Tuesday, 29 May 2018

റമദാന്‍ 17 ബദര്‍ദിനം


റമദാന്‍ 17 ബദര്‍ദിനം




അല്‍ ഫുര്‍ഖാൻ, അങ്ങനെയാണ് ഈ ദിനത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഫുര്‍ഖാനെന്നാൽ സത്യാസത്യവിവേചനമെന്നാണർത്ഥം. 1432 വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ദിനത്തില്‍ ബദറിൻറെ രണാങ്കണത്തില്‍ വെച്ച് സത്യത്തെയും അസത്യത്തെയും ദൈവം വേര്‍തിരിച്ചു കാണിച്ചുതന്നു !!
സത്യത്തിനും അവിശ്വാസത്തിനും മേല്‍ നേടിയ സത്യത്തിന്റെയും വിശ്വാസത്തിന്റെയും വിജയ സ്മരണ കൂടിയാണ് റംസാന്‍ പതിനേഴിലെ ബദര്‍ദിനം. ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായാണ് ബദര്‍ അറിയപ്പെടുന്നത്. പരിശുദ്ധ റംസാന്‍ 17നാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുയായികളായ 313 പേര്‍ രണ്ടായിരത്തിലേറെ വരുന്ന അവിശ്വാസികളോട് പോരാടി വിജയം നേടിയത്. മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ബദര്‍ എന്ന സ്ഥലത്ത് വച്ചാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. ഇതില്‍ വിശ്വാസികള്‍ വിജയിച്ചതോടെയാണ് ഇസ്ലാമിക ചരിത്രത്തില്‍ ബദറിന് പ്രാധാന്യമേറിയത്. ഇസ്ലാം മതത്തിന്റെ പ്രബോധനം നടത്തുന്ന മുഹമ്മദ് നബിക്കും സ്വഹാബിക്കള്‍ക്കുമെതിരെ നിരന്തരം പീഡനം നടത്തിയിരുന്ന അബൂജഹലിന്റെ ക്രൂരതയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ പ്രവാചകന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഹിജ്‌റ രണ്ടാംവര്‍ഷം പരിശുദ്ധ റംസാനിലെ 17ാം ദിനത്തില്‍ 'ബദര്‍' എന്ന സ്ഥലത്തുവെച്ച് 313 പേരടങ്ങുന്ന സംഘമാണ് മൂന്നിരട്ടിയോളം വരുന്ന അബൂജഹലിന്റെ സൈന്യത്തോട് ഏറ്റുമുട്ടിയത്.

നബിയും സഹായികളും മക്കവിട്ടപ്പോള്‍ ഉപേക്ഷിച്ചു പോന്ന സമ്പത്ത് ഉപയോഗിച്ച് കച്ചവടം ചെയ്ത് ആ ലാഭത്തില്‍ നിന്ന് മുസ്ലിംങ്ങള്‍ക്കെതിരെ യുദ്ധം നയിക്കാനായി മക്കക്കാര്‍ ഒരുങ്ങുന്നതറിഞ്ഞ് സിറിയയില്‍ നിന്ന് കച്ചവടം കഴിഞ്ഞ് മക്കയിലേക്ക് തിരിച്ച സംഘത്തെ തടയുവാന്‍, അവരില്‍ ഉപരോധം ഏര്‍പ്പെടുത്തി മക്കക്കാരുമായി ഒരു ഉടമ്പടി ഉണ്ടാക്കുന്നതിനുമായി നബിയും മുന്നൂറ്റി പതിമൂന്ന് സഹായികളും മദീനയുടെ അതിര്‍ത്തിയിലുള്ള ബദറില്‍ എത്തി. വിവരം അറിഞ്ഞ് കച്ചവടസംഘത്തെ സഹായിക്കന്‍ മക്കയില്‍ നിന്ന് പോഷക സൈന്യം എത്തി. കച്ചവട സംഘം രക്ഷപ്പെട്ടങ്കിലും മക്കാ പ്രമാണിമാരുടെ സൈന്യവും മുസ്ലിം സൈന്യവും തമ്മില്‍ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ബദര്‍ മൈതാനിയില്‍ വെച്ച് ഏറ്റുമുട്ടി.

ഈ യുദ്ധത്തിലേക്ക് താനും അനുയായികളും നീങ്ങുമ്പോള്‍ നബി നടത്തിയ പ്രസംഗത്തില്‍, നമ്മുക്ക് യുദ്ധം ആവശ്യമായി വന്നിരിക്കുന്നെനും ഏതെങ്കിലും തരത്തില്‍ യുദ്ധം ഒഴിവാക്കാനാവുമെങ്കില്‍ അതാണ് നമുക്ക് നല്ലതെന്നും, ഒരിക്കലും ഒരു യുദ്ധത്തിനു വേണ്ടി നിങ്ങള്‍ ആഗ്രഹിക്കരുത് എന്നും പ്രത്യേകം പറഞ്ഞിരുന്നു. യുദ്ധം ചെയ്യുന്നവര്‍ക്ക് സഹായം ചെയ്യാനെത്തുന്ന ശത്രുപക്ഷത്തെ സ്ത്രീകളോടും കുട്ടികളോടും നിങ്ങള്‍ യുദ്ധം ചെയ്യരുതെന്നും പറഞ്ഞിരുന്നു. യുദ്ധത്തില്‍ ആയിരത്തില്‍ കവിയുന്ന ശത്രുസൈന്യവുമായി ഏറ്റുമുട്ടിയത് മുസ്ലിം പക്ഷത്തു നിന്നും മുന്നൂറ്റി പതിമൂന്നു പേരാണ്. യുദ്ധത്തില്‍ പതിനാല് മുസ്ലിങ്ങളും എഴുപത് ശത്രുക്കളും കൊലച്ചെയ്യപ്പെട്ടു. യുദ്ധത്തടവുകാരായി എഴുപത് മക്കകാര്‍ പിടിയിലായി. അവരെ മോചനദ്രവ്യം നല്‍കി സ്വതന്ത്രരാക്കി... അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാല്‍ മോചനം വാഗ്ദാനം ചെയ്തു. റമദാന്‍ പതിനേഴിനായിരുന്നു ബദര്‍ യുദ്ധം ഉണ്ടായത്. ഇസ്ലാമിക യുദ്ധങ്ങളെ കുറിച്ച് പഠിച്ചാല്‍ ആത്മരക്ഷക്കായിരുന്നു ആയുധം എടുത്തതെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും.

ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ബദ്‌ര്‍ യുദ്ധം.
ആയിരത്തോളം വരുന്ന സര്‍വ്വായുധസജ്ജരാ‍യ ശത്രുക്കള്‍ക്കെതിരേ വെറും മുന്നൂറ്റിപ്പതിമൂന്ന് പോരാളികള്‍ വിജയം നേടിയത് ആയുധ ബലം കൊണ്ടോ യുദ്ധനൈപുണ്യം കൊണ്ടോ അല്ല. വിശ്വാസദാര്‍ഢ്യവും സത്യമാര്‍ഗ്ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും അനുസരണയും ഒത്തൊരുമയാണ് ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം നേടികൊടുത്തത്.

അതു തന്നെയാണ് ബദ്‌ര്‍ എക്കാലത്തേക്കും നല്‍കുന്ന സന്ദേശം.

No comments:

Post a Comment