Monday, 30 January 2017

അളിയാക്ക ........




















അളിയാക്ക ആദ്യമായിട്ട് വീട്ടിലേക്ക് വിരുന്നു വരുന്ന ദിവസം ഒരു സംഭവം തന്നെയായിരിക്കും.
താത്താനേക്കാളും നാണമായിരിക്കും അളിയന്.
അവർ വരുന്നുണ്ടെന്നറിഞ്ഞ ഉമ്മ മുറ്റത്ത് ഇറങ്ങി നിൽക്കും..
താത്താനെ കാത്ത് അനിയത്തി കുട്ടികളും വഴിയിൽ തന്നെ ഉണ്ടാകും.
കൈയ്യിൽ ഒരു കീസും പിടിച്ച് അവർ വരുമ്പോ അയൽപക്കത്തെ ആമിനതാത്തയും കുൽസുവും ആയിശാ ത്തയും ചിന്നമാളും കാളിയമ്മയും അവരുടെ മരുമക്കളും വീടിന്റെ വേലിക്കൽ നിന്ന് താത്തയോടും അളിയനോടും പരിഹാസം കലർന്ന ചിരിയോടെ കുശലം പറയുമ്പോൾ, അളിയന്റെ മുഖത്ത് ഒരു പ്രത്യേകം ഇളി തെളിയും. അനിയത്തിമാർ താത്താന്റെ കൈയ്യിൽ തൂങ്ങിയിട്ടുണ്ടാകും. അയൽപക്കക്കാരുടെ ചോദ്യങ്ങളും ലോഹ്യവും കഴിഞ്ഞിട്ടെ ഉമ്മാക്ക് താത്താനെ കിട്ടുകയുള്ളു.
ഉമ്മറത്തെ കസേരയിലിരിക്കുന്ന ഉപ്പയുടെ മുമ്പിൽ ഭവ്യതയോടെ നിൽക്കുന്ന അളിയാക്കയുടെ മുഖം ഒന്നോർത്തു നോക്കൂ.
ഉപ്പയുടെ അടുത്തിരിക്കാൻ മടിച്ച്.. മടിച്ച് .. മെല്ലെ കസേരയിലോ തിണ്ടിൻ മേലോ ഇരിന്നിട്ടുണ്ടാകും അളിയൻ. ഉപ്പയുടെ ചോദ്യങ്ങൾക്ക് അളന്നു മുറിച്ച വാക്കുകൾ മാത്രമായിരിക്കും മറുപടി.
കൂടുതലൊന്നും ചോദിക്കാനില്ലാതെ ഉപ്പയും അഡ്ജസ്റ്റ് ചെയ്യും.
അടുക്കളയിൽ താത്തയെ ആദ്യമായിട്ട് കാണുന്ന പോലെയാകും ഉമ്മ. വിശേഷങ്ങൾ എത്ര ചോദിച്ചാലും തീരൂല.
താത്ത കൊണ്ടുവന്ന പൊതിയിൽ നോട്ടമിട്ട് ആങ്ങള ചെക്കൻ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാകും.
ഒരു സ്റ്റീൽ കോപ്പയിൽ ചായയും
ഒരു പ്ലെയ്റ്റിൽ വാഴക്ക പൊരിയും ഒരു ഗ്ലാസും റെഡിയാക്കി അളിയനെ ചായ കുടിക്കാൻ വിളിക്കും.
ചായകുടി കഴിഞ്ഞയുടനെ ഒരു ലുങ്കി കൊടുക്കും ഉടുത്ത തുണി മാറ്റാൻ.
അളിയൻ ഉമ്മറത്ത് കിടക്കുന്ന പുസ്തകമോ പേപ്പറേ വീണ്ടും വീണ്ടും വായിച്ചിരിക്കും.
അളിയൻ വിരുന്നു വന്നാൽ വീട്ടിലെ സാഹസക്കാരൻ ആങ്ങള ചെക്കനാണ്.
മുറ്റത്ത് അരി മണി വിതറി കോഴിയെ പിടിക്കലാണ് അവന്റെ ജോലി. കോഴിയെ കിട്ടിയില്ലെങ്കിൽ പിന്നെയൊരു നായാട്ടാണ് തൊടിയിലൂടെയും
മതിലിനു മുകളിലും വീടിനു മുകളിലും ഓടിയും പാറിയും രക്ഷപ്പെടാൻ നോക്കുന്ന കോഴിയുടെ പിറകെ ഓടി,..... ചാടി... അവൻ അതിനെ പിടിക്കും.
അവന്റെ കിതപ്പ് മാറിയാലും കോഴി കിതച്ചു കെണ്ടേയിരിക്കും.
കോഴിയെ അറുക്കണമെങ്കിൽ അബ്ദു കാക്ക കനിയണം. ചെറു കത്തി അമ്മിക്കല്ലി ഉരസി മൂർച്ച കൂട്ടി ഉമ്മ അവന്റെ കൈയ്യിൽ കൊടുത്തുവിടും. നിസ്ക്കാര പള്ളി തിണ്ടത്ത്, അബ്ദു കാക്കയുണ്ടാകും. കോഴിയെ അറുത്തു കിട്ടാൻ ചിലപ്പോ കുറച്ച് സമയം വെയ്റ്റ്ചെയ്യേണ്ടി വരും.
അബ്ദു കാക്ക യാണ് അവിടത്തെ പ്രധാനിയായ അറുവുകാരൻ. ചില ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ കഴിഞ്ഞേ കത്തി വെക്കു..
കോഴിയുമായി അവൻ വരുമ്പോഴേക്കും വീട്ടിൽ ഒരു പ്രത്യേകമണം പരന്നിട്ടുണ്ടാകും. ഏലക്കായും ഗ്രാമ്പുവും കറുകപട്ടയും പൊടിച്ചിട്ട നെയ്ച്ചോറിന്റെ മണം.
അന്ന് വീട്ടിൽ ആരും പഠിക്കാറില്ല.
എത്ര പറഞ്ഞാലും തീരാത്ത സംസാരങ്ങൾ.....
അടുക്കളയിൽ പാത്രങ്ങളുടെ തട്ടലും മുട്ടലും...
കുട്ടികളുടെ പൊട്ടിച്ചിരികൾ....
നെയ്ച്ചോറ് പാത്രത്തിലാക്കി അയൽവാസികൾക്ക് കൊണ്ടുപോയി കൊടുക്കൽ...
ബഹളം തന്നെ!
ഇന്നത്തെ അളിയൻ മാർക്ക് ഇതൊന്നും അനുഭവമുണ്ടാകില്ല.
അൽപ്പം പ്രാരാബ്ദം നിറഞ്ഞ
എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യ ത്തിലും നമ്മുടെ അയൽപക്കത്തെ അളിയാക്കയുടെ വിരുന്നു പാർക്കൽ ഏതാണ്ട് ഇതുപോലെയായിരുന്നു.
****************************************************************************************************************************
(ആരോ എഴുതിയത് എനിക്ക് ഇഷ്ട്മായപ്പോള്‍ കോപ്പി ചെയ്തത്)

No comments:

Post a Comment