപ്തംബര്‍ 18 ആണെന്ന് തോനുന്നു... ശരിയാ ഇപ്പോ ഒര്കേണ്ടിയിരിക്കുന്നു, കാരണം മുളന്കാടോ മുള വടിയോ കാണാന്‍ ഇല്ല. എന്റെ വീടിന്റെ എതക്കലില്‍ (അതിര്‍ത്തിയില്‍ ) റോഡിനോട് ചേര്‍ന്ന് വലിയ മുളങ്കാട്‌ ഉണ്ടായിരുന്നു.  കാറ്റ് കാലം ആകുമ്പോള്‍ മുളകള്‍ കൂട്ടി മുട്ടി ഒരു പ്രത്യേക ശബ്ദം ഉണ്ടാകും. എനിക്ക് ഇഷ്ടമാണ് അത്. സ്കൂള്‍ അവധിക്കാലം അകരുമ്പോള്‍ ആണ് അത്. ഒരു എഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുള പൂക്കാന്‍ തുടങ്ങി.വീടിലെ മാത്രമല്ല എല്ലായിടത് ഇങ്ങിനെ പൂക്കുന്നു. അതൊരു പുതിയ കാഴ്ച ആയിരുന്നു, ഒരിക്കെ മറ്റമ്മ (ഉപ്പാന്റെ ഉമ്മ ) നോട് ചോതിച്ചു , അപ്പൊ അവരാ പറഞ്ഞത്, അത് മുളകള്‍ പൂക്കുന്നതാണ്, പിന്നെ മുള അരിയുണ്ടാകും. ആ അരികൊണ്ട് ഭക്ഷണം ഉണ്ടാക്കാം, പണ്ടൊക്കെ അതിന്റെ അരി കൊണ്ടാണ് കഞ്ഞി ഉണ്ടാക്കി കുടിച്ചിരുന്നത്, പിന്നെ പുട്ട് ഉണ്കകിയിരുന്നു എന്നൊക്കെ പറഞ്ഞു. മാത്രമല്ല ഒരിക്ക അത് പൂത്താല്‍ പിന്നെ അത് നശിക്കുമെത്രെ..




പണ്ടൊക്കെ വേലി കെട്ടാന്‍ ഉപയോഗിച്ചിരുന്നത് ഇതിന്റെ ശാഗകള്‍ കൊണ്ടാണ്. മുള്ള് വേലി എന്നാണ് അതിനു പറഞ്ഞിരുന്നത്.  ഓരോ വര്ഷം കൂടുമ്പോഴും ആളുകള്‍ വേലി മാറ്റി കേട്ടും. അങ്ങിനെ ഒരിക്കല്‍ പൂത്ത ആ മുളകള്‍ എല്ലാം നശിച്ചു. മുളങ്കാടുകള്‍ ഒന്നും കാണാന്‍ ഇല്ല. എല്ലാം വളരെ അപൂര്‍വ്വം ആണ്.
പിന്നെ പെര കെട്ടാനും പന്തല്‍ കെട്ടാനും എന്തല്ലാം ആവശ്യങ്ങള്‍ക്കാണ് മുള വടി ഉപയോഗിച്ചിരുന്നത് . ക്രിക്കട്റ്റ് കളിക്കുമ്പോള്‍ ബോള്‍ മുളങ്കൂട്ടില്‍ പോകും അപ്പോള്‍ എടുക്കാന്‍ പോകാന്‍ പേടിയാ കാരണം അതിനുള്ളില്‍ പാമ്പ് ഉണ്ടാകും എല്ലാവരും പറയും മാത്രമല്ല അതുനിള്ളില്‍ പോയി കയ്യിടുമ്പോള്‍ മുള്ള് കൊണ്ട് ചോരവരും അതുകൊണ്ട് ചിലര്‍ മാറി നില്‍ക്കും.
പക്ഷെ എനിക്ക് തോന്നുന്നത് മറ്റു നാടുകളില്‍ ഒരു പക്ഷെ മുളകള്‍ ഉണ്ടാകാം എന്റെ നാട്ടില്‍ നിന്ന് അപ്രത്യക്ഷ മായിരിക്കുന്നു എന്നതാണ് വാസ്തവം.

                                               


******************************************************************************
ഇനി മുളയെ കുറിച്ച് കുറച് പൊതു അറിവുകള്‍ ഷയര്‍ ചെയ്യാം......

ആയിരം ഗുണമുള്ള മുള
ആഹാരം മുതൽ ഒൗഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഉൗന്നുവടിയാകുമെന്നതിൽ സംശയമില്ല.
മുളകൾക്കും പൂക്കലാമുണ്ട്. എന്നാൽ മുള ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കുകയുള്ളൂ. അതോടെ അതു നശിക്കും. പുല്ലുവർഗത്തിൽപെട്ട മിക്കവയുടെയും സ്ഥിതി അതാണ്. എന്നാൽ വർഷം തോറും പൂക്കുന്ന ചുരുക്കം ചില ഇനങ്ങളും മുളക്കുടുംബത്തിലുണ്ട്. അവ പുഷ്പിക്കലിനെ തുടർന്ന് നശിക്കുകയുമില്ല. പൂക്കുന്നതിന് മുമ്പ് മൂത്ത ഇലകൾ കൊഴിഞ്ഞു പോകും. പിന്നെ ഇലയില്ലാതെ പൂക്കൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പൂക്കൾ പൊതുവെ വളരെ ചെറുതാണ്. അവ ഒന്നുചേർന്ന് കുലകളായി കാണപ്പെടുന്നു. സാധാരണയായി നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് മുള പൂത്തുതുടങ്ങുന്നത്.
മുളയരിക്ക് നെല്ലിനും ഗോതമ്പിനുമൊക്കെ സമാനമായ ആകൃതിയും പോഷകഗുണവുമുണ്ട്. മുളയരി പോറു വയ്ക്കാൻ നല്ലതാണ്. ആദിവാസികളും മറ്റും ആഹാരത്തിനായി മുളയരി ഉപയോഗിക്കാറുണ്ട്. ഒരിക്കൽ മാത്രം പുഷ്പിക്കുന്ന മുളകൾ അവയുടെ കായ മൂത്തു പാകമാകുമ്പോഴേക്കും ഉണങ്ങിക്കഴിഞ്ഞിരിക്കും.

വിശപ്പ് മാറ്റാം വിശപ്പ് വരുത്താം

മുളങ്കൂമ്പ് ഭക്ഷിക്കുന്നവരിൽ ഭാരതീയരും ഉൾപ്പെടും. ഇന്ത്യയിൽ മണിപ്പൂരിലുള്ളവരാണ് മുളങ്കൂമ്പ് തിന്നുതിൽ മുൻപന്തയിൽ. ബാംബൂ സബാംബോസ്, ഡെൻഡ്രോകലാമസ് ജൈജാന്റിയസ് എന്നിവയുടെ കൂമ്പകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. എണ്ണയിൽ വറുത്തും കറിവച്ചും ഉപയോഗിക്കുന്നു. വിശപ്പുണ്ടാവാനും കൂമ്പ് ഗുണകരമാണ്.
ക്ഷാമകാലത്ത് ആദിവാസികളുടെ പ്രധാന ഭക്ഷണമാണ് മുളയരി. നെല്ലുൾപ്പെട്ട പുൽവർഗ്ഗത്തിൽപെട്ട മറ്റു സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്. കൂടാതെ മുളങ്കൂമ്പും ഭക്ഷണത്തിന് പറ്റിയതാണ്. അച്ചാറുകളും മറ്റു സ്വാദുള്ള കറികളും ഉണ്ടാക്കുവാൻ ഇവ ഉപയോഗിക്കാം.
മുളയുടെ ഒൗഷധഗുണവും പരക്കെ പ്രചാരമുള്ളതാണ്. ചൈനയിലും മറ്റും മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയുടെ ഇല ഉപയോഗിക്കുന്നുണ്ട്.
ഒൗഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. ക്ഷാമകാലത്തും പൊതുവേ ജോലികൾ കുറവായ ജുൺ, ജൂലൈ മാസങ്ങളേയും അതിജീവിക്കാൻ വയനാട്ടിലെ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രിയിച്ചിരുന്നത് മുളയരിയായിരുന്നു. 1943-ലെ ബംഗാൾ ക്ഷാമകാലത്തും കേരളത്തിലെ പലർക്കും മുളയരി ആഹാരമായിട്ടുണ്ട്. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധിയായ പല രോഗങ്ങൾക്കും ഉത്തമ ഒൗഷധം കൂടിയാണ് മുളയരിക്കൊണ്ടുള്ള വിഭവങ്ങൾ.
മുളങ്കാടുകള്‍
ജീവന്റെ തുടര്‍ച്ചയ്ക്ക് പ്രകൃതിയുടെ നൈസര്‍ഗിക ആവാസവ്യവസ്ഥ കൂടിയേതീരൂ. പ്രകൃതിയുടെ വന പുനഃസ്ഥാപനത്തിന് മുളങ്കാടുകള്‍ ഏറെ പങ്കുവഹിക്കാറുണ്ട്. സസ്യഭുക്കുകളായ ജീവികളുടെ നിലനില്‍പ്പിന്റെ ആധാരവും മുള ഉള്‍പ്പെട്ട പുല്‍മേടുകളാണ്. മനുഷ്യന്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍, പ്രത്യേകിച്ച് നിയമം ലംഘിച്ചുള്ള മുളവെട്ടല്‍, കാട്ടുതീ, വനശീകരണം തുടങ്ങിയവയൊക്കെ മുളങ്കാടുകളെ കൂട്ടമായി നശിപ്പിക്കാറുണ്ട്. ആഹാരം, ഔഷധം, നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍, വന്‍കിട വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലൊക്കെ അനിവാര്യമായ മുളകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കാനാണ് സെപ്തംബര്‍ 18 "ലോക മുളദി"മായി ആചരിക്കുന്നത്. മുള ഉല്‍പ്പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കാനും കൂടുതല്‍ മെച്ചപ്പെട്ട ഇനങ്ങള്‍ രൂപപ്പെടുത്താനും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് റിസര്‍ച്ച് സെന്റര്‍, പീച്ചിയിലെ ബാംബൂ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉള്‍പ്പടെയുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു.പുല്‍വര്‍ഗത്തില്‍പ്പെടുന്ന സസ്യങ്ങളാണ് മുളകള്‍. ഏറ്റവും വലിയ പുല്ലും മുളയാണ്. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് മുളകള്‍ അതിവേഗം വളരാറുണ്ട്.
നമുക്ക് വളരെ പരിചിതങ്ങളായ ഗോതമ്പ്, നെല്ല്, ബാര്‍ളി തുടങ്ങിയവ ഉള്‍പ്പെടുന്ന പോയേസീ  എന്ന സസ്യകുടുംബത്തില്‍പ്പെട്ടവയാണ് മുളകള്‍. സംസ്കൃതത്തില്‍ വേണു, വംശരോചന, ശംശ, വംശവിദള, വംശാലേഖ എന്നിങ്ങനെ പല പേരുകളും മുളയ്ക്കുണ്ട്. ബാംബുസ അരുണ്‍ഡിനേസിയ വിന്‍ഡ് എന്നാണ് മുളയുടെ ശാസ്ത്രനാമം. മുളയുടെ ഇടതൂര്‍ന്നു പടര്‍ന്നിറങ്ങുന്ന വേരുപടലങ്ങളും മരങ്ങളെക്കാള്‍ 35 ശതമാനത്തിലധികം ഓക്സിജന്‍ പുറത്തുവിടാനുള്ള ഇലകളുടെ കഴിവും പരിസ്ഥിതിക്ക് ഏറെ ഗുണകരമാണ്. അണുബോംബ് ദുരന്തത്തിനുശേഷം മലിനീകരണം കുറയ്ക്കാനായി ഹിരോഷിമയില്‍ ആദ്യം നട്ടുപിടിപ്പിച്ച സസ്യവും മുളകളാണ്. വിവിധ തരം മുളകള്‍പുല്‍വര്‍ഗങ്ങളെക്കുറിച്ചുള്ള പഠനത്തിന് "അഗ്രോസ്റ്റോളജി' എന്നാണ് പറയുക.
ലോകത്ത് മൊത്തം 75 വിഭാഗങ്ങളിലായി 1250 ഓളം ഇനം മുളകളുണ്ട്. ജലസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വളരുന്നവയും വരണ്ട സ്ഥലങ്ങളില്‍ വളരുന്നവയുമായി രണ്ടുതരം മുളകളാണ് പ്രധാനമായും കാണുന്നത്. വന്‍ മരങ്ങളെക്കാള്‍ ഉയരമുള്ളവയും പുല്‍ച്ചെടിയുടെ മാത്രം വലുപ്പമുള്ളവയും മുളകളിലുണ്ട്. തണ്ടുകള്‍ പരസ്പരം ചുറ്റിപ്പിണഞ്ഞു വളരുന്നവയും വള്ളിപോലെ മരങ്ങളില്‍ പടര്‍ന്നുകയറുന്നവയും മുളകളുടെ കൂട്ടത്തിലുണ്ട്. മുള്ളുകളുള്ള മുളകളും കാണാറുണ്ട്. മുളന്തണ്ട് പുറമെ മിനുസമുള്ളതും മഞ്ഞയോ പച്ചയോ നിറമുള്ളതുമാണ്. പൂക്കള്‍ ദ്വിലിംഗികളും കൂട്ടത്തോടെ കാണുന്നവയുമാണ്. വിത്തുകള്‍ നെന്‍മണിപോലെ കാണുന്നു. ഓരോതരം മുളയ്ക്കും വ്യത്യസ്തമായ വളര്‍ച്ചാകാലങ്ങളാണ്. 4-12 വരെ വര്‍ഷം പൊതുവെ വളര്‍ച്ചയ്ക്ക് എടുക്കാറുണ്ട്.
മുളങ്കൂട്ടങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ? മുളയ്ക്ക് തായ്വേരുകളില്ല. മൂലകാണ്ഡത്തില്‍നിന്നാണ് മുളന്തണ്ട് വളരുന്നത്. ഒരു മൂലകാണ്ഡത്തില്‍നിന്ന് ഒരു മുളന്തണ്ടേ ഉണ്ടാവുകയുള്ളു. എന്നാല്‍, ഒരു മൂലകാണ്ഡത്തില്‍നിന്ന് പല പുതിയ മൂലകാണ്ഡങ്ങള്‍ ഉണ്ടാകാറുണ്ട്. അവയില്‍നിന്നെല്ലാം മുളന്തണ്ടുകള്‍ ഉണ്ടാകുന്നതുകൊണ്ടാണ് മുള കൂട്ടംകൂട്ടമായി കാണപ്പെടുന്നത്. മുളംതൈകള്‍ സ്വാഭാവികമായും കൃത്രിമരീതിയിലും കിളിര്‍ക്കാറുണ്ട്. ഒരുവര്‍ഷം പ്രായമായ മൂലകാണ്ഡത്തില്‍നിന്നാണ് മുളന്തണ്ടുകള്‍ ഉണ്ടാകുന്നത്. രണ്ടുവര്‍ഷത്തിലേറെ പഴക്കമുള്ള മൂലകാണ്ഡത്തില്‍നിന്ന് മുളന്തണ്ടുകള്‍ ഉണ്ടാകാറില്ല. കാഴ്ചയില്‍ വാഴക്കൂമ്പുപോലുള്ള മുളന്തണ്ടുകള്‍ മഴ പെയ്യുന്നതോടെ ആര്‍ത്ത് കിളിര്‍ക്കുന്നു. "ആണ്ടാന്‍' എന്നാണ് ഇതിനു പറയുന്നത്. വളരെ വ്യാപകമായി ഭക്ഷ്യവിഭവമായി ആണ്ടാന്‍ ഉപയോഗിക്കാറുണ്ട്.

കേരളത്തിലെ മുളകള്‍

കേരളത്തില്‍ പ്രധാനമായും ബാംബുസ, ഡെന്‍ഡ്രോകലാമസ്, ഓക്ലാന്‍ഡ്ര എന്നീ വിഭാഗത്തില്‍പ്പെട്ട മുളകളാണ് ധാരാളമായി കണ്ടുവരുന്നത്. ബാംബുസയും ഡെന്‍ഡ്രോകലാമസും വലുപ്പംകൂടിയ ഇനം മുളകളാണ്. വലുപ്പം നന്നേ കുറഞ്ഞവയാണ് ഓക്ലാന്‍ഡ്ര വിഭാഗത്തില്‍പ്പെട്ടവ. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്നത് "ബാംബുസ ബാംബോസ്' എന്ന പൊള്ളന്‍ മുളയാണ്. പുറത്ത് മുള്ളുകളുള്ള ഇവ പുഴയോരങ്ങളിലും ഈര്‍പ്പമുള്ള ഇലകൊഴിയും കാടുകളിലും ഹരിതവനങ്ങളിലും സമൃദ്ധമായി വളരാറുണ്ട്. ഇടതൂര്‍ന്നു വളര്‍ന്ന് കൂട്ടമായി പൂക്കുന്നവയാണിത്. 35-45 വരെ വര്‍ഷം അകലം രണ്ടു പൂക്കാലങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. കൂടുതലായും നട്ടുവളര്‍ത്തുന്ന ഇനം മുളകളാണ് "ബാംബുസ വള്‍ഗാരിസ്'. "മഞ്ഞ മുള' എന്നാണ് ഇവ അറിയപ്പെടുന്നത്. താഴത്തെ മുട്ടുകളില്‍ വേരുകള്‍ നിറഞ്ഞിരിക്കുന്ന ഇവ ഇടതൂര്‍ന്ന് വളരാറില്ല. മഞ്ഞ നിറമുള്ള, അഗ്രം കൂര്‍ത്തിരിക്കുന്ന ഇലകള്‍ക്ക് ത്രികോണാകൃതിയാണ്. മേല്‍പ്പറഞ്ഞ രണ്ടിനം മുളകള്‍ കഴിഞ്ഞാല്‍ 8-16 മീറ്റര്‍വരെ പൊക്കംവയ്ക്കുന്ന "ഡെന്‍ഡ്രോകലാമസ് സ്ട്രിക്ട്രസ്' എന്ന ഇനമാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്. ഉള്ളില്‍ പൊള്ള കുറവായ ഇവയെ "കല്ലന്‍മുള' എന്നും പറയാറുണ്ട്. ഇളം പച്ചനിറമാണ് ഇവയ്ക്ക്. ഇതേ കുടുംബത്തില്‍പ്പെട്ട "ഡെന്‍ഡ്രോകലാമസ് ലോന്‍ജിസ്പാഥസ്' എന്ന ഇനം മുളകള്‍ കേരളത്തില്‍ ഉണ്ടെങ്കിലും ഇന്ത്യയുടെ കിഴക്കന്‍പ്രദേശങ്ങളില്‍ കൂടുതലായി കാണുന്നു. 18 മീറ്റര്‍വരെ ഉയരംവയ്ക്കുന്ന ഇവയ്ക്ക് കല്ലന്‍മുളയോട് ഏറെ സാമ്യമുണ്ട്. കേരളത്തില്‍ കുറഞ്ഞതോതില്‍ കാണുന്ന ഒരു മുളയാണ് "സെന്‍ഡ്രോകലാമസ് ബ്രാന്‍ഡിസി'. പച്ചയോ ചാരമോ കലര്‍ന്ന തവിട്ടുനിറത്തില്‍ കാണുന്ന ഇവയ്ക്ക് 33 മീറ്റര്‍വരെ പൊക്കംവയ്ക്കാറുണ്ട്. കൊല്ലം ജില്ലയില്‍ പട്ടാഴിയില്‍ 1989ല്‍ നീളത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മുള ഗിന്നസ്ബുക്കില്‍ ഇടംനേടി.

മുളയുടെ പൂക്കാലം
മുള അതിന്റെ ആയുഷ്ക്കാലത്തില്‍ ഒരിക്കലേ പൂക്കുകയുള്ളു. അതോടെ അത് നശിക്കും. എന്നാല്‍, വര്‍ഷന്തോറും പൂക്കുന്ന അപൂര്‍വം ഇനങ്ങളും മുളകുടുംബത്തില്‍ ഉണ്ട്. പൂക്കള്‍ ചെറുതും മഞ്ഞ കലര്‍ന്ന പച്ചനിറത്തില്‍ ഒന്നുചേര്‍ന്ന് കുലകളായി കാണപ്പെടുന്നവയുമാണ്. പൂക്കുന്നതിനുമുമ്പ് മുളയുടെ മൂത്ത ഇലകള്‍ കൊഴിഞ്ഞുപോകും. അതിനാല്‍ ഇലയില്ലാതെ പൂക്കള്‍ മാത്രമായാണ് കാണപ്പെടുക. മുളകളുടെ പുഷ്പിക്കല്‍ രീതിയെ അടിസ്ഥാനമാക്കി കൂട്ടമായി പൂക്കുന്നവ, ക്രമംതെറ്റി പൂക്കുന്നവ, വര്‍ഷംതോറും പൂക്കുന്നവ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. കൂട്ടമായി പൂക്കുന്നവയിലും ക്രമംതെറ്റി പൂക്കുന്നവയിലും പൂക്കുന്നതിന്റെ തലേവര്‍ഷം പുതിയ മുളകള്‍ ഉണ്ടാവുകയില്ല. വര്‍ഷംതോറും പൂക്കുന്നവ പുഷ്പിക്കലിനെത്തുടര്‍ന്ന് നശിക്കുകയുമില്ല. നവംബര്‍മുതല്‍ ജനുവരിവരെയാണ് മുളകള്‍ പൂത്തുതുടങ്ങുക. കൂട്ടമായി പൂക്കുന്ന മുളയിനങ്ങളില്‍ ഒരേസമയം എല്ലാ മുളങ്കൂട്ടവും പൂക്കണമെന്നില്ല. ഒന്നിനു പിറകെ ഒന്നായി ഓരോ മുളങ്കൂട്ടവും പൂവിടും. അവയുടെ വിത്തു പാകമാകുമ്പോഴേക്കും മുള ഉണങ്ങിയിരിക്കും. മുള വളരുന്നത് അനുയോജ്യമായ മണ്ണിലാണെങ്കില്‍ പൂവിടാന്‍ വൈകും. ഒരു മുളങ്കൂട്ടം പൂക്കുമ്പോള്‍ അതില്‍ നിന്ന് എടുത്ത് നട്ടുപിടിപ്പിച്ചിട്ടുള്ളവയും പൂവിടുമെന്ന പ്രത്യേകതയും മുളകള്‍ക്കുണ്ട്. "ഫില്ലോസ്റ്റാച്ചിസ് ബാംബൂസോയ്ഡ്സ്' എന്ന മുളയിനം 120 വര്‍ഷം കൂടുമ്പോള്‍ മാത്രമേ പൂക്കുകയുള്ളു.

മുളയരി- ഒരു ഔഷധം
കണ്ടാല്‍ ഗോതമ്പ്‌ പോലെ തോന്നുമെങ്കിലും മുളയരി സ്വാദിലും ഗുണത്തിലും അരി പോലെ തന്നെ ആണ്. അല്‍പം മധുരിമ കൂടുതലുണ്ട്. അരി കൊണ്ടുള്ള എല്ലാ പലഹാരങ്ങളും ഇത് കൊണ്ടും ഉണ്ടാക്കാം. ചോറും വെക്കാം. ഉഷ്ണമാണ്‌. ശരീരത്തെ തടിപ്പിയ്ക്കും. രക്തസ്രാവം വര്‍ദ്ധിപ്പിയ്ക്കും. വയനാട്ടില്‍ മിക്കവാരും എല്ലാ കടകളിലും കിട്ടുന്നു. 200 മുതല്‍ 400 വരെ തക്കം പോലെ ആണ് കിലോ വില.
സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തലകുനിച്ച് നില്‍ക്കുന്ന മുളങ്കാടുകള്‍ വയനാടന്‍ കാടുകളിലെ സാധാരണ കാഴ്ചയാണ്. ഒരിക്കല്‍ മാത്രം പൂത്തുലഞ്ഞ് നില്ക്കുന്ന അവരുടെ ജീവിതം അരിമണികള്‍ പാകമായി പൊഴിഞ്ഞുവീഴുന്നതോടെ അവസാനിക്കുന്നു. മുളകള്‍ പൂത്‌താല്‍ പിന്നെ ഉണങ്ങി നശിച്ചു പോകുകയാണ്‌ ചെയ്യുന്നത്.
പന്ത്രണ്ടുവര്‍ഷമാകുമ്പോള്‍ മുതല്‍ നാല്‍പത് വര്‍ഷം വരെയാകുമ്പോള്‍ ആണ് മുള പൂക്കുന്നത്. പൂത്ത് കഴിഞ്ഞാല്‍ അരി വീഴുന്നതും നോക്കി പായ വിരിച്ച് ആദിവാസികളും നാട്ടുകാരും കാത്തിരിക്കും.മുളയരിയുടെ ഔഷധമൂല്യവും വിലയും ആവശ്യക്കാരെ മുളയുടെ കാവല്‍ക്കാരാക്കുന്നു.
മുളയരി പോലെ തന്നെ മുളയുടെ മറ്റ് ഭാഗങ്ങളും ഉപയോഗപ്രദമാണ്.
മുളം കൂമ്പ്‌ ആദിവാസികളുടെ ഇഷ്ട ആഹാരമാണ്‌. മുളം കൂമ്പ്‌ അച്ചാര്‍ ഇപ്പോള്‍ കടകളിലും കാണാം. മുള ഉപയോഗിചച്‌ കരകൌശലവസ്തുക്കള്‍ ഉണ്ടാക്കുന്ന വിദ്യ ആദിവാസികള്‍ക്ക് തൊഴിലാണ്‌.
ഇപ്പോള്‍ വയനാട്ടില്‍ മുളയരി വീണ്‌ മുളച്ച തൈമുളംകൂട്ടങ്ങളുടെ കാലമാണ്‌.
മുള പൂത്താല്‍ ക്ഷാമ കാലം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. മുള പൂക്കുന്ന കാലത്ത് മുളയരി തിന്ന് ഒരുപാടു എലികള്‍ പെറ്റു പെരുകും, മുളയരി തീരുമ്പോള്‍ ഈ എലികള്‍ മറ്റു ഭക്ഷ്യ സാധനങ്ങളില്‍ കൈ വെക്കും. അതും തീര്‍ന്നാല്‍ നാട്ടില്‍ ഇറങ്ങി വിളകള്‍ തിന്നു നശിപ്പിക്കാന്‍ തുടങ്ങും. അങ്ങനെ നാട്ടിലുള്ള ഭക്ഷ്യ സാധനങ്ങള്‍ എല്ലാം തീര്‍ന്നാല്‍ ക്ഷാമം വരും.. അത് കൊണ്ടായിരിയ്ക്കണം ഈ പറച്ചില്‍.

No comments:

Post a Comment